ഈ ലേഖയില്‍‍ തിരയുക

കുറിഞ്ഞി പള്ളി തുറന്നു; ഓര്‍ത്തഡോക്‌സ് സഭയുടെ വൈദീകന്‍ കുര്‍ബാനയര്‍പ്പിച്ചു


കോലഞ്ചേരി, ഡിസംബര്‍ ൩൦: മൂവാറ്റുപുഴ ആര്‍.ഡി.ഒ.യുടെ ഉത്തരവുപ്രകാരം കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി ശനിയാഴ്ച തുറന്നു.ഈയാഴ്ച ഓര്‍ത്തഡോക്‌സ് സഭയുടെ ആരാധനക്കായുള്ള തവണയായതിനാല്‍ സഹവികാരി ഫാ. പോള്‍ മത്തായി കുര്‍ബാനയര്‍പ്പിച്ചു. വിമത യാക്കോബായവിഭാഗത്തിനും ഓര്‍ത്തഡോക്‌സ്‌ സഭയ്ക്കും മതപരമായ ചടങ്ങുകള്‍ സമാധാനപരവും നിയമപരവുമായി നടത്താന്‍ അനുമതി നല്‍കിക്കൊണ്ടും ഹൈക്കോടതിയുടെയും അഡീഷനല്‍ ജില്ലാ കോടതിയുടെയും ഉത്തരവുകള്‍ പാലിച്ചു് തല്‍സ്‌ഥിതി നിലനിര്‍ത്തിക്കൊണ്ടും ജില്ലാ ഭരണകൂടം ഉത്തരവു് നല്കിയിരുന്നു. മെത്രാന്മാര്‍ക്കു് കുര്‍ബാനയര്‍പ്പിക്കാന്‍ അനുമതിയില്ല.
പ്രതിഷേധയോഗം ബുധനാഴ്ച
ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാര്‍ക്കു് കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നിഷേധിച്ചതിന്റെ പേരില്‍ ജനുവരി രണ്ടാം തീയതി ബുധനാഴ്ച വൈകുന്നേരം ആറുമണിയ്ക്കു് കുറിഞ്ഞിയില്‍ പ്രതിഷേധയോഗം ചേരുമെന്നു് സഹവികാരി ഫാ. പോള്‍ മത്തായി അറിയിച്ചു. പ്രതിഷേധയോഗത്തില്‍ മെത്രാപ്പോലീത്തമാരും പങ്കെടുക്കും.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങള്‍ക്ക്‌ മലങ്കര സഭയുടെ പള്ളികളില്‍ അവകാശമില്ല



കോട്ടയം: 1995-ലെ മലങ്കര സഭയെ സംബന്ധിച്ച സുപ്രീം കോടതി വിധി മാനിക്കാതെ 2002-ല്‍ സ്വയം രൂപം കൊടുത്ത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിധിയ്ക്കു മുമ്പ്‌ നിലവിലുണ്ടായിരുന്ന പള്ളികളില്‍ അവകാശമില്ലെന്ന്‌ കോടതി വ്യക്തമാക്കി. മലങ്കര സഭാകേസുകള്‍ കൈകാര്യം ചെയ്യുന്ന എറണാകുളം ജില്ലാ കോടതിയില്‍ കണ്യാട്ടുനിരപ്പ്‌ ഇടവക വികാരി ഫാ. ജോണ്‍ മൂലമറ്റം നല്‍കിയിരുന്ന ഹര്‍ജിയില്‍ വാദം കേട്ട ശേഷം നല്‍കിയ അവസാന ഉത്തരവിലാണ്‌ ജഡ്‌ജി അനില്‍കുമാര്‍ വിധി പ്രസ്‌താവിച്ചത്‌. ഫാ. ജോണ്‍ മൂലമറ്റം വികാരി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനെ തടസപ്പെടുത്തുന്നു എന്ന വാദം അംഗീകരിച്ചു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങള്‍ക്കെതിരെ ശാശ്വത നിരോധന ഉത്തരവ്‌ കോടതി നല്‍കി.

