ഈ ലേഖയില്‍‍ തിരയുക

ഓര്‍ത്തഡോക്സ് സഭ സത്യാഗ്രഹം അവസാനിപ്പിച്ചു


കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി പൂമുഖത്ത് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, യൂഹാന്‍ മാര്‍ മിലിത്തിയോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച രാത്രി മുതല്‍ പള്ളിയുടെ പൂമുഖത്ത്‌ നടത്തി വന്ന പ്രാര്‍ഥനാ സത്യാഗ്രഹം അവസാനിപ്പിച്ചു.

ശനിയാഴ്ച രാത്രി പത്തോടെ കുന്നത്തുനാട് തഹസില്‍ദാര്‍ പള്ളി പൂട്ടി മുദ്രവച്ചതോടെയാണ് മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടത്തിവന്ന സത്യാഗ്രഹം അവസാനിപ്പിച്ചത്. ഓര്‍ത്തഡോക്സ് സഭയ്ക്ക് നീതി നിഷേധിക്കുകയാണെന്നു് ആരോപിച്ചും മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നു് ആവശ്യപ്പെട്ടുമാണു് സത്യാഗ്രഹം നടത്തിയിരുന്നത്.

കുറിഞ്ഞി പള്ളി പൂട്ടി സീല്‍ ചെയ്തു


കോലഞ്ചേരി: തര്‍ക്കം രൂക്ഷമായതോടെ കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി ശനിയാഴ്ച രാത്രി ആര്‍.ഡി.ഒ. ഏറ്റെടുത്ത് അടച്ചുപൂട്ടി സീല്‍ ചെയ്തു. കഴിഞ്ഞ ഞായറാഴ്ച ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്തമാരെ പള്ളിയില്‍ ആരാധനയ്ക്കായി പ്രവേശിപ്പിക്കുന്നത് വിമത യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് പള്ളി ഏറ്റെടുത്ത ആര്‍ഡിഒയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു് പള്ളിയുടെ മുന്‍വശത്തു് എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കുത്തിയിരിപ്പു് യജ്ഞം നടത്തി. വിമത യാക്കോബായവിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിനു് വഴങ്ങിക്കൊണ്ടു് മൂവാറ്റുപുഴ ആര്‍ഡിഒയ്‌ക്ക്‌ നിര്‍ദേശം നല്‍കിയ ജില്ലാ ഭരണകൂടം നിലവില്‍ നടന്നു വരുന്നതുപേലെ ഒന്നിടവിട്ട ആഴ്‌ചകളില്‍ വിമത യാക്കോബായവിഭാഗത്തിനും ഓര്‍ത്തഡോക്‌സ്‌ സഭയ്ക്കും മാറിമാറി കുര്‍ബാനയര്‍പ്പിയ്ക്കാനുള്ള അനുമതിയോടെ ഹൈക്കോടതിയുടെയും അഡീഷനല്‍ ജില്ലാ കോടതിയുടെയും ഉത്തരവുകള്‍ പാലിച്ചു് തല്‍സ്‌ഥിതി നിലനിര്‍ത്താന്‍ ഉത്തരവിട്ടു.

ഇതോടെ ഓര്‍ത്തഡോക്‌സ് സഭ തങ്ങളുടെ ആരാധനക്കായുള്ള തവണ നഷ്ടപ്പെട്ടുവെന്നും തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് പന്തംകൊളുത്തി വെള്ളിയാഴ്‌ച രാത്രി പ്രകടനം നടത്തി. പള്ളിയില്‍ വിമത യാക്കോബായവിഭാഗത്തിന്റെ മെത്രാന്മാരെ പ്രവേശിപ്പിക്കുന്നതിന് തടസ്സമില്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മെത്രാന്മാരെ പ്രവേശിപ്പിക്കുകയില്ലെന്നുമുള്ള വിമത യാക്കോബായവിഭാഗത്തിന്റെ അവകാശവാദം അംഗീകരിയ്ക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ തയ്യാറായില്ല. മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നുമായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം.

മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും പള്ളിക്ക് മുന്നില്‍ സത്യാഗ്രഹം തുടങ്ങുകയായിരുന്നു. ശനിയാഴ്ച സര്‍ക്കാര്‍ ഇരു വിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. ഇതോടെ, ഞായറാഴ്ച രാവിലെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മൂവാറ്റുപുഴ ആര്‍.ഡി.ഒ. പള്ളി കസ്റ്റഡിയിലെടുത്തത്.

രാത്രി 10 മണിയോടെയാണ്‌ കുത്തുനാട്‌ തഹസില്‍ദാര്‍ വിശ്വംഭരന്‍, പുത്തന്‍കുരിശ് സി.ഐ.യോടും സംഘത്തോടുമൊപ്പം പള്ളിയിലെത്തി പള്ളിയും അനുബന്ധ സ്‌ഥാപനങ്ങളും കസ്‌റ്റഡിയിലെടുത്തായുള്ള ആര്‍.ഡി.ഒയുടെ നോട്ടീസ്‌ പതിപ്പിച്ച ശേഷം പള്ളി പൂട്ടി സീല്‍ ചെയ്‌തത്‌.

തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, യൂഹാന്‍ മാര്‍ മിലിത്തിയോസ്‌ എന്നിവര്‍ വെള്ളിയാഴ്‌ച രാത്രി മുതല്‍ പള്ളിയുടെ പൂമുഖത്ത്‌ നടത്തി വന്ന പ്രാര്‍ഥനാ സത്യാഗ്രഹം അവസാനിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭയോടുള്ള നീതിനിഷേധത്തിനെതിരേയാണ്‌ പ്രാര്‍ഥനാ യജ്‌ഞം.

കുറിഞ്ഞി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ ശനിയാഴ്ചയും സത്യാഗ്രഹം തുടര്‍ന്നു



കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ ശനിയാഴ്ചയും സത്യാഗ്രഹം തുടര്‍ന്നു. പള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരാധന അര്‍പ്പിക്കുവാനുള്ള അവസരം നഷ്ടമായത് തിരികെ വരുംദിവസങ്ങളില്‍ ലഭിക്കണമെന്നു് ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ്‌ സഭ വെള്ളിയാഴ്ച രാത്രി മുതല്‍ പള്ളിക്കു മുമ്പില്‍ സമരം തുടരുന്നത്.കുറിഞ്ഞി പള്ളിയില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം.

മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരും സഭാ വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട്, സഭാ ട്രസ്റ്റി ഡോ. ജോര്‍ജ് ജോസഫ് എന്നിവരും വൈദികരും വിശ്വാസികളുമടങ്ങുന്ന സംഘമാണ് സമരം തുടരുന്നത്.

വിമത യാക്കോബായ വിഭാഗത്തിന് അനുകൂലമായി ജില്ലാ ഭരണകൂടം നീങ്ങിക്കൊണ്ട് ഓര്‍ത്തഡോക്‌സ് സഭയെ പള്ളിയില്‍ നിന്നു പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി.


കുറിഞ്ഞി പള്ളി: ഓര്‍ത്തഡോക്‌സ് സഭ പ്രാര്‍ത്ഥനാ സത്യാഗ്രഹം ആരംഭിച്ചു



കോലഞ്ചേരി: സഭാതര്‍ക്കം നിലനില്‍ക്കുന്ന കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ രാത്രിയില്‍ പന്തംകൊളുത്തി പ്രകടനവുമായെത്തിപ്രാര്‍ത്ഥനാ സത്യാഗ്രഹം ആരംഭിച്ചു.

