ഈ ലേഖയില്‍‍ തിരയുക

കമ്മിഷനെ പ്രഖ്യാപിച്ചത്‌ ഏകപക്ഷീയവും മേധാവിത്വ സ്വഭാവത്തോടെയും: ഓര്‍ത്തഡോക്‌സ് സഭ


കൊച്ചി: സഭാസമാധാന ചര്‍ച്ചയ്‌ക്കുള്ള കമ്മിഷനെ പ്രഖ്യാപിച്ചത്‌ ഏകപക്ഷീയവും പാത്രിയര്‍ക്കീസിന്റെ മേധാവിത്വ സ്വഭാവം വ്യക്‌തമാക്കുന്നതുമാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ.
സ്വത്തും പള്ളിയും പങ്കിട്ടല്ല, സമാധാനം ഉണ്ടാക്കേണ്ടത്‌; അനുരഞ്‌ജനത്തിലൂടെയും ഐക്യത്തിലൂടെയുമാകണം. സഭാസ്വത്തുക്കള്‍ പങ്കിടണം എന്നു ശഠിക്കുന്നവര്‍ ഏതു ഭാഗത്തായാലും സഭയുടെ വിളിയും ഭാവിയും ആഗ്രഹിക്കുന്നവരല്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ വ്യക്‌തമാക്കി.
കമ്മിഷന്‍ ഉണ്ടാക്കാനുള്ള തീരുമാനം പരിശുദ്ധ കാതോലിക്ക ബാവയുമായി ആലോചിച്ചു സംയുക്‌ത സംരംഭത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടതായിരുന്നു. ഇപ്പോഴുണ്ടായ നടപടിക്രമം ഏകപക്ഷീയവും മേധാവിത്വ സ്വഭാവമുള്ളതുമാണ്‌. 'ഞാന്‍ ഇങ്ങനെയൊരു കമ്മിറ്റി സൃഷ്‌ടിക്കുന്നു. നിങ്ങള്‍ ഇപ്രകാരമൊന്ന്‌ ഉണ്ടാക്കി പ്രതികരിക്കണം' എന്ന മനോഭാവം സഹകരണത്തിന്റേതല്ല. ഇരുസഭാ കേന്ദ്രങ്ങളുടെയും പരസ്‌പര ആലോചനയോടെ ഈ തീരുമാനം എടുക്കണമായിരുന്നു. ഏകപക്ഷീയമായ തീരുമാനം നയതന്ത്രപരമായ പാളിച്ചയായി.
തീരുമാനം ഒരിക്കലും മാധ്യമങ്ങള്‍ക്കു നല്‍കുകയല്ലായിരുന്നു വേണ്ടത്‌. പരിശുദ്ധ കാതോലിക്ക ബാവയെ അറിയിക്കുകയായിരുന്നു ഉചിതം. മാധ്യമ പ്രതികരണങ്ങള്‍ക്കനുസരിച്ചല്ല, ഉഭയ ആലോചനയുടെയും സഹകരണത്തിന്റെയും പശ്‌ചാത്തലത്തിലാകണം ഐക്യസമാധാന ശ്രമങ്ങള്‍.
സഭൈക്യം സംബന്ധിച്ചു പാത്രിയര്‍ക്കീസ്‌ ബാവയുടെ അഭിപ്രായം ഉള്ളവരല്ല കമ്മിറ്റിക്കാര്‍ എന്നത്‌ ഇവിടെ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. അതിനാല്‍ കമ്മിറ്റിയില്‍ ശീമയില്‍നിന്നുള്ള പ്രതിനിധികൂടി ഉണ്ടാകണമായിരുന്നു. മനഃപ്പൊരുത്തമില്ലാത്ത ബിഷപ്പുമാരുടെ കമ്മിറ്റിക്കു നിര്‍ണായക തീരുമാനമെടുക്കാന്‍ എത്രമാത്രം കഴിയുമെന്നതു കണ്ടറിയേണ്ടതാണ്‌.
കേസുകള്‍ പിന്‍വലിച്ചിട്ടു സമാധാനാലോചനയ്‌ക്കു പോയി ഫലപ്രദമായില്ലെങ്കില്‍ അവ തുടരാനാകില്ല. പുതുതായി കേസ്‌ കൊടുക്കേണ്ടതായി വരും. അപ്പോള്‍ കേസ്‌ പിന്‍വലിപ്പിച്ചു ഭീഷണി ഒഴിവാക്കി അവകാശം ശക്‌തമാക്കാനുള്ള കള്ളക്കളിയാണ്‌ ഈ ആവശ്യത്തിനു പിന്നിലെന്ന്‌ ആര്‍ക്കും മനസിലാകും. സമാധാനാലോചനകള്‍ നടക്കുന്നതിനു കേസുകള്‍ പിന്‍വലിക്കേണ്ടതിന്റെ ആവശ്യമില്ല. സമാധാന ചര്‍ച്ചകള്‍ ഫലവത്താകുന്ന മുറയ്‌ക്ക്‌ കേസുകള്‍ സ്വയം അപ്രസക്‌തമാകും. ഉപാധികള്‍ ഒന്നുമില്ലാതെ പരസ്‌പര വിശ്വാസത്തോടും വിശ്വാസ്യതയോടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു സൗഹൃദം സൃഷ്‌ടിക്കാനും സമാധാനം സ്‌ഥാപിക്കാനുമാണ്‌ ഇരുപക്ഷവും ശ്രമിക്കേണ്ടത്‌. സമാധാനം ഉണ്ടാകുമ്പോള്‍ വ്യവഹാരങ്ങള്‍ താനേ ഇല്ലാതായിക്കൊള്ളുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കണ്ടനാട്‌ ഡയോസിന്‍ ബുള്ളറ്റിനിലാണ്‌ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്‌.
മംഗളം

