ഈ ലേഖയില്‍‍ തിരയുക

കാതോലിക്കേറ്റ് സ്ഥാപനം മലങ്കര സഭയുടെ വളര്‍ച്ചയ്ക്കുള്ള നാഴികക്കല്ല്: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്

ഭാരതീയം മാര്‍ത്തോമന്‍ പൈതൃക സ്മൃതിയാത്രയ്ക്കു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ
നേതൃത്വത്തില്‍ കൂത്താട്ടുകുളത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഡോ. മാത്യൂസ് മാര്‍
സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. (ഫോട്ടോ- മൂവാറ്റുപുഴ അരമന)

കൂത്താട്ടുകുളം: സ്വാതന്ത്ര്യസന്ദേശം ഉള്‍ക്കൊള്ളുന്ന പൗരസ്ത്യ കാതോലിക്കേറ്റ് സ്ഥാപനം മലങ്കര സഭയുടെ വളര്‍ച്ചയ്ക്കുള്ള നാഴികക്കല്ലായിരുന്നെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയും എപ്പിസ്കോപ്പല്‍ സിനഡ് സെക്രട്ടറിയുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പറഞ്ഞു. പൗരസ്ത്യ കാതോലിക്കേറ്റ് പുനഃസ്ഥാപന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയം മാര്‍ത്തോമന്‍ പൈതൃക സ്മൃതിയാത്രയ്ക്കു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ കൂത്താട്ടുകുളത്ത് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല ഘട്ടങ്ങളിലും സഭ അതിജീവനത്തിന്റെ വെല്ലുവിളികള്‍ നേരിട്ടു. ആദിമ സഭയുടെ ആദ്യ മൂന്നു് നൂറ്റാണ്ടുകളിലേതിനു് സമാനമായിരുന്നു ഈ വെല്ലുവിളികള്‍. പുതിയ നൂറ്റാണ്ടില്‍ ഭാരതത്തിനു് വെളിച്ചം പകരുന്ന സഭയായി മാറാന്‍ കഴിയുംവിധം യത്നിക്കണമെന്നും മാര്‍ സേവേറിയോസ് ഉദ്ബോധിപ്പിച്ചു.

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് അധ്യക്ഷത വഹിച്ചു. ഫാ.ഡോ.എം.ഒ. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. സന്ദേശ യാത്ര ക്യാപ്റ്റനും സഭാ വൈദിക ട്രസ്റ്റിയുമായ ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ.ഡോ.എം.ഒ. ജോണ്‍, ഫാ. ഏബ്രഹാം കാരാമേല്‍, ഫാ. മാത്യൂസ് ചെമ്മനാപ്പാടം, ജോണ്‍ ചിറക്കടക്കുന്നേല്‍ കോറെപ്പിസ്കോപ്പ, കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ജോണ്‍ വി. ജോണ്‍, ഫാ. ജോയി കടുകംമാക്കില്‍, ഫാ. ഏലിയാസ് മണ്ണാത്തിക്കുളം, അഡ്വ. വര്‍ഗീസ് കുട്ടി, കുര്യന്‍ മാടപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

നവം.൧൪ വൈകിട്ട് മൂവാറ്റുപുഴ അരമനയില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണു് കൂത്താട്ടുകുളത്ത് സ്മൃതിയാത്ര എത്തിയത്. മേഖലയിലെ വിവിധ പള്ളികളില്‍ നിന്നുള്ളവര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംഗമിച്ചു് റാലിയായി വൈദികരുടെ നേതൃത്വത്തില്‍ സമ്മേളനവേദിയായ ടൌണ്‍ ഹാളിലെത്തി. ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ടിന് സുല്‍ത്താന്‍ബത്തേരിയില്‍ നിന്നാരംഭിച്ച സ്മൃതിയാത്ര ബത്തേരി, മലബാര്‍, കുന്ദംകുളം, തൃശൂര്‍, കൊച്ചി, അങ്കമാലി ഭദ്രാസനങ്ങളില്‍ പ്രയാണം പൂര്‍ത്തിയാക്കിയാണു് മൂവാറ്റുപുഴ അരമനയിലെത്തിയത്. കൂത്താട്ടുകുളത്തു് നിന്നും കോട്ടയം പഴയ സെമിനാരിയിലേയ്ക്കു് സ്മൃതിയാത്ര പുറപ്പെട്ടു.

കാതോലിക്കേറ്റ് ശതാബ്ദി മലങ്കര സഭയില്‍ ഐക്യത്തിന്റെ വഴി തുറക്കും


പാമ്പാക്കുട, 2012 നവം.13: പൗരസ്ത്യ കാതോലിക്കേറ്റ് പുനഃസ്ഥാപന ശതാബ്ദി ആഘോഷങ്ങള്‍ മലങ്കര സഭയില്‍ ഐക്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും പുതിയ അന്വേഷണങ്ങള്‍ക്ക് വഴി തുറക്കുമെന്ന് സീറോ-മലങ്കര റീത്ത് കത്തോലിക്ക സഭയുടെ തിരുവല്ല രൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് പറഞ്ഞു.

ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പാമ്പാക്കുട സമന്വയ എക്യുമെനിയ്ക്കല്‍ സ്റ്റഡി ആന്റ് ഡയലോഗ് സെന്ററില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. കേരളത്തിലെ വിവിധ ക്രൈസ്തവസഭാ പാരമ്പര്യങ്ങളില്‍ നിന്നുള്ളവരും, ഓര്‍ത്തഡോക്സ് സഭയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ചടങ്ങില്‍ പങ്കെടുത്തു.

മൂന്നു തലങ്ങളിലായി നടന്ന സെമിനാറിന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനഅധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭാ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജേക്കബ് കുര്യന്‍, സിറോ മലബാര്‍ സഭാ വക്താവ് ഫാ.ഡോ.പോള്‍ തേലക്കാട്ട്, ഫാ.ഏബ്രഹാം തോമസ്,ഫാ.ഏബ്രഹാം കാരാമേല്‍, ഡോ.കെ.എം.ജോര്‍ജ്, ഡോ.കുര്യന്‍ തോമസ്, ലിജു സൂസന്‍ ഐപ്പ് നേതൃത്വം നല്‍കി.


പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.