ഈ ലേഖയില്‍‍ തിരയുക

കരുത്തിന്റെ വിളംബരമായി ഓര്‍ത്തഡോക്സ് മഹാസമ്മേളനം




കോട്ടയം: സഭാപ്രശ്‌നത്തില്‍ സുപ്രിംകോടതിവിധി നടപ്പാക്കാത്തതിലും നീതി നിഷേധത്തിലും പ്രതിഷേധിച്ചു് നവംബര്‍ 16-ആം തീയതി കോട്ടയത്തു് മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ  മഹാസമ്മേളനം നടത്തി. വിശ്വാസത്തിന്റെ കരുത്ത് വിളംബരം ചെയ്തുകൊണ്ടു് നടന്ന ഓര്‍ത്തഡോക്സ് സഭയുടെ മഹാസമ്മേളനത്തിലും റാലിയിലും

ഒരു ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞാണ്‌ റാലി തുടങ്ങിയതെങ്കിലും രാവിലെ മുതല്‍ വിശ്വാസികള്‍ നിലയ്ക്കാത്ത പ്രവാഹമായി  കോട്ടയം നഗരത്തിലേക്കൊഴുകുകയായിരുന്നു. നാഗമ്പടം മൈതാനിയില്‍ ഒത്തുചേര്‍ന്ന് റാലിയായി ഉച്ചകഴിഞ്ഞ്‌ 2.30ന്‌ സമ്മേളനം നടക്കുന്ന സെന്റ് തോമസ് നഗറിലേക്കു് (ബസേലിയോസ്‌ കോളജ്‌ മൈതാനം) നീങ്ങി.ഓര്‍ത്തഡോക്സ് സഭയുടെ കൂറ്റന്‍ ബാനറിനു പിന്നില്‍ അണിനിരന്ന മെത്രാപ്പൊലീത്തമാരും സഭാസ്ഥാനികളും റാലിക്കു നേതൃത്വം നല്‍കി. ഭദ്രാസനങ്ങളുടെയും പള്ളികളുടെയും ബാനറുകള്‍ക്കുകീഴെ പതിനായിരങ്ങള്‍ ഒഴുകി. മലങ്കര സഭയുടെ മഞ്ഞപ്പതാക നഗരമെങ്ങും പാറിക്കളിച്ചു.

ഏറ്റവും മുന്നില്‍ വിളംബരവാഹനം. അതിനുപിന്നില്‍ വാദ്യമേളം. തുടര്‍ന്ന്‌ മുന്‍നിരയിലായി നിയുക്ത കാതോലിക്ക, മെത്രാപ്പോലീത്തമാര്‍, സഭാസ്ഥാനികള്‍ എന്നിവര്‍ നിരന്നു. അവര്‍ക്കുപിന്നില്‍ നിയുക്ത മെത്രാന്മാരും റമ്പാന്മാരും കാതോലിക്കേറ്റ്‌ പതാകയേന്തിയ മാനേജിങ്‌ കമ്മിറ്റിയംഗങ്ങളും തുടര്‍ന്ന്‌ മുത്തുക്കുടകള്‍ പിടിച്ച്‌ സെമിനാരിവിദ്യാര്‍ഥികളും കന്യാസ്‌ത്രീകളും. അങ്കമാലി, ചെങ്ങന്നൂര്‍, ഇടുക്കി, കണ്ടനാട്‌ ഈസ്റ്റ്‌, കണ്ടനാട്‌ വെസ്റ്റ്‌, കൊച്ചി, കൊല്ലം, കോട്ടയം, കോട്ടയം സെന്‍ട്രല്‍, കുന്നംകുളം, മലബാര്‍, മാവേലിക്കര, നിരണം, സുല്‍ത്താന്‍ ബത്തേരി, തുമ്പമണ്‍, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ഭദ്രാസനങ്ങളിലെ പള്ളികളില്‍നിന്നുള്ള വിശ്വാസികള്‍ അതിനുശേഷമാണ്‌ അണിചേര്‍ന്നത്‌.  അതത്‌ വികാരിമാര്‍ അവര്‍ക്കു് നേതൃത്വം നല്‍കി. വാദ്യമേളങ്ങളും കലാരൂപങ്ങളും ബലൂണും പൂക്കളുമെല്ലാം റാലിയെ അലങ്കരിച്ചു. 

 

അടുത്തകാലത്ത്‌ നഗരംകണ്ട ഏറ്റവും വലിയ പ്രകടനമായിരുന്നു അത്‌. ഓര്‍ത്തഡോക്‌സ്‌ സഭയുടെ മൂല്യങ്ങളെ ചോദ്യംചെയ്യുന്നവര്‍ക്കും നീതി നടപ്പാക്കാത്ത സര്‍ക്കാരിനും താക്കീതാണ്‌ ഈ റാലിയെന്ന്‌ വിശ്വാസികള്‍ വിളിച്ചുപറഞ്ഞു. 


