ഈ ലേഖയില്‍‍ തിരയുക

ഓണക്കൂര്‍ പള്ളിയില്‍ നിയമവാഴ്ചതകര്‍ന്നു



വികാരിയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അതിഭീകരമായി മര്‍ദിച്ചു
ഓണക്കൂര്‍ (പിറവം): ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ കോടതി ഉത്തരവുമായി വികാരിയെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനെത്തിയ കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശയേയും ശുശ്രൂഷകരടക്കം ആറുപേരെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വാഹനം തടഞ്ഞുനിറുത്തി മര്‍ദിച്ചു. വികാരി ഫാ. മാത്യൂസ് കാഞ്ഞിരംപാറയിലിന് തലയിലും ദേഹത്തും കമ്പിവടികൊണ്ടുള്ള അടിയേറ്റു.

ഗുരുതരമായി പരുക്കേറ്റ ഫാ. മാത്യൂസി (54) നെയും ശുശ്രൂഷകന്‍‍ മൂവാറ്റുപുഴ സെമിനാരി വിദ്യാര്‍ഥി ഇടമറുക്‌ സ്വദേശി ടുബി ബേബി (25), മൂവാറ്റുപുഴ ആലാട്ടുകുടിയില്‍ എ.പി. സജി (38), നീറന്താനം സജ (40), ചിലന്തിക്കോട്‌ സി.വി. പൗലോസ്‌ (65), ഡോ. അനീഷ്‌ സഖറിയ (40), പീടികക്കുടിയില്‍ റോയ്‌ (50) എന്നിവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ജനുവരി10 ഞായറാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം പള്ളി വികാരിയായി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസിന്റെ കല്‍പ്പന ശരിവച്ച എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിക്കാനെത്തിയതായിരുന്നു ഫാ. മാത്യൂസ് കാഞ്ഞിരംപാറയില്‍. പള്ളിയുടെ ഗേറ്റില്‍വച്ച് വൈദികനെയും ശുശ്രൂഷകരേയും തടയുകയും മര്‍ദിക്കുകയുമായിരുന്നു. ഇവരെത്തിയ രണ്ട് 'ബൊലേറൊ' വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.

പള്ളിയുടെ ഗേറ്റില്‍വച്ച് വൈദികനും ശുശ്രൂഷകരും എത്തിയ രണ്ട് 'ബൊലേറൊ' വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ തകര്‍ക്കുകയും മുളകുപൊടി വിതറുകയും തിളച്ച വെള്ളം ഒഴിക്കുകയുമായിരുന്നുവെന്ന്പരിക്കേറ്റവര്‍ പറയുന്നു. ഫാ. മാത്യൂസിന്റെ തലയ്‌ക്കും ജീപ്പ്‌ ഡ്രൈവര്‍ സജിയുടെ കൈക്കും പരുക്കേറ്റു.

മാതൃഭൂമിയുടെ റിപ്പോര്‍‍ട്ട് ഇങ്ങനെയാണു്:-
ഫാ. മാത്യൂസിന് തലയില്‍ എട്ട് തുന്നിക്കെട്ടുണ്ട്. അദ്ദേഹത്തിന് വാരിയെല്ലിന്റെ ഭാഗത്ത് കമ്പിപ്പാര കൊണ്ടുള്ള കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരുടെയും ദേഹത്ത് ചെറിയ തോതിലെങ്കിലും പൊള്ളലുമേറ്റിട്ടുണ്ട്. തിളച്ച വെള്ളം കോരിയൊഴിച്ചതാണെന്ന് പറയുന്നു. മുളകുപൊടി എറിഞ്ഞതായും സൂചനയുണ്ട്. ബൊലേറൊ വാഹനങ്ങള്‍ കല്ലുകൊണ്ടും കമ്പിവടികൊണ്ടും ഇടിച്ചുതകര്‍ത്തനിലയിലാണ്.


യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെഭാഷ്യം

ഓര്‍ത്തഡോക്‌സ് വിഭാഗം തല്‍സ്‌ഥിതി ലംഘിച്ചതാണു പ്രശ്‌നകാരണമെന്നു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആരോപിച്ചുവെന്നു് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.


രണ്ടു സ്‌ത്രീകളടക്കം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായ എട്ടുപേര്‍ കൗണ്ടര്‍ കേസിനായി കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിയില്‍ പ്രവേശിച്ചു. ലീലാമ്മ മത്തായി തച്ചാമറ്റത്തില്‍ അഞ്ചല്‍പ്പെട്ടി (58), കൊള്ളിക്കാട്ട്‌കുഴിയില്‍ ശോശാമ്മ ചാണ്ടി അഞ്ചല്‍പ്പെട്ടി (55), ചുമ്മത്തില്‍ കുര്യാക്കോസ്‌ കാക്കൂര്‍ (67), പരിയാരത്ത്‌ പി.യു. ബാബു ഓണക്കൂര്‍ (45), എടക്കാട്ടുകുന്നേല്‍ ജോണി പെരിയപ്പുറം (53), പെങ്ങലത്തേല്‍ ജോയി അഞ്ചല്‍പ്പെട്ടി (29), വേളൂര്‍ പീയാസ്‌ അലക്‌സ്‌ പെരിയപ്പുറം (29), പരിയാരത്ത്‌ പി.വി. ഏലിയാസ്‌ (52) എന്നിവരാണവര്‍.

സംഭവത്തെത്തുടര്‍ന്ന് പിറവം സി.ഐ. കെ. ബിജുമോന്‍, എസ്.ഐ. ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പള്ളി പരിസരത്ത് പോലീസ് പിക്കറ്റ് (പോലീസ്‌ കാവല്‍) ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഇരുവിഭാഗങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ പിറവം പോലീസ്‌ പോലീസ് രണ്ട് കേസുകളെടുത്തു
.
പിറവം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തലേന്ന് ശനിയാഴ്ച ഇരുസഭകളുമായി ചര്‍‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ധാരണയൊന്നുമുണ്ടായില്ലെന്നു് പോലീസ് പറഞ്ഞുവെന്ന് കേരളകൗമുദി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ടു്.കോടതിയുത്തരവ് നടപ്പാക്കണമെന്നു് ആവശ്യപ്പെട്ടു് കത്തു നല്കിയ ഓര്‍ത്തഡോക്സ് സഭക്കാര്‍ കോടതിവിധി മാറ്റിവച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് തവണനല്കി പോലീസിന്റെ സാന്നിധ്യത്തില്‍‍ ധാരണണ്ടാക്കാന്‍ തയ്യാറായില്ല.

