ഈ ലേഖയില്‍‍ തിരയുക

ഗാന്ധി സ്മൃതിയും സഭയും

തോമസ്‍‍ മാര്‍ അത്താനാസിയോസ്‍‍


ഗാന്ധിജി വധിക്കപ്പെട്ടിട്ട് 1998 ജനുവരി 30--ആം തീയതി അമ്പതുവര്‍ഷം തികയുകയായിരുന്നു. ക്രൈസ്തവ സഭയുടെ പ്രസിദ്ധീകരണങ്ങളില്‍ എങ്ങും തന്നെ ഈ വസ്തുത പരാമര്‍ശമായിരുന്നില്ല. ഇന്ത്യയില്‍ ഏറ്റവും വലിയ ക്രിസ്തുസാക്ഷ്യം നല്‍കിയ മഹാത്മജി കൈമാറിയ പൈതൃകം നാം വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്തിരിക്കുന്നു എന്നല്ലേ ഇതു സൂചിപ്പിക്കുന്നത് ? ക്രിസ്തു സാക്ഷ്യത്തില്‍ ഗാന്ധിജിക്ക് സമീപമെത്താന്‍ പോലും കഴിയാത്ത പല ക്രൈസ്തവ നേതാക്കളുടേയും സ്മരണ ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കാന്‍ നാം വ്യഗ്രത ഉപയോഗപ്പെടുത്തുമ്പോള്‍, ഗാന്ധിജി ക്രൈസ്തവ സ്മരണകളില്‍ ഒളിവിതറാത്തത് നിര്‍ഭാഗ്യകരമാണ്.

സുപ്രസിദ്ധ അമേരിക്കന്‍ സുവിശേഷകനായിരുന്ന സ്റാന്‍ലി ജോണ്‍സ് ഗാന്ധിജിയില്ലാത്ത സ്വര്‍ഗ്ഗം അപൂര്‍ണ്ണമായിരിക്കും എന്ന് മിഷനറി ശൈലിയില്‍ പ്രസ്താവിച്ചത് പലരും കേട്ടിരിക്കും. ഗാന്ധിജി സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന് ഉറപ്പു പറയുകയല്ല. ഗാന്ധിജിയുടെ അസാന്നിദ്ധ്യം സ്വര്‍ഗ്ഗത്തില്‍ കുറവു സൃഷ്ടിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. അതായത് ഗാന്ധിജി അവിടെ എത്തിയാല്‍ മാത്രമേ സ്വര്‍ഗ്ഗം തികവുളളതാകൂ. ഗാന്ധിജിയെക്കുറിച്ച് ത്തരമൊരു സാക്ഷ്യം വിശ്വപ്രസിദ്ധനായ ഒരു സമകാലീന സുവിശേഷകനില്‍ നിന്നുണ്ടായിയെങ്കില്‍ ഗാന്ധിജി എന്ന വ്യക്തിയും അദ്ദേഹത്തിന്റെ മാര്‍ഗ്ഗവും എത്രമാത്രം ക്രൈസ്തവമായിരുന്നു എന്ന വസ്തുതയിലേയ്ക്കാണ് ആ പ്രഖ്യാപനം വിരല്‍ ചൂണ്ടുന്നത്. അതായത് ഇന്ത്യ ജന്മം നല്‍കിയ ഏറ്റവും നല്ല ക്രിസ്ത്യാനി എന്ന് നാം അദ്ദേഹത്തെ മനസ്സിലാക്കി ആദരിക്കേണ്ടതാണന്നര്‍ത്ഥം. അതിനാല്‍ ഗാന്ധിജിയും അദ്ദേഹം പ്രചരിപ്പിച്ച ആശയങ്ങളും അദ്ദേഹത്തിന്റെ ജീവിതവും ക്രൈസ്തവ ലോകത്തിന് വിസമൃതമാകുന്നതു് തികച്ചും കുറ്റകരമാണ്.

ക്രൈസ്തവ സഭ സംഘടിത മതപ്രസ്ഥാനമായിട്ടല്ല ഉരുത്തിരിഞ്ഞത്. യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയില്‍ ആകൃഷ്ടരായ ഒരുകൂട്ടം ആളുകളായിരുന്നു ആദിമസഭ. ക്രിസ്തുവുമായുളള ആളത്തബന്ധത്തില്‍ അദ്ദേഹത്തിന്റെ ദൗത്യം ലോകാന്തത്തോളം സകല ജനങ്ങളുടെ ഇടയിലും നിര്‍വ്വഹിക്കുകയായിരുന്നു ആ സമൂഹത്തിന്റെ താല്‍പ്പര്യം. ക്രിസ്തുവില്‍ ആരംഭിച്ച ആ വിമോചന പ്രക്രിയയുടെ കാലിക സാക്ഷ്യമാണ് സമൂഹത്തെ സഭയാക്കുന്നത്. ആചാരാനുഷ്ഠാനങ്ങളുടെ യാഥാസ്ഥിതികഭാവങ്ങളില്‍ കുരുങ്ങിക്കിടന്ന്, സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മല്ലടിക്കുകയും അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ മത്സരിക്കുകയും ചെയ്യുമ്പോള്‍ സഭയ്ക്ക് അതിന്റെ യഥാര്‍ത്ഥ വിളിയും സ്വഭാവവും പ്രകടമാക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ക്രിസ്തുവിന്റെ ദൌത്യം കാലികവത്കരിക്കുന്ന വ്യക്തിയും സമൂഹവുമാണ് ക്രിസ്തു സാക്ഷ്യം നിര്‍വ്വഹിക്കുന്നത് എന്ന കാഴ്ചപ്പാട് മൌലികമാണ്. പാപികള്‍, രോഗികള്‍, തിരസ്കൃതര്‍, ദദിദ്രര്‍, പീഡിതര്‍, അബലര്‍ തുടങ്ങി യാതന അനുഭവിക്കുന്നവരെയെല്ലാം കൂട്ടിച്ചേര്‍ത്ത് ദൈവരാജ്യ സ്ഥാപനത്തിനു് പ്രാരംഭം കുറിച്ചപ്പോള്‍ തന്റെ ശിഷ്യ ഗണത്തെ ഒരു വിമോചന സമൂഹമായിട്ടാണ് ക്രിസ്തു കണ്ടത്. ഹിംസയും അധികാര തേര്‍വാഴ്ചയും നടന്നിരുന്ന സമൂഹത്തില്‍ ദൈവത്തിന്റെ പിതൃത്വത്തിനും മനുഷ്യ സാഹോദര്യത്തിനും ഊന്നല്‍ കൊടുത്തുകൊണ്ട് നീതിനിഷ്ഠമായ കൂട്ടായ്മയിലൂടെ ഒരു പുത്തന്‍ സമൂഹത്തിന് രൂപം കൊടുക്കുകയായിരുന്നു ക്രിസ്തു ചെയ്തത്. ഈ സമൂഹത്തിന്റെ ചുമതലയാകട്ടെ ദൈവിക പിതൃത്വം അംഗീകരിച്ചുകൊണ്ട് ലോകത്തെ നീതി, സ്നേഹം, പങ്കാളിത്തം, സമാധാനം എന്നിവ നിറഞ്ഞ സമൂഹമായി (community) പരിവര്‍ത്തനം ചെയ്യുകയായിരുന്നു. പരിവര്‍ത്തന വിധേയമായ ഈ സമൂഹത്തെ ദൈവരാജ്യം എന്ന് യേശു വിളിച്ചു. ഈ ദൈവരാജ്യസാക്ഷ്യം എവിടെയൊക്കെ നടക്കുന്നുവോ അവിടെയെല്ലാം ദൈവിക പ്രവര്‍ത്തനമാണ് നിര്‍വ്വഹിക്കപ്പെടുന്നത്. അതുകൊണ്ട് ഗാന്ധിജി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ക്രിസ്തീയ ജീവിതത്തിന്റെ ആധികാരിക ദൌത്യ നിര്‍വ്വഹണമാണ് നടത്തിയതെന്നു പറയാം.

യേശുക്രിസ്തുവില്‍ ദൈവേഷ്ടത്തിന് വിധേയനായ മനുഷ്യന്റെ പൂര്‍ണ്ണരൂപമാണ് വെളിപ്പെട്ടത്. ആ പുതിയ മനുഷ്യത്വത്തിന്റെ സാമൂഹികഭാവമാണ് ക്രിസ്തുവിന്റെ ശിഷ്യസമൂഹം. അവര്‍ പുതിയ മാനവീകതയുടെ സാക്ഷികളാണ്. അവരുടെ ചുമതല ക്രിസ്തുസഭയുടെ അംഗബലം വര്‍ദ്ധിപ്പികയല്ല. ക്രിസ്തുവിന്റെ ജീവിതത്തെ സ്വന്ത ജീവിതത്തില്‍ എല്ലാ കാലത്തും എല്ലാ സമൂഹങ്ങളിലും വെളിപ്പെടുത്തുകയാണ്. അതായത് ദൈവരാജ്യമൂല്യങ്ങളുടെ വ്യാപനത്തിനായി സ്വന്തജീവിതസാക്ഷ്യത്തിലൂടെ സമൂഹത്തെ ഗുണപരമായി വ്യത്യാസപ്പെടുത്താന്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഈ വിമോചന ദൌത്യം വിസ്മരിക്കുന്നതോടെ സഭ നിര്‍ജ്ജീവമാവുകയാണ്.

ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചതു് ഗാന്ധിജിയെ കണ്ടെത്താനുളള ശ്രമത്തിന്റെ ഭാഗമായിട്ടാണ്. ഗാന്ധിജിയുടെ ജീവിതത്തില്‍ ക്രിസ്തു ശിഷ്യത്വത്തിന്റെ ആധുനിക ഭാവമാണ് നാം ദര്‍ശിക്കുന്നത്. യേശു വിളംബരം ചെയ്ത ദൈവരാജ്യ സങ്കല്‍പ്പത്തിന്റെ കാലിക പ്രസക്തിയെന്തെന്നു് രണ്ടായിരം വര്‍ഷത്തിനുശേഷം ഗാന്ധിജി തെളിയിക്കുകയായിരുന്നു. ആശയപരമായ പുനരാവിഷ്കാരം മാത്രമായിരുന്നില്ല; സാമൂഹ്യ - രാഷ്ട്രീയ - സാമ്പത്തിക മണ്ഡലങ്ങളില്‍ ക്രിസ്തീയ സാക്ഷ്യം സാധ്യമാകും എന്ന ബോദ്ധ്യപ്പെടുത്തലായിരുന്നു അത്. പടിഞ്ഞാറന്‍ വേദശാസ്ത്രത്തിലെ ഭൌമിക ദൈവരാജ്യ സങ്കല്പങ്ങളും അവ തമ്മില്‍ അനിവാര്യമായി നിലനില്‍ക്കേണ്ട സംഘര്‍ഷവും അതിലില്ല. പ്രത്യുത, മനുഷ്യന്റെ സാമൂഹിക ജീവിതത്തെ അതിന്റെ സമഷ്ടതയില്‍ ദൈവിക മൂല്യങ്ങളില്‍ അധിഷ്ഠിതമായി രൂപാന്തരപ്പെടുത്തുന്ന പുതിയ സമൂഹ സങ്കല്‍പ്പത്തിന്റെ സാധ്യതയാണ് ദര്‍ശിക്കുന്നത്. പേര് ദൈവരാജ്യം എന്നതിനുപകരം രാമരാജ്യം ആണെന്നു മാത്രം. സഭയുടെ സാങ്കേതികത്വത്തെക്കൊണ്ട് ഗാന്ധിജിയിലെ ക്രിസ്തീയത മൂടിവെയ്ക്കാനാവില്ല.

അതുകൊണ്ട് ക്രൈസ്തവ സഭയ്ക്ക് മതനിരപേക്ഷ ആത്മീയ പ്രസ്ഥാനമായി രൂപം പ്രാപിക്കണമെങ്കില്‍ ഇന്ത്യയില്‍ ഗാന്ധിജിയേയും ഗാന്ധി മാര്‍ഗ്ഗത്തേയും വിസ്മരിച്ചുകൊണ്ട് സാധ്യമാവുകയില്ല. രണ്ടായിരം വര്‍ഷം മുമ്പ് യേശു ദര്‍ശിച്ച ദൈവരാജ്യം ആശയതലത്തില്‍ ഉള്‍ക്കൊണ്ട് ഭാരതീയ യാഥാര്‍ത്ഥ്യങ്ങളുമായുളള ബന്ധത്തില്‍ പ്രായോഗികമാക്കിയത് ഗാന്ധിജിയാണ്. മാത്രമല്ല നിലവിലുളള സംവിധാനങ്ങള്‍ക്ക് ഇന്നൊരു ബദല്‍ ചിന്താധാരക്ക് ആശയപരവും ഘടനപരവുമായ സംവിധാനത്തിനുളള വെല്ലുവിളി ഉയര്‍ത്തുന്നതില്‍ വിജയിക്കുന്നത് ഗാന്ധിമാര്‍ഗ്ഗം മാത്രമാണ്. അതുകൊണ്ട് സഭയ്ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുളള ഒരു പുതിയ അവസരവും സാധ്യതയും തുറന്നുകിട്ടിയിരിക്കുകയാണ്.