ഓടക്കാലി പള്ളിയിലെ പെരുന്നാള്‍

ഓടക്കാലി അങ്കമാലി ഭദ്രാസനത്തിലെ ഓടക്കാലി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനിപള്ളിയില്‍ ശിലാസ്ഥാപന പെരുന്നാള്‍ 2015 ഫെബ്രുവരി 13 വെള്ളി,14 ശനി തീയ്യതികളില്‍ കേരളാ ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് ലഭിച്ചതനുസരിച്ച് നടന്നു. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.

കാണുക 
കാണുക 

ആര്‍.ഡി.ഓ. വിശദീകരണം നല്‍കിയില്ല ; നാളെ 11 മണിക്ക് കത്തിപാറത്തടം പള്ളിയുടെ താക്കോല്‍ ആര്‍ ഡി ഓ കൈമാറണമെന്ന് ബഹു ഹൈക്കോടതി അന്ത്യശാസനം നല്‍കി ഉത്തരവിട്ടു


കൊച്ചി, 2015 ജനുവരി 16: കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ ഇടുക്കി കത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ പണി വിമത യാക്കോബായ വിഭാഗം തടസ്സപ്പെടുകയും അത് ചോദ്യം ചെയ്തുകൊണ്ട് പള്ളി വികാരി ഗീവര്‍ഗ്ഗീസ് കൊച്ചുപറമ്പില്‍ റമ്പാന്‍ ഹൈക്കോടതിയെ സമീപിയ്ക്കുയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഈ ഉത്തരവ് നിലനില്ക്കെ പള്ളിയില്‍ അവകാശ തര്‍ക്കം നിലനില്ക്കുന്നു എന്ന പേരില്‍ ഇടുക്കി ആര്‍ ഡി ഓ ശ്രീമതി പൌളിന്‍ പി വി പള്ളിയും സ്ഥലവും ഏറ്റെടുക്കുന്നതിനായി 2014 ഡിസംബര്‍ 27 നു Crpc 145(1), Crpc 146(1) പ്രകാരം ഉള്ള ഓര്‍ഡറിട്ടു. ഈ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് പള്ളി വികാരി വീണ്ടും ഹൈ കോടതയില്‍ ഹര്‍ജി നല്കിയപ്പോള്‍ ആര്‍ ഡി ഓ ഉത്തരവ് Crl.MC 33/2015 പ്രകാരം റദ്ദു ചെയ്തു ജസ്റ്റിസ്‌ പി ഉബൈദു ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഉത്തരവ് 08.01.2015 ല്‍ വന്നിട്ടും ഇടുക്കി ആര്‍ ഡി ഓ ശ്രീമതി പൌളിന്‍ പി വി പള്ളിയുടെ താക്കോല്‍ കൈമാറാതെ ആരാധന തടസ്സപ്പെടുത്തുകയായിരുന്നു. ഈ തടസ്സപ്പെടുത്തലിനെതിരെ പള്ളി വികാരി സമര്‍പ്പിച്ച ഹര്‍ജി 13.01.2015 ല്‍ കോടതി പരിശോധിക്കുകയും എന്തുകൊണ്ടാണ് പള്ളിയുടെ താക്കോല്‍ ആര്‍ ഡി ഓ കൈവശം വച്ചിരിക്കുന്നതിനുള്ള വിശദീകരണം കോടതിയില്‍ നല്കുണം എന്നു് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ , യാക്കോബായ രാഷ്ട്രീയ കൂടുകെട്ടും അന്ധമായ ഓര്‍ത്തഡോക്സ് വിരോധവും വെച്ചുപുലര്‍ത്തുന്ന ആര്‍ .ഡി.ഒ ശ്രീമതി പൌളിന്‍ പി വി ബഹു ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചു് ഇന്ന്‍ (2015 ജനുവരി 16) വിശദീകരണം നല്‍കിയില്ല . കത്തിപാറത്തടം പള്ളിയുടെ താക്കോല്‍ അന്യായമായി കൈവശംവെച്ചിരിക്കുന്ന ആര്‍.ഡി.ഓ. നാളെ 11 മണിക്ക് വികാരി കൊച്ചുപറമ്പില്‍ റമ്പാനു കൈമാറണം എന്ന് അന്ത്യശാസനം നല്‍കി ബഹു ഹൈക്കോടതി ഉത്തരവിട്ടു
Orthodøx Vishvaasa Samrakshakan

സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ സിറിയന്‍ കത്തീഡ്രലിൽ മാർത്തോമ്മാശ്‌ളീഹയുടെ ഓർമപ്പെരുനാൾ കൊടിയേറി

മൂവാറ്റുപുഴ, ഡിസംബര്‍ 18 – കണ്ടനാടു് ഈസ്റ്റ് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ പരിശുദ്ധ മാർത്തോമ്മാശ്‌ളീഹയുടെ ഓർമപ്പെരുനാളിന്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാർ അത്താനാസിയോസ്‌ കൊടിയേറ്റി. 20 ന്‌ രാവിലെ ഏഴിന്‌ കുർബാന, ആറിൻസന്ധ്യാ നമസ്കാരം. ഏഴിന്‌ ഫാ. തോംസൺ റോബിന്റെ നേതൃത്വത്തിൽ വചന ശുശ്രൂഷ. 21 ന്‌ 7.30 ന്‌ പ്രഭാത നമസ്കാരം. 8.30 ന്‌ കുർബാന. 10.30 ന്‌ ലേലം. 12 ന്‌ സ്നേഹ വിരുന്ന്‌. രണ്ടിനു കൊടിയിറക്ക്‌. ജനനപ്പെരുനാളിന്റെ ഭാഗമായി 24 ന്‌ 9.30 ന്‌ പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, 10.30 ന്‌ കുർബാന, 31 ന്‌ രാത്രി ഒൻപതിന്‌ പുതുവത്സരാരാധന. 10.30 ന്‌ കുർബാന, 12 ന്‌ സ്നേഹ വിരുന്ന്‌.