കോടതിവിധിനടപ്പാക്കാതെ പക്ഷപാതപരമായി പെരുമാറുകയാണു് പോലീസ് ചെയ്തതെന്നു് ഓര്‍ത്തഡോക്സ് സഭക്കാര്‍ പറയുന്നു.പോലീസ് കരുതലെടുത്തിരുന്നെങ്കില്‍ അനിഷ്ഠസം ഭവങ്ങളൊഴിവാക്കാമായിരുന്നു.

എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിധി

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ 1934ലെ ഭരണഘടന അനുസരിച്ച് ഓണക്കൂര്‍ സെഹിയോന്‍ പള്ളി വികാരിയായി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ്‌ മാര്‍ അത്തനാസിയോസിന്റെ 2002-ലെ കല്‍പന ശരിവച്ചുകൊണ്ട്‌ എറണാകുളം അഡീഷനല്‍ ജില്ലാ കോടതി ജനുവരി അഞ്ചാം തീയതിയാണു് ഉത്തരവായതു്. 1934-ലെ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ഇടവക പള്ളികളിലൊന്നാണു് ഓണക്കൂര്‍ സെഹിയോന്‍ പള്ളിയെന്നു് എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിധിയില്‍ അംഗീകരിച്ചു.

2002-ല്‍ വികാരിസ്ഥാനത്തുനിന്നു് മാറ്റി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചപ്പോള്‍ അതംഗീകരിക്കാതെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ ഫാ. ജോയി ആനിക്കുഴി ഓണക്കൂര്‍ സെഹിയോന്‍ പള്ളിയെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കീഴിലാക്കി അനധികൃതമായി വികാരിസ്ഥാനം കയ്യടക്കിയിരിക്കുകയായിരുന്നു.

വികാരിയുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഇദ്ദേഹത്തെ തടയുന്നതില്‍ നിന്നു പ്രതികളെ എറണാകുളം അഡീഷനല്‍ ജില്ലാ കോടതി വിലക്കി. ഇടവകാംഗങ്ങളായ പാലക്കുഴിയില്‍ പി.വി. ഉലഹന്നനും മറ്റും ചേര്‍ന്നു സമര്‍പ്പിച്ച കേസിലാണ്‌ അഡീഷനല്‍ ജില്ലാ ജഡ്‌ജി വി.ഷിര്‍സി ഉത്തരവു നല്‍കിയത്‌. ഈ ഉത്തരവു സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളിയ പശ്ചാത്തലത്തിലാണു് ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറ കോടതിയുത്തരവ് നടപ്പാക്കണമെന്നു് ആവശ്യപ്പെട്ടു് നേരത്തേതന്നെ പോലീസിനു് കത്തു നല്കിയശേഷം ഞായറാഴ്ച രാവിലെ വികാരിയെന്ന നിലയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാനെത്തിയതു്.


അനുബന്ധലേഖനങ്ങള്‍

ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ വൈദികനെയും വിശ്വാസികളെയും മര്‍ദിച്ചതില്‍ പ്രതിഷേധം

ഓണക്കൂര്‍ സെഹിയോന്‍ പള്ളി: മെത്രാപ്പൊലീത്തയുടെ കല്‍പന ജില്ലാ കോടതി ശരിവച്ചു

മനോരമ വാര്‍‍ത്ത



.

ഓണക്കൂര്‍ സെഹിയോന്‍ പള്ളി: മെത്രാപ്പൊലീത്തയുടെ കല്‍പന ജില്ലാ കോടതി ശരിവച്ചു

മൂവാറ്റുപുഴ, ജനുവരി 5: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ 1934ലെ ഭരണഘടന അനുസരിച്ച് ഓണക്കൂര്‍ സെഹിയോന്‍ പള്ളി വികാരിയായി ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ്‌ മാര്‍ അത്തനാസിയോസിന്റെ 2002-ലെ കല്‍പന ശരിവച്ചുകൊണ്ട്‌ എറണാകുളം അഡീഷനല്‍ ജില്ലാ കോടതി ജനുവരി അഞ്ചാം തീയതി ഉത്തരവായി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ 1934-ലെ ഭരണഘടന അനുസരിച്ചാണു പള്ളി ഭരിക്കുന്നതെന്നു മുന്‍ വികാരി ഫാ. ജോയി ആനിക്കുഴി സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു.

ഇദ്ദേഹത്തെ മാറ്റിയാണു് ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറയെ നിയമിച്ചത്‌. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ ഫാ. ജോയി ആനിക്കുഴി അനധികൃതമായി വികാരിസ്ഥാനം കയ്യടക്കിയിരിക്കുകയായിരുന്നു.

വികാരിയുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഇദ്ദേഹത്തെ തടയുന്നതില്‍ നിന്നു പ്രതികളെ വിലക്കിയിട്ടുണ്ട്‌. ഇടവകാംഗങ്ങളായ പാലക്കുഴിയില്‍ പി.വി. ഉലഹന്നനും മറ്റും ചേര്‍ന്നു സമര്‍പ്പിച്ച കേസിലാണ്‌ അഡീഷനല്‍ ജില്ലാ ജഡ്‌ജി വി.ഷിര്‍സി ഉത്തരവു നല്‍കിയത്‌. ഈ ഉത്തരവു സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി.

ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ. ബിജു എബ്രഹാം ആണു് ഹാജരായതു്.