 

പള്ളികള്‍ക്കു നേരെയുള്ള കടന്നാക്രമണം അനുവദിക്കില്ലെന്ന് വിശ്വാസികള്‍ മുദ്രാവാക്യങ്ങളിലൂടെ മുന്നറിയിപ്പു നല്‍കി. കോടതി വിധി നടപ്പാക്കുന്നതിലും സഭയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിലും വീഴ്ചവരുത്തുന്ന സര്‍ക്കാരിനെതിരെയും സഭാസമ്മേളനത്തിനു നെഹ്റു സ്റ്റേഡിയം വിട്ടുകൊടുക്കേണ്ടെന്നു നിലപാടെടുത്ത കോട്ടയം നഗരസഭയ്ക്കെതിരെയും ജനക്കൂട്ടം ശബ്ദമുയര്‍ത്തി. കൂനന്‍കുരിശിന്‍സത്യത്തെ കൂറോടെ വീണ്ടും ഉയര്‍ത്തുന്ന തങ്ങള്‍ക്ക്‌ അന്ത്യോഖ്യായുടെ മേല്‍ക്കോയ്‌മ ആവശ്യമില്ലെന്ന മുദ്രാവാക്യം വിശ്വാസികള്‍ മുഴക്കി. 

നീതിന്യായവ്യവസ്ഥകളെ ചവിട്ടിയരയ്‌ക്കുന്ന ശക്തികളെ നിയമത്തിന്റെ വരുതിക്കു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാതോലിക്കാബാവയ്‌ക്കും നിയുക്ത കാതോലിക്കാബാവയ്‌ക്കും വിശ്വാസികള്‍ അഭിവാദ്യം ചൊരിഞ്ഞു. 
തയ്യാറാക്കിനല്‍കിയ മുദ്രാവാക്യമേ റാലിയില്‍ ഉപയോഗിക്കാന്‍പാടുള്ളൂ എന്ന്‌ സഭാനേതൃത്വം നിര്‍ദേശിച്ചിരുന്നു.

 

 റാലിയുടെ മുന്‍നി രകള്‍, റെയില്‍വേസ്റ്റേഷന്‍, കളക്ടറേറ്റ്‌ ജങ്‌ഷന്‍വഴി സമ്മേളനവേദിയായ ബസേലിയോസ്‌ കോളേജ്‌ മൈതാനത്തെ ത്തിയപ്പോള്‍ (സെന്റ്‌തോമസ്‌ നഗര്‍) തുടങ്ങിയ സമ്മേളനം രണ്ടു മണിക്കൂര്‍ പിന്നിടുമ്പോഴും അവസാന നിര നാഗമ്പടത്തുനിന്നു ചലിക്കാന്‍ തുടങ്ങിയിരുന്നില്ല. ആരംഭസ്ഥാനത്ത്‌ പതിനായിരങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു. പ്രശ്‌നക്കാര്‍ നുഴഞ്ഞുകയറുന്നുണ്ടോ എന്ന്‌ പരിശോധിക്കാന്‍ റാലി പോകുന്ന വിവിധ സ്ഥലങ്ങളില്‍ വീഡിയോ ക്യാമറ സ്ഥാപിച്ചിരുന്നു

 

ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാബാവ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. നിയുക്ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാസ്യോസ്‌, ഡോ. തോമസ്‌ മാര്‍ അത്തനാസ്യോസ്‌, വൈദികട്രസ്റ്റി ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, റവ. ഫാ.മത്തായി ഇടവനാല്‍, പ്രിയാ ജേക്കബ്ബ്‌ എന്നിവര്‍ പ്രസംഗിച്ചു. 

ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കല്‍ ഭക്തിപ്രമേയവും തോമസ്‌ പോള്‍ റമ്പാന്‍ പ്രതിഷേധപ്രമേയവും അവതരിപ്പിച്ചു. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഭാസെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ സ്വാഗതവും അല്‌മായ ട്രസ്റ്റി എം.ജി.ജോര്‍ജ്‌ മുത്തൂറ്റ്‌ നന്ദിയും പറഞ്ഞു.

 

നീതി നടപ്പാക്കാന്‍ തയ്യാറാവാത്തത്‌ അഖണ്ഡതയ്‌ക്ക്‌ ഭീഷണി

 

മലങ്കര സഭയുടെ സ്വാതന്ത്യ്രം ഒരു വിദേശ ശക്തിക്കും അടിയറവയ്ക്കില്ലെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ പറഞ്ഞു. പൌരസ്ത്യ കാതോലിക്കേറ്റ് പങ്കുവയ്ക്കപ്പെടാവുന്ന അധികാരകേന്ദ്രമല്ല. പൌരസ്ത്യ കാതോലിക്കയുടെ മുകളില്‍ ദൈവമല്ലാതെ മറ്റാരുമില്ല. ഇത് ആര്‍ക്കും അടിയറ വയ്ക്കാവുന്നതല്ല. എപ്പിസ്കോപ്പസിയും ജനാധിപത്യവും സമ്മേളിക്കുന്ന സഭയെ തളര്‍ത്താന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. ഓര്‍ത്തഡോക്സ് സഭ എന്നും കോടതി വിധികളെ അംഗീകരിച്ചിട്ടുണ്ട്. ഒരു കോടതി തീര്‍പ്പുകളെയും ധിക്കരിച്ചിട്ടില്ല. എന്നാല്‍, നിയമവ്യവസ്ഥിതി നടപ്പിലാക്കാന്‍ ബാധ്യതയുള്ള ഭരണകൂടം അതിനു തയാറാകാത്തതു ഖേദകരമാണ്. രാജ്യത്തിന്റെ കെട്ടുറപ്പിനു തന്നെ ഭീഷണിയാണ് ഈ നിലപാട്. സഭയ്ക്ക് അര്‍ഹമായ നീതി നടപ്പാക്കി കിട്ടുമെന്നാണു പ്രതീക്ഷയെന്നു പരിശുദ്ധ ബാവാ പറഞ്ഞു.

