ഈ ലേഖയില്‍‍ തിരയുക

കോലഞ്ചേരി പള്ളി തര്‍ക്കം: മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ഓര്‍ത്തഡോക്‌സ്‌ സഭ സമരം അവസാനിപ്പിച്ചു

കോലഞ്ചേരി: മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്കാ ബാവ എട്ട്‌ ദിവസമായി കോലഞ്ചേരിയില്‍ നടത്തി വന്ന ഉപവാസസമരം അവസാനിപ്പിച്ചു. തര്‍ക്കം സംബന്ധിച്ചു 15 ദിവസത്തിനകം സമവായത്തില്‍ എത്തണമെന്നും ഇല്ലെങ്കില്‍ കോടതി വിധി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചാണു് സമരം അവസാനിപ്പിക്കുന്നതെന്നു് സഭാ വൃത്തങ്ങള്‍ അറിയിച്ചു. കോലഞ്ചേരി കാതോലിക്കേറ്റ്‌ സെന്ററില്‍ ഉപവാസം അനുഷ്‌ഠിച്ചിരുന്ന പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവായ്‌ക്ക്‌ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാസിയോസും കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസിന്‌ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസും ഇളനീര്‍ നല്‍കി. ഇന്നലെ രാത്രി 11 മണിയോടെ തീരുമാനമുണ്ടായത്‌. മുഖ്യമന്ത്രി ഇന്നലെ കൊച്ചിയില്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്‌, മന്ത്രിമാരായ കെ.സി. ജോസഫ്‌, കെ. ബാബു, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ബെന്നി ബഹനാന്‍ എംഎല്‍എ, ഐജി ആര്‍. ശ്രീലേഖ, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, മീഡിയേഷന്‍ സെന്റര്‍ അംഗങ്ങള്‍ തുടങ്ങിയവരുമായി കോലഞ്ചേരി പ്രശ്‌നം ചര്‍ച്ച ചെയ്‌തു. കോലഞ്ചേരിയിലെ തര്‍ക്കം രമ്യമായി പരിഹരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഒത്തുതീര്‍പ്പു ഫോര്‍മുലയൊന്നും ആയിട്ടില്ല. സര്‍ക്കാരിനു ശുഭാപ്‌തി വിശ്വാസമുണ്ട്‌, വ്യക്‌തമായ സമീപനവുമുണ്ട്‌. ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണ്‌. രണ്ടു വിഭാഗക്കാരുമായും ആശയവിനിമയം നടത്തുന്നുണ്ടു്, പക്ഷം പിടിക്കാന്‍ സര്‍ക്കാരില്ല. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തു ചര്‍ച്ചകള്‍ നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തര്‍ക്കത്തെത്തുടര്‍ന്ന്‌ സമൂഹത്തില്‍ ഉണ്ടായേക്കാവുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.