ഈ ലേഖയില്‍‍ തിരയുക

വികാരിയെ ആക്രമിച്ച് ഇടവകയോഗം തടസ്സപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു

ഇടവകയോഗം സഹവികാരിയുടെ  അദ്ധ്യക്ഷതയില്‍

പുഞ്ചക്കര ജോസഫും കണ്ണായിക്കാട്ടു് ബാബുവും വടകരപ്പള്ളി കൈക്കാരന്മാര്‍

 

വടകര (കൂത്താട്ടുകുളം), ഒക്ടോബര്‍12 (2008): മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭയുടെ കണ്ടനാടു്-ഈസ്റ്റു് ഭദ്രാസനത്തിന്‍റെ കീഴില്‍‍പെട്ട വടകര സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സു് സുറിയാനി പള്ളി ഇടവകയുടെ കൈക്കാരന്‍മാരായി പി എം ജോസഫ്(പുഞ്ചക്കര) ബാബു തോമസ് (കണ്ണായിക്കാട്ടു്) എന്നിവരെയും സെക്രട്ടറിയായി എം സി ജോയി മുകളത്തു് പുത്തന്‍പുരയെയും ഭരണ സമിതിയംഗങ്ങളായി പതിനഞ്ചു് പേരെയും തെരഞ്ഞെടുത്തു.

 

റ്റി യു മത്തായി (തോലമ്മാക്കിയില്‍), റ്റി ജെ പോള്‍ (തെക്കും മറ്റത്തില്‍)‍, പിഐ ഐസക്ക് (പറമ്പത്തു്), റ്റി എ ബാബു (തട്ടംപാറയില്‍), ഡയസ് പി വറുഗീസ് (വിളയക്കാട്ടു്), സാജു ജോര്‍ജ് (ആത്താനിയ്ക്കല്‍ പുത്തന്‍‍പുരയില്‍)‍‍, സാബു ജോണ്‍ (അറയ്ക്കപ്പറമ്പില്‍)‍, കെ എ ചെറിയാന്‍ (കാക്കനാട്ടു് പറമ്പില്‍), പി എം ജോര്‍ജ് (പുഞ്ചക്കര), രാജു എന്‍ ജേക്കബ് (നെടുമ്പുറത്തു്), കെ വി യോഹന്നാന്‍ (ചെറുകൂപ്പില്‍),ബേബി മര്‍ക്കോസ് (കട്ടയ്ക്കല്‍), പി റ്റി ജോയി (പുന്നത്താനത്തു്),അവരാച്ചന്‍ മറ്റത്തില്‍, ജോണ്‍ വറുഗീസ് (പ്ലാത്തോട്ടത്തില്‍) എന്നിവരാണു് ഭരണ സമിതിയംഗങ്ങള്‍.

പത്രങ്ങളിലുള്‍‍പ്പെടെ വിളംബരപ്പെടുത്തിയിരുന്നതുപ്രകാരം 1934-ലെ മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭാഭരണഘടനയനുസരിച്ചു് കൂടിയ ഇടവക യോഗമാണു് ഭരണസമിതി തെരഞ്ഞെടുപ്പു് നടത്തിയതു് .

 

നേരത്തെ, രാവിലെ പത്തുമണിയ്ക്കു് കുര്‍‍ബാന കഴിഞ്ഞയുടനെ ഇടവകയോഗംതടസ്സപ്പെടുത്താനായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പക്ഷക്കാരായചിലര്‍ വടകര സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സു് സുറിയാനി പള്ളിയുടെ കുഴിക്കാട്ടുകുന്നു് സെന്റ് മേരീസ് ചാപ്പലില്‍‍ വികാരി ഫാ. പി സി ജോയി കടുകുംമാക്കിലിനെയും ഇടവകനേതാക്കളെയും ആക്രമിച്ചതിനെ തുടര്‍‍ന്നു് വികാരിയടക്കം  ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതുകൊണ്ടു്,സഹവൈദീകനായ  ഫാ.ജോണ്‍ വി ജോണിന്റെ  അദ്ധ്യക്ഷതയിലാണു് ഇടവകയോഗം നടന്നതു്. മറ്റൊരു സഹവൈദീകനായ ഫാ.മാത്യു അബ്രാഹമുംഇടവകയോഗത്തില്‍ സന്നിഹിതനായിരുന്നു.

 

തലയ്ക്കു് പരിക്കേറ്റ പള്ളിഭരണസമിതിയംഗം തട്ടംപാറയില്‍‍ റ്റി എ ബാബുവിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ്  ആശുപത്രിയിലും വികാരി ഫാ. പി സി ജോയി കടുകുംമാക്കിലിനെയും സഭാ മാനേജിങ് കമ്മറ്റിയംഗം സാബു ജേക്കബ് (കാരിയ്ക്കാപ്പുഴ), പള്ളി മുന്‍ ഭരണസമിതിയംഗം സിജു ഏലിയാസ് (വിളയക്കാട്ടു്),പള്ളി ഭരണസമിതിയംഗം പി റ്റി ജോയി (പുന്നത്താനത്തു്), പള്ളി ഭരണസമിതിയംഗം ജോണ്‍ വറുഗീസ് (പ്ലാത്തോട്ടത്തില്‍) എന്നീ നാലുപേരെയും ദേവമാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റു് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടവരെല്ലാവരും ഓര്‍‍ത്തഡോക്സ് സഭാപ്രവര്‍‍ത്തകരാണു്. 

 

വികാരി വിളംബരപ്പെടുത്തിയതുപ്രകാരം 1934-ലെ മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭാഭരണഘടനയനുസരിച്ചു് ഇടവക യോഗം കൂടുന്നതിനെതിരെ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പക്ഷക്കാര്‍ പത്രപ്പരസ്യം (12-10-2008-ലെ ദീപിക) ചെയ്തിരുന്നു. പഴയ,1970-ലെ പറവൂര്‍ കോടതി വിധിപ്രകാരം ഇടവക ഭരണ സമിതിതെരഞ്ഞെടുപ്പുപൊതുയോഗം മതിയെന്നാണു്യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ പക്ഷത്തിന്റെ നിലപാടു്.