 

നിയമവ്യവസ്ഥിതി നടപ്പിലാക്കാന്‍ ബാധ്യതയുള്ള ഭരണനേതൃത്വം അതിന്‌ തയ്യാറാവാത്തത്‌ ഖേദകരമാണെന്നും ഇത്‌ സ്വതന്ത്രഭാരതത്തിന്റെ അഖണ്ഡതയ്‌ക്കും കെട്ടുറപ്പിനും ഭീഷണിയാണെന്നും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ അഭിപ്രായപ്പെട്ടു. നീതിനിഷേധം തുടരുകയാണ്‌. എങ്കിലും മലങ്കര സഭയ്‌ക്ക്‌ അര്‍ഹമായ നീതി നടപ്പാക്കിക്കിട്ടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മലങ്കരസഭ നേരിട്ടിട്ടുള്ളതുപോലെ വൈദേശിക ഭീഷണികളും പ്രതിസന്ധികളും മറ്റൊരു സഭയും നേരിട്ടിട്ടില്ലെന്നുവേണം കരുതാന്‍. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ഭാരതമണ്ണില്‍ രൂപംകൊണ്ട സ്വതന്ത്രസഭയാണ്‌. 1653 -ലെ കൂനന്‍ കുരിശുസത്യത്തിലൂടെ അരക്കിട്ടുറപ്പിച്ച സ്വാതന്ത്ര്യം ഒരു വൈദേശിക ശക്തിക്കും അടിയറവയ്‌ക്കാനാവില്ല'- കാതോലിക്കാബാവ പറഞ്ഞു. 


നിയുക്ത കാതോലിക്ക

 

മലങ്കര സഭയെ ചവിട്ടിമെതിക്കാന്‍ യാക്കോബായ സഭയേയോ സര്‍ക്കാരിനെയോ അനുവദിക്കില്ലെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് പറഞ്ഞു. മലങ്കര സഭയുടെ ഉടമസ്ഥത പിടിച്ചെടുക്കാന്‍ ഒരു വിദേശ ശക്തിയെയും അനുവദിക്കില്ല. ഏതു പീഡനം അനുഭവിക്കേണ്ടി വന്നാലും സ്വത്തുക്കള്‍ വിട്ടുകൊടുക്കുകയോ പള്ളികള്‍ കവര്‍ച്ച ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭരണനേതൃത്വം മലങ്കരസഭയുടെ ശക്തി തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന്‌ സംശയമാണെന്ന്‌ പൗലോസ്‌ മാര്‍മിലിത്തിയോസ്‌ മെത്രാപ്പോലീത്താ പറഞ്ഞു. മലങ്കര സഭയുടെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ സഭാവിശ്വാസികള്‍ക്ക്‌ അറിയാം. നീതി നിഷേധത്തിനെതിരെ സഭ ഒന്നടങ്കം ശക്തമായിരംഗത്ത്‌ വരുമെന്ന്‌ തെളിയിക്കുന്നതാണ്‌ ഈ സമ്മേളനം. മലങ്കര സഭയുടെ പള്ളികള്‍ പിടിച്ചെടുക്കാനോ, കയ്യടക്കാനോ ആരെയും അനുവദിക്കില്ല. മലങ്കര സഭയെ ചവിട്ടിമെതിക്കാമെന്ന്‌ യാക്കോബായസഭയോ, സംസ്ഥാന സര്‍ക്കാരോ ധരിക്കുന്നുണ്ടെങ്കില്‍ ആ ധാരണ തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലങ്കരസഭയ്‌ക്ക് ഒരു സര്‍ക്കാരിന്റെയും ഗുണമേന്മ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമില്ല. സഭയുടെ മാനം രക്ഷിക്കാന്‍ വിശ്വാസികള്‍ക്കറിയാം. ഇതേപോലെയുള്ള ലക്ഷങ്ങളെ ഇനിയും അണിനിരത്താന്‍ സര്‍ക്കാര്‍ സഭയെ നിര്‍ബന്ധിതരാക്കല്ലെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.


സര്‍ക്കാരിനെതിരെയുള്ള വികാരമല്ല, മറിച്ച്‌ സഭയോടുള്ള നീതി നിഷേധത്തിനെതിരെയുള്ള പ്രതിഷേധപ്രകടനമാണിതെന്ന്‌ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്താ പറഞ്ഞു. ഭരണ സ്വാധീനവും പോലീസിന്റെ പിന്‍ബലവും ഉപയോഗിച്ച്‌ യുവാക്കളില്‍ അക്രമവാസന വളര്‍ത്തിയും സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാമെന്ന്‌ മോഹിക്കുന്നെങ്കില്‍ അത്‌ നടപ്പില്ല. കോടതിവിധികള്‍ ലംഘിക്കുന്നവര്‍ക്ക്‌ പോലീസ്‌ സംരക്ഷണം നല്‍കുന്നതിനെയാണ്‌ മലങ്കര സഭ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭാധ്യക്ഷന്‍ വിളിച്ചാല്‍ ഏതുനേരത്തും സ്ഥലത്തും വിശ്വാസികള്‍ എത്തുമെന്നും അവര്‍ പ്രതികരണശേഷിയുള്ളവരാണെന്നും കാട്ടിക്കൊടുക്കുകയായിരുന്നു റാലിയുടെ ഉദ്ദേശ്യം അദ്ദേഹം പറഞ്ഞു. 