സഭാവിഭവങ്ങള്‍ സമൂഹത്തിനു പ്രയോജനപ്പെടുംവിധം വിനിയോഗിക്കണം: ഡോ. തോമസ്‌ മാര്‍ അത്തനാസ്യോസ്‌

കോട്ടയം: മാറിക്കൊണ്‌ടിരിക്കുന്ന സമൂഹത്തില്‍ സഭാദൗത്യനിര്‍വഹണത്തിന്‌ മാനവവിഭവശേഷിവികസനം സംബന്ധിച്ച്‌ പുതിയ വീക്ഷണം ആവശ്യമാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ മാനവവിഭവശേഷി മാനേജ്‌മെന്റ്‌ വകുപ്പ്‌ അധ്യക്ഷന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. സമൂഹത്തിന്‌ പ്രയോജനകരമാകുന്നവിധം സഭയിലെ വിഭവങ്ങളുടെ വിനിയോഗം ക്രമീകരിക്കണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവലോകം കാതോലിക്കാസന സിംഹാസന അരമനയില്‍ 2009 ഡി 28നു നടന്ന ഏകദിന ചര്‍ച്ചാ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.സഭാ അത്മായ ട്രസ്റ്റി എം.ജി ജോര്‍ജ്‌ മുത്തൂറ്റ്‌, ഡല്‍ഹി വനിതാ കമ്മീഷന്‍ അംഗം ഡോ. റെനി ജേക്കബ്‌, അലക്‌സ്‌ കോശി, എം.ടി പോള്‍, ഫാ. പി.എ ഫിലിപ്പ്‌, ഫാ. റോയി പി.തോമസ്‌, ഫാ. ജോസഫ്‌ കുര്യാക്കോസ്‌, അഡ്വ. ഫാ. ജോണ്‍ കുര്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ നയിച്ചു.

വിവിധ മേഖലകളില്‍ വൈദഗ്‌ധ്യമുള്ള 35 പേര്‍ സംബന്ധിച്ചു. വിവാഹം, കുടുംബം, തൊഴില്‍, സ്ഥിതി വിവരശേഖരണം തുടങ്ങിയ മേഖലകളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി ഉപസമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

കടപ്പാടു് ദീപിക

.

ഗിലയാദ് ധ്യാന കേന്ദ്രം



ഗിലയാദ്‌ മരിയന്‍ ഓഫനേജ്‌ & റിട്രീറ്റ്‌ സെന്റര്‍

എറണാകുളം ജില്ലയില്‍ കൂത്താട്ടുകുളത്തെ വടകരയില്‍ 2006 ല്‍ സ്ഥാപിതമായതാണു് ഗിലയാദ്‌ ധ്യാനകേന്ദ്രം. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെ മാര്‍‍ഗനിര്‍‍ദേശത്തിന്‍‍ കീഴില്‍ ഭാഗ്യസ്മരണാര്‍‍ഹനായ റവ.ഫാദര്‍ ജേക്കബ്‌ കളപ്പുരക്കലിന്റെ (Rev.Fr . Jacob kalapurackal) പരിശ്രമഫലമായാണ്‌ ഈ ധ്യാനകേന്ദ്രം ആരംഭിച്ചതു്.
റവ.ഫാദര്‍ ജേക്കബ്‌ കളപ്പുരക്കല്‍‍

സമൂഹത്തിലെ നാനാവിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ ധ്യാനകേന്ദ്രത്തിലെ വി.കുര്‍ബ്ബാനയിലും ശുശ്രൂഷകളിലും സജീവമായി പങ്കുകൊണ്ട്‌ വരുന്നു. പരി.സഭയുടെ ആത്മീയ നവോത്ഥാനത്തെ ലക്ഷ്യമാക്കി വിവിധതരം ശുശ്രുഷകള്‍ ഇവിടെ നടത്തിവരുന്നു. വേദപഠനക്ലാസ്സുകള്‍, വിശ്വാസ പഠനക്ലാസുകള്‍, വിദ്യാര്‍ത്ഥി സംഗമം, യുവജനവേദി, കുടുംബ സംഗമം, വൃദ്ധജനപരിപാലനം, ഉദ്യോഗസ്ഥാ കൂട്ടായ്‌മ , സാധുജന സംരക്ഷണം, പ്രകൃതിപരിപാലനയത്‌നങ്ങള്‍, സ്വയം തൊഴില്‍ പരിശീലനം എന്നിവയ്‌ക്കുപുറമെ ആത്മീയ നവീകരണ ധ്യാനങ്ങള്‍ എല്ലാ ആഴ്‌ചകളിലും അവധിക്കാലങ്ങളിലും നടത്തിവരുന്നു. ധ്യാനകേന്ദ്രത്തിന്റെഭാഗമായ ചാപ്പല്‍‍ പത്രോസ്-പൗലോസ് ശ്ലീഹാമാരുടെ നാമത്തിലാണു്.


കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷനായ ഒമ്പതംഗ ന്യാസാണു് ഗിലയാദ്‌ ധ്യാനകേന്ദ്രം ഭരിക്കുന്നതു്. സ്ഥാപക മാനേജിങ് ട്രസ്റ്റിയും ഡയറക്‌ടറും ഭാഗ്യസ്മരണാര്‍‍ഹനായ റവ.ഫാദര്‍ ജേക്കബ്‌ കളപ്പുരക്കലായിരുന്നു. ഇപ്പോള്‍‍ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിലെ വൈദികരായ റവ.ഫാദര്‍ പി.സി. ജോയി കടുകും മാക്കില്‍ ഉപാദ്ധ്യക്ഷനായും റവ.ഫാദര്‍ ഏലിയാസ്‌ മണ്ണാത്തിക്കുളം മാനേജിംഗ്‌ ട്രസ്റ്റിയായും റവ.ഫാദര്‍ സൈമണ്‍ വര്‍ഗ്ഗീസ്‌ കണ്ണങ്കരേത്ത്‌ ഡയറക്‌ടര്‍ ആയും സേവനം അനുഷ്‌ഠിക്കുന്നു.


എല്ലാ ആഴ്‌ചയിലും നടത്തി വരുന്ന ശുശ്രൂഷകള്‍

എല്ലാ ബുധനാഴ്‌ചയും 10.00 മുതല്‍ 2.00 വരെ മദ്ധ്യസ്ഥപ്രാര്‍ത്ഥന
എല്ലാ വെള്ളിയാഴ്‌ചയും വൈകിട്ട്‌ 6.00 മുതല്‍ 7.30 വരെ സന്ധ്യാനമസ്‌കാരവും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും
എല്ലാ ശനിയാഴ്‌ചയും രാവിലെ 8.30 മുതല്‍ 2.00 വരെ വി.കുര്‍ബ്ബാനയും ധ്യാനവും
എല്ലാഞായറാഴ്ചയും രാവിലെ 6.30 മുതല്‍ 8.30 വരെവി.കുര്‍ബ്ബാന

പലവിധത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക്‌ കൗണ്‍സിലിങ് സൗകര്യം .