1995-ലെ കോടതി വിധി പ്രകാരം 1934-ലെ ഭരണഘടന മലങ്കര സഭയിലെ സകല പള്ളികള്‍ക്കും ബാധകമായി. ഇത്‌ എന്നേക്കുമായി തീരുമാനമായ കാര്യമാണ്‌. എന്നാല്‍ മലങ്കര അസോസിയേഷന്‍ വിട്ട്‌ പുതിയ സഭയുണ്ടാക്കിയതോടെ അതില്‍ അംഗങ്ങളായിരുന്നവര്‍ 1995-നു മുമ്പുണ്ടായിരുന്ന പള്ളികളിലെ അവകാശങ്ങള്‍ നഷ്‌ടപ്പെടുത്തി. അതുകൊണ്ടു് നിയമാനുസൃതമായി അവരോധിയ്‌ക്കപ്പെട്ട വികാരിയെ തടസപ്പെടുത്താന്‍ അവകാശമില്ല. പുതിയ സഭ സൃഷ്‌ടിക്കുന്നതിനുള്ള അവകാശം കോടതി നിഷേധിക്കുന്നില്ല. എന്നാല്‍ അവര്‍ അംഗങ്ങളായിരുന്ന പള്ളികളില്‍ അവര്‍ക്ക്‌ അതോടെ അവകാശം നഷ്‌ടപ്പെടുന്നു. കണ്യാട്ടുനിരപ്പ്‌ പള്ളി 1995-ന്‌ മുമ്പ്‌ ഉണ്ടായിരുന്ന മലങ്കര സഭയിലെ ദേവാലയമാണ്‌. അതുകൊണ്ടാണ്‌ അവിടെനിന്നു പിരിഞ്ഞ്‌ മറ്റൊരു സഭയില്‍ അംഗങ്ങളായി തീര്‍ന്ന പ്രതികള്‍ക്കു നിരോധനം നല്‍കിയിരിക്കുന്നത്‌.

1995-ലെ സുപ്രീം കോടതി വിധി വരെ പാത്രിയര്‍ക്കീസ്‌ വിഭാഗത്തില്‍നിന്നിരുന്ന പള്ളിയാണ്‌ കണ്യാട്ടുനിരപ്പ്‌ പള്ളി. എന്നാല്‍ 1995-ലെ കോടതി വിധിയെ തുടര്‍ന്ന്‌ 1934-ലെ ഭരണഘടന അംഗീകരിച്ചു. പള്ളിയിലെ ചില അംഗങ്ങള്‍ ഇതിനെതിരേ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതിനെ തുടര്‍ന്നാണു് വിഷയം കോടതിയിലെത്തിയത്‌. വാദി ഭാഗത്തിന്‌ വേണ്ടി സീനിയര്‍ അഡ്വക്കേറ്റ്‌ എസ്‌. ശ്രീകുമാര്‍ ഹാജരായി.
കടപ്പാടു് മംഗളം ദിനപ്പത്രം , ഡിസംബര്‍ 29

നുണ പ്രചാരണം അരുത്‌: ഓര്‍ത്തഡോക്‌സ്‌ സഭ


കോട്ടയം: മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കി ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ കോലഞ്ചേരി, മാമ്മലശേരി, മണ്ണത്തൂര്‍, കുറുഞ്ഞി തുടങ്ങിയ സ്‌ഥലങ്ങളിലെ പള്ളികള്‍ പൂട്ടിക്കയും നുണപ്രചാരണത്തിലൂടെ പൊതുജനങ്ങളെ തെറ്റിധരിപ്പിക്കയും ചെയ്യുന്ന വിമത യാക്കോബായ വിഭാഗ നേതാക്കളുടെ ശൈലി അപലപനീയമാണെന്ന്‌ വൈദിക ട്രസ്‌റ്റി ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ പറഞ്ഞു.