വിവാഹബന്ധങ്ങളുടെ തകര്‍ച്ച സാമൂഹിക ജീവിതത്തിന്‌ വെല്ലുവിളിയാകുന്നു-ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്താ

ഫോട്ടോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനം മിസ്‌പാ മാര്‍ത്തോമ്മാ പൈതൃക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ദമ്പതിദിനാചരണം കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനാ ജോണ്‍സന്‍ യോഗം ഉദ്‌ഘാടനം ചെയ്യുന്നു. ഫാ ഏലിയാസ്‌ ചെറുകാടു്‌, ഫാ മാത്യൂസ്‌ കാഞ്ഞിരമ്പാറ, ഗ്രെയിസ്‌ ലാല്‍ , ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്താ എല്‍ദോസ്‌ ജോണ്‍,പി ബി സാജു, ഫാ.ജോണ്‍സണ്‍ പുറ്റാനിയില്‍, മിസ്‌പ കണ്‍വീനര്‍ ഫാ.മാത്യൂസ്‌ ചെമ്മനാപ്പാടം, ഫാ. ഷിബു കുര്യന്‍ ,സി.കെ. ഏലിയാസ്‌ എന്നിവര്‍ സമീപം.
കൂത്താട്ടുകുളം,2014 നവംബര്‍ 16 : വിവാഹമോചനവും കുടുംബ പ്രതിസന്ധിയും വര്‍ദ്ധിച്ചു വരുന്നത്‌ സഭയുടെയും സമൂഹത്തിന്റെ മുഴുവന്റെയും പ്രശ്‌നമായിരിക്കുകയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മാനവശാക്തീകരണ വകുപ്പിന്റെ അദ്ധ്യക്ഷനും കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ പ്രസ്‌താവിച്ചു. മിസ്‌പാ മാര്‍ത്തോമ്മാ പൈതൃക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഭദ്രാസനതല ദമ്പതിദിനാചരണച്ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹജീവിതത്തെ പരീക്ഷണമാക്കിമാറ്റുന്ന സാമൂഹിക സാംസ്‌കാരിക സാമ്പത്തിക ചുറ്റുപാടുകളെ പ്രതിരോധിയ്‌ക്കുവാനുള്ള ആദ്ധ്യാത്മിക പശ്ചാത്തലം വീടുകളിലുണ്ടാവണമെന്ന്‌ മെത്രാപ്പോലീത്താ നിര്‍ദ്ദേശിച്ചു. അംഗങ്ങളുടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെടുത്താത്തതും അവരാര്‍ജിച്ച വ്യക്തിത്വത്തിന്‌ ഇടം നല്‌കുന്നതുമായ ത്രിത്വസമാനമായ കൂട്ടായ്‌മയായിരിക്കണം കുടുംബം എന്നദ്ദേഹം പറഞ്ഞു. തെറ്റും ശരിയും തിരിച്ചറിയുന്നതിന്‌ കുട്ടികളെ പരിശീലിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെടുന്നതാണ്‌ ഇക്കാലത്ത്‌ കുടുംബജീവിതം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമെന്ന്‌ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് മനഃശാസ്‌ത്ര വിദഗ്‌ദ്ധയും ഉപദേശചികില്‍സകയുമായ ഗ്രെയിസ്‌ ലാല്‍ അഭിപ്രായപ്പെട്ടു. 1980കളിലെ കുടുംബപ്രശ്‌നങ്ങളും ഇന്നത്തെ കുടുംബ പ്രശ്‌നങ്ങളും തമ്മില്‍ വളരെ വ്യത്യാസമുണ്ടണ്ടു്. ആദ്യകാലത്ത്‌ അമ്മായിയമ്മപ്പോരായിരുന്നു പ്രധാന പ്രശ്‌നമെങ്കില്‍ 1980-85 കാലത്ത്‌ അത്‌ കുടുംബനാഥന്റെ മദ്യപാനവും സ്‌ത്രീധനവുമായിരുന്നു. '90കളില്‍ പ്രേമവിവാഹവും പരാജയവും ആയിരുന്നു. റ്റി.വി സീരിയല്‍ — ഇന്റര്‍നെറ്റ്‌ — മൊബൈല്‍ ഫോണ്‍ ലോകവും എസ്‌.എം.എസ്‌. — മിസ്‌കോള്‍ — ചാറ്റിങ്‌ ബന്ധങ്ങളും ഉയര്‍ത്തുന്ന ഭീഷണിയാണ്‌ കുടുംബ പ്രശ്‌നങ്ങളുടെ പുതിയ പ്രവണതയെന്ന്‌ ഗ്രെയിസ്‌ ലാല്‍ പറഞ്ഞു. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനാ ജോണ്‍സനാണ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തത്‌. ഫാ.ജോണ്‍സണ്‍ പുറ്റാനിയില്‍ സ്വാഗതവും കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ മാനവശാക്തീകരണ വകുപ്പിന്റെ സെക്രട്ടറി ഫാ. ഷിബു കുര്യന്‍ ആമുഖവും വാര്‍ഡ്‌ പ്രതിനിധി പി.ബി. സാജു ആശംസയും മിസ്‌പ സെക്രട്ടറി സി.കെ. ഏലിയാസ്‌ നന്ദിയും പറഞ്ഞു. വിവിധ സമുദായങ്ങളില്‍ പെട്ട ഇരുന്നൂറോളം ദമ്പതികള്‍ പങ്കെടുത്തു. ഉറവിടം:— വീക്ഷണഗോപുരം http://mizpahcentre.blogspot.in/2014/11/blog-post_16.html

ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് യാത്രാമൊഴി


കോട്ടയം, ഏപ്രില്‍ 13, 2013: അഭി.ഗീവര്ഗ്ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.തിരുമേനി ഏറെ സ്നേഹിച്ച ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറാ ചാപ്പലിന്റെ വടക്ക് വശത്തായാണ് അഭി.തിരുമേനിയെ കബറടക്കിയിരിക്കുന്നത്.തിരുമേനിയുടെ വേര്‍പാട് സഭയ്ക്ക് തീരാനഷ്ടമാണെന്ന് പരി.ബാവ തിരുമേനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.ആത്മീയ ,സാം സ്കാരിക .രാഷ്ടീയ മേഖലയിലുള്ള നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.തിരുമേനിയുടെ ദേഹവിയോഹം അറിഞ്ഞത് മുതല്‍ ആയിരക്കണക്കിനാളുകളാണ് ദയറായിലേക്ക് എത്തിച്ചേര്‍ ന്നത്.ഞായറാഴ്ച്ച ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ പ.ബാവാതിരുമേനി വി.കുര്‍ബ്ബാന അര്‍പ്പിക്കും.

ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കാലംചെയ്തു


കോട്ടയം, ഏപ്രില്‍ 12, 2013: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ ഗീവര്‍ഗീസ്‌ മാര്‍ ഇവാനിയോസ്‌(72) കാലം ചെയ്‌തു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ഇന്നലെ രാവിലെ ഏഴിനായിരുന്നു അന്ത്യം. വാര്‍ക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ച് 12ന് രാവിലെ 7.30നായിരുന്നു അന്ത്യം. ഭൌതീക ശരീരം ഉച്ചയ്ക്കുശേഷം പാമ്പാടി ദയറായില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഏപ്രില്‍ 13 ശനിയാഴ്ച ഉച്ചയ്‌ക്ക്‌ ഒന്നിനു് ഞാലിയാകുഴി മാര്‍ ബസേലിയോസ്‌ ദയറായില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.

ഓതറ കീയത്ത് കെ.ഐ. ജോര്‍ജിന്റെയും നിരണം മാണിപ്പറമ്പില്‍ അന്നമ്മയുടെയും മൂന്നാമത്തെ മകനായി 1940 നവംബര്‍ 14ന് മധുരയില്‍ ജനിച്ചു. 1963-ല്‍ ശെമ്മാശനായി സ്ഥാനമേറ്റു. 1973-ല്‍ കശീശപട്ടം ലഭിച്ചു. കശീശപട്ടമേറ്റ ശേഷം കാരാപ്പുഴ ചാപപല്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.1979-ല്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ഒന്നാമന്‍ റമ്പാനായി ഉയര്‍ത്തി. 1985-ല്‍ എപ്പിസ്കോപ്പയായി പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍ വെച്ച് സ്ഥാനമേറ്റു.
1991-ലാണ് മെത്രാപ്പോലീത്തയായി സ്ഥാനമേറ്റത്. 1971 മുതല്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. ഹൃദയശുദ്ധീകരണം എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.