വിളിക്കേണ്ട നമ്പരുകള്‍‍

ഓഫീസ് 0485 2881971 , ഫാദര്‍ ഏലിയാസ്‌ മണ്ണാത്തിക്കുളം (Fr Alias John)9961636342, ഫാദര്‍ സൈമണ്‍ വര്‍ഗ്ഗീസ്‌ കണ്ണങ്കരേത്ത്‌ (Fr. Simon Varghese Kannankureth) 9447417867, ഫാദര്‍ ജോയി കടുകും മാക്കില്‍ (Fr. P.C. Joy) 9447606819

ഗിലയാദ്‌ മരിയന്‍ ഓഫനേജ്‌ & റിട്രീറ്റ്‌ സെന്റര്‍ പ്രോജക്ട്

ഗിലയാദ്‌ ടൈംസ്‌


കൂത്താട്ടുകുളം: വടകര ഗിലയാദ്‌ മരിയന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഗിലയാദ്‌ ടൈംസിന്റെ പ്രകാശനം 2010 ജനുവരി രണ്ടിന്‌ രാവിലെ 11-ന്‌ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. ഫാ. ബിനോയി പട്ടകുന്നേല്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. ഫാ. ഏബ്രാഹാം കാരാമേല്‍, ഫാ. ഏലിയാസ്‌ ജോണ്‍, ഫാ. സൈമണ്‍ വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഗിലയാദ്‌ മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. സൈമണ്‍ വര്‍ഗീസ്‌ കണ്ണകരേത്താണു് ഗിലയാദ്‌ ടൈംസിന്റെ എഡിറ്റര്‍.




.

വൈദിക കൂട്ടായ്‌മ നടത്തി



ഇലഞ്ഞി: ഓര്‍ത്തഡോക്‌സ്‌ സഭ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിലെ വൈദിക കൂട്ടായ്‌മ ഇലഞ്ഞി സെന്റ്‌ ഫിലോമിനാസ്‌ പബ്ലിക്‌ സ്‌കൂള്‍ ആന്‍ഡ്‌ ജൂണിയര്‍ കോളജ്‌ ഓഡിറ്റോറിയത്തില്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. വൈദികസംഘം സെക്രട്ടറി ഫാ. ബിനോയി പട്ടകുന്നേല്‍, ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍, ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം, ജോണ്‍ ചിറക്കടക്കുന്നേല്‍ കോര്‍-എപ്പിസ്‌കോപ്പ, റവ.ഡോ ജോണ്‍ ഏര്‍ണ്യാകുളത്തില്‍, ഫാ. ജോണ്‍സണ്‍ പുറ്റാനില്‍, ഫാ. ജോണ്‍ വള്ളിക്കാട്ടില്‍, ഫാ. മാത്യു കണ്ടത്തില്‍പുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു.

കൂത്താട്ടുകുളം വാര്‍‍ത്ത

പാണക്കാട് ശിഹാബു് തങ്ങളുടേതു് അപൂര്‍വ വ്യക്തിത്വം: ഡോ. തോമസ് മാര്‍ അത്തനാസ്യോസ്

മൂവാറ്റുപുഴ: മുസ്ലിങ്ങളുടെ സ്വാതന്ത്ര്യ അവകാശ പോരാട്ടത്തിന്റെ നേതാവായിരിയ്ക്കെത്തന്നെ മറ്റു് സമുദായങ്ങളെ വേദനിപ്പിക്കാതെ പ്രവര്‍ത്തിയ്ക്കുകയും പ്രകോപനപരമായ സാഹചര്യത്തില്‍പ്പോലും സമചിത്തത പാലിക്കുകയും ചെയ്ത അപൂര്‍വ വ്യക്തിത്വമായിരുന്നു അന്തരിച്ച മുസ്ലിം ലീഗ് നേതാവു് പാണക്കാട് ശിഹാബ് തങ്ങളെന്ന് മലങ്കര സഭയുടെ കണ്ടനാട് കിഴക്കു് ഭദ്രാസന അധിപന്‍‍ ഡോ. തോമസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അനുശോചന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ ചെയര്‍പേഴ്സണ്‍ മേരി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കാഞ്ഞാര്‍ അബ്ദുള്‍ റസാക്ക് മൌലവി, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, പ്രഫസര്‍ എം.പി മത്തായി, അഡ്വ. കെ.ആര്‍ സദാശിവന്‍നായര്‍, എം.ബി അബ്ദുള്‍ ഖാദര്‍ മൌലവി, എം.എ സഹീര്‍, പി.എ അബ്ദുള്‍ റസാക്ക്, എ. മുഹമ്മദ് ബഷീര്‍, ബേബി വട്ടക്കുന്നേല്‍, പി.കെ ബാബുരാജ്, കെ.എം പരീത്, കെ.എം കമാലുദീന്‍, വി.എം മുഹമ്മദ്, സുരേഷ് കുമാര്‍, എം.പി സുരേന്ദ്രന്‍, പി.എസ് രാജേഷ്, ജോയി മാളിയേക്കല്‍ ജോര്‍ജ് ഫ്രാന്‍സിസ്, സി.പി കുഞ്ഞുമുഹമ്മദ്, ഡി.കെ.എസ് കര്‍ത്താ, കെ.എം അബ്ദുള്‍ മജീദ്, പി.എ ബഷീര്‍, എം. സീതി എന്നിവരും പ്രസംഗിച്ചു.

ഗാന്ധി സ്മൃതിയും സഭയും

തോമസ്‍‍ മാര്‍ അത്താനാസിയോസ്‍‍


ഗാന്ധിജി വധിക്കപ്പെട്ടിട്ട് 1998 ജനുവരി 30--ആം തീയതി അമ്പതുവര്‍ഷം തികയുകയായിരുന്നു. ക്രൈസ്തവ സഭയുടെ പ്രസിദ്ധീകരണങ്ങളില്‍ എങ്ങും തന്നെ ഈ വസ്തുത പരാമര്‍ശമായിരുന്നില്ല. ഇന്ത്യയില്‍ ഏറ്റവും വലിയ ക്രിസ്തുസാക്ഷ്യം നല്‍കിയ മഹാത്മജി കൈമാറിയ പൈതൃകം നാം വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്തിരിക്കുന്നു എന്നല്ലേ ഇതു സൂചിപ്പിക്കുന്നത് ? ക്രിസ്തു സാക്ഷ്യത്തില്‍ ഗാന്ധിജിക്ക് സമീപമെത്താന്‍ പോലും കഴിയാത്ത പല ക്രൈസ്തവ നേതാക്കളുടേയും സ്മരണ ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കാന്‍ നാം വ്യഗ്രത ഉപയോഗപ്പെടുത്തുമ്പോള്‍, ഗാന്ധിജി ക്രൈസ്തവ സ്മരണകളില്‍ ഒളിവിതറാത്തത് നിര്‍ഭാഗ്യകരമാണ്.