കുറുഞ്ഞി പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസിനെ വഴിയില്‍ തടയുകയും പള്ളി പൂട്ടിക്കാന്‍ ഇടയാകുകയും ചെയ്‌തു. പുത്തന്‍കുരിശ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബിജു സ്‌റ്റീഫനെ തലയ്‌ക്ക്‌ കമ്പിവടികൊണ്ട്‌ അടിച്ചുവീഴ്‌ത്തി, പൊലീസുകാരെ മര്‍ദിച്ചു. കണ്യാട്ടുനിരപ്പ്‌ പള്ളിയില്‍ വികാരി ഫാ. ജോണ്‍ മൂലമറ്റത്തെ തടയുകയും ആക്രമണം നടത്തുകയും ചെയ്‌തു.

മാമ്മലശേരി പള്ളിയില്‍ വൈദികന്റെ കാര്‍ അടിച്ചു തകര്‍ത്തു. മണ്ണത്തൂര്‍, വെട്ടിത്തറ, ഓണക്കൂര്‍ എന്നിവിടങ്ങളിലെ പള്ളികളില്‍ കോടതിവിധി അനുസരിക്കാതെയും സ്‌റ്റാറ്റസ്‌കോ ലംഘിച്ചും ഉഭയകക്ഷിധാരണകള്‍ അവഗണിച്ചും മധ്യസ്‌ഥ തീരുമാനങ്ങള്‍ക്കു വഴങ്ങാതെയും അരാജകത്വം സൃഷ്‌ടിച്ച്‌ പള്ളികളില്‍ അനധികൃത അവകാശം സ്‌ഥാപിക്കാനുള്ള ഗൂഢതന്ത്രം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


സ്ത്രീത്വം ആദരിക്കപ്പെടണമെന്നു് പരിശുദ്ധ പിതാവു്


ദേവലോകം, ഡിസംബര്‍ 22: സ്ത്രീത്വം അപമാനിക്കപ്പെടുന്ന പ്രവണത ഒരു സംസ്കൃത സമൂഹത്തിനും ചേരുന്നതല്ലെന്നും മൃഗങ്ങളെക്കാള്‍ അധഃപതിച്ച മനുഷ്യരുടെ ഹീനപ്രവൃത്തികള്‍ ജീവിതം നരകതുല്യമാക്കുകയാണെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.

ധാര്‍മിക മൂല്യങ്ങള്‍ അവഗണിച്ചുകൊണ്ടു് ഭൌതികനേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസവും ലഹരി ആസക്തിയും ഇതിനു കാരണമാകുന്നുണ്ട്. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ബോധവല്‍ക്കരണം നടത്തണം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിന് അധികൃതര്‍ നടപടി കൈകൊള്ളണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചു.

ദേവലോകത്ത്‌ സംയുക്‌ത ഓര്‍മപ്പെരുന്നാള്‍ ജനുവരി 2, 3 തീയതികളില്‍


കോട്ടയം: കോട്ടയം ദേവലോകം അരമനചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ 49-ാം ഓര്‍മയും പരിശുദ്ധ ബസേലിയോസ്‌ ഔഗേന്‍ പ്രഥമന്‍ ബാവായുടെ 37-ാം ഓര്‍മയും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍ ബാവായുടെ 16-ാം ഓര്‍മയും സംയുക്‌തമായി ജനുവരി രണ്ട്‌, മൂന്ന്‌ തീയതികളില്‍ ആചരിക്കും.

ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയബാവായും സഭയിലെ മറ്റു മെത്രാപ്പോലീത്താമാരും നേതൃത്വം നല്‍കും.
ക്രിസ്‌മസ്‌ ആചരണത്തിന്റെ ഭാഗമായി ഇന്നു വൈകിട്ട്‌ സണ്‍ഡേ സ്‌കൂള്‍ ക്രിസ്‌മസ്‌ കരോള്‍ സര്‍വീസില്‍ പ്രഫ. ചെറിയാന്‍ തോമസ്‌ പ്രസംഗിക്കും. 25-നു മൂന്നിനു ക്രിസ്‌മസ്‌ ശുശ്രൂഷയും തുടര്‍ന്ന്‌ 5.30-നു വി. കുര്‍ബാനയ്‌ക്കു ശേഷം പെരുന്നാള്‍ കൊടിയേറ്റ്‌. 31-നു രാവിലെ ഏഴിനു ഫാ. മാത്യു വറുഗീസ്‌ കുര്‍ബാന അര്‍പ്പിക്കും. 6.30-നു ഫാ. വര്‍ഗീസ്‌ ലാല്‍ പ്രസംഗിക്കും.

