ഈ ലേഖയില്‍‍ തിരയുക

ഞാറക്കാട് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയിലും കയ്യേറ്റശ്രമം


പോത്താനിക്കാട്: ഞാറക്കാട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയില്‍ ഡിസംബര്‍ 17 രാവിലെ തുടങ്ങിയ സംഘര്‍ഷം വൈകുന്നേരത്തോടെ ശാന്തമായി. ഓര്‍ത്തഡോക്സ് സഭ ഭരണം നടത്തുന്ന ഇവിടെ ഡിസംബര്‍ 17 തിങ്കളാഴ്ച വിമത യാക്കോബായ വിഭാഗത്തില്‍പ്പെട്ട ഒരു വൈദികന്‍ പള്ളിയില്‍ പ്രവേശിച്ചു ബലിയര്‍പ്പിയ്ക്കാന്‍ ശ്രമിച്ചതിനെ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ചോദ്യം ചെയ്യാനെത്തിയതാണു് സംഘര്‍ഷത്തിനിടയായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലാണു് കലാശിച്ചത്.

മൂവാറ്റുപുഴ ഡിവൈഎസ്പി എന്‍. രമേശ്, കല്ലൂര്‍ക്കാട് സിഐ മാത്യു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തു വിന്യസിച്ചിരുന്നു. പള്ളി പരിസരത്തു തടിച്ചുകൂടിയ ഇരുവിഭാഗക്കാരേയും പ്രധാന ഗേറ്റിനു പുറത്താക്കി.

കുര്‍ബാനയര്‍പ്പിയ്ക്കാന്‍ അവസരം നല്കണമെന്നു് ആവശ്യപ്പെട്ടു്, വിമത യാക്കോബായ വിഭാഗക്കാര്‍ കുരിശുംതൊട്ടിയില്‍ വൈകുന്നേരംവരെ കുത്തിയിരുന്നു.വിമതമെത്രാന്മാരായ മാത്യൂസ് ഈവാനിയോസ്, കുര്യാക്കോസ് യൌസേബിയോസ്, മാത്യൂസ് അന്തീമോസ്, ഏലിയാസ് അത്തനാസിയോസ്, വിഭാഗം ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, വൈദീകനായ എല്‍ദോസ് കക്കാടന്‍ എന്നിവര്‍ പ്രതിഷേധത്തിനെത്തിയിരുന്നു.

വൈകുന്നേരത്തോടെ വിമത യാക്കോബായ വിഭാഗക്കാര്‍ കുരിശുംതൊട്ടിയില്‍നിന്നു പിരിയുകയായിരുന്നു. ഓര്‍ത്തഡോക്സ് സഭക്കാര്‍ രാവിലെതന്നെ പള്ളിമുറ്റത്തുനിന്നു പിരിഞ്ഞുപോയിരുന്നു.

കുറിഞ്ഞി പള്ളിയില്‍ സംഘര്‍ഷാവസ്‌ഥയ്‌ക്ക് അയവ്‌


കോലഞ്ചേരി, ഡിസം 17: കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ സംഘര്‍ഷാവസ്‌ഥയ്‌ക്ക് അയവ്‌ വന്നു. സംഘര്‍ഷത്തെതുടര്‍ന്നു് പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ എസ്‌. ഷാനവാസ്‌ ഏറ്റെടുത്തിരുന്നു. മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ അനുമതിയോടെ ഡിസംബര്‍ 16 ഞായറാഴ്ച കുര്‍ബാനയര്‍പ്പിയ്ക്കാനെത്തിയ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയെ വിമത യാക്കോബായവിഭാഗം തടയാന്‍ ശ്രമിച്ചതാണു് സംഘര്‍ഷത്തിലെത്തിയതു്.

ഡിസംബര്‍ 10നും 11നും പെരുനാളിനോടനുബന്ധിച്ച്‌ വിമത യാക്കോബായ മെത്രാന്മാര്‍ കുര്‍ബാനയര്‍പ്പിച്ചതിനെ തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ വീതത്തില്‍ കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ്‌ മെത്രാപ്പോലീത്തയ്ക്കും ആര്‍ഡിഒ അനുമതി നല്‍കിയിരുന്നു. ഒന്നിടവിട്ട ആഴ്‌ചകളില്‍ എതിര്‍ യാക്കോബായവിഭാഗവും ഓര്‍ത്തഡോക്‌സ്‌ സഭയും മാറിമാറിയാണു് ഇവിടെ ഇപ്പോള്‍ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിയ്ക്കുന്നത്‌.

പള്ളി ഏറ്റെടുത്ത ആര്‍ഡിഒയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു് പള്ളിയുടെ മുന്‍വശത്തു് എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ആരംഭിച്ച കുത്തിയിരിപ്പു് യജ്‌ഞം തുടരുകയാണ്‌.ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു് സംഘര്‍ഷം രൂക്ഷമായതോടെയാണ് പള്ളിയുടെ നിയന്ത്രണം മുവാറ്റുപുഴ ആര്‍ഡിഒ എസ്. ഷാനവാസ് എറ്റെടുത്തത്.

ഞായറാഴ്‌ച രാത്രി വൈകി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിമുറ്റത്ത്‌ പന്തല്‍ കെട്ടിയെങ്കിലും ആര്‍.ഡി.ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ രാത്രി ഓര്‍ത്തഡോക്‌സുകാര്‍ തന്നെ പൊളിച്ചുമാറ്റി. ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ ഇടപെട്ട് പള്ളിയില്‍ നിന്ന് പോലീസിനെ പൂര്‍ണമായും പിന്‍വലിച്ചിട്ടുണ്ടു്.

കുറിഞ്ഞി പള്ളിയില്‍ സംഘര്‍ഷം; പൊലീസ്‌ ലാത്തി വീശി: പള്ളി പൂട്ടി

കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌
പള്ളിയില്‍ ഇരു വിഭാഗം വിശ്വാസികള്‍ക്കു്
മധ്യത്തില്‍ പൊലീസ്‌ നിലയുറപ്പിച്ചപ്പോള്‍

കോലഞ്ചേരി: കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയെ വിമത യാക്കോബായവിഭാഗം തടയാന്‍ ശ്രമിച്ചതു് സംഘര്‍ഷത്തിലെത്തി. വൈകിട്ട്‌ ആറോടെ പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ എസ്‌. ഷാനവാസ്‌ ഏറ്റെടുത്തു. പൊലീസ്‌ നടത്തിയ ബലപ്രയോഗത്തിനിടെ എതിര്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്കു് ലാത്തിയടിയേറ്റു. ഒന്നിടവിട്ട ആഴ്‌ചകളില്‍ എതിര്‍ യാക്കോബായവിഭാഗവും ഓര്‍ത്തഡോക്‌സ്‌ സഭയും മാറിമാറിയാണു് ഇവിടെ ഇപ്പോള്‍ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിയ്ക്കുന്നത്‌.

ഡിസംബര്‍ 16 ഞായറാഴ്ച രാവിലെ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത എത്തിയതോടെയാണു് സംഘര്‍ഷം തുടങ്ങിയത്‌. കഴിഞ്ഞ 10നും 11നും പെരുനാളിനോടനുബന്ധിച്ച്‌ വിമത യാക്കോബായവിഭാഗം മെത്രാന്മാര്‍ കുര്‍ബാനയര്‍പ്പിച്ചതിനെ തുടര്‍ന്ന്‌ ഡിസംബര്‍ 16 ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ്‌ മെത്രാപ്പോലീത്തയ്ക്കു് ആര്‍ഡിഒ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മാര്‍ അത്താനാസിയോസ്‌ പള്ളിയില്‍ പ്രവേശിക്കുന്നതിനെ എതിര്‍ യാക്കോബായ വിഭാഗം എതിര്‍ത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു് പള്ളിയിലേയ്ക്കുള്ള വഴിയില്‍ മാര്‍ അത്താനാസിയോസിനെ പൊലീസ്‌ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്‌ അദ്ദേഹം വിശ്വാസികള്‍ക്കൊപ്പം വഴിയിലിരുന്നു.

ഇതേസമയം, എതിര്‍ യാക്കോബായ വിഭാഗക്കാര്‍ പരിസരത്തു് നിലയുറപ്പിച്ചതോടെ പള്ളിയുടെ നിയന്ത്രണം ആര്‍ഡിഒ എസ്‌. ഷാനവാസ്‌ താല്‍ക്കാലികമായി ഏറ്റെടുത്തു. പള്ളി പൂട്ടരുതെന്നാവശ്യപ്പെട്ടു് ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ , മാത്യൂസ്‌ ഇവാനിയോസ്‌, ഏലിയാസ്‌ അത്താനാസിയോസ്‌, മാത്യൂസ്‌ അന്തിമോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ എതിര്‍ യാക്കോബായ വിഭാഗക്കാര്‍ പൂമുഖത്ത്‌ ഇരുന്നു. ഓര്‍ത്തഡോക്‌സ്‌ സഭയിലെ മെത്രാപ്പോലീത്തമാരായ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌ എന്നിവര്‍ പള്ളിനടയ്‌ക്കു് മുന്നിലും ഇരുന്നതോടെ പൊലീസ്‌ ഇരുവിഭാഗത്തിനും നടുവിലായി നിലയുറപ്പിച്ചു.

ഇതിനിടയില്‍ റൂറല്‍ എസ്‌പി കെ.പി. ഫിലിപ്പിന്റെ കാറിന്റെ മുന്‍വശത്തെ ചില്ല്‌ ഓടിന്റെ കഷണം വീണുപൊട്ടി. വൈകിട്ട്‌ ആറോടെ പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ ഏറ്റെടുത്തതായി അറിയിച്ചു. ഇരുകൂട്ടരും പിരിഞ്ഞുപോയില്ല. മൈക്ക്‌ പ്രവര്‍ത്തിപ്പിക്കരുതെന്ന്‌ യാക്കോബായ വിഭാഗത്തോട്‌ പൊലീസ്‌ ആവശ്യപ്പെട്ടു. ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ സന്ധ്യാനമസ്‌കാരം ആരംഭിച്ചപ്പോള്‍ മുന്‍വശത്തു് സ്‌ഥാപിച്ചിരുന്ന സൗണ്ട്‌ ബോക്‌സിലേക്കുള്ള വയര്‍ പൊലീസ്‌ വിച്ഛേദിച്ചു. വീണ്ടും വയര്‍ ഘടിപ്പിക്കാന്‍ നടത്തിയ ശ്രമം പൊലീസ്‌ തടഞ്ഞു.

ഇതിനിടയില്‍ ആളുകളുമായി ഉന്തുംതള്ളുമുണ്ടായതിനെത്തുടര്‍ന്നു് പൊലീസ്‌ ലാത്തിവീശി. രാത്രിയിലും ബസേലിയോസ്‌ തോമസ്‌ പ്രഥമന്റെ നേതൃത്വത്തില്‍ എതിര്‍ യാക്കോബായ വിഭാഗക്കാര്‍ പള്ളി പൂമുഖത്തുണ്ടായിരുന്നു. ആര്‍ഡിഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മെത്രാപ്പോലീത്തമാര്‍ പള്ളിക്കു് മുന്നില്‍നിന്നു് പിന്‍മാറി. ഐജി കെ. പത്മകുമാര്‍ രാത്രി പുത്തന്‍കുരിശ്‌ സ്‌റ്റേഷനില്‍ എത്തിയിരുന്നു.

മണ്ണത്തൂര്‍ പള്ളി ആര്‍.ഡി.ഒ. ഏറ്റെടുത്ത നടപടി നിയമപരമല്ലെന്ന വാദം അംഗീകരിക്കാനാവില്ല: ഹൈക്കോടതി


കൊച്ചി, ഡിസം 14, 2012: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയുടെ കൈവശാവകാശം ഏറ്റെടുത്ത മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ നടപടി ചോദ്യം ചെയ്‌ത ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

അതേസമയം പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സിവില്‍ കോടതിയാണ്‌ തീര്‍പ്പാക്കേണ്ടതെന്നും ഇക്കാരണത്താല്‍ ആര്‍.ഡി.ഒ. പള്ളി ഏറ്റെടുത്ത നടപടി നിയമപരമല്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ജസ്‌റ്റിസ്‌ എസ്‌.എസ്‌. സതീശചന്ദ്രന്‍ വ്യക്‌തമാക്കി.

പള്ളി ഏറ്റെടുക്കുകയും ചാപ്പലിന്റെ താക്കോലുകള്‍ പോലീസിനു കൈമാറുകയും ചെയ്‌ത ആര്‍.ഡി.ഒയുടെ നടപടി ചോദ്യം ചെയ്‌ത് വിമത യാക്കോബായവിഭാഗത്തിലേയ്ക്കു് കൂറുമാറിയ പള്ളി ട്രസ്‌റ്റി കെ.പി. പൈലിയും ആര്‍.ഡി.ഒയുടെ നടപടികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമാവശ്യപ്പെട്ട്‌ വികാരി ഫാ. ഏലിയാസ്‌ ജോണും സമര്‍പ്പിച്ച ഹര്‍ജികളാണ്‌ ഹൈക്കോടതി പരിഗണിച്ചത്‌. സര്‍ക്കാരിനു് വേണ്ടി അഡീഷണല്‍ ഡി.ജി.പി. ടോം ജോസ്‌ പടിഞ്ഞാറെക്കര ഹാജരായി.

കാതോലിക്കേറ്റ് സ്ഥാപനം മലങ്കര സഭയുടെ വളര്‍ച്ചയ്ക്കുള്ള നാഴികക്കല്ല്: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്

ഭാരതീയം മാര്‍ത്തോമന്‍ പൈതൃക സ്മൃതിയാത്രയ്ക്കു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ
നേതൃത്വത്തില്‍ കൂത്താട്ടുകുളത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഡോ. മാത്യൂസ് മാര്‍
സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. (ഫോട്ടോ- മൂവാറ്റുപുഴ അരമന)

കൂത്താട്ടുകുളം: സ്വാതന്ത്ര്യസന്ദേശം ഉള്‍ക്കൊള്ളുന്ന പൗരസ്ത്യ കാതോലിക്കേറ്റ് സ്ഥാപനം മലങ്കര സഭയുടെ വളര്‍ച്ചയ്ക്കുള്ള നാഴികക്കല്ലായിരുന്നെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയും എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറിയുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പറഞ്ഞു. പൗരസ്ത്യ കാതോലിക്കേറ്റ് പുനഃസ്ഥാപന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയം മാര്‍ത്തോമന്‍ പൈതൃക സ്മൃതിയാത്രയ്ക്കു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ കൂത്താട്ടുകുളത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല ഘട്ടങ്ങളിലും സഭ അതിജീവനത്തിന്റെ വെല്ലുവിളികള്‍ നേരിട്ടു. ആദിമ സഭയുടെ ആദ്യ മൂന്നു് നൂറ്റാണ്ടുകളിലേതിനു് സമാനമായിരുന്നു ഈ വെല്ലുവിളികള്‍. പുതിയ നൂറ്റാണ്ടില്‍ ഭാരതത്തിനു് വെളിച്ചം പകരുന്ന സഭയായി മാറാന്‍ കഴിയുംവിധം യത്നിക്കണമെന്നും മാര്‍ സേവേറിയോസ് ഉദ്ബോധിപ്പിച്ചു.

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് അധ്യക്ഷത വഹിച്ചു. ഫാ.ഡോ.എം.ഒ. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. സന്ദേശ യാത്ര ക്യാപ്റ്റനും സഭാ വൈദിക ട്രസ്റ്റിയുമായ ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ.ഡോ.എം.ഒ. ജോണ്‍, ഫാ. ഏബ്രഹാം കാരാമേല്‍, ഫാ. മാത്യൂസ് ചെമ്മനാപ്പാടം, ജോണ്‍ ചിറക്കടക്കുന്നേല്‍ കോറെപ്പിസ്കോപ്പ, കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ജോണ്‍ വി. ജോണ്‍, ഫാ. ജോയി കടുകംമാക്കില്‍, ഫാ. ഏലിയാസ് മണ്ണാത്തിക്കുളം, അഡ്വ. വര്‍ഗീസ് കുട്ടി, കുര്യന്‍ മാടപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

നവം.൧൪ വൈകിട്ട് മൂവാറ്റുപുഴ അരമനയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണു് കൂത്താട്ടുകുളത്ത് സ്മൃതിയാത്ര എത്തിയത്. മേഖലയിലെ വിവിധ പള്ളികളില്‍ നിന്നുള്ളവര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംഗമിച്ചു് റാലിയായി വൈദികരുടെ നേതൃത്വത്തില്‍ സമ്മേളനവേദിയായ ടൌണ്‍ ഹാളിലെത്തി. ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടിന് സുല്‍ത്താന്‍ബത്തേരിയില്‍ നിന്നാരംഭിച്ച സ്മൃതിയാത്ര ബത്തേരി, മലബാര്‍, കുന്ദംകുളം, തൃശൂര്‍, കൊച്ചി, അങ്കമാലി ഭദ്രാസനങ്ങളില്‍ പ്രയാണം പൂര്‍ത്തിയാക്കിയാണു് മൂവാറ്റുപുഴ അരമനയിലെത്തിയത്. കൂത്താട്ടുകുളത്തു് നിന്നും കോട്ടയം പഴയ സെമിനാരിയിലേയ്ക്കു് സ്മൃതിയാത്ര പുറപ്പെട്ടു.

കാതോലിക്കേറ്റ് ശതാബ്ദി മലങ്കര സഭയില്‍ ഐക്യത്തിന്റെ വഴി തുറക്കും


പാമ്പാക്കുട, 2012 നവം.13: പൗരസ്ത്യ കാതോലിക്കേറ്റ് പുനഃസ്ഥാപന ശതാബ്ദി ആഘോഷങ്ങള്‍ മലങ്കര സഭയില്‍ ഐക്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും പുതിയ അന്വേഷണങ്ങള്‍ക്ക് വഴി തുറക്കുമെന്ന് സീറോ-മലങ്കര റീത്ത് കത്തോലിക്ക സഭയുടെ തിരുവല്ല രൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് പറഞ്ഞു.

ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പാമ്പാക്കുട സമന്വയ എക്യുമെനിയ്ക്കല്‍ സ്റ്റഡി ആന്റ് ഡയലോഗ് സെന്ററില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. കേരളത്തിലെ വിവിധ ക്രൈസ്തവസഭാ പാരമ്പര്യങ്ങളില്‍ നിന്നുള്ളവരും, ഓര്‍ത്തഡോക്സ് സഭയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ചടങ്ങില്‍ പങ്കെടുത്തു.

മൂന്നു തലങ്ങളിലായി നടന്ന സെമിനാറിന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനഅധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭാ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജേക്കബ് കുര്യന്‍, സിറോ മലബാര്‍ സഭാ വക്താവ് ഫാ.ഡോ.പോള്‍ തേലക്കാട്ട്, ഫാ.ഏബ്രഹാം തോമസ്,ഫാ.ഏബ്രഹാം കാരാമേല്‍, ഡോ.കെ.എം.ജോര്‍ജ്, ഡോ.കുര്യന്‍ തോമസ്, ലിജു സൂസന്‍ ഐപ്പ് നേതൃത്വം നല്‍കി.


മൂവാറ്റുപുഴയെ കലാപ മേഖലയാക്കാന്‍ ഗൂഢനീക്കം: ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്ത




മൂവാറ്റുപുഴ അരമനയും ഭദ്രാസനപള്ളിയും-
ചിത്രം- സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം
മൂവാറ്റുപുഴ, ഡിസംബര്‍ 14: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ അരമന ദേവാലയത്തിലെ പെരുനാളിനോടനുബന്ധിച്ച്‌ മൂവാറ്റുപുഴയെ കലാപ മേഖലയാക്കാനുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ ഗൂഢനീക്കത്തിനെതിരെ പൊലീസും അധികാരികളും ജാഗ്രത പാലിക്കണമെന്ന്‌ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ പറഞ്ഞു. ദേവാലയം കയ്യേറാനും, പിടിച്ചെടുക്കാനുമുള്ള ആസൂത്രിത നീക്കമാണ്‌ നടക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്‌ സമാധാനാന്തരീക്ഷത്തെ തകര്‍ക്കും. പെരുന്നാള്‍ ദിവസമായ ഡിസംബര്‍ 17 തീയതി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വിശ്വാസ പ്രഖ്യാപന മാര്‍ച്ചു് വിളിച്ച്‌ ചേര്‍ത്തിരിക്കുന്നത്‌ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

1998 ല്‍ ദേവാലയം പിടിച്ചെടുക്കാന്‍ നടത്തിയതിനു സമാനമായ നീക്കമുണ്ടാകുന്നത്‌ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടവക ജനങ്ങളിലും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന ഇതര സമുദായങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളില്‍ അദ്ദേഹം പ്രതിഷേധിച്ചു. സഭയുമായോ ഭദ്രാസനപള്ളിഇടവകയുമായോ യാതൊരു ബന്ധവുമില്ലാത്തവരാണ്‌ ഇപ്പോള്‍ പ്രസ്‌താവനകളുമായെത്തി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നത്‌.

നിലവിലുള്ള അരമനപ്പള്ളി പുതുക്കിപ്പണിയുന്നതിനെ ചോദ്യം ചെയ്യാന്‍ അവര്‍ക്കവകാശമില്ല. ഭദ്രാസനപള്ളി ഇടവകയില്‍ 400 കുടുംബങ്ങളുണ്ടു്. ഭദ്രാസനപള്ളിയോടനുബന്ധിച്ചുള്ള ഇടവകയുടെ ഇടവക യോഗം കൂടിയാണു് നിലവിലുള്ള അരമനപ്പള്ളി പുതുക്കിപ്പണിയുന്നതിനു് തീരുമാനമെടുത്തതു്. 2010 ഫെബ്രുവരി 27 ന്‌ ആര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യായിലെ കാതോലിക്കയായ ആരാം പ്രഥമന്‍ ബാവ പുതിയ ദേവലായത്തിന്റെ ശിലാസ്‌ഥാപനം നടത്തി.

2010 ഫെബ്രുവരി 27 ന്‌ പുതിയ മൂവാറ്റുപുഴ അരമനപ്പള്ളിയുടെ
ശിലാസ്‌ഥാപനം ആര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ
ആരാം പ്രഥമന്‍ കാതോലിക്ക നിര്‍വഹിയ്ക്കുന്നു-
ചിത്രം- സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം

അരമനപ്പള്ളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉണ്ടെന്നിരിക്കെയാണ്‌ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. അരമനപള്ളിയെ ഒരു പ്രശ്‌നബാധിത സ്‌ഥലമാക്കി മാറ്റാന്‍ നടത്തുന്നതിന്റെ ഭാഗമാണ്‌ ഇത്തരം നീക്കങ്ങളെന്ന്‌ സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ഭാഗമായ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ അരമനയുടെയും ഭദ്രാസനദേവാലയത്തിന്റെയും മറ്റു് സ്വത്തുക്കളുടെയും അവകാശം മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്കു് മാത്രമാണു്.