സുപ്രസിദ്ധ അമേരിക്കന്‍ സുവിശേഷകനായിരുന്ന സ്റാന്‍ലി ജോണ്‍സ് ഗാന്ധിജിയില്ലാത്ത സ്വര്‍ഗ്ഗം അപൂര്‍ണ്ണമായിരിക്കും എന്ന് മിഷനറി ശൈലിയില്‍ പ്രസ്താവിച്ചത് പലരും കേട്ടിരിക്കും. ഗാന്ധിജി സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് ഉറപ്പു പറയുകയല്ല. ഗാന്ധിജിയുടെ അസാന്നിദ്ധ്യം സ്വര്‍ഗ്ഗത്തില്‍ കുറവു സൃഷ്ടിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. അതായത് ഗാന്ധിജി അവിടെ എത്തിയാല്‍ മാത്രമേ സ്വര്‍ഗ്ഗം തികവുളളതാകൂ. ഗാന്ധിജിയെക്കുറിച്ച് ത്തരമൊരു സാക്ഷ്യം വിശ്വപ്രസിദ്ധനായ ഒരു സമകാലീന സുവിശേഷകനില്‍ നിന്നുണ്ടായിയെങ്കില്‍ ഗാന്ധിജി എന്ന വ്യക്തിയും അദ്ദേഹത്തിന്റെ മാര്‍ഗ്ഗവും എത്രമാത്രം ക്രൈസ്തവമായിരുന്നു എന്ന വസ്തുതയിലേയ്ക്കാണ് ആ പ്രഖ്യാപനം വിരല്‍ ചൂണ്ടുന്നത്. അതായത് ഇന്ത്യ ജന്മം നല്‍കിയ ഏറ്റവും നല്ല ക്രിസ്ത്യാനി എന്ന് നാം അദ്ദേഹത്തെ മനസ്സിലാക്കി ആദരിക്കേണ്ടതാണന്നര്‍ത്ഥം. അതിനാല്‍ ഗാന്ധിജിയും അദ്ദേഹം പ്രചരിപ്പിച്ച ആശയങ്ങളും അദ്ദേഹത്തിന്റെ ജീവിതവും ക്രൈസ്തവ ലോകത്തിന് വിസമൃതമാകുന്നതു് തികച്ചും കുറ്റകരമാണ്.

ക്രൈസ്തവ സഭ സംഘടിത മതപ്രസ്ഥാനമായിട്ടല്ല ഉരുത്തിരിഞ്ഞത്. യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയില്‍ ആകൃഷ്ടരായ ഒരുകൂട്ടം ആളുകളായിരുന്നു ആദിമസഭ. ക്രിസ്തുവുമായുളള ആളത്തബന്ധത്തില്‍ അദ്ദേഹത്തിന്റെ ദൗത്യം ലോകാന്തത്തോളം സകല ജനങ്ങളുടെ ഇടയിലും നിര്‍വ്വഹിക്കുകയായിരുന്നു ആ സമൂഹത്തിന്റെ താല്‍പ്പര്യം. ക്രിസ്തുവില്‍ ആരംഭിച്ച ആ വിമോചന പ്രക്രിയയുടെ കാലിക സാക്ഷ്യമാണ് സമൂഹത്തെ സഭയാക്കുന്നത്. ആചാരാനുഷ്ഠാനങ്ങളുടെ യാഥാസ്ഥിതികഭാവങ്ങളില്‍ കുരുങ്ങിക്കിടന്ന്, സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മല്ലടിക്കുകയും അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ മത്സരിക്കുകയും ചെയ്യുമ്പോള്‍ സഭയ്ക്ക് അതിന്റെ യഥാര്‍ത്ഥ വിളിയും സ്വഭാവവും പ്രകടമാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ക്രിസ്തുവിന്റെ ദൌത്യം കാലികവത്കരിക്കുന്ന വ്യക്തിയും സമൂഹവുമാണ് ക്രിസ്തു സാക്ഷ്യം നിര്‍വ്വഹിക്കുന്നത് എന്ന കാഴ്ചപ്പാട് മൌലികമാണ്. പാപികള്‍, രോഗികള്‍, തിരസ്കൃതര്‍, ദദിദ്രര്‍, പീഡിതര്‍, അബലര്‍ തുടങ്ങി യാതന അനുഭവിക്കുന്നവരെയെല്ലാം കൂട്ടിച്ചേര്‍ത്ത് ദൈവരാജ്യ സ്ഥാപനത്തിനു് പ്രാരംഭം കുറിച്ചപ്പോള്‍ തന്റെ ശിഷ്യ ഗണത്തെ ഒരു വിമോചന സമൂഹമായിട്ടാണ് ക്രിസ്തു കണ്ടത്. ഹിംസയും അധികാര തേര്‍വാഴ്ചയും നടന്നിരുന്ന സമൂഹത്തില്‍ ദൈവത്തിന്റെ പിതൃത്വത്തിനും മനുഷ്യ സാഹോദര്യത്തിനും ഊന്നല്‍ കൊടുത്തുകൊണ്ട് നീതിനിഷ്ഠമായ കൂട്ടായ്മയിലൂടെ ഒരു പുത്തന്‍ സമൂഹത്തിന് രൂപം കൊടുക്കുകയായിരുന്നു ക്രിസ്തു ചെയ്തത്. ഈ സമൂഹത്തിന്റെ ചുമതലയാകട്ടെ ദൈവിക പിതൃത്വം അംഗീകരിച്ചുകൊണ്ട് ലോകത്തെ നീതി, സ്നേഹം, പങ്കാളിത്തം, സമാധാനം എന്നിവ നിറഞ്ഞ സമൂഹമായി (community) പരിവര്‍ത്തനം ചെയ്യുകയായിരുന്നു. പരിവര്‍ത്തന വിധേയമായ ഈ സമൂഹത്തെ ദൈവരാജ്യം എന്ന് യേശു വിളിച്ചു. ഈ ദൈവരാജ്യസാക്ഷ്യം എവിടെയൊക്കെ നടക്കുന്നുവോ അവിടെയെല്ലാം ദൈവിക പ്രവര്‍ത്തനമാണ് നിര്‍വ്വഹിക്കപ്പെടുന്നത്. അതുകൊണ്ട് ഗാന്ധിജി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തീയ ജീവിതത്തിന്റെ ആധികാരിക ദൌത്യ നിര്‍വ്വഹണമാണ് നടത്തിയതെന്നു പറയാം.