വെള്ളിയാഴ്ച രാത്രി 8 മണിയോടെ മലേക്കുരിശ് കാതോലിക്കേറ്റ് ചാപ്പലില്‍ നിന്ന് പന്തം കൊളുത്തി പ്രകടനമായി സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസികളും വൈദികരും പള്ളിയിലെത്തി കുത്തിയിരുപ്പ് സത്യാഗ്രഹം തുടങ്ങി. കുറിഞ്ഞി പള്ളിയില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം.

ശനിയാഴ്ച വൈകീട്ട് വരെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വീതമാണ്. രാത്രി വൈകിയും ജില്ലാ നേതൃത്വം ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ചര്‍ച്ച നടത്തി. എന്നാല്‍ നീതി ലഭിക്കുന്നതിനു വേണ്ടി ഉറച്ചുനില്‍ക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.



വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയില്‍ വിമതമുഷ്കു്


കോലഞ്ചേരി, ഡിസംബര്‍ 17: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിനു് കീഴിലുള്ള വെട്ടിത്തറ മാര്‍ മിഖായേല്‍ ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദീകനായ ജോബിന്‍സ് കയറി കുര്‍ബ്ബാന നടത്തിയെന്നു് വാര്‍ത്ത. സംഘര്‍ഷത്തെതുടര്‍ന്നു് കുറിഞ്ഞി പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ ഏറ്റെടുത്തതിനെ തുടര്‍ന്നാണ്‌, ഡിസംബര്‍ 17 തിങ്കളാഴ്ച, ഞാറക്കാട്,വെട്ടിത്തറ പള്ളികളില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദീകരായ എല്‍ദോസ് കക്കാടനും,ഫാ.ജോബിന്‍സും കയറിയത്.

വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളി ജനു 15 മുതല്‍ അടച്ചിട്ടിരിയ്ക്കുകയാണു്. വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയില്‍ റിസീവറെ നിയമിക്കണമെന്നു് ആവശ്യപെട്ടുകൊണ്ടുള്ള ഒരു ഹര്‍ജി ഈയിടെ കോടതി തള്ളിയിരുന്നു.

കുറിഞ്ഞിപള്ളി തര്‍ക്കം തീര്‍ക്കാന്‍ ഉദ്യോഗസ്‌ഥ സംഘത്തെ നിയോഗിയ്ക്കുമെന്നു് മന്ത്രി


തിരുവനന്തപുരം: കുറിഞ്ഞിപള്ളിയില്‍ ഇരുസഭാ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉദ്യോഗസ്‌ഥ സംഘത്തെക്കൂടി നിയമിയ്ക്കുമെന്നു് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ , ഡിസംബര്‍ 19നു് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഈ പ്രശ്‌നം ഉന്നയിച്ചതിനോടു് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സഭാതര്‍ക്ക പരിഹാരത്തിനായി അഞ്ചു് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉപസമിതി നിലവിലുണ്ട്‌. ഇരുവിഭാഗങ്ങളുമായും ഉപസമിതി ചര്‍ച്ച നടത്തിയെങ്കിലും ധാരണ ഉണ്ടായില്ല. കലക്‌ടറെ ഇപ്പോള്‍ നിയോഗിച്ചിട്ടുണ്ട്‌. അദ്ദേഹത്തെ സഹായിക്കാനാണ്‌ ഉദ്യോഗസ്‌ഥ സംഘം.

ഈ നിര്‍ദേശം ഇരുവിഭാഗങ്ങളും സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ അവിടെ മൂന്നു ദിവസമായി കുത്തിയിരിപ്പു് യജ്‌ഞം നടത്തിയതു് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ്‌ സര്‍ക്കാര്‍ ഇടപെട്ട്‌ പ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

കുറിഞ്ഞി പള്ളി: തല്‍സ്‌ഥിതി നിലനിര്‍ത്താന്‍ ഉത്തരവ്‌

കുറിഞ്ഞി പള്ളി- ഫോട്ടോ കടപ്പാടു് പാലാല്‍ കുടുംബം

കോലഞ്ചേരി, ഡിസംബര്‍ 19: കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയില്‍ വിമത യാക്കോബായവിഭാഗത്തിനും ഓര്‍ത്തഡോക്‌സ്‌ സഭയ്ക്കും മതപരമായ ചടങ്ങുകള്‍ സമാധാനപരവും നിയമപരവുമായി നടത്താന്‍ ജില്ലാ കലക്‌ടര്‍ ഡിസംബര്‍ 18 ചൊവ്വാഴ്ച രാത്രി അനുമതി നല്‍കി. ഹൈക്കോടതിയുടെയും അഡീഷനല്‍ ജില്ലാ കോടതിയുടെയും ഉത്തരവുകള്‍ പാലിച്ചു തല്‍സ്‌ഥിതി നിലനിര്‍ത്താനാണ്‌ ഉത്തരവ്‌.

സ്‌ഥിതിഗതികള്‍ അവലോകനം ചെയ്‌ത്‌ ഉചിതമായ നടപടി സ്വീകരിക്കാന്‍ മൂവാറ്റുപുഴ ആര്‍ഡിഒയ്‌ക്ക്‌ നിര്‍ദേശവും നല്‍കി. സംഘര്‍ഷത്തെതുടര്‍ന്നു് പള്ളിയും അനുബന്ധ കെട്ടിടങ്ങളും ആര്‍ഡിഒ എസ്‌. ഷാനവാസ്‌ ഏറ്റെടുത്തിരുന്നു. പള്ളി ഏറ്റെടുത്ത ആര്‍ഡിഒയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു് പള്ളിയുടെ മുന്‍വശത്തു് എതിര്‍ യാക്കോബായ വിഭാഗനേതാവു് ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ നടത്തിവന്ന കുത്തിയിരിപ്പു് യജ്‌ഞം കലക്‌ടറുടെ ഉത്തരവിനെ തുടര്‍ന്ന്‌ ഡിസംബര്‍ 18 ചൊവ്വാഴ്ച രാത്രി തന്നെ അവസാനിപ്പിച്ചു.

കുറിഞ്ഞി പള്ളിയില്‍ കളക്ടറുടെ ഉത്തരവ് നടപ്പാക്കണം - ഓര്‍ത്തഡോക്‌സ് സഭ

മൂവാറ്റുപുഴ, ഡിസംബര്‍ 19: കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയിലെ അന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് സത്യസന്ധമായി നടപ്പാക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പള്ളിയുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഒ.യുടെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. സമാധാന ലംഘനം ഇല്ലാതെ പള്ളിയില്‍ ആരാധന നടത്തുന്നതിന് കോടതിവിധികളുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ട് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള തല്‍സ്ഥിതി നിലനിര്‍ത്തേണ്ടതുണ്ടെന്നും ഇതിനുള്ള നടപടികള്‍ ആര്‍.ഡി.ഒ. കൈക്കൊള്ളണമെന്നും കണ്ടനാട് ഈസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം കാരാമേല്‍ വ്യക്തമാക്കി.

ആര്‍.ഡി.ഒ.യുടെ വിജ്ഞാപനം ലംഘിച്ച് മെത്രാപ്പോലീത്തമാരെ പള്ളിയില്‍ പ്രവേശിപ്പിച്ചവരാണ് ആര്‍.ഡി.ഒ.യുടെ അനുവാദത്തോടെ പള്ളിയിലെത്തിയ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസിനെയും മറ്റ് വൈദികരെയും തടഞ്ഞത്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധന നടത്താന്‍ അനുവദിച്ച സമയത്ത് മറുപക്ഷം പള്ളിയില്‍ പ്രവേശിച്ചതോടെയാണ് പള്ളിയും കെട്ടിടങ്ങളും ആര്‍.ഡി.ഒ. ഏറ്റെടുത്തതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കി. കളക്ടറുടെ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.


പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.