വടകര സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സു് സുറിയാനി പള്ളി1934-ലെ മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭാഭരണഘടനയനുസരിച്ചു് ഭരിയ്ക്കപ്പെടണമെന്ന2004-ലെ ജില്ലാക്കോടതി വിധിയ്ക്കു മുമ്പു്   വടകര പള്ളിയില്‍ അന്ത്യോക്യാപാത്രിയര്‍‍ക്കീസ് കക്ഷിയുടെയും പൗരസ്ത്യ കാതോലിക്കാ കക്ഷിയുടെയും അംഗസംഖ്യ ഒപ്പത്തിനൊപ്പമായിരുന്നു. 2004-ലെ ഇടവക ഭരണ സമിതിതെരഞ്ഞെടുപ്പുകാലത്തു്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് കക്ഷിക്കാര്‍ മുഴുവനും 1934-ലെ മലങ്കര ഓര്‍ത്തഡോക്സു് സുറിയാനി സഭാഭരണഘടനയോടു് കൂറും വിധേയത്വവും പ്രഖ്യാപിച്ചു് പ്രതിജ്ഞ ചെയ്തു് ഇടവക ഭരണ സമിതിതെരഞ്ഞെടുപ്പില്‍‍ പങ്കെടുത്തിരുന്നു. പിന്നീടു് അവരിലൊരുവിഭാഗം അന്ത്യോക്യന്‍  യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നതാണു് വടകര പള്ളിയില്‍ പ്രതിസന്ധിയുണ്ടാക്കിയതു്.

 

© 2008.  Some Rights Reserved. This work is licensed under a Creative Commons Attribution-ShareAlike License.

കടപ്പാടു്: മലയാള വാര്‍ത്താ സേവ | Malayalam News Service (M N S)

 

 

—മേഖലാ ഓര്‍ത്തഡോക്സ് സഭാകേന്ദ്രത്തിനു് വേണ്ടി,

ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ അഥവാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ

ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ അല്ലെങ്കില്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ എന്നത്‌ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ സ്വയശീര്‍ഷക സഭകളായ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയെയും മലങ്കര സഭ ഉള്‍പ്പെട്ട ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയെയും പൊതുവായി വിളിയ്ക്കുന്ന പേരാണു്. ആംഗല ഭാഷയില്‍ Orthodox Syrian Church എന്നും Syrian Orthodox Church എന്നും Syriac Orthodox Church എന്നും പ്രയോഗമുണ്ടു്. യാക്കോബായ സുറിയാനി സഭ എന്നും ഈ സഭകളെ വിളിയ്ക്കാറുണ്ടെങ്കിലും അപ്പോസ്തലിക സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പേരായതിനാല്‍ തെറ്റായ പേരാണതെന്നു് അവ സ്വയം കരുതുന്നു.

സംയുക്ത സഭ


സുറിയാനി ഓര്‍ത്തഡോക്സ്‌ സഭാസംവിധാനത്തില്‍ പ്രധാനമേലദ്ധ്യക്ഷന്‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയര്‍ക്കീസാണു്. മലങ്കര സഭ ഉള്‍‍പ്പെട്ട ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയുടെ തലവനായ പൗരസ്ത്യ കാതോലിക്കോസാണു് രണ്ടാമന്‍. ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭാകുടുംബത്തില്‍‍‍ അലക്സാന്ത്രിയന്‍ മാര്‍പാപ്പ ഒന്നാമനും അന്ത്യോക്യാ പാത്രിയര്‍ക്കീസ് രണ്ടാമനും ആയിരിയ്ക്കുന്നതുപോലെയാണിതു്.സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയ്ക്കു് സംയുക്ത എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇല്ലെങ്കിലും ഭുമിശാസ്ത്രപരമായ അധികാരാതിര്‍ത്തിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം ഇടപെടാതിരിയ്ക്കുക, അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെയും അംഗീകാരം വേണം, അന്ത്യോക്യാ പാത്രിയര്‍ക്കീസ് തമ്മില്‍ ഒന്നാമനും പൗരസ്ത്യ കാതോലിക്കോസ് തമ്മില്‍ രണ്ടാമനും ആയിരിയ്ക്കും എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്ര സഭകളായ ഇരുവിഭാഗങ്ങളും സംയുക്തമായി പ്രവര്‍ത്തിച്ചിരുന്നു.


ഇപ്പോള്‍ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ വിഭാഗങ്ങള്‍ എന്ന നിലയില്‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയും ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയും ഐക്യത്തിലല്ലെങ്കിലും ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭയിലെ അംഗസഭകളെന്ന നിലയില്‍ സഹോദരീസഭകളായിക്കഴിയുന്നു.


പേരിനു് പിന്നില്‍‍‍


തക്സാഭാഷ സുറിയാനി ഭാഷയായതുകൊണ്ടും സഭാവിഭാഗം ഓര്‍ത്തഡോക്സ്‌ ആയതുകൊണ്ടും ആണു് ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ എന്നപേരു് ഈ സഭാവിഭാഗങ്ങള്‍ക്കുണ്ടായതു്.യേശു ക്രിസ്തുക്രിസ്തു സംസാരിച്ച പ്രാദേശിക അരമായഭാഷയായ (പാശ്ചാത്യ ) സുറിയാനിയാണ്‌ ഈ സഭയുടെ ആരാധനാ ഭാഷയെങ്കിലും മലയാളികളുടെയിടയില്‍ മലയാളവും ഉപയോഗിയ്ക്കുന്നു.


''യാക്കോബായ സുറിയാനി സഭ'' എന്ന പേരുണ്ടായതു് ആറാംനൂറ്റാണ്ടില്‍ ഉറഹായുടെ മേലദ്ധ്യക്ഷനായ യാക്കൂബ് ബുര്‍‍ദാന പുനരുദ്ധരിച്ച സഭയായതുകൊണ്ടാണു്. ഓര്‍ത്തഡോക്സ്‌ സുറിയാനി സഭ അപ്പോസ്തോലിക സഭയല്ലെന്നും യാക്കോബായ സഭയാണെന്നും കല്ക്കദോന്‍ കക്ഷിയായ റോമാസഭയും ബൈസാന്ത്യ സഭയും ആക്ഷേപിച്ചു. ഓര്‍ത്തഡോക്സ്‌ സഭയാണു് തങ്ങളെന്നായിരുന്നു മറുപടി.


ചരിത്രം


അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ, ക്രി.വ. മുപ്പത്തിനാലില്‍ ശ്ലീഹന്മാരുടെ അദ്ധ്യക്ഷനായ പത്രോസ്‌ സ്ഥാപിച്ചു. റോമാസാമ്രാജ്യത്തിലെ മൂന്നു് പാത്രിയര്‍ക്കാസഭകളിലൊന്നായി വളര്‍ന്നു. ക്രി പി 380 മുതല്‍ അലക്സാന്ത്രിയ,റോമ, അന്ത്യോക്യാ മെത്രാപ്പോലീത്തമാരെ പാത്രിയര്‍ക്കീസ് എന്നു് വിളിച്ചു് തുടങ്ങി.