യേശുക്രിസ്തുവില്‍ ദൈവേഷ്ടത്തിന് വിധേയനായ മനുഷ്യന്റെ പൂര്‍ണ്ണരൂപമാണ് വെളിപ്പെട്ടത്. ആ പുതിയ മനുഷ്യത്വത്തിന്റെ സാമൂഹികഭാവമാണ് ക്രിസ്തുവിന്റെ ശിഷ്യസമൂഹം. അവര്‍ പുതിയ മാനവീകതയുടെ സാക്ഷികളാണ്. അവരുടെ ചുമതല ക്രിസ്തുസഭയുടെ അംഗബലം വര്‍ദ്ധിപ്പികയല്ല. ക്രിസ്തുവിന്റെ ജീവിതത്തെ സ്വന്ത ജീവിതത്തില്‍ എല്ലാ കാലത്തും എല്ലാ സമൂഹങ്ങളിലും വെളിപ്പെടുത്തുകയാണ്. അതായത് ദൈവരാജ്യമൂല്യങ്ങളുടെ വ്യാപനത്തിനായി സ്വന്തജീവിതസാക്ഷ്യത്തിലൂടെ സമൂഹത്തെ ഗുണപരമായി വ്യത്യാസപ്പെടുത്താന്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഈ വിമോചന ദൌത്യം വിസ്മരിക്കുന്നതോടെ സഭ നിര്‍ജ്ജീവമാവുകയാണ്.

ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചതു് ഗാന്ധിജിയെ കണ്ടെത്താനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ്. ഗാന്ധിജിയുടെ ജീവിതത്തില്‍ ക്രിസ്തു ശിഷ്യത്വത്തിന്റെ ആധുനിക ഭാവമാണ് നാം ദര്‍ശിക്കുന്നത്. യേശു വിളംബരം ചെയ്ത ദൈവരാജ്യ സങ്കല്‍പ്പത്തിന്റെ കാലിക പ്രസക്തിയെന്തെന്നു് രണ്ടായിരം വര്‍ഷത്തിനുശേഷം ഗാന്ധിജി തെളിയിക്കുകയായിരുന്നു. ആശയപരമായ പുനരാവിഷ്കാരം മാത്രമായിരുന്നില്ല; സാമൂഹ്യ - രാഷ്ട്രീയ - സാമ്പത്തിക മണ്ഡലങ്ങളില്‍ ക്രിസ്തീയ സാക്ഷ്യം സാധ്യമാകും എന്ന ബോദ്ധ്യപ്പെടുത്തലായിരുന്നു അത്. പടിഞ്ഞാറന്‍ വേദശാസ്ത്രത്തിലെ ഭൌമിക ദൈവരാജ്യ സങ്കല്പങ്ങളും അവ തമ്മില്‍ അനിവാര്യമായി നിലനില്‍ക്കേണ്ട സംഘര്‍ഷവും അതിലില്ല. പ്രത്യുത, മനുഷ്യന്റെ സാമൂഹിക ജീവിതത്തെ അതിന്റെ സമഷ്ടതയില്‍ ദൈവിക മൂല്യങ്ങളില്‍ അധിഷ്ഠിതമായി രൂപാന്തരപ്പെടുത്തുന്ന പുതിയ സമൂഹ സങ്കല്‍പ്പത്തിന്റെ സാധ്യതയാണ് ദര്‍ശിക്കുന്നത്. പേര് ദൈവരാജ്യം എന്നതിനുപകരം രാമരാജ്യം ആണെന്നു മാത്രം. സഭയുടെ സാങ്കേതികത്വത്തെക്കൊണ്ട് ഗാന്ധിജിയിലെ ക്രിസ്തീയത മൂടിവെയ്ക്കാനാവില്ല.

അതുകൊണ്ട് ക്രൈസ്തവ സഭയ്ക്ക് മതനിരപേക്ഷ ആത്മീയ പ്രസ്ഥാനമായി രൂപം പ്രാപിക്കണമെങ്കില്‍ ഇന്ത്യയില്‍ ഗാന്ധിജിയേയും ഗാന്ധി മാര്‍ഗ്ഗത്തേയും വിസ്മരിച്ചുകൊണ്ട് സാധ്യമാവുകയില്ല. രണ്ടായിരം വര്‍ഷം മുമ്പ് യേശു ദര്‍ശിച്ച ദൈവരാജ്യം ആശയതലത്തില്‍ ഉള്‍ക്കൊണ്ട് ഭാരതീയ യാഥാര്‍ത്ഥ്യങ്ങളുമായുളള ബന്ധത്തില്‍ പ്രായോഗികമാക്കിയത് ഗാന്ധിജിയാണ്. മാത്രമല്ല നിലവിലുളള സംവിധാനങ്ങള്‍ക്ക് ഇന്നൊരു ബദല്‍ ചിന്താധാരക്ക് ആശയപരവും ഘടനപരവുമായ സംവിധാനത്തിനുളള വെല്ലുവിളി ഉയര്‍ത്തുന്നതില്‍ വിജയിക്കുന്നത് ഗാന്ധിമാര്‍ഗ്ഗം മാത്രമാണ്. അതുകൊണ്ട് സഭയ്ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുളള ഒരു പുതിയ അവസരവും സാധ്യതയും തുറന്നുകിട്ടിയിരിക്കുകയാണ്.