ജീവിതരേഖ

ഓതറ കീയത്ത്‌ റെയില്‍വേ ഉദ്യോഗസ്‌ഥനായിരുന്ന ജോര്‍ജിന്റെയും നിരണം മാണിപ്പറമ്പില്‍ അന്നമ്മയുടെയും പുത്രനായി 1940 നവംബര്‍ 14-നു മധുരയിലാണു ജനനം. കൊല്ലം ഫാത്തിമമാതാ കോളജില്‍നിന്നു ബിരുദവും, ലണ്ടന്‍ മാന്‍സ്‌ ഫീല്‍ഡ്‌ കോളേജില്‍നിന്നു ഹിബ്രൂ-സിറിയക്ക്‌ ഭാഷകളിലും ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നു വേദശാസ്‌ത്രത്തിലും ബിരുദാനന്തര ബിരുദങ്ങളും നേടി.

ലണ്ടനില്‍ കൗളിഫാദേഴ്‌സില്‍ സന്യാസപരിശീലനം നേടി. 1963-ല്‍ ശെമ്മാശപട്ടവും 1973-ല്‍ കശീശപട്ടവും ലഭിച്ചു. 1985-ല്‍ തിരുവല്ലായില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ മേല്‍പ്പട്ടസ്‌ഥാനത്തേക്ക്‌ തെരഞ്ഞെടുത്തു. 1985-ല്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ എപ്പിസ്‌ക്കോപ്പയായി വാഴിച്ചു. 1985 ഓഗസ്‌റ്റ്‌ ഒന്നിനു കോട്ടയം ഭദ്രാസനത്തിന്റെ ചുമതലയേറ്റു.

പാമ്പാടി കെ. ജി. കോളജ്‌, പാമ്പാടി ബി. എം. എം. സി.ബി. എസ്‌. ഇ സ്‌കൂള്‍, ഞാലിയാകുഴി എം. ജി. എം എന്നിവയുടെ മാനേജര്‍ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഓര്‍ത്തഡോക്‌സ്‌ ചിത്രകലയായ ഐക്കണോഗ്രഫിയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്‌.

1971 മുതല്‍ കോട്ടയം ഓര്‍ത്തഡോക്‌സ്‌ െവെദീക സെമിനാരി അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. ഇപ്പോഴത്തെ പരിശുദ്ധ കാതോലിക്കാ ബാവാ ഉള്‍പ്പടെ അനേകം മെത്രാപ്പോലീത്താമാരുടെയും െവെദീകരുടെയും ഗുരുവായിരുന്നു മാര്‍ ഈവാനിയോസ്‌. ഹൃദയശുദ്ധീകരണം, നിര്‍ലേപം, മൗനത്തിന്റെ ലാവണ്യം എന്നീഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. സഭയിലെ പ്രമുഖ ധ്യാനഗുരുവായിരുന്നു.

കെ.ജി. ഇട്ടി (റിട്ട. മാനേജര്‍, പുനലൂര്‍ പേപ്പര്‍ മില്‍സ്‌), നിര്യാതനായ ക്യാപ്‌റ്റന്‍ കെ. ജി. തോമസ്‌, കെ. ജി. ജേക്കബ്‌ ( അബുദാബി), കെ. ജി. ഏബ്രഹാം (ദോഹ), മേരി ജോസ്‌ കുര്യന്‍ (കോട്ടയം) എന്നിവര്‍ സഹോദരങ്ങളാണ്‌. വെള്ളിയാഴ്ച വൈകിട്ട്‌ നാല്‌ വരെ ഭൗതികശരീരം പാമ്പാടി ദയറായില്‍ പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്നു വൈകിട്ട്‌ വാകത്താനത്തെ ഭദ്രാസന ആസ്‌ഥാനത്തേക്കു കൊണ്ടുപോയി. പാമ്പാടിയിലും വാകത്താനത്തുമായി ആയിരക്കണക്കിനു വിശ്വാസികള്‍ അന്തിമോപചാരമര്‍പ്പിച്ചു.ശനിയാഴ്ച ഓര്‍ത്തഡോക്‌സ്‌ സഭയുടെ എല്ലാ സ്‌ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.