451-ലെ കല്ക്കദോന്‍ സുന്നഹദോസു് മൂലമുണ്ടായപിളര്‍‍പ്പില്‍ കല്ക്കദോന്‍ വിരുദ്ധ കക്ഷിയാണു് അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭ. കല്ക്കദോന്‍ കക്ഷി അന്ത്യോക്യാ ഓര്‍ത്തഡോക്സ്‌ സഭയെന്നും മെല്‍ക്കായ സഭയെന്നും അറിയപ്പെട്ടു. കല്ക്കദോന്‍ കക്ഷി കിഴക്കന്‍‍‍ റോമാസാമ്രാജ്യത്തിലെ രാജകീയമതമായപ്പോള്‍ ഉറഹായുടെ മേലദ്ധ്യക്ഷനായ യാക്കൂബ് ബുര്‍‍ദാന അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയെ തകര്‍ച്ചയില്‍നിന്നും രക്ഷിച്ചു.


റോമാ സാമ്രാജ്യത്തിനു് പുറത്തു് ഉറഹായിലും പേര്‍ഷ്യയിലും മലങ്കരയിലുമായി വികസിച്ച ക്രൈസ്തവസഭയാണു് ഓര്‍ത്തഡോക്സ് പൗരസ്ത്യസഭ. ക്രിസ്തു ശിഷ്യനും പന്തിരുവരില്‍ ഒരുവനുമായ തോമാശ്ലീഹായെ തങ്ങളുടെ ഒന്നാമത്തെ മേലദ്ധ്യക്ഷനായി സ്വീകരിയ്ക്കുന്ന വിഭാഗം. തോമാശ്ലീഹ അയച്ച വി.ആദായി ക്രി പി 37-ല്‍ ഉറഹായിലും മാര്‍ത്തോമാ ശ്ലീഹാ ക്രി പി 52-ല്‍ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു് വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണു് പേര്‍ഷ്യയിലെ സഭ.


ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ മാറി.ഓശാനഞായറാഴ്ച സഭ ആദ്യമായി കൊണ്ടടിയതു് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തുമതപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായിരുന്നു.


ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോള്‍ പേര്‍‍ഷ്യയിലെ സെലൂക്യ —ക്റ്റെസിഫോണ്‍ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു. ക്രി പി 410 മുതല്‍ പൗരസ്ത്യസഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി.


ക്രി പി 489—543 കാലത്തു് പൗരസ്ത്യസഭയുടെ ഔദ്യോഗികവിഭാഗം നെസ്തോറിയ വിശ്വാസം സ്വീകരിച്ചപ്പോള്‍ വിമത ഓര്‍ത്തഡോക്സ് വിഭാഗത്തെ ഉറഹായുടെ മേലദ്ധ്യക്ഷന്‍ യാക്കൂബ് ബുര്‍‍ദാന ഓര്‍ത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനമാക്കി മാറ്റി. ഏഴാം നൂറ്റാണ്ടില്‍ മാര്‍ മറൂസയുടെകാലത്തു് തിക്‍രീത്തു് നഗരം ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായി.


8-10 നൂറ്റാണ്ടുകളില്‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുമായി വ്യവസ്ഥാപിതമായ ബന്ധം ഉറപ്പിച്ചു. ഭുമിശാസ്ത്രപരമായ അധികാരാതിര്‍ത്തിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം ഇടപെടാതിരിയ്ക്കുക, അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെയും അംഗീകാരം വേണം, അന്ത്യോക്യാ പാത്രിയര്‍ക്കീസ് തമ്മില്‍ ഒന്നാമനും പൗരസ്ത്യ കാതോലിക്കോസ് തമ്മില്‍ രണ്ടാമനും ആയിരിയ്ക്കും എന്നീ മൂന്നു് വ്യവസ്ഥകള്‍ നിലവില്‍വന്നു. ഇരുസഭകളുടെയും സംയുക്ത പ്രവര്‍ത്തനം പൗരസ്ത്യ കാതോലിക്കോസുമാര്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസുമാരാകുന്നതിലേയ്ക്കും അവസാനം പൗരസ്ത്യ കാതോലിക്കാസനം 1860-ഓടെ അന്ത്യോക്യാ പാത്രിയര്‍ക്കീസനത്തില്‍ ലയിയ്ക്കുന്നതിലേയ്ക്കും എത്തിച്ചു. അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസ് പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് 1912-ല്‍ മലങ്കരയിലേയ്ക്കു് മാറ്റി.


മലങ്കര സഭ, പൗരസ്ത്യസഭയുടെ ഭാഗം

ഉറഹായിലെയും പേര്‍‍ഷ്യയിലെയും സഭകളോടൊപ്പം തുടക്കം മുതല്‍ പൗരസ്ത്യ സഭയുടെ ഇടവകയായിരുന്നു മലങ്കര സഭ .345-ല്‍ ക്നായിത്തൊമ്മന്റെ നേതൃത്ത്വത്തില്‍ പേര്‍ഷ്യയില്‍നിന്നു് ഉറഹക്കാര്‍ കുടിയേറി . ഒമ്പതാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍നിന്നു് (പൗരസ്ത്യ കാതോലിക്കാസനത്തില്‍ നിന്നു്)വന്ന തരിസാക്കളുടെ പിന്തുണയില്ലായിരുന്നങ്കില്‍‍ മലങ്കര സഭ ഇല്ലാതായി മുഹമ്മദീയമായേനെ.


പൗരസ്ത്യ കാതോലിക്കാസനവുമായുള്ള കൂട്ടായ്മയിലുടെ ആകമാന സഭയുടെഭാഗമായി വര്‍ത്തിച്ച മലങ്കര സഭ 1599-ല്‍ പരങ്കികള്‍ അടിച്ചേല്‍പിച്ച ഉദയം‍പേരൂര്‍ സുന്നഹദോസ്ഉദയമ്പേരൂര്‍ സുന്നഹദോസിലൂടെ കത്തോലിക്കാ സഭറോമന്‍ കത്തോലിക്കാ സഭയുടെ കീഴില്‍ വന്നു.1653ല്‍ കൂനന്‍ കുരിശു് സത്യത്തിലൂടെ മോചനം നേടി . ജാതിയ്ക്കു് കര്‍‍ത്തവ്യനായ പൊതുഭാരശുശ്രൂഷനെ (പൊതുമാടന്‍‍ ചെമ്മായിയെ) മെത്രാനായിവാഴിച്ചുകൊണ്ടു് ആ ആണ്ടില്‍‍‍ തന്നെ മലങ്കര സഭ എപ്പിസ്കോപ്പല്‍ സഭാശാസ്ത്രം സ്വീകരിച്ചു.