ജനുവരി ഒന്നിനു രാവിലെ ഏഴിനു ഫാ. ഡോ. കെ.എം. ജോര്‍ജ്‌ വി. കുര്‍ബാന അര്‍പ്പിക്കും. രണ്ടിനു രാവിലെ 7.30-നു ഫാ. കെ. മത്തായി കോര്‍ എപ്പിസ്‌കോപ്പ വി. കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട്‌ 5.30-നു കുറിച്ചിയില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കു കോടിമത പടിഞ്ഞാറേക്കര ഓഫീസ്‌ അങ്കണത്തില്‍ സ്വീകരണവും 6.25-നു മാര്‍ ഏലിയാ കത്തീഡ്രലില്‍നിന്നു ദേവലോകത്തേക്കു പ്രദക്ഷിണവും നടക്കും. 7.45-നു ഫാ. ഡോ. റെജി മാത്യു അനുസ്‌മരണപ്രസംഗം നടത്തും. മൂന്നിനു രാവിലെ എട്ടിനു കാതോലിക്കാബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്‌, പ്രഭാതഭക്ഷണം എന്നിവ നടക്കും.

ഞാറക്കാട് പള്ളിയില്‍ വീണ്ടും വിമത യാക്കോബായ ആക്രമണം



പോത്താനിക്കാട്: ഞാറക്കാട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയില്‍ വീണ്ടും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം. ഡിസംബര്‍ 23 ഞായറാഴ്ച പള്ളിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച വിമത യാക്കോബായ വിഭാഗത്തിന് നേരെ പോലീസ് ചെറിയ തോതില്‍ ലാത്തി വീശി.

പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമത യാക്കോബായ വിഭാഗം വൈദികരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പ്രധാന കവാടത്തില്‍ കൂടി പള്ളിയില്‍ കയറാന്‍ ശ്രമിച്ചത്. ഇത് പോലീസ് തടഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആരാധന നടക്കുന്ന ഈ പള്ളിയില്‍ രാവിലെ അവര്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. ഇതിനു ശേഷം വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍എത്തി തങ്ങള്‍ക്കും കുര്‍ബാന നടത്താന്‍ അനുവാദം തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഒരാഴ്ച മുമ്പ് വിമത യാക്കോബായ വിഭാഗം ഇതേ ആവശ്യമുന്നയിച്ച് പള്ളിയുടെ അടുത്തുള്ള കുരിശിന്‍ തൊട്ടിയില്‍ കുത്തിയിരുപ്പ് യജ്ഞവും നടത്തിയിരുന്നു.

ഓര്‍ത്തഡോക്സ് സഭ സത്യാഗ്രഹം അവസാനിപ്പിച്ചു


കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി പൂമുഖത്ത് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, യൂഹാന്‍ മാര്‍ മിലിത്തിയോസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്‌ച രാത്രി മുതല്‍ പള്ളിയുടെ പൂമുഖത്ത്‌ നടത്തി വന്ന പ്രാര്‍ഥനാ സത്യാഗ്രഹം അവസാനിപ്പിച്ചു.

ശനിയാഴ്ച രാത്രി പത്തോടെ കുന്നത്തുനാട് തഹസില്‍ദാര്‍ പള്ളി പൂട്ടി മുദ്രവച്ചതോടെയാണ് മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടത്തിവന്ന സത്യാഗ്രഹം അവസാനിപ്പിച്ചത്. ഓര്‍ത്തഡോക്സ് സഭയ്ക്ക് നീതി നിഷേധിക്കുകയാണെന്നു് ആരോപിച്ചും മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തമാര്‍ക്കും കുര്‍ബാനയര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നു് ആവശ്യപ്പെട്ടുമാണു് സത്യാഗ്രഹം നടത്തിയിരുന്നത്.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.