ഗാന്ധിജിയുടെ വിമോചന സങ്കല്‍പ്പത്തെ വിശകലനം ചെയ്താല്‍ ക്രിസ്തുവിന്റേതില്‍ നിന്ന് ഭിന്നമല്ലെന്ന് വ്യക്തമാകുന്നതാണ്. ക്രിസ്തുവിന്റെ വിമോചന ദര്‍ശനം ഭൌതികതയുടെ നിഷേധമോ, അതില്‍ നിന്നുളള സ്വാതന്ത്ര്യമോ അല്ല ദൈവസൃഷ്ടിയുടെ പൂര്‍ണ്ണതയും വിധിയിലുളള പൂര്‍ത്തീകരണവുമാണ് സകല പ്രാപഞ്ചിക സൃഷ്ടികളേയും സ്വാതന്ത്യ്രത്തിലേക്കും പൂര്‍ണ്ണ വികസിതാവസ്ഥയിലേക്കും എത്തിക്കുകയാണു് വിമോചനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്രിസ്തുവിന്റെ വീണ്ടെടുപ്പ് സങ്കല്‍പ്പത്തിന്റെയും ഉളളടക്കം ഇതുതന്നെയാണ്.

അതുപോലെതന്നെ ദൈവരാജ്യ സ്ഥാപനത്തിന് വിഘാതമായി നില്‍ക്കുന്ന മാമ്മൂലുകള്‍, വ്യക്തികള്‍, ഘടനകള്‍ തുടങ്ങിയവയെയെല്ലാം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയല്ല. മനുഷ്യത്വവല്‍ക്കരിക്കുകയും വിമോചന പ്രക്രിയയില്‍ പങ്കുചേര്‍ക്കുകയുമണാവശ്യം. അതായത് ചൂഷകന്റെയും ചൂഷിതന്റേയും പരസ്പര സ്ഥാനമാറ്റ (mutual role change) ത്തിലൂടെ നീതിയും സമാധാനവും കൈവരിക്കാനാവുകയില്ല. ചൂഷകന്‍ തന്റെ മനോഭാവത്തില്‍ വ്യത്യാസം വരുത്തി ചൂഷിതനെ അംഗീകരിച്ച് സഹോദരനായി പരിഗണിച്ച്, അവന്റെ ആവശ്യങ്ങള്‍ അവകാശങ്ങളായെണ്ണി പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്. ഈ ബന്ധമാറ്റത്തില്‍ വിദ്വേഷവും കാലുഷ്യവും മാറി ക്ഷേമവും, സ്നേഹവും നിറയുന്നു. അതുകൊണ്ട് ഗാന്ധിയന്‍ സാമൂഹ്യചിന്തയില്‍ നിര്‍ബന്ധപൂര്‍വ്വമല്ലാതെ എല്ലാവരും പങ്കാളിത്തം സംഭൃതൃത്വത്തില്‍ എത്തിച്ചേരുന്നതാണ് രാമരാജ്യം. ഇതുതന്നെയാണ് രക്ഷയും ദൈവരാജ്യവും സംബന്ധിച്ച ക്രൈസ്തവ സങ്കല്‍പ്പവും. അവമാനവീകരിക്കപ്പെട്ട സംവിധാനങ്ങളുടെ മാനവീകരണമാണ് വീണ്ടെടുപ്പായി കിസ്തു കാണുന്നത്.