മലങ്കര സഭയുടെ അപേക്ഷപ്രകാരം അന്ത്യോക്യാ പാത്രിയര്‍ക്കീസുകൂടിയായിരുന്ന പൗരസ്ത്യ കാതോലിക്കോസ് അബ്ദുല്‍‍‍ മിശിഹാ ഒന്നാമന്‍അയച്ച അബ്ദുല്‍ ജലീല്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത 1965-ല്‍‍‍ മലങ്കര സഭയെ മെത്രാപ്പോലീത്തന്‍ സഭയായി ഉയര്‍ത്തി. 1876-ലെ മുളന്തുരുത്തി സുന്നഹദോസിനു് ശേഷം വലിയ മെത്രാപ്പോലീത്തന്‍ സഭയുമായി മാറി. രണ്ടു് പൗരസ്ത്യ കാതോലിക്കോസുമാര്‍ (മാര്‍ ബസേലിയോസ് യെല്‍‍ദോ ബാവയും മാര്‍ ബസേലിയോസ് ശക്രള്ള ബാവയും) മലങ്കരയില്‍ അജപാലനാര്‍ത്ഥം വന്നു് കബറടങ്ങി. പൗരസ്ത്യ കാതോലിക്കാസനം 1860-ല്‍ അന്ത്യോക്യാ പാത്രിയര്‍ക്കാസനത്തില്‍ ലയിച്ചതിനു് ശേഷം 1876-ലെ മുളന്തുരുത്തി സുന്നഹദോസോടെ മലങ്കര സഭ അന്ത്യോക്യാ പാത്രിയര്‍ക്കാസനത്തിന്റെ ആത്മീയഅധികാരത്തിന്‍‍ കീഴിലായി.

ഓര്‍ത്തഡോക്സ്‌ സുറിയാനി സഭയില്‍ പ്രതിസന്ധി

1896-ലെ പാത്രിയര്‍ക്കാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭവിട്ടു് റോമന്‍ കത്തോലിക്കാസഭയില്‍ ചേര്‍‍ന്നു് ഹോംസിലെ റീത്തു് മെത്രാപ്പോലീത്തയായ അബ്ദുല്ലമെത്രാന്‍ ഹമീദ് സുല്‍‍ത്താനെ സ്വാധീനിച്ചു് അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ അധികാരപത്രം (ഫര്‍മാന്‍) റദ്ദാക്കിച്ചു് അബ്ദുല്ല രണ്ടാമന്‍ എന്നപേരില്‍ എതിര്‍ അന്ത്യോക്യാ പാത്രിയര്‍‍ക്കീസായതു് സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയില്‍ പ്രതിസന്ധിയുണ്ടാക്കി. പില്‍ക്കാലത്തു് പൗരസ്ത്യ കാതോലീക്കോസായ ഔഗേന്‍ ബാവ അക്കാലത്തു് അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍‍ശിച്ചു് മലങ്കര സഭയ്ക്കു് സത്യവിശ്വാസം നിലനിറുത്താന്‍ വേണ്ടി പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് മലങ്കരയിലേയ്ക്കു് മാറ്റുവാന്‍ സമ്മതിപ്പിച്ചു.


മലങ്കരമെത്രാപ്പോലീത്തയുടെ ലൗകിക അധികാരങ്ങള്‍ അബ്ദുല്ല രണ്ടാമന്‍ ബാവയ്ക്കു് കൈമാറി ഉടമ്പടിനല്കണമെന്ന നിര്‍‍ദേശം പാലിയ്ക്കാത്തതിനു് മലങ്കരമെത്രാപ്പോലീത്ത വട്ടശേരില്‍ ദിവന്നാസിയോസിനെ അബ്ദുല്ല രണ്ടാമന്‍ ബാവ 1911-ല്‍‍ മുടക്കിയപ്പോള്‍ അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസ് മുടക്കു് റദ്ദാക്കി അദ്ദേഹത്തെ പുനഃസ്ഥാപിച്ചു.പിന്നീടു് മലങ്കരയിലെഴുന്നള്ളി പൗരസ്ത്യ കാതോലിക്കാസനം പൂര്‍‍ണമായി പുനഃരുദ്ധരിപ്പിച്ചു് ബസേലിയോസ് പൗലോസ് ഒന്നാമനെ മലങ്കരയിലെ ഒന്നാമത്തെ പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കുന്നതിനു് നേതൃത്വം നല്കി .


തിരികെ മര്‍ദീനിലെത്തിയ അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസിനു് പാത്രിയര്‍ക്കാഅധികാരമെല്ലാം തിരികെ ലഭിയ്ക്കുകയും 1915 ഓഗസ്റ്റ് 15-ആം തീയതി കാലം ചെയ്യുന്നതുവരെ പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ വാണരുളുകയും ചെയ്തു. എതിര്‍ പാത്രിയര്‍‍ക്കീസ് അബ്ദുല്ല രണ്ടാമനു് മര്‍ദീനില്‍ പ്രവേശിയ്ക്കാന്‍ പറ്റാത്തതിനാല്‍ ഊര്‍ശലേമില്‍ തുടരുകയും കാഴ്ച നഷ്ടപ്പെട്ടു് യാതനകളനുഭവിച്ചു് കാലം ചെയ്തു. അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ പാത്രിയര്‍ക്കീസിന്റെ അധികാരപത്രം (ഫര്‍മാന്‍) റദ്ദാക്കിയ ഓട്ടോമന്‍‍ തുര്‍‍ക്കിയുടെ ഹമീദ് സുല്‍‍ത്താന്‍ നേരത്തെതന്നെ വധിയ്ക്കപ്പെട്ടിരുന്നു. അബ്ദുല്‍‍‍ മിശിഹാ രണ്ടാമന്‍ റിപ്പബ്ലിക്കന്‍വാദികളായ പ്രതിപക്ഷത്തെ സഹായിച്ചുവെന്നു് ബോദ്ധ്യപ്പെടുത്തിയാണു് വിമതര്‍ സുല്‍‍ത്താനെ സ്വാധീനിച്ചതു്.


അബ്ദുല്ലാ പാത്രിയര്‍ക്കീസും അദ്ദേഹത്തിന്റെ പിന്‍ഗാമികളുമായ അന്ത്യോക്യാനേതൃത്വവും മലങ്കര നേതൃത്വവും തമ്മില്‍ 1911—1929 കാലത്തും1934 —1958 കാലത്തും മലങ്കരയില്‍ അധികാരമല്‍സരം നടന്നു.

സഭാസമാധാനം


1958-ല്‍ പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയര്‍ക്കീസും പരസ്പരം അംഗീകരിച്ചു.1965-ല്‍ നടന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ ആഡീസ് അബാബ സുന്നഹദോസില്‍ പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയര്‍ക്കീസും പങ്കെടുത്തു. അന്ത്യോക്യാ പാത്രിയര്‍ക്കീസും പൗരസ്ത്യ കാതോലിക്കോസും തമ്മില്‍1971-ല്‍ വീണ്ടും ആരംഭിച്ച അധികാരതര്‍ക്കത്തില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് യാക്കൂബ് തൃതീയന്‍ തന്റെ കീഴില്‍ 1975-ല്‍ ഒരു എതിര്‍ പൗരസ്ത്യ കാതോലിക്കോസിനെ ബസേലിയോസ് പൗലോസ് രണ്ടാമനെന്നപേരില്‍ നിയമിച്ചു (ബസേലിയോസ് പൗലോസ് ഒന്നാമന്‍‍ 1912-ല്‍ നിയമിതനായ പൗരസ്ത്യ കാതോലിക്കോസായിരുന്നു).


ഈ തര്‍ക്കത്തിനു് തീര്‍പ്പുണ്ടായതു് ഭാരത സുപ്രീം കോടതി 1995-ല്‍ വിധി കല്പിച്ചു് 2002-ല്‍ നടപ്പില്‍വരുത്തിയതോടെയാണു്. മലങ്കരസഭയിലെ അന്ത്യോക്യാ പാത്രിയര്‍ക്കീസ് കക്ഷിയിലെ ഒരു വിഭാഗം സുപ്രീം കോടതി തീര്‍പ്പിനോടു് യോജിച്ചു് ഐക്യ മലങ്കര സഭയില്‍തുടര്‍‍ന്നപ്പോള്‍ സുപ്രീം കോടതി തീര്‍പ്പിനോടു് വിയോജിച്ച വിഭാഗം2002ജൂലയ് 6-നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെന്ന പേരില്‍ പുതിയ സഭാഘടകം രൂപവല്‍ക്കരിച്ചു് അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ അതിരൂപതയായിമാറി. ഈ അതിരൂപതഅദ്ധ്യക്ഷനു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കീഴില്‍ കാതോലിക്കോസ് എന്നസ്ഥാനികനാമം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമനം 1975-ല്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് കക്ഷി വാഴിച്ച സമന്തര പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് പൗലോസ് രണ്ടാമന്റെ പിന്‍‍ഗാമിയായിട്ടായിരുന്നില്ല.

ഇപ്പോഴത്തെ സ്ഥിതി



2004 ഒക്റ്റോബറില്‍ അലക്സാന്ത്രിയന്‍ മാര്‍പാപ്പയോടും ആര്‍‍മീനിയന്‍‍ കിലിക്യാ കാതോലിക്കോസിനോടുമൊപ്പം ചെയ്ത സംയുക്ത പ്രസ്താവനയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗ സഭകളിലൊന്നായി പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയെന്ന പേരില്‍ അംഗീകരിയ്ക്കുവാന്‍ സമ്മതിച്ചു. 2005 ജനുവരിയില്‍ അംഗ സഭകളുടെ പ്രതിനിധികളടങ്ങിയ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് കണ്‍സള്‍‍ട്ടേറ്റീവ് കമ്മറ്റി നിലവില്‍‍ വന്നു. 1965-ലെ ആഡീസ് അബാബ സുന്നഹദോസ് മുതല്‍ നിലനിന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സ്ഥിരം സമിതി1975-ല്‍ പൗരസ്ത്യ കാതോലിക്കോസിനെ അന്ത്യോക്യാ പാത്രിയര്‍ക്കീസ് മുടക്കി എതിര്‍‍ പൗരസ്ത്യ കാതോലിക്കോസിനെ നിീയമിച്ചതിനു് ശേഷം നിലച്ചിരിയ്ക്കുകയായിരുന്നു


.2004 സെപ്തംബറില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവയുടെ അദ്ധ്യക്ഷതയില്‍ കേരളത്തിലെ മുളന്തുരുത്തിയില്‍‍ കൂടിയ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയുടെ വിഭാഗം എന്ന നിലയില്‍ പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓര്‍ത്തഡോക്സ് പൗരസ്ത്യസഭയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസിന്റെ ഭുമിശാസ്ത്രപരമായ അധികാരാതിര്‍ത്തിയില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള ഭദ്രാസനങ്ങള്‍ ഉറപ്പിയ്ക്കുന്നതിനു് തീരുമാനിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെക്കൂടാതെ പൗരസ്ത്യ സുവിശേഷ സമാജം ,സിംഹാസനപ്പള്ളികള്‍ ,ക്നാനായ ഭദ്രാസനം തുടങ്ങിയവകൂടി ഉള്‍‍‍പ്പെട്ടതാണു് പൗരസ്ത്യ സഭാഭരണാതിര്‍ത്തിയിലെ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ഇടവക.


പൗരസ്ത്യ കാതോലിക്കസനമാകട്ടെ 2007-ല്‍ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ സഭയിലുണ്ടായ പ്രതിസന്ധി മുതലെടുത്തു് അമേരിക്കയില്‍ വിശുദ്ധ യാക്കോബിന്റെ നാമത്തില്‍ സ്വതന്ത്ര അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയ്ക്കു് അംഗീകാരവും മേല്‍‍പട്ടപിന്തുണയും കൊടുക്കുകയും സ്വതന്ത്ര അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ്‌ ഭദ്രാസനമുണ്ടാക്കി മെത്രാപ്പോലീത്തയെ വാഴിച്ചുവിടുകയും ചെയ്തു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ഭരണാതിര്‍ത്തിയില്‍ സമാന്തര ഘടകം ഉണ്ടാക്കിയിരിയ്ക്കുകയുമാണു്.
ചിത്രം

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗ സഭയുടെ സുപ്രീം പാത്രിയര്‍ക്കീസുമാരായ
അലക്സാന്ത്രിയന്‍ മാര്‍പാപ്പ ഷെനൂദ തൃതീയനും
പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവയും-2006 മെയ് .
( പൊതുഉപയോഗത്തിനു് മലങ്കര സഭ പകര്‍‍‍പ്പനുമതി നല്കിയിട്ടുള്ള ഛായ)

വിദേശ മെത്രാന്‍ വാഴ്ച സഭാ സമാധാനത്തിനായി വരച്ച സമാന്തരരേഖ: ഡി.ബാബു പോള്‍




ഡോ.ഡി.ബാബു പോളുമായുളള പ്രദക്ഷിണം അഭിമുഖം

ചോദ്യം- സഭയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉരുണ്ടു് കൂടുകയാണല്ലോ വിദേശമെത്രാന്റെ വാഴിയ്ക്കലും മറ്റും.



സൂക്ഷ്മമായി ചിന്തിച്ചാല്‍ അടുത്ത കാലത്തെ വിവാദമായ വിദേശ മെത്രാന്‍ വാഴ്ച സഭാ സമാധാനത്തിനായി വരച്ച ഒരു സമാന്തരരേഖയാണു് എന്നു് എനിയ്ക്കു് തോന്നുന്നു. അതിന്റെ പ്രത്യക്ഷ മാനവും പരോക്ഷ സൂചനയും മനസ്സിലാക്കിയ ചിലരും മനസ്സിലാക്കാത്ത പലരും ഒരുപോലെ അതിനെ വിമര്‍ശിയ്ക്കുന്നതില്‍ നിന്നും നമുക്കു് മനസ്സിലാകുന്നതു് അതല്ലേ?