ഗാന്ധിജിയുടെ വിമോചന സങ്കല്‍പ്പത്തെ വിശകലനം ചെയ്താല്‍ ക്രിസ്തുവിന്റേതില്‍ നിന്ന് ഭിന്നമല്ലെന്ന് വ്യക്തമാകുന്നതാണ്. ക്രിസ്തുവിന്റെ വിമോചന ദര്‍ശനം ഭൌതികതയുടെ നിഷേധമോ, അതില്‍ നിന്നുളള സ്വാതന്ത്ര്യമോ അല്ല ദൈവസൃഷ്ടിയുടെ പൂര്‍ണ്ണതയും വിധിയിലുളള പൂര്‍ത്തീകരണവുമാണ് സകല പ്രാപഞ്ചിക സൃഷ്ടികളേയും സ്വാതന്ത്യ്രത്തിലേക്കും പൂര്‍ണ്ണ വികസിതാവസ്ഥയിലേക്കും എത്തിക്കുകയാണു് വിമോചനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്രിസ്തുവിന്റെ വീണ്ടെടുപ്പ് സങ്കല്‍പ്പത്തിന്റെയും ഉളളടക്കം ഇതുതന്നെയാണ്.

അതുപോലെതന്നെ ദൈവരാജ്യ സ്ഥാപനത്തിന് വിഘാതമായി നില്‍ക്കുന്ന മാമ്മൂലുകള്‍, വ്യക്തികള്‍, ഘടനകള്‍ തുടങ്ങിയവയെയെല്ലാം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയല്ല. മനുഷ്യത്വവല്‍ക്കരിക്കുകയും വിമോചന പ്രക്രിയയില്‍ പങ്കുചേര്‍ക്കുകയുമണാവശ്യം. അതായത് ചൂഷകന്റെയും ചൂഷിതന്റേയും പരസ്പര സ്ഥാനമാറ്റ (mutual role change) ത്തിലൂടെ നീതിയും സമാധാനവും കൈവരിക്കാനാവുകയില്ല. ചൂഷകന്‍ തന്റെ മനോഭാവത്തില്‍ വ്യത്യാസം വരുത്തി ചൂഷിതനെ അംഗീകരിച്ച് സഹോദരനായി പരിഗണിച്ച്, അവന്റെ ആവശ്യങ്ങള്‍ അവകാശങ്ങളായെണ്ണി പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്. ഈ ബന്ധമാറ്റത്തില്‍ വിദ്വേഷവും കാലുഷ്യവും മാറി ക്ഷേമവും, സ്നേഹവും നിറയുന്നു. അതുകൊണ്ട് ഗാന്ധിയന്‍ സാമൂഹ്യചിന്തയില്‍ നിര്‍ബന്ധപൂര്‍വ്വമല്ലാതെ എല്ലാവരും പങ്കാളിത്തം സംഭൃതൃത്വത്തില്‍ എത്തിച്ചേരുന്നതാണ് രാമരാജ്യം. ഇതുതന്നെയാണ് രക്ഷയും ദൈവരാജ്യവും സംബന്ധിച്ച ക്രൈസ്തവ സങ്കല്‍പ്പവും. അവമാനവീകരിക്കപ്പെട്ട സംവിധാനങ്ങളുടെ മാനവീകരണമാണ് വീണ്ടെടുപ്പായി കിസ്തു കാണുന്നത്.

ഇതിലേക്കുളള വഴിയെ സംബന്ധിച്ചും ക്രിസ്തുവിന്റെ കാഴ്ചപ്പാടു തന്നെയാണ് ഗാന്ധിജിക്കുമുളളത്. അക്രമത്തിന്റെ പാതയിലൂടെയോ, ബാഹ്യസമ്മര്‍ദ്ദങ്ങള്‍ വിധേയമാക്കിയോ ഉളള നീതി - സമാധാന സ്ഥാപനം നിലനില്‍ക്കുന്നതല്ല. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിലൂടെ നീതിനിഷ്ഠസമൂഹം സ്ഥാപിക്കാമെന്ന കമ്മ്യൂണിസ്റ്റ് ചിന്തയിലെ സങ്കല്‍പ്പം ഇതിനോടകം പൊളിഞ്ഞ് കഴിഞ്ഞു. എന്നാല്‍ സ്നേഹത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായ ക്രിസ്ത്യന്‍ - ഗാന്ധിയന്‍ സങ്കേതത്തിന് ശൈഥില്യമോ, കാലഹരണമോ ഇല്ല. മനുഷ്യനെ സ്നേഹിക്കാനും, കരുതാനും കഴിയുന്ന വ്യക്തികളുടെ സാന്നിദ്ധ്യ ഇടപെടലുകള്‍ നിമിത്തവും അവര്‍ പ്രയോഗിക്കുന്ന ധാര്‍മ്മിക സ്വാധീനം കൊണ്ടും മാത്രമേ സമൂഹത്തിന്റെ നീതിനിഷ്ഠമായ പുനഃസൃഷ്ടി നടക്കുകയുളളൂ. ബലപ്രയോഗത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന നീതിവ്യവസ്ഥയില്‍ ബലപ്രയോഗത്തിന് വിധേയരായവര്‍ക്ക് പങ്കാളിത്തം ഇല്ലാതെ വരും. ഇപ്പറഞ്ഞതില്‍ നിന്ന് മാര്‍ഗ്ഗത്തിന്റെ പരിശുദ്ധിയുംധാര്‍മ്മിക അടിത്തറയും നീതിനിഷ്ഠസമൂഹത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അനിവാര്യമാണെന്ന് വ്യക്തമാകുന്നു.

ഇന്നും ഹിംസാത്മക സമീപനമാണ് പ്രബലം. മത- സാമൂഹ്യ- രാഷ്ട്രീയ- ശാസ്ത്രീയ- സാമ്പത്തിക രംഗങ്ങള്‍ ഒന്നും ഇതിനപവാദമല്ല. ബലമാണിന്നും അതിജീവന (survival) ത്തിന്റെ മാനദണ്ഡമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തളളപ്പെടുത്തുന്നവരുടെ ബലപ്പെടുത്തല്‍ നീതിനിഷ്ഠസമൂഹത്തിന് മാര്‍ഗ്ഗമായി അംഗീകരിക്കപ്പെടുന്നു. ഇത് ശരിയായ വഴിയല്ല. വളരേണ്ടത് സ്നേഹവും, സാഹോദര്യവും പങ്കാളിത്തവുമാണ്. സ്ത്രീകളുടെ സംരക്ഷണത്തിന് അവരെ കരാട്ടെ അഭ്യസിപ്പിക്കുകയും സായുധരാക്കുകയും ചെയ്യുന്നത് പരിഹാരമാകുമെന്ന് തോന്നുന്നുണ്ടോ? ധാര്‍മ്മിക അവസ്ഥയില്ലാത്തിടത്തെ ശക്തീകരണം കൂടുതലും സംഘര്‍ഷങ്ങള്‍ക്കും ശാക്തീക ചേരികളുടെ ഏറ്റുമുട്ടലിനുമേ വഴിതെളിക്കൂ. അതുകൊണ്ടാണ് അത് ഹിംസാത്മക സമീപനമാണെന്ന് പറഞ്ഞത്. അത് പഴയ കാട്ടുനീതിയുടെ അവശേഷിപ്പു് മാത്രമാണ്. സഹവര്‍ത്തിത്വത്തിന് ആവശ്യവും പ്രചോദനകരവും സഹന യജ്ഞമാണ്. ഇതാണ് സഭയുടെ അടിസ്ഥാന സ്വഭാവം. അങ്ങനെയെങ്കില്‍ ഭാരതസഭകള്‍ എവിടെയാണ് എത്തിനില്‍ക്കുന്നതെന്ന് ഒരു ആത്മ വിമര്‍ശനം നടത്തേണ്ടിവരും. എന്നാല്‍ ക്രിസ്തുവും ഗാന്ധിജിയും അക്രമത്തില്‍ വിശ്വസിച്ചില്ല. ദുര്‍ബലതയുടെ ബലമാണു് (power of powerlessness) രണ്ടുപേരും ശക്തിദുര്‍ഗങ്ങളെ തകര്‍ക്കാന്‍ സ്നേഹ-സഹന മന്ത്രങ്ങളിലൂടെ ഉദ്ദീപിപ്പിച്ചത്.

നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കുകയല്ല സഭയുടെ വിളി. ലോകത്തിന്റെ ശുശ്രൂഷയാണ്. അതിനുവേണ്ടി അംഗങ്ങളെ സജ്ജരാക്കുകയാണ് സഭ ചെയ്യേണ്ടത്. ക്രിസ്തു മറ്റുളളവര്‍ക്കുവേണ്ടിയാണ് ജീവിച്ചതെങ്കില്‍ അതു സഭയുടെ മൌലിക ഭാവമാണ്; വിളിയാണ്. ആ സമീപനമാണ് സഭാമക്കള്‍ക്ക് സമൂഹത്തോട് ഉണ്ടാകേണ്ടത്. ഗാന്ധിജിയും മറ്റൊന്നല്ല ചെയ്തത്. തന്റെ വ്യക്തിജീവിതത്തില്‍ അധികാരസ്ഥാനങ്ങള്‍, ഉപഭോഗസുഖം ആര്‍ഭാടം തുടങ്ങിയവയെല്ലാം അദ്ദേഹം വര്‍ജ്ജിച്ചെന്നു മാത്രമല്ല കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍‍‍ പോലും അദ്ദേഹം പരിഗണിച്ചില്ല. ഭരണ കൈമാറ്റം നടന്ന അര്‍ദ്ധരാത്രിയില്‍ അദ്ദേഹം ആ രംഗത്തേയും ഉണ്ടായിരുന്നില്ല. അങ്ങകലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കെതിരെ ശാന്തിമന്ത്രം ജപിച്ച് സത്യാഗ്രഹം അനുഷ്ഠിക്കുകയായിരുന്നു. കോണ്‍ഗ്രസ് നീതിയുടെയും സത്യത്തിന്റെയും സാക്ഷിയായി വര്‍ത്തിക്കണം എന്നതായിരുന്നു ഗാന്ധിജിയുടെ നിര്‍ബന്ധം. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പ്രഖ്യാപിച്ച മഹാത്മജിയുടെ സമീപനം സഭയ്ക്കിന്ന് എത്രമാത്രം അംഗീകരിക്കുവാനും അനുകരിക്കുവാനും കഴിയുമെന്ന് ചിന്തിക്കണം. യേശുവിന്റെയും ഗാന്ധിജിയുടെയും കാഴ്ചപ്പാടില്‍ പ്രപഞ്ചനിയമം പരിത്യക്തന്റെ സംരക്ഷണമാണ്. പ്രപഞ്ചനിയമത്തിന്റെ സഹന സാക്ഷ്യമായിരുന്നു അവരുടെ ജീവിതം. ഇതിനോടുളള സഭയുടെ അനുകൂലപ്രതികരണമായിരിക്കും സഭക്ക് അതിന്റെ പ്രസക്തിയും നിലനില്‍പിനുളള അര്‍ഹതയും നല്‍കുക.

പുതിയ സാമ്പത്തിക നയത്തെ വിമര്‍ശനാത്മകമായി വിലയിരുത്തി പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യവും, ധൂര്‍ത്തും, അഴിമതിയും, സുഖലോലുപത്വത്തോടുളള ആസക്തിയുമെല്ലാം വര്‍ദ്ധിച്ച ഇക്കാലത്ത് സഭക്ക് ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെങ്കില്‍ മഹാത്മജിയെ മാതൃകയാക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. അതുകൊണ്ട് ഗാന്ധിജിയെ സമൂഹത്തില്‍ ഉയര്‍ത്തിക്കാണിച്ച്, ആ ജീവിതക്രമം സ്വാംശീകരിക്കുവാന്‍ സഭ പ്രേരകമായിത്തീരണം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാര്‍ഷികം ആചരിക്കുമ്പോള്‍, ഇന്ത്യയെക്കുറിച്ചുളള ആ പുണ്യാത്മാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുകയായിരിക്കും സഭയുടെ ഇക്കാലത്തെ വെല്ലുവിളിയെന്നു കണ്ടെത്താം.

- - -
1998 മാര്‍ച്ച് 15-ലെ ഡയോസിസന്‍ ബുള്ളറ്റിനില്‍ നിന്നും.

ഡോ. തോമസ്‍‍ മാര്‍ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്തയുടെ മുകളില്‍‍ ചേര്‍‍ത്തിരിയ്ക്കുന്ന ഫോട്ടോ പൊതുസഞ്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്‌.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.