ഇതിലേക്കുളള വഴിയെ സംബന്ധിച്ചും ക്രിസ്തുവിന്റെ കാഴ്ചപ്പാടു തന്നെയാണ് ഗാന്ധിജിക്കുമുളളത്. അക്രമത്തിന്റെ പാതയിലൂടെയോ, ബാഹ്യസമ്മര്‍ദ്ദങ്ങള്‍ വിധേയമാക്കിയോ ഉളള നീതി - സമാധാന സ്ഥാപനം നിലനില്‍ക്കുന്നതല്ല. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിലൂടെ നീതിനിഷ്ഠസമൂഹം സ്ഥാപിക്കാമെന്ന കമ്മ്യൂണിസ്റ്റ് ചിന്തയിലെ സങ്കല്‍പ്പം ഇതിനോടകം പൊളിഞ്ഞ് കഴിഞ്ഞു. എന്നാല്‍ സ്നേഹത്തിലും പങ്കാളിത്തത്തിലും അധിഷ്ഠിതമായ ക്രിസ്ത്യന്‍ - ഗാന്ധിയന്‍ സങ്കേതത്തിന് ശൈഥില്യമോ, കാലഹരണമോ ഇല്ല. മനുഷ്യനെ സ്നേഹിക്കാനും, കരുതാനും കഴിയുന്ന വ്യക്തികളുടെ സാന്നിദ്ധ്യ ഇടപെടലുകള്‍ നിമിത്തവും അവര്‍ പ്രയോഗിക്കുന്ന ധാര്‍മ്മിക സ്വാധീനം കൊണ്ടും മാത്രമേ സമൂഹത്തിന്റെ നീതിനിഷ്ഠമായ പുനഃസൃഷ്ടി നടക്കുകയുളളൂ. ബലപ്രയോഗത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന നീതിവ്യവസ്ഥയില്‍ ബലപ്രയോഗത്തിന് വിധേയരായവര്‍ക്ക് പങ്കാളിത്തം ഇല്ലാതെ വരും. ഇപ്പറഞ്ഞതില്‍ നിന്ന് മാര്‍ഗ്ഗത്തിന്റെ പരിശുദ്ധിയുംധാര്‍മ്മിക അടിത്തറയും നീതിനിഷ്ഠസമൂഹത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും അനിവാര്യമാണെന്ന് വ്യക്തമാകുന്നു.

ഇന്നും ഹിംസാത്മക സമീപനമാണ് പ്രബലം. മത- സാമൂഹ്യ- രാഷ്ട്രീയ- ശാസ്ത്രീയ- സാമ്പത്തിക രംഗങ്ങള്‍ ഒന്നും ഇതിനപവാദമല്ല. ബലമാണിന്നും അതിജീവന (survival) ത്തിന്റെ മാനദണ്ഡമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തളളപ്പെടുത്തുന്നവരുടെ ബലപ്പെടുത്തല്‍ നീതിനിഷ്ഠസമൂഹത്തിന് മാര്‍ഗ്ഗമായി അംഗീകരിക്കപ്പെടുന്നു. ഇത് ശരിയായ വഴിയല്ല. വളരേണ്ടത് സ്നേഹവും, സാഹോദര്യവും പങ്കാളിത്തവുമാണ്. സ്ത്രീകളുടെ സംരക്ഷണത്തിന് അവരെ കരാട്ടെ അഭ്യസിപ്പിക്കുകയും സായുധരാക്കുകയും ചെയ്യുന്നത് പരിഹാരമാകുമെന്ന് തോന്നുന്നുണ്ടോ? ധാര്‍മ്മിക അവസ്ഥയില്ലാത്തിടത്തെ ശക്തീകരണം കൂടുതലും സംഘര്‍ഷങ്ങള്‍ക്കും ശാക്തീക ചേരികളുടെ ഏറ്റുമുട്ടലിനുമേ വഴിതെളിക്കൂ. അതുകൊണ്ടാണ് അത് ഹിംസാത്മക സമീപനമാണെന്ന് പറഞ്ഞത്. അത് പഴയ കാട്ടുനീതിയുടെ അവശേഷിപ്പു് മാത്രമാണ്. സഹവര്‍ത്തിത്വത്തിന് ആവശ്യവും പ്രചോദനകരവും സഹന യജ്ഞമാണ്. ഇതാണ് സഭയുടെ അടിസ്ഥാന സ്വഭാവം. അങ്ങനെയെങ്കില്‍ ഭാരതസഭകള്‍ എവിടെയാണ് എത്തിനില്‍ക്കുന്നതെന്ന് ഒരു ആത്മ വിമര്‍ശനം നടത്തേണ്ടിവരും. എന്നാല്‍ ക്രിസ്തുവും ഗാന്ധിജിയും അക്രമത്തില്‍ വിശ്വസിച്ചില്ല. ദുര്‍ബലതയുടെ ബലമാണു് (power of powerlessness) രണ്ടുപേരും ശക്തിദുര്‍ഗങ്ങളെ തകര്‍ക്കാന്‍ സ്നേഹ-സഹന മന്ത്രങ്ങളിലൂടെ ഉദ്ദീപിപ്പിച്ചത്.

നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കുകയല്ല സഭയുടെ വിളി. ലോകത്തിന്റെ ശുശ്രൂഷയാണ്. അതിനുവേണ്ടി അംഗങ്ങളെ സജ്ജരാക്കുകയാണ് സഭ ചെയ്യേണ്ടത്. ക്രിസ്തു മറ്റുളളവര്‍ക്കുവേണ്ടിയാണ് ജീവിച്ചതെങ്കില്‍ അതു സഭയുടെ മൌലിക ഭാവമാണ്; വിളിയാണ്. ആ സമീപനമാണ് സഭാമക്കള്‍ക്ക് സമൂഹത്തോട് ഉണ്ടാകേണ്ടത്. ഗാന്ധിജിയും മറ്റൊന്നല്ല ചെയ്തത്. തന്റെ വ്യക്തിജീവിതത്തില്‍ അധികാരസ്ഥാനങ്ങള്‍, ഉപഭോഗസുഖം ആര്‍ഭാടം തുടങ്ങിയവയെല്ലാം അദ്ദേഹം വര്‍ജ്ജിച്ചെന്നു മാത്രമല്ല കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍‍‍ പോലും അദ്ദേഹം പരിഗണിച്ചില്ല. ഭരണ കൈമാറ്റം നടന്ന അര്‍ദ്ധരാത്രിയില്‍ അദ്ദേഹം ആ രംഗത്തേയും ഉണ്ടായിരുന്നില്ല. അങ്ങകലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കെതിരെ ശാന്തിമന്ത്രം ജപിച്ച് സത്യാഗ്രഹം അനുഷ്ഠിക്കുകയായിരുന്നു. കോണ്‍ഗ്രസ് നീതിയുടെയും സത്യത്തിന്റെയും സാക്ഷിയായി വര്‍ത്തിക്കണം എന്നതായിരുന്നു ഗാന്ധിജിയുടെ നിര്‍ബന്ധം. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് പ്രഖ്യാപിച്ച മഹാത്മജിയുടെ സമീപനം സഭയ്ക്കിന്ന് എത്രമാത്രം അംഗീകരിക്കുവാനും അനുകരിക്കുവാനും കഴിയുമെന്ന് ചിന്തിക്കണം. യേശുവിന്റെയും ഗാന്ധിജിയുടെയും കാഴ്ചപ്പാടില്‍ പ്രപഞ്ചനിയമം പരിത്യക്തന്റെ സംരക്ഷണമാണ്. പ്രപഞ്ചനിയമത്തിന്റെ സഹന സാക്ഷ്യമായിരുന്നു അവരുടെ ജീവിതം. ഇതിനോടുളള സഭയുടെ അനുകൂലപ്രതികരണമായിരിക്കും സഭക്ക് അതിന്റെ പ്രസക്തിയും നിലനില്‍പിനുളള അര്‍ഹതയും നല്‍കുക.

പുതിയ സാമ്പത്തിക നയത്തെ വിമര്‍ശനാത്മകമായി വിലയിരുത്തി പ്രതികരിക്കാന്‍ കഴിയാത്ത സാഹചര്യവും, ധൂര്‍ത്തും, അഴിമതിയും, സുഖലോലുപത്വത്തോടുളള ആസക്തിയുമെല്ലാം വര്‍ദ്ധിച്ച ഇക്കാലത്ത് സഭക്ക് ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെങ്കില്‍ മഹാത്മജിയെ മാതൃകയാക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. അതുകൊണ്ട് ഗാന്ധിജിയെ സമൂഹത്തില്‍ ഉയര്‍ത്തിക്കാണിച്ച്, ആ ജീവിതക്രമം സ്വാംശീകരിക്കുവാന്‍ സഭ പ്രേരകമായിത്തീരണം. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാര്‍ഷികം ആചരിക്കുമ്പോള്‍, ഇന്ത്യയെക്കുറിച്ചുളള ആ പുണ്യാത്മാവിന്റെ സ്വപ്നം സാക്ഷാത്കരിക്കുകയായിരിക്കും സഭയുടെ ഇക്കാലത്തെ വെല്ലുവിളിയെന്നു കണ്ടെത്താം.

- - -
1998 മാര്‍ച്ച് 15-ലെ ഡയോസിസന്‍ ബുള്ളറ്റിനില്‍ നിന്നും.

ഡോ. തോമസ്‍‍ മാര്‍ അത്താനാസിയോസ്‍‍ മെത്രാപ്പോലീത്തയുടെ മുകളില്‍‍ ചേര്‍‍ത്തിരിയ്ക്കുന്ന ഫോട്ടോ പൊതുസഞ്ചയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്‌.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.