ഞാന്‍ പൂര്‍ണ്ണമായും യാക്കോബായ സഭയിലെ അംഗമാണു്. പാത്രിയര്‍ക്കീസ് ബാവായുമായി ഇപ്പോഴും നേരിട്ടു് ബന്ധപ്പെടാറുണ്ടു്. അതുകൊണ്ടു് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായ പ്രകടനത്തിനു് എനിയ്ക്കു് പരിമിതിയുണ്ടു്.



എങ്കിലും സഭ ഒന്നാണെന്ന കാഴ്ചപ്പാടാണു് എനിയ്ക്കുളളതു്. ഇപ്പോഴത്തെ കാറും കോളും നിറഞ്ഞ അന്തരീക്ഷം ഇന്നല്ലെങ്കില്‍ നാളെ മാറുക തന്നെ ചെയ്യും. പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാകുന്നതു് അനാവശ്യമായും അനവസരത്തിലുമാണു്. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കാഴ്ചപ്പാടില്‍ ഈ മെത്രാന്‍ വാഴ്ച വിവാദമായതു് സത്യത്തില്‍ പലരെയും അദ്ഭുതപ്പെടുത്തുന്നുണ്ടു്.



പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കരയിലെ അനധികൃതമായ ഇടപെടലുകളാണു് മലങ്കരസഭയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയതെന്നു് പറയുന്ന ഓര്‍ത്തഡോക്സ് പക്ഷക്കാര്‍ അതേ രീതിയിലുളള ഒരു തിരിച്ചടി പാത്രിയര്‍ക്കീസ് ഭാഗത്തിനു് നല്‍കാന്‍ നടത്തിയ ആസൂത്രിതമായ ഒരു ശ്രമമെന്ന നിലയില്‍ വളരെ ഗൌരവത്തോടെയാണു് എല്ലാവരും ആദ്യം ആ സംഭവത്തെ വീക്ഷിച്ചതു്. ആ വഴി കാര്യങ്ങള്‍ നീങ്ങിയാല്‍ തല്‍ക്കാലം ചില പ്രശ്നങ്ങള്‍ ഉണ്ടായാലും ആത്യന്തികമായ ഒരു സമാധാനശ്രമത്തില്‍ അതു് എത്തിച്ചേരുമായിരുന്നു എന്നു് കരുതുന്നവര്‍ പാത്രിയര്‍ക്കീസ് പക്ഷത്തു് പോലും ഉണ്ടായിരുന്നു.



എന്നാല്‍ ഈ സംഭവം പൂര്‍വ്വവൈരാഗ്യം തീര്‍ക്കാനുളള അവസരമാക്കാന്‍ സ്വാധീനശക്തിയുളള ചിലര്‍ ശ്രമിച്ചെന്ന തോന്നലാണു് പിന്നീടു് തുടരെയുണ്ടായ വാര്‍ത്താ വിവാദങ്ങളില്‍ നിന്നു് തോന്നുന്നതു്.





ഇതാണു് മലങ്കരയുടെ ഇരുപക്ഷത്തെയും ശാപം ധിരമായ നടപടികള്‍ക്കു് തുനിയുന്നവര്‍ക്കു് പിന്‍തുണ നല്‍കാതെ അവര്‍ക്കെതിരെ ഒളിയമ്പു് എയ്യുന്ന വികലമായ മനസ്ഥിതി മാറാതെ ഈ സഭ നന്നാവില്ല എന്നു് തോന്നിപ്പോവുന്നു.



വിദേശ മെത്രാന്‍ വാഴ്ച സമാധാനത്തിനു് വഴിതുറക്കുമായിരുന്നു എന്നു് പറയുന്നതില്‍ വലിയ വൈരുധ്യമില്ലേ. ?



വൈരുധ്യത്തില്‍ നിന്നാണു് വൈവിധ്യമുണ്ടാകുന്നതു്. വൈവിധ്യങ്ങളില്‍ നിന്നാണു് സമാനതകള്‍ ജനിയ്ക്കുന്നതു്.



അന്ത്യോഖ്യന്‍ സഭയില്‍ നിരവധി വംശീയ ഗ്രൂപ്പുകളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം എപ്പോഴും ഉണ്ടായിരുന്നു. അബ്ദേദ് മിശിഹായുടെ കാലത്തൊഴികെ അവയൊന്നും ചൂഷണം ചെയ്യാന്‍ മലങ്കര സഭയിലെ ഒരു വിഭാഗവും പരിശ്രമിച്ചിട്ടില്ല. യാക്കോബ് ത്യതീയന്‍ പാത്രിയര്‍ക്കിസ് ബാവാ കാലം ചെയ്തപ്പോള്‍ സുറിയാനിആകമാന സൂന്നഹദോസിനു് അന്നത്തെ കാതോലിക്കാ ബാവ ഒരു നോട്ടീസ് അയച്ചാല്‍ ഫലമുണ്ടാകുമായിരുന്നു. മറ്റൊരു പാത്രിയര്‍ക്കിസ് ഉണ്ടാകുവാനുളള സാധ്യതയും ഉണ്ടാകുമായിരുന്നു. അത്തരം സാധ്യതകള്‍ ചര്‍ച്ചകളിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കുമായിരുന്നു.



സമാനമായ ഒരു സാഹചര്യം ഉണ്ടാകുവാന്‍ ഇപ്പോഴും സാധ്യത ഇല്ലാതില്ല. മലങ്കരയിലെ ഭിന്നത തങ്ങള്‍ മുതലെടുക്കുന്നതുപോലെ തങ്ങളിലെ ഭിന്നത മലങ്കരക്കാരും മുതലെടുക്കുമെന്നൊരുതോന്നല്‍ അന്ത്യോഖ്യക്കാര്‍ക്കു് ഉണ്ടായിരുന്നു എങ്കില്‍ മലങ്കര പ്രശ്നങ്ങള്‍ എന്നേ പരിഹരിയ്ക്കപ്പെടുമായിരുന്നു.



ഇപ്പോഴത്തെ മെത്രാന്‍വാഴ്ച മലങ്കര സഭയിലെ സുന്നഹദോസ് അംഗങ്ങളുടെ പൂര്‍ണ്ണ സഹകരണത്തിലും യോജിപ്പിലും ആണു് നടന്നിരുന്നതെങ്കില്‍ തീര്‍ച്ചയായും അത് അന്ത്യോഖ്യന്‍ സഭയെ ചിന്തിപ്പിയ്ക്കുമായിരുന്നു. ആ ചിന്ത തീര്‍ച്ചയായും സഭാ യോജിപ്പില്‍ എത്തുമായിരുന്നു എന്നു് തന്നെയാണു് ഞാന്‍ ചിന്തിയ്ക്കുന്നതു്.



അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസുമായി വ്യക്തിബന്ധം പുലര്‍ത്തുന്ന താങ്കള്‍ ഇങ്ങനെ ചിന്തിക്കുന്നത് ശരിയാണോ ?



അങ്ങനെ ചെയ്യണം എന്നല്ല ഞാന്‍ പറഞ്ഞതു്. അങ്ങനെ ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അതിന്റെ പരിണിതഫലങ്ങള്‍ എങ്ങനെയാകുമായിരുന്നു എന്നു് ചിന്തിച്ചു നോക്കി എന്നു മാത്രം.



ഇപ്പോഴത്തെ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് എല്ലാ അര്‍ത്ഥത്തിലും സമാധാന കാംക്ഷിയാണു്. പക്ഷെ അദ്ദേഹത്തിനു് മേല്‍ സമ്മര്‍ദ്ദങ്ങള്‍ ഏറെയാണു്.



യാക്കോബായ പക്ഷത്തുളള മെത്രാന്മാരും സമാധാനത്തെ സ്വാഗതം ചെയ്യുന്നവരാണു്. പക്ഷെ സ്വന്തം ബോദ്ധ്യത്തിനൊത്തു് പ്രവര്‍ത്തിയ്ക്കുവാന്‍ പലപ്പോഴും അവര്‍ക്കു് സാധിയ്ക്കാറില്ല. ഓര്‍ത്തഡോക്സ് പക്ഷത്തിനാണു് സഭയുടെ ഭാവി നിര്‍ണ്ണയിയ്ക്കാനാവുന്ന തീരുമാനങ്ങള്‍ കൈക്കൊളളാനാവുക എന്നാണ് ഞാന്‍ സൂചിപ്പിച്ചതു്. അതു് അപ്രകാരം ആയിരിയ്ക്കണം എന്നു് സൂചിപ്പിയ്ക്കാന്‍ ഞാന്‍ ആളല്ല.



സഭാ കാര്യങ്ങളില്‍ കോട്ടയം ഇടവകയുടെ ഈവാനിയോസ് തിരുമേനിയുടെ സമീപനങ്ങള്‍ ഓര്‍ത്തഡോക്സ് പക്ഷം കൂടുതലായി ഉള്‍ക്കൊള്ളേണ്ടതുണ്ടു്. ദൈവികസ്പര്‍ശം നേരിട്ടു് അനുഭവിച്ചിട്ടുളള തിരുമേനിയുടെ വാക്കുകളും പ്രവൃത്തികളും പ്രവാചക ദൌത്യമാണു് നിര്‍വ്വഹിക്കുന്നതു് എന്നാണു് എനിയ്ക്കു് തോന്നിയിട്ടുളളതു്.



*******

ചിത്രങ്ങള്‍‍



1) സ്വയംഭരണാവകാശമുള്ള സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ ആര്‍ച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്തയായി വാഴിയ്ക്കപ്പെട്ട മോശ ഗോര്‍ഗുന്‍ മാര്‍ സേവേറിയോസ് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവയോടും കണ്ടനാടു് -കിഴക്കിന്റെ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയോടുമൊപ്പം. [ചിത്രത്തില്‍ ക്ലിക്കിയാല്‍ കൂടിയ പ്രമേയത്തിലുള്ള രൂപം പുതിയ ജാലകത്തില്‍ കാണാം. ](പൊതുഉപയോഗത്തിനു് പകര്‍‍‍പ്പനുമതിയുള്ള ഛായ)

2) ഡോ. ഡി ബാബു പോള്‍‍ (ഛായാ അവലംബം: പ്രദക്ഷിണം)


*****

പശ്ചാത്തലകണ്ണികള്‍







മാര്‍ മക്കാറിയോസിസിന്റെ കബറടക്കം കഴിഞ്ഞു


നിറകണ്ണുകളോടെ വിട
കോട്ടയം: മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, കാനഡ ഭദ്രാസനാ ധിപനായിരുന്ന കാലംചെയ്ത ഡോ. തോമസ് മാര്‍ മക്കാറിയോസിന്റെ കബറടക്കം കഴിഞ്ഞു. ദേവലോകം അരമനച്ചാപ്പലിന് തെക്കുവശത്ത് തയ്യാറാക്കിയ കബറിടത്തില്‍ മാര്‍ച്ച് മൂന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയായിരുന്നു ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ കബറടക്കം.

മാര്‍ച്ച് രണ്ടാം തീയതി ഞായറാഴ്ച രാത്രി വൈകി കോട്ടയം പഴയ സെമിനാരിയില്‍ എത്തിച്ചു് പൊതുദര്‍ശനത്തിനു് വച്ച ഭൌതിക ശരീരം ശുശ്രൂഷകള്‍ക്കുശേഷം തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കു സഭാ ആസ്ഥാനമായ ദേവലോകം അരമന ചാപ്പലിലേയ്ക്കു് നിരവധി വാഹനങ്ങളുടെയും നൂറുകണക്കിനു് വിശ്വാസികളുടെയും അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി.കബറടക്ക ശുശ്രൂഷയുടെ ഭാഗമായ 'നഗരി കാണിക്കല്‍ കൂടിയായിരുന്ന വിലാപയാത്ര ചുങ്കം, കോട്ടയം ടൗണ്‍, ശാസ്ത്രി റോഡ്, കളക്ടറേറ്റ്, കഞ്ഞിക്കുഴി വഴി പത്തര കഴിഞ്ഞപ്പോള്‍ ദേവലോകം അരമനയിലെത്തി.

തുടര്‍ന്നു് അന്ത്യോപചാരം അര്‍പ്പിയ്ക്കാന്‍ ആളുകള്‍ക്കു് അവസരം നല്‍കി.അനുശോചനയോഗവും നടന്നു. 11.15നു് കബറടക്ക ശുശ്രൂഷയുടെ അവസാനഭാഗം തുടങ്ങി.പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന ശുശ്രൂഷയില്‍ മെത്രാപ്പൊലീത്തമാരും വൈദികരും സഹകാര്‍മികരായിരുന്നു.
മെത്രാപ്പോലീത്തയുടെ ഭൌതികശരീരം മദ്ബഹായ്ക്കുള്ളിലേയ്ക്ക് കൊണ്ടുപോയി, താന്‍ ശുശ്രൂഷിച്ച ദേവാലയത്തോടും ബലിയര്‍പ്പിച്ച മദ്ബഹയോടും പരിപാലിച്ച അജഗണങ്ങളോടും വിടചോദിക്കുന്നതിനായി നാലു് ദിക്കുകളിലേയ്ക്കും എടുത്തുയര്‍ത്തിയശേഷം കബറിടത്തില്‍ എത്തിച്ചു. ഭൌതിക ശരീരത്തില്‍ കാതോലിക്കാ ബാവാ വിശുദ്ധ തൈലമൊഴിച്ചു് കുന്തിരിയ്ക്കവും മണ്ണും വച്ചതോടെ കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയായി. തുടര്‍ന്നു് ഭൌതികശരീരം കബറിനുള്ളില്‍ അടക്കം ചെയ്തു.

സംസ്ഥാനസര്‍ക്കാരിനു് വേണ്ടി മന്ത്രിമോന്‍സ് ജോസഫ് പുഷ്പചക്രം സമര്‍പ്പിച്ചു. പ്രതിപക്ഷനേതാവു് ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി.യു. കുരുവിള, ലോകസഭാംഗം പി.സി. തോമസ്, എം എല്‍ ‍എമാരായ വി.എന്‍. വാസവന്‍, ജോസഫ് എം. പുതുശ്ശേരി, എം. മുരളി, സി.എസ്.ഐ. മധ്യകേരള ബിഷപ്പ് തോമസ് സാമുവേല്‍, സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, സീറോ മലങ്കര റീത്തു് കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ബസേലിയോസ് ക്ലീമീസ്, സീറോ മലബാര്‍ ക്നാനായ കത്തോലിക്കാസഭയുടെ കോട്ടയം അതിരൂപതാ മെത്രാന്‍ മാര്‍ ‍മാത്യു മൂലക്കാട്ട്, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തോമസ് മാര്‍ തീമോത്തിയോസ് , മലബാര്‍ മാര്‍‍ത്തോമാ സുറിയാനി സഭയുടെ സഖറിയാസ് മാര്‍ തേയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഏബ്രഹാം മാര്‍ പൌലോസ്, സീറോ മലങ്കര റീത്തു് കത്തോലിക്കാ സഭയുടെ ഏബ്രഹാം മാര്‍ യൂലിയോസ്, തോമസ് മാര്‍ കൂറിലോസ് എന്നിവരും ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസന മെത്രാപ്പോലീത്താമാരും ജില്ലാ കളക്ടര്‍ ഷര്‍മിള മേരി ജോസഫ്, ജില്ലാ പോലീസ് സൂപ്രണ്ട് മാത്യു പോളി കാര്‍പ്പ്, കോട്ടയം നഗരസഭാധ്യക്ഷ റീബാ വര്‍ക്കി, ഇന്ദിരാ കോണ്‍ഗ്രസ് നേതാവു് കൊടിക്കുന്നില്‍ സുരേഷ്, ജില്ലാ പഞ്ചായത്തു് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ലണ്ടനില്‍ നിന്നു് വിമാന മാര്‍ഗം മാര്‍ച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ നെടുമ്പാശേരിയിലെത്തിച്ച മാര്‍ മക്കാറിയോസിസിന്റെ ഭൗതിക ശരീരം പൗലോസ് മാര്‍ മിലിത്തിയോസ്, മാത്യൂസ് മാര്‍ സേവേറിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, സഭാ ട്രസ്റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്നാണു് ഏറ്റുവാങ്ങിയതു്.കേന്ദ്ര മന്ത്രി വയലാര്‍ രവി, സംസ്ഥാന മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, മോന്‍സ് ജോസഫ്, എംഎല്‍എമാരായ ജോസഫ് എം. പുതുശേരി, എം. മുരളി എന്നിവര്‍ വിമാനത്താവളത്തിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.

മുംബൈ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ലണ്ടന്‍ ഇടവക വികാരി ഫാ. ഏബ്രഹാം തോമസ്, മാഞ്ചസ്റ്റര്‍ - ലിവര്‍പൂള്‍ ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ്, ബ്രിസ്റ്റോള്‍ വികാരി ഫാ. വര്‍ഗീസ് മാത്യു എന്നിവര്‍ ലണ്ടനില്‍നിന്നു് ഭൌതിക ശരീരത്തെ അനുഗമിച്ചിരുന്നു. അലങ്കരിച്ച വാഹനത്തില്‍ നൂറു് കണക്കിനു് വാഹനങ്ങളുടെ അകമ്പടിയോടെ ശീതീകരിച്ച പ്രത്യേക അറയിലാണു് ഭൌതിക ശരീരം ജന്‍മസ്ഥലമായ അയിരൂരിലേയ്ക്കു് കൊണ്ടു് പോയതു്.

ആലപ്പുഴ, ചങ്ങനാശേരി വഴി വിലാപയാത്ര നാലരയോടെ പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്തു് എത്തിയപ്പോള്‍ നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിന്റെ നേതൃത്വത്തില്‍ ഭൌതിക ശരീരം ഏറ്റുവാങ്ങി. തുടര്‍ന്നു് തിരുവല്ല, ഇരവിപേരൂര്‍, വെണ്ണിക്കുളം, തടിയൂര്‍, തീയാടിക്കല്‍ വഴി 7.30നു് മാര്‍ മക്കാറിയോസിസിന്റെ മാതൃ ഇടവകയായ അയിരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എത്തിച്ചു .നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ്, മെത്രാപ്പൊലീത്തമാര്‍, വൈദികര്‍ എന്നിവരുടെ നേതൃത്വത്തില്‍ കബറടക്ക ശുശ്രൂഷയുടെ രണ്ടും മൂന്നും നാലും ഭാഗങ്ങള്‍ അയിരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തി.

മെത്രാപ്പൊലീത്തമാരും രാഷ്ട്രീയ, സാമുദായിക നേതാക്കളും മാര്‍ മക്കാറിയോസിന്റെ തറവാടായ കുറ്റിക്കണ്ടത്തില്‍ കുടുംബത്തിലെ അംഗങ്ങളും ആയിരക്കണക്കിനു വിശ്വാസികളും അവിടെനിന്നുള്ള വിലാപയാത്രയെ അനുഗമിച്ചു. വഴിമദ്ധ്യേ ആയിരക്കണക്കിനാളുകള്‍ വിവിധസ്ഥലങ്ങളില്‍ മാര്‍ മക്കാറിയോസിനു് അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു. രാത്രി വൈകിയാണു് കോട്ടയം പഴയ സെമിനാരിയില്‍ എത്തിച്ചതു് .

ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ്‌ സമാപിച്ചു


കോട്ടയം: സഭാ വൈദിക ട്രസ്‌റ്റിയുടെ മുഖ്യ ചുമതലയില്‍ സുശക്തമായ പബ്ലിക്‌ റിലേഷന്‍ സംവിധാനം ക്രമീകരിയ്ക്കാന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ്‌ തീരുമാനിച്ചു.

പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവയുടെ അദ്ധ്യക്ഷതയില്‍ 2008ഫെബ്രുവരