കോലഞ്ചേരി, ഡിസംബര്‍ 17: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിനു് കീഴിലുള്ള വെട്ടിത്തറ മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദീകനായ ജോബിന്‍സ് കയറി കുര്‍ബ്ബാന നടത്തിയെന്നു് വാര്‍ത്ത. സംഘര്‍ഷത്തെതുടര്‍ന്നു് കുറിഞ്ഞി പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ ഏറ്റെടുത്തതിനെ തുടര്‍ന്നാണ്, ഡിസംബര്‍ 17 തിങ്കളാഴ്ച, ഞാറക്കാട്,വെട്ടിത്തറ പള്ളികളില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദീകരായ എല്‍ദോസ് കക്കാടനും,ഫാ.ജോബിന്‍സും കയറിയത്.
വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളി ജനു 15 മുതല്‍ അടച്ചിട്ടിരിയ്ക്കുകയാണു്. വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയില്‍ റിസീവറെ നിയമിക്കണമെന്നു് ആവശ്യപെട്ടുകൊണ്ടുള്ള ഒരു ഹര്‍ജി ഈയിടെ കോടതി തള്ളിയിരുന്നു.
തിരുവനന്തപുരം: കുറിഞ്ഞിപള്ളിയില്‍ ഇരുസഭാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉദ്യോഗസ്‌ഥ സംഘത്തെക്കൂടി നിയമിയ്ക്കുമെന്നു് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ , ഡിസംബര്‍ 19നു് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഈ പ്രശ്‌നം ഉന്നയിച്ചതിനോടു് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഭാതര്‍ക്ക പരിഹാരത്തിനായി അഞ്ചു് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉപസമിതി നിലവിലുണ്ട്. ഇരുവിഭാഗങ്ങളുമായും ഉപസമിതി ചര്‍ച്ച നടത്തിയെങ്കിലും ധാരണ ഉണ്ടായില്ല. കലക്‌ടറെ ഇപ്പോള്‍ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തെ സഹായിക്കാനാണ് ഉദ്യോഗസ്‌ഥ സംഘം.
ഈ നിര്‍ദേശം ഇരുവിഭാഗങ്ങളും സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ് തോമസ് പ്രഥമന്‍ അവിടെ മൂന്നു ദിവസമായി കുത്തിയിരിപ്പു് യജ്‌ഞം നടത്തിയതു് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.
കോലഞ്ചേരി, ഡിസംബര്‍ 19: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായവിഭാഗത്തിനും ഓര്‍ത്തഡോക്‌സ് സഭയ്ക്കും മതപരമായ ചടങ്ങുകള്‍ സമാധാനപരവും നിയമപരവുമായി നടത്താന്‍ ജില്ലാ കലക്‌ടര്‍ ഡിസംബര്‍ 18 ചൊവ്വാഴ്ച രാത്രി അനുമതി നല്‍കി. ഹൈക്കോടതിയുടെയും അഡീഷനല്‍ ജില്ലാ കോടതിയുടെയും ഉത്തരവുകള്‍ പാലിച്ചു തല്‍സ്‌ഥിതി നിലനിര്‍ത്താനാണ് ഉത്തരവ്.
സ്‌ഥിതിഗതികള്‍ അവലോകനം ചെയ്‌ത് ഉചിതമായ നടപടി സ്വീകരിക്കാന്‍ മൂവാറ്റുപുഴ ആര്‍ഡിഒയ്‌ക്ക് നിര്‍ദേശവും നല്‍കി. സംഘര്‍ഷത്തെതുടര്‍ന്നു് പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ എസ്. ഷാനവാസ് ഏറ്റെടുത്തിരുന്നു. പള്ളി ഏറ്റെടുത്ത ആര്‍ഡിഒയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു് പള്ളിയുടെ മുന്‍വശത്തു് എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ് തോമസ് പ്രഥമന്‍ നടത്തിവന്ന കുത്തിയിരിപ്പു് യജ്‌ഞം കലക്‌ടറുടെ ഉത്തരവിനെ തുടര്‍ന്ന് ഡിസംബര്‍ 18 ചൊവ്വാഴ്ച രാത്രി തന്നെ അവസാനിപ്പിച്ചു.