 

 

ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത

 

നിയമവ്യവസ്ഥിതി നടപ്പിലാക്കാന്‍ ബാധ്യതയുള്ള ഭരണനേതൃത്വം അതിന്‌ തയ്യാറാവാത്തത്‌ ഖേദകരമാണെന്നും നീതിനിഷേധത്തിനെതിരെയുള്ള പ്രതിഷേധപ്രകടനമാണിതെന്നും   കണ്ടനാടു്- കിഴക്കു് ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്താ പറഞ്ഞു.
ഡോ. ജോര്‍ജ്‌ ജോസഫ്‌
ഓര്‍ത്തഡോക്‌സ് സഭയുടെ അധീനതയിലുള്ള തൃക്കുന്നത്ത്‌ സെമിനാരിയില്‍ പ്രവേശിക്കാന്‍ യാക്കോബായ വിഭാഗം ഒരുമ്പെട്ടാല്‍ യാക്കോബായ വിഭാഗം നിയന്ത്രിക്കുന്ന മഞ്ഞിനിക്കര ദയറായില്‍ മലങ്കര സഭയുടെ പതാക ഉയരുമെന്ന്‌ സ്വാഗത പ്രസംഗം നടത്തിയ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ പ്രസ്താവിച്ചു


പ്രമേയം

 

പരിശുദ്ധ കാതോലിക്കാ ബാവായോടും എപ്പിസ്‌കോപ്പന്‍ സുന്നഹദോസിനോടുമുള്ള ഭക്തി പ്രമേയം ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

 

 ഇതിനുശേഷം സഭാ നേതൃത്വത്തോട്‌ കൂറും വിശ്വാസ്യതയും പുലര്‍ത്തുന്നുവെന്ന പ്രതിജ്‌ഞയും വിശ്വാസികള്‍ എടുത്തു.സഭയുടെ സ്വാതന്ത്യ്രത്തിനും അഖണ്ഡതയ്ക്കും എതിരു നില്‍ക്കുന്ന സ്വദേശീയവും വിദേശീയവുമായ ഏത് പ്രതിലോമ ശക്തികളെയും തകര്‍ത്തെറിയുമെന്നും കാതോലിക്കാ സിംഹാസനത്തെ കണ്ണിലെ കൃഷ്ണമണിപോലെ ജീവന്‍ കൊടുത്തും പരിരക്ഷിക്കുമെന്നും ഉള്ള പ്രതിജ്ഞ സമ്മേളനത്തില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ പരസ്പരം കൈകോര്‍ത്ത് ഏറ്റുചൊല്ലി. എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

 

സഭയുടെ ഉടമസ്ഥതയിലും ഉപയോഗത്തിലുമുള്ള ദേവാലയങ്ങളും മറ്റു സ്ഥാപനങ്ങളും അക്രമമാര്‍ഗത്തിലൂടെ കൈവശപ്പെടുത്തുകയും വൈദികരെയും വിശ്വാസികളെയും മര്‍ദിക്കുകയും ചെയ്തതിലും അതു ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത അധികാരികളുടെ നിഷ്ക്രിയതയിലും പ്രതിഷേധിച്ചു കൊണ്ടുള്ള പ്രമേയം തോമസ് പോള്‍ റമ്പാന്‍ അവതരിപ്പിച്ചു. വിഘടിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാതെ നിഷ്‌ക്രിയത്വം അവലംബിക്കുന്ന അധികാരികളുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്ന്‌ യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു.

 


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഉടമസ്‌ഥതയിലും ഉപയോഗത്തിലും നിലനിന്നുവരുന്നതും സഭയുടെ പൈതൃകത്തിന്റെ പ്രതീകങ്ങളുമായ പുരാതന ദേവാലയങ്ങളും മറ്റ്‌ സ്‌ഥാപനങ്ങളും അക്രമ മാര്‍ഗത്തിലൂടെ കൈവശപ്പെടുത്തുകയും വൈദികരെയും വിശ്വാസികളെയും അതിക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്ന വിഘടിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രമേയം പ്രതിഷേധിച്ചു.


ഫാ. എം.പി ജോര്‍ജ് പ്രാര്‍ഥനാ ഗാനം ആലപിച്ചു. ശ്രുതി ഗായക സംഘം കാതോലിക്കാ മംഗള ഗാനം പാടി.

 

 മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കോട്ടയത്ത്‌ നടത്തിയ മഹാസമ്മേളനം വിജയിപ്പിച്ച എല്ലാ സഭാ വിശ്വാസികളെയും മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ അഭിനന്ദിച്ചു. 

തൃക്കുന്നത്ത്‌ സെമിനാരി കൈയേറ്റശ്രമം ചെറുക്കുമെന്നു് നിയുക്‌ത കാതോലിക്ക

കോട്ടയം, നവംബര്‍ 20: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഉടമസ്‌ഥതയിലും കൈവശത്തിലുമിരിക്കുന്ന ആലുവാ തൃക്കുന്നത്ത്‌ സെമിനാരിയും പള്ളിയും കൈയേറാനുള്ള ഏതുശ്രമവും കോടതികളോടുള്ള അവഹേളനമായും നിയമവ്യവസ്‌ഥയോടുള്ള വെല്ലുവിളിയായും കരുതണമെന്നും അനധികൃത കൈയേറ്റത്തെ ചെറുത്ത്‌ തോല്‍പ്പിക്കുവാനുള്ള കരുത്ത്‌ മലങ്കര സഭയ്‌ക്കുണ്ടെന്നും ശ്രേഷ്‌ഠ നിയുക്‌ത പൗരസ്ത്യ കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ 2008 നവംബര്‍ 20-നു് പ്രഖ്യാപിച്ചു.

സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച്‌ പാത്രിയര്‍‍ക്കീസ് വിഭാഗംകൂടി അംഗീകരിച്ച്‌ ജസ്‌റ്റിസ്‌ മളീമഠ്‌ നിരീക്ഷകനായി നടത്തിയ 2002 മാര്‍ച്ച്‌ 20-ലെ മലങ്കര അസോസിയേഷന്‍ ബഹിഷ്‌കരിച്ച്‌ പുതിയ സൊസൈറ്റി രൂപീകരിക്കുകയും പുത്തന്‍കുരിശില്‍ പുതിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ആരംഭിക്കുകയും ചെയ്‌തതുവഴി സഭയ്‌ക്ക്  ഇതരരായിത്തീര്‍ന്ന വിഘടിത വിഭാഗത്തിന്‌ സഭയുടെ പള്ളികളിന്മേല്‍ ഒരുവിധ അവകാശവുമില്ല. 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ട കൊച്ചി, കണ്ടനാട്‌, അങ്കമാലി ഭദ്രാസനങ്ങളിലെ പള്ളികളില്‍ പ്രവേശിക്കരുതെന്ന്‌ പള്ളിക്കോടതിയുടെയും ഹൈക്കോടതിയുടെയും ശാശ്വത നിരോധനം നിരന്തരം ലംഘിക്കുന്ന വ്യക്‌തി (വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ശ്രേഷ്‌ഠ ബസേലിയോസ് തോമസ്  ഒന്നാമ‍ന്‍‍‍‍ ), അങ്കമാലി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ആണെന്നും തൃക്കുന്നത്ത്‌ സെമിനാരി സ്വന്തമാണെന്നും അവകാശപ്പെടുന്നത്‌ അപ്രസക്‌തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പിറവം സംഭവം മലങ്കര സഭാ വിശ്വാസികള്‍ ധര്‍ണ നടത്തി

മൂവാറ്റുപുഴ: പിറവം വലിയ പള്ളിയില്‍ കുടുംബസംഗമത്തിനെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികളെ വഴിയില്‍ തടഞ്ഞ്‌ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ മൂവാറ്റപുഴ ആര്‍.ഡി.ഒ.യുടെ ഓഫീസിനുമുന്നില്‍ സഭാവിശാസികള്‍ 2008 നവംബര്‍ 14 വെള്ളിയാഴ്ച ധര്‍ണ നടത്തി. നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്നവര്‍ക്ക്‌ സംരക്ഷണം നല്‍കുകയാണ്‌ പോലീസും ആര്‍.ഡി.ഒ.യുമെന്ന്‌ ധര്‍ണ ഉദ്‌ഘാടനംചെയ്‌ത കണ്ടനാടു് (പടിഞ്ഞാറു്) ഭദ്രാസനാധിപന്‍‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത ആരോപിച്ചു. 

കണ്ടനാടു് (കിഴക്കു്) ഭദ്രാസനാധിപന്‍‍ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത ധര്‍ണയ്‌ക്ക്‌ നേതൃത്വനല്‍കി.സഭയ്ക്കുനേരെയുള്ള നീതിനിഷേധത്തെ സഹനത്തിലൂടെ ചെറുക്കുമെന്നും നീതിന്യായ വ്യവസ്ഥ ഉറപ്പുവരുത്താന്‍ സജീവമായി രംഗത്തിറങ്ങുമെന്നും തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത വ്യക്തമാക്കി.

സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം കാരാമേല്‍, കണ്‍വീനര്‍ ഫാ. ജോസഫ്‌ മണ്ണിടി, തോമസ്‌ ഊരമന, തോമസ്‌ പോള്‍, റമ്പാന്‍ മാറാച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

അര്‍മേനിയന്‍ പാത്രിയര്‍ക്കീസിന്റെ മലങ്കരസന്ദര്‍‍ശനം

 അര്‍മേനിയന്‍ അപ്പോസ്തലിക ഓര്‍ത്തഡോക്സ് സഭയുടെ സുപ്രീം പാത്രിയര്‍ക്കീസ്‌ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ നെര്‍സിസിയന്‍‍ കാതോലിക്കാ ബാവ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രത്യേക ക്ഷണപ്രകാരം കേരളസര്‍ക്കാര്‍ അതിഥിയായി 2008 നവംബര്‍ 5 മുതല്‍ 8 വരെ  തീയതികളില്‍ മലങ്കര  സഭ സന്ദര്‍ശിച്ചു.

 

നവംബര്‍ 5 ബുധനാഴ്‌ച രാവിലെ 8.30ന്‌ എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ എത്തിയ പരിശുദ്ധ കരേക്കിന്‍ ബാവയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മലങ്കര  സഭാ നേതാക്കള്‍ സ്വീകരിച്ചു. മലങ്കര സഭയുടെ നിയുക്ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ്‌ മാര്‍ അന്തോണിയോസ്‌, വൈദിക ട്രസ്റ്റി ഡോ. ഫാ. ജോണ്‍ എബ്രഹാം കോനാട്ട്‌, മലങ്കര അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, സിയാല്‍ ഡയറക്‌ടര്‍ സി.വി. ജേക്കബ്‌ തുടങ്ങിയവരും ഭദ്രാസന സെക്രട്ടറിമാരും ആത്മീയ സംഘടനാ പ്രതിനിധികളും വൈദികരും കന്യാസ്‌ത്രീകളും അര്‍മേനിയന്‍ കാതോലിക്കയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇന്ത്യയിലെ അര്‍മേനിയന്‍ അംബാസിഡര്‍ ഡോ. അഷോട്ട് കൊച്ചേറിയന്‍ ഉള്‍പ്പെടെ 13 അംഗ സംഘമാണ്‌ കാതോലിക്കയോടൊപ്പം സന്ദര്‍ശനത്തിന്‌ എത്തിയത്‌.