മലങ്കരയിലെ ഒന്നാം പൗരസ്ത്യ കാതോലിക്കയായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവ കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ ഒന്നാമത്തെ മെത്രാപ്പൊലീത്തയായിരിയ്ക്കെ 124 വര്‍ഷം മുമ്പു് കൊല്ലവര്‍ഷം 1063 ല്‍ തീറായി വാങ്ങിയതാണ്‌ സ്ഥലം. ഇതിനുശേഷം കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായിരുന്ന ഔഗേന്‍ ബാവ ഭദ്രാസനപള്ളിയും അരമനയും സ്ഥാപിച്ചു് 1964-ല്‍ പൗരസ്ത്യ കാതോലിക്കയായി അഭിഷിക്തനാകുന്നതു് വരെ താമസിച്ചു് ഭരണം നടത്തി.1964 മുതല്‍ പൗലോസ് മാര്‍ പീലക്സിനോസ് കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായി താമസിച്ചു. 1990 മുതല്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ ഇവിടെ താമസിച്ചു് ഭദ്രാസന ഭരണം നടത്തുന്നത്‌. അരമന കോംപ്ലക്സ്,സണ്‍ജേ സ്കൂള്‍ കെട്ടിടം ഉള്‍പ്പടെയുള്ള വികസനങ്ങള്‍ നടത്തിവന്നതു് ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയാണ്‌.

1998-ല്‍ അരമനയും വസ്തുക്കളും പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം പോലീസ്‌ തടഞ്ഞിരുന്നു. അപ്പോഴത്തെ മൂന്നാം പ്രതിയാണ്‌ ഇപ്പോഴത്തെ അരമന കയ്യേറ്റത്തിനുള്ള നീക്കം നടത്തുന്നത്‌. ഇതിനെ ബന്ധപ്പെട്ടവര്‍ പ്രോത്സാഹിപ്പിച്ചാല്‍ അരാജകത്വത്തിലേക്കായിരിക്കും ഈ പ്രശ്നം നീങ്ങുന്നത്‌. സഭാ തര്‍ക്കങ്ങളിലുള്ള കോടതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്‌. ഇത്‌ പൊതുസമൂഹത്തില്‍ ആശയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും തിരുമേനി പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയമായ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ തോമാശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ ഡിസംബര്‍17-നും ഡിസംബര്‍ 18-നും ആഘോഷിയ്ക്കുകയാണു്. ഡിസംബര്‍ 17-ന്‌ രാവിലെ ഏഴിന്‌ വിശുദ്ധ കുര്‍ബാനയും ഉച്ചകഴിഞ്ഞ്‌ രണ്‌ടിന്‌ ഭദ്രാസനത്തിലെ ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷവും വൈകുന്നേരം ആറിന്‌ സന്ധ്യാനമസ്‌കാരവും ഏഴിന്‌ വചനശുശ്രൂഷയും 7.30-ന്‌ പ്രദക്ഷിണവും ഉണ്ടാവും. ഡിസംബര്‍ 18-ന്‌ രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന. 10.30-ന്‌ ലേലം. 11-ന്‌ പ്രദക്ഷിണം, ആശീര്‍വാദം, 12-ന്‌ സ്‌നേഹവിരുന്ന്‌, രണ്‌ടിന്‌ കൊടിയിറക്ക്‌ എന്നിങ്ങനെയാണു് ക്രമീകരണം.

ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത തിരുക്കര്‍മങ്ങള്‍ക്ക്‌ മുഖ്യ കാര്‍മികത്വം വഹിക്കും.

പത്രസമ്മേളനത്തില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമ്മേല്‍ കശീശ, മേരിദാസ് സ്റ്റീഫന്‍ കശീശ, എബിന്‍ അബ്രാഹം കശീശ, വി സി ജേക്കബ് വടക്കേമുട്ടപ്പള്ളി, സജി ജോണ്‍ നീറുംതാനത്തു്, കെ പി ഐസക് കുളങ്ങര എന്നിവരും പങ്കെടുത്തു.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.