കുറിഞ്ഞി പള്ളിയില്‍ കളക്ടറുടെ ഉത്തരവ് നടപ്പാക്കണം - ഓര്‍ത്തഡോക്‌സ് സഭ
മൂവാറ്റുപുഴ, ഡിസംബര്‍ 19: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയിലെ അന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് സത്യസന്ധമായി നടപ്പാക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പള്ളിയുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഒ.യുടെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. സമാധാന ലംഘനം ഇല്ലാതെ പള്ളിയില്‍ ആരാധന നടത്തുന്നതിന് കോടതിവിധികളുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ട് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള തല്‍സ്ഥിതി നിലനിര്‍ത്തേണ്ടതുണ്ടെന്നും ഇതിനുള്ള നടപടികള്‍ ആര്‍.ഡി.ഒ. കൈക്കൊള്ളണമെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം കാരാമേല്‍ വ്യക്തമാക്കി.
ആര്‍.ഡി.ഒ.യുടെ വിജ്ഞാപനം ലംഘിച്ച് മെത്രാപ്പോലീത്തമാരെ പള്ളിയില്‍ പ്രവേശിപ്പിച്ചവരാണ് ആര്‍.ഡി.ഒ.യുടെ അനുവാദത്തോടെ പള്ളിയിലെത്തിയ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസിനെയും മറ്റ് വൈദികരെയും തടഞ്ഞത്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധന നടത്താന്‍ അനുവദിച്ച സമയത്ത് മറുപക്ഷം പള്ളിയില്‍ പ്രവേശിച്ചതോടെയാണ് പള്ളിയും കെട്ടിടങ്ങളും ആര്‍.ഡി.ഒ. ഏറ്റെടുത്തതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കി. കളക്ടറുടെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പോത്താനിക്കാട്: ഞാറക്കാട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ ഡിസംബര്‍ 17 രാവിലെ തുടങ്ങിയ സംഘര്‍ഷം വൈകുന്നേരത്തോടെ ശാന്തമായി. ഓര്‍ത്തഡോക്സ് സഭ ഭരണം നടത്തുന്ന ഇവിടെ ഡിസംബര്‍ 17 തിങ്കളാഴ്ച വിമത യാക്കോബായ വിഭാഗത്തില്‍പ്പെട്ട ഒരു വൈദികന്‍ പള്ളിയില്‍ പ്രവേശിച്ചു ബലിയര്‍പ്പിയ്ക്കാന്‍ ശ്രമിച്ചതിനെ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ചോദ്യം ചെയ്യാനെത്തിയതാണു് സംഘര്‍ഷത്തിനിടയായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലാണു് കലാശിച്ചത്.
മൂവാറ്റുപുഴ ഡിവൈഎസ്പി എന്‍. രമേശ്, കല്ലൂര്‍ക്കാട് സിഐ മാത്യു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തു വിന്യസിച്ചിരുന്നു. പള്ളി പരിസരത്തു തടിച്ചുകൂടിയ ഇരുവിഭാഗക്കാരേയും പ്രധാന ഗേറ്റിനു പുറത്താക്കി.
കുര്‍ബാനയര്‍പ്പിയ്ക്കാന്‍ അവസരം നല്കണമെന്നു് ആവശ്യപ്പെട്ടു്, വിമത യാക്കോബായ വിഭാഗക്കാര്‍ കുരിശുംതൊട്ടിയില്‍ വൈകുന്നേരംവരെ കുത്തിയിരുന്നു.വിമതമെത്രാന്മാരായ മാത്യൂസ് ഈവാനിയോസ്, കുര്യാക്കോസ് യൌസേബിയോസ്, മാത്യൂസ് അന്തീമോസ്, ഏലിയാസ് അത്തനാസിയോസ്, വിഭാഗം ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, വൈദീകനായ എല്‍ദോസ് കക്കാടന്‍ എന്നിവര്‍ പ്രതിഷേധത്തിനെത്തിയിരുന്നു.
വൈകുന്നേരത്തോടെ വിമത യാക്കോബായ വിഭാഗക്കാര്‍ കുരിശുംതൊട്ടിയില്‍നിന്നു പിരിയുകയായിരുന്നു. ഓര്‍ത്തഡോക്സ് സഭക്കാര്‍ രാവിലെതന്നെ പള്ളിമുറ്റത്തുനിന്നു പിരിഞ്ഞുപോയിരുന്നു.
കോലഞ്ചേരി, ഡിസം 17: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ സംഘര്‍ഷാവസ്‌ഥയ്‌ക്ക് അയവ് വന്നു. സംഘര്‍ഷത്തെതുടര്‍ന്നു് പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ എസ്. ഷാനവാസ് ഏറ്റെടുത്തിരുന്നു. മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ അനുമതിയോടെ ഡിസംബര്‍ 16 ഞായറാഴ്ച കുര്‍ബാനയര്‍പ്പിയ്ക്കാനെത്തിയ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയെ വിമത യാക്കോബായവിഭാഗം തടയാന്‍ ശ്രമിച്ചതാണു് സംഘര്‍ഷത്തിലെത്തിയതു്.
ഡിസംബര്‍ 10നും 11നും പെരുനാളിനോടനുബന്ധിച്ച് വിമത യാക്കോബായ മെത്രാന്മാര്‍ കുര്‍ബാനയര്‍പ്പിച്ചതിനെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ വീതത്തില്‍ കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയ്ക്കും ആര്‍ഡിഒ അനുമതി നല്‍കിയിരുന്നു. ഒന്നിടവിട്ട ആഴ്‌ചകളില്‍ എതിര്‍ യാക്കോബായവിഭാഗവും ഓര്‍ത്തഡോക്‌സ് സഭയും മാറിമാറിയാണു് ഇവിടെ ഇപ്പോള്‍ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിയ്ക്കുന്നത്.
പള്ളി ഏറ്റെടുത്ത ആര്‍ഡിഒയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു് പള്ളിയുടെ മുന്‍വശത്തു് എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ് തോമസ് പ്രഥമന്‍ ആരംഭിച്ച കുത്തിയിരിപ്പു് യജ്‌ഞം തുടരുകയാണ്.ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു് സംഘര്‍ഷം രൂക്ഷമായതോടെയാണ് പള്ളിയുടെ നിയന്ത്രണം മുവാറ്റുപുഴ ആര്‍ഡിഒ എസ്. ഷാനവാസ് എറ്റെടുത്തത്.
ഞായറാഴ്‌ച രാത്രി വൈകി ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിമുറ്റത്ത് പന്തല്‍ കെട്ടിയെങ്കിലും ആര്‍.ഡി.ഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രാത്രി ഓര്‍ത്തഡോക്‌സുകാര്‍ തന്നെ പൊളിച്ചുമാറ്റി. ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ ഇടപെട്ട് പള്ളിയില്‍ നിന്ന് പോലീസിനെ പൂര്‍ണമായും പിന്‍വലിച്ചിട്ടുണ്ടു്.
 |
കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ്
പള്ളിയില്‍ ഇരു വിഭാഗം വിശ്വാസികള്‍ക്കു്
മധ്യത്തില്‍ പൊലീസ് നിലയുറപ്പിച്ചപ്പോള്‍ |
കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയെ വിമത യാക്കോബായവിഭാഗം തടയാന്‍ ശ്രമിച്ചതു് സംഘര്‍ഷത്തിലെത്തി. വൈകിട്ട് ആറോടെ പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ എസ്. ഷാനവാസ് ഏറ്റെടുത്തു. പൊലീസ് നടത്തിയ ബലപ്രയോഗത്തിനിടെ എതിര്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്കു് ലാത്തിയടിയേറ്റു. ഒന്നിടവിട്ട ആഴ്‌ചകളില്‍ എതിര്‍ യാക്കോബായവിഭാഗവും ഓര്‍ത്തഡോക്‌സ് സഭയും മാറിമാറിയാണു് ഇവിടെ ഇപ്പോള്‍ കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിയ്ക്കുന്നത്.
ഡിസംബര്‍ 16 ഞായറാഴ്ച രാവിലെ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത എത്തിയതോടെയാണു് സംഘര്‍ഷം തുടങ്ങിയത്. കഴിഞ്ഞ 10നും 11നും പെരുനാളിനോടനുബന്ധിച്ച് വിമത യാക്കോബായവിഭാഗം മെത്രാന്മാര്‍ കുര്‍ബാനയര്‍പ്പിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 16 ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയ്ക്കു് ആര്‍ഡിഒ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മാര്‍ അത്താനാസിയോസ് പള്ളിയില്‍ പ്രവേശിക്കുന്നതിനെ എതിര്‍ യാക്കോബായ വിഭാഗം എതിര്‍ത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു് പള്ളിയിലേയ്ക്കുള്ള വഴിയില്‍ മാര്‍ അത്താനാസിയോസിനെ പൊലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം വിശ്വാസികള്‍ക്കൊപ്പം വഴിയിലിരുന്നു.
ഇതേസമയം, എതിര്‍ യാക്കോബായ വിഭാഗക്കാര്‍ പരിസരത്തു് നിലയുറപ്പിച്ചതോടെ പള്ളിയുടെ നിയന്ത്രണം ആര്‍ഡിഒ എസ്. ഷാനവാസ് താല്‍ക്കാലികമായി ഏറ്റെടുത്തു. പള്ളി പൂട്ടരുതെന്നാവശ്യപ്പെട്ടു് ബസേലിയോസ് തോമസ് പ്രഥമന്‍ , മാത്യൂസ് ഇവാനിയോസ്, ഏലിയാസ് അത്താനാസിയോസ്, മാത്യൂസ് അന്തിമോസ് എന്നിവരുടെ നേതൃത്വത്തില്‍ എതിര്‍ യാക്കോബായ വിഭാഗക്കാര്‍ പൂമുഖത്ത് ഇരുന്നു. ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് എന്നിവര്‍ പള്ളിനടയ്‌ക്കു് മുന്നിലും ഇരുന്നതോടെ പൊലീസ് ഇരുവിഭാഗത്തിനും നടുവിലായി നിലയുറപ്പിച്ചു.
ഇതിനിടയില്‍ റൂറല്‍ എസ്‌പി കെ.പി. ഫിലിപ്പിന്റെ കാറിന്റെ മുന്‍വശത്തെ ചില്ല് ഓടിന്റെ കഷണം വീണുപൊട്ടി. വൈകിട്ട് ആറോടെ പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ ഏറ്റെടുത്തതായി അറിയിച്ചു. ഇരുകൂട്ടരും പിരിഞ്ഞുപോയില്ല. മൈക്ക് പ്രവര്‍ത്തിപ്പിക്കരുതെന്ന് യാക്കോബായ വിഭാഗത്തോട് പൊലീസ് ആവശ്യപ്പെട്ടു. ബസേലിയോസ് തോമസ് പ്രഥമന്‍ സന്ധ്യാനമസ്‌കാരം ആരംഭിച്ചപ്പോള്‍ മുന്‍വശത്തു് സ്‌ഥാപിച്ചിരുന്ന സൗണ്ട് ബോക്‌സിലേക്കുള്ള വയര്‍ പൊലീസ് വിച്ഛേദിച്ചു. വീണ്ടും വയര്‍ ഘടിപ്പിക്കാന്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു.
ഇതിനിടയില്‍ ആളുകളുമായി ഉന്തുംതള്ളുമുണ്ടായതിനെത്തുടര്‍ന്നു് പൊലീസ് ലാത്തിവീശി. രാത്രിയിലും ബസേലിയോസ് തോമസ് പ്രഥമന്റെ നേതൃത്വത്തില്‍ എതിര്‍ യാക്കോബായ വിഭാഗക്കാര്‍ പള്ളി പൂമുഖത്തുണ്ടായിരുന്നു. ആര്‍ഡിഒയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാര്‍ പള്ളിക്കു് മുന്നില്‍നിന്നു് പിന്‍മാറി. ഐജി കെ. പത്മകുമാര്‍ രാത്രി പുത്തന്‍കുരിശ് സ്‌റ്റേഷനില്‍ എത്തിയിരുന്നു.
കൊച്ചി, ഡിസം 14, 2012: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൈവശാവകാശം ഏറ്റെടുത്ത മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ നടപടി ചോദ്യം ചെയ്‌ത ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
അതേസമയം പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സിവില്‍ കോടതിയാണ് തീര്‍പ്പാക്കേണ്ടതെന്നും ഇക്കാരണത്താല്‍ ആര്‍.ഡി.ഒ. പള്ളി ഏറ്റെടുത്ത നടപടി നിയമപരമല്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ജസ്‌റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ വ്യക്‌തമാക്കി.
പള്ളി ഏറ്റെടുക്കുകയും ചാപ്പലിന്റെ താക്കോലുകള്‍ പോലീസിനു കൈമാറുകയും ചെയ്‌ത ആര്‍.ഡി.ഒയുടെ നടപടി ചോദ്യം ചെയ്‌ത് വിമത യാക്കോബായവിഭാഗത്തിലേയ്ക്കു് കൂറുമാറിയ പള്ളി ട്രസ്‌റ്റി കെ.പി. പൈലിയും ആര്‍.ഡി.ഒയുടെ നടപടികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമാവശ്യപ്പെട്ട് വികാരി ഫാ. ഏലിയാസ് ജോണും സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. സര്‍ക്കാരിനു് വേണ്ടി അഡീഷണല്‍ ഡി.ജി.പി. ടോം ജോസ് പടിഞ്ഞാറെക്കര ഹാജരായി.
പകര്‍പ്പനുമതി വിവരം
പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.