 

 

മാനവരാശി നേരിടുന്ന വെല്ലുവിളികള്‍ക്ക്‌ പരിഹാരം കാണാന്‍ ശ്രമിക്കും

 

 

മാനവരാശി നേരിടുന്ന വെല്ലുവിളികള്‍ക്ക്‌ പരിഹാരം കാണാന്‍ അര്‍മേനിയന്‍ സഭയും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും കൂട്ടായി പരിശ്രമിക്കുമെന്ന്‌  പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചു് പ്രസ്താവിച്ചു.. ലോകസമാധാനത്തിനായി ഇരുസഭകളും യോജിച്ച്‌ പ്രാര്‍ഥിക്കാന്‍ ഈ സന്ദര്‍ശനം ഉപയോഗപ്പെടുത്തും. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള സാഹോദര്യവും ഐക്യവും വര്‍ധിപ്പിക്കാനായും പ്രാര്‍ഥിക്കും -അദ്ദേഹം പറഞ്ഞു. 

കൊച്ചി വിമാനത്താവളത്തില്‍നിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പരിശുദ്ധ കരേക്കിന്‍ ബാവയെയും സംഘത്തെയും  കോട്ടയം ദേവലോകം കാതോലിക്കാസന അരമനയിലേക്ക് ആനയിച്ചു. ദേവലോകത്ത്‌ പൗരസ്ത്യ കാതോലിക്കാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായെ സന്ദര്‍ശിച്ചു.

 

 

സഭകളുടെ ബന്ധം രാജ്യങ്ങളുടെ സൌഹൃദത്തിന്

.

 

നവംബര്‍ 6 വ്യാഴാഴ്‌ച വൈകീട്ട്‌ 5ന്‌ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‌ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ പൗരസ്വീകരണം നല്‍കി . ഓര്‍ത്തഡോക്സ് സഭയും അര്‍മീനിയന്‍ സഭയും തമ്മിലുള്ള ദീര്‍ഘനാളത്തെ സൌഹൃദത്തിന്റെയും സാംസ്കാരിക, സാമൂഹിക സഹകരണത്തിന്റെയും തുടര്‍ച്ചയാണ് അര്‍മീനിയന്‍ കാതോലിക്കായുടെയും പ്രതിനിധികളുടെയും സന്ദര്‍ശനമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൗരസ്ത്യ കാതോലിക്കാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ അഭിപ്രായപ്പെട്ടു. ഇരു സഭകളും തമ്മിലുള്ള ബന്ധം ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ മികച്ച മാതൃകയാണ്. ഭാരതവും അര്‍മീനിയയും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കുന്നതിന്‌ സഭകള്‍ തമ്മിലുള്ള ബന്ധം കാരണമാകും. മനുഷ്യരാശി നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ദാരിദ്യ്രം, ആഗോള പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

 

 പൗരസ്വീകരണത്തില്‍ വച്ചു് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പരിശുദ്ധ കരേക്കിന്‍ രണ്ടാമനു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് നല്‍കി ആദരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഏറ്റവും വലിയ ആദരവായ സെന്റ്‌ തോമസ്‌ ബഹുമതി അത്യപൂര്‍വമായാണ്‌ സമ്മാനിക്കുന്നതു്.

 

 

മലങ്കര സഭയുമായി അര്‍മീനിയന്‍ സഭയ്‌ക്കുള്ള ബന്ധം ദൃഢമാക്കാന്‍ തന്റെ സന്ദര്‍ശനം ഇടയാക്കിയിട്ടുണ്ടെന്ന്‌ ബഹുമതി സ്വീകരിച്ചുകൊണ്ടു് സുപ്രീം പാത്രിയര്‍ക്കീസ്‌ കരേക്കിന്‍ രണ്ടാമന്‍ കാതോലിക്ക പറഞ്ഞു. അര്‍മീനിയന്‍ സഭയും മലങ്കര സഭയും തമ്മിലുള്ള സൗഹൃദവും സഹകരണവും ഇരു രാജ്യങ്ങളും നേരിടുന്ന സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയപരവുമായ വെല്ലുവിളികളെ മറികടന്ന് ഒറ്റക്കെട്ടായി നീങ്ങുന്നതിനു് സഹായിക്കുമെന്ന്  പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ പൌരസ്വീകരണത്തിനു മറുപടിയായി പറഞ്ഞു. ഇരു സഭകളും തമ്മിലുള്ള ബന്ധം മറ്റു സഭകള്‍ക്കും മാതൃകയാണ്. വിദ്യാഭ്യാസ രംഗത്തും ആതുര സേവന രംഗത്തും മലങ്കര ഓര്‍ത്തഡോക്സ് സഭ മികച്ച പ്രവര്‍ത്തനങ്ങളാണു് നടത്തുന്നത്. ഇനിയും കേരളത്തില്‍ എത്താന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

തോമസ് മാര്‍ അത്തനാസിയോസ് സപ്തതി സ്മാരക എന്‍ഡോവ്മെന്റ് സ്കോളര്‍ഷിപ് കരേക്കിന്‍ രണ്ടാമന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കി ഉദ്ഘാടനംചെയ്തു. സപ്തതി ആഘോഷിക്കുന്ന തോമസ് മാര്‍ അത്തനാസിയോസിനു കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കാ ഉപഹാരം നല്‍കി.

 

 

ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ്, മാര്‍‍ത്തോമ്മാ നവീകരണ സഭയുടെ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, സീറോ-മലബാര്‍ ക്നാനായ റോമന്‍ കത്തോലിക്കാ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സി എസ്ഐ ബിഷപ്  ഡോ. തോമസ് സാമുവല്‍, ചെങ്ങന്നൂര്‍‍ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ്, എംഎല്‍എമാരായ കെ. സി. ജോസഫ്, ജോസഫ് എം. പുതുശേരി, വി. എന്‍. വാസവന്‍, ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, അല്‍മായ ട്രസ്റ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ്, വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. എം. പി. ജോര്‍ജ്, യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

ഇന്ത്യയിലെ അര്‍മീനിയന്‍ അംബാസഡര്‍ ഡോ. അഷോഡ് കൊചറിയാന്‍, ബിഷപ്പുമാര്‍, മറ്റു പ്രതിനിധികള്‍ എന്നിവരും കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കായ്ക്ക് ഒപ്പമുണ്ടായിരുന്നു.

 

 

തോമസ് മാര്‍ അത്തനാസിയോസിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടത്തുന്ന സൊസൈറ്റി ഓഫ് സെന്റ് ബേസില്‍ മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളിലെ വിദ്യാര്‍ഥികള്‍ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ചു.

. 

പരുമലയില്‍

 

അര്‍മേനിയന്‍ സുപ്രീം കാതോലിക്ക പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍  ബാവയ്ക്കു് പരുമലയിലും മാവേലിക്കരയിലും നവം 7-നു് സ്വീകരണം നല്‍കി. രാവിലെ 7.30നു പരുമലയില്‍ എത്തിച്ചേര്‍‍ന്ന ബാവാ ചെങ്ങന്നൂര്‍‍ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസിനോടൊപ്പം വി. കുര്‍ബാനയില്‍ പങ്കെടുത്തു. പരുമല വി. ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ്  മെത്രാപ്പൊലീത്തയുടെ കബറിങ്കല്‍ നിന്നു് സ്വീകരിയ്ക്കുന്ന വിശ്വാസത്തിന്റെ വെളിച്ചം തങ്ങളുടെ ചുറ്റുമുള്ളവര്‍ക്കു്  പകരാന്‍ കഴിയണമെന്നു്  വിശ്വാസികള്‍ക്കു്  ആശീര്‍വാദം നല്‍കിക്കൊണ്ടു് ബാവാ ഉദ്ബോധിപ്പിച്ചു. പൗരസ്ത്യ കാതോലിക്കാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായുടെ കരങ്ങള്‍‍ക്കു് കരുത്തുപകരാന്‍‍ വിശ്വാസികളുടെ പ്രാര്‍‍ത്ഥന ആവശ്യമാണെന്നു് പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ ബാവാ ഓര്‍‍മിപ്പിച്ചു. ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസിനും പൗലോസ് മാര്‍ മിലിത്തിയോസിനും കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കാ ബാവാ അര്‍മേനിയന്‍ സഭയുടെ ഉപഹാരമായി  കുരിശുമാല അണിയിച്ചു.

 

 

 

രാവിലെ 10ന് പരുമല സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രിയുടെ കാന്‍സര്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ശിലാസ്ഥാപനം നടത്തി.

 

മാവേലിക്കരയില്‍ രാവിലെ 11.30ന് എത്തിച്ചേര്‍‍ന്ന കാതോലിക്കായെ പുതിയകാവ് ജംക്ഷനില്‍നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലേക്ക് ആനയിച്ചു. വികാരി ഫാ. നൈനാന്‍ ഉമ്മന്‍, സഹവികാരി ഫാ. റോയി തങ്കച്ചന്‍, ട്രസ്റ്റി ടി. തമ്പാന്‍, സെക്രട്ടറി ജി. കോശി തുണ്ടുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

തുടര്‍ന്ന് കത്തീഡ്രല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കരേക്കിന്‍ രണ്ടാമന്‍ നിര്‍വഹിച്ചു.  തുടര്‍ന്ന് ഓര്‍ത്തഡോക്സ് മാവേലിക്കര ഭദ്രാസന അരമനയായ തഴക്കര തെയോഭവനിലേക്കു സുപ്രീം കാതോലിക്കായെ ആനയിച്ചു. അരമന അങ്കണത്തില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ പൌലോസ് മാര്‍ പക്കോമിയോസ് അധ്യക്ഷത വഹിച്ചു.

 

 

സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം

 

 

നവം 8 ശനിയാഴ്ച പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കായ്‌ക്ക്‌ പഴയ സെമിനാരിയില്‍ വരവേല്‌പ്‌ നല്‍കി.ബോംബേ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ പങ്കെടുത്തു. കുര്‍ബാനയ്ക്ക് ശേഷം ചുങ്കം ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍സെമിനാരിയുടെ സംഗീത വിഭാഗമായ സ്‌കൂള്‍ ഓഫ്‌ ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ (ശ്രുതിയുടെ) പുതിയ ഡിജിറ്റല്‍ സ്റ്റുഡിയോയുടെ ഉദ്‌ഘാടനം വൈദീക സെമിനാരിയില്‍ അര്‍മീനിയന്‍ സുപ്രീം കാതോലിക്ക പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ നിര്‍വ്വഹിച്ചു.

 

ആഗോളാടിസ്ഥാനത്തില്‍ ക്രൈസ്‌തവ സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്‌ തന്റെ ഭാരത സന്ദര്‍ശനമെന്നും അര്‍മീനിയന്‍ സുപ്രീം കാതോലിക്കാ കരേക്കിന്‍ രണ്ടാമന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു് അഭിപ്രായപ്പെട്ടു. 


സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ.കെ.എം. ജോര്‍ജ്‌ ചടങ്ങില്‍ സംസാരിച്ചു. ശ്രുതി ഡയറക്‌ടര്‍ ഫാ. എം.പി.ജോര്‍ജ്‌, ഫാ. ഡോ.ജോണ്‍ പണിക്കര്‍, ഫാ.ഡോ.സാബു കുറിയാക്കോസ്‌, ഫാ.ഡോ.ജോണ്‍ മാത്യൂസ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

സഭയ്ക്കു് നേരെ നടക്കുന്ന പീഡനങ്ങള്‍ ഗൗരവത്തോടെ കാണുന്നു

 

ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12ന്‌ കോലഞ്ചേരിയില്‍ എത്തിയ ബാവയെ വൈദികരും വിശ്വാസികളും ചേര്‍ന്ന്‌ സ്വീകരിച്ചു. ക്രിസ്‌തീയ വിശ്വാസികള്‍ക്കു നേരെ നടക്കുന്ന പീഡനങ്ങള്‍ സഭ ഗൗരവത്തോടെ കാണുന്നുവെന്ന്‌ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ അര്‍മേനിയന്‍ കാതോലിക്കോസ്‌ പാത്രിയര്‍ക്കീസ്‌ ബാവ വ്യക്തമാക്കി. കോലഞ്ചേരി എം.ഒ.എസ്‌.സി. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നല്‍കിയ സ്വീകരണത്തിന്‌ അര്‍മേനിയന്‍ ബാവ നന്ദിപറഞ്ഞു. സഭയെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ തികച്ചും ഖേദകരമാണ്‌. ഇത്തരം പീഡനങ്ങളെ ആത്മവിശ്വാസത്തോടെയും പ്രാര്‍ഥനകൊണ്ടും നേരിടണമെന്നും ബാവ ആഹ്വാനം ചെയ്‌തു. ആദിമ നൂറ്റാണ്ടുമുതല്‍ പീഡനങ്ങള്‍ക്കുമുന്നില്‍ അടിപതറാതെനിന്ന ചരിത്രമാണു് ക്രിസ്‌തീയസഭയ്ക്കുള്ളതെന്നും പീഡനങ്ങള്‍ സഭയുടെ വളര്‍‍ച്ചയ്ക്കു് ആധാരമാകുമെന്നും ബാവപറഞ്ഞു.

ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ആശുപത്രി സ്ഥാപക പിതാക്കന്മാരായ കാലംചെയ്‌ത ഫിലിപ്പോസ്‌ മാര്‍ തെയോഫിലോസ്‌, പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്നിവരുടെ ചിത്രങ്ങള്‍ ബാവ ആശുപത്രി ചാപ്പലില്‍ അനാച്ഛാദനം ചെയ്‌തു. തുടര്‍ന്ന്‌ നെഫ്രോളജി, യൂറോളജി വാര്‍ഡുകളും ഉദ്‌ഘാടനം നടത്തി.

 


ചടങ്ങില്‍ അര്‍മേനിയന്‍ മെത്രാപ്പോലീത്തമാരായ അര്‍ഷാക്ക്‌ സാമുവേല്‍ ഖച്ചാട്ടിയാന്‍, അര്‍മാഷ്‌ നല്‍വന്‍ബിയാന്‍ അനുഷമാന്‍ സാംകോച്ചിന്‍, ഇന്ത്യയിലെ അര്‍മേനിയന്‍ അംബാസിഡര്‍ ഡോ: അഷോര്‍ട്ട്‌ കൊച്ചെറിയാന്‍, ആസ്‌പത്രി ഭാരവാഹികളായ സി.വി. ജേക്കബ്‌, ഫാ. ജോണി ജോര്‍ജ്‌, ഫാ. ജോണ്‍ കുര്യാക്കോസ്‌, ഫാ. അബ്രഹാം പൂവത്തുംവീട്ടല്‍, ഡോ. സി. രാധാകൃഷ്‌ണന്‍, ഡോ: സോജന്‍ ഐപ്പ്‌, പ്രൊഫ. എം.പി. മത്തായി, ഡോ: കേശവന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

അര്‍മേനിയന്‍ കാതോലിക്കാ ബാവായുടെ മടക്കം

 

 

നാലു ദിവസത്തെ കേരള സന്ദര്‍ശനം കഴിഞ്ഞു് നവംബര്‍ 8-ആം തീയതി വൈകുന്നേരം പരിശുദ്ധ കരേക്കിന് രണ്ടാമന്‍ ബാവാ നെടുമ്പാശ്ശേരിയില്‍ നിന്നു് കിങ്‌ഫിഷര്‍ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ ചെന്നൈയിലേയ്ക്കു് പോയി. രണ്ടു ദിവസം ചെന്നൈയിലും തുടര്‍ന്നു് ഒരാഴ്‌ച കൊല്‍ക്കത്തയിലും അര്‍മേനിയന്‍ സമൂഹത്തിന്റെ 300-ആം വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണു് അദ്ദേഹം അര്‍‍മീനിയലേക്കു് മടങ്ങിയതു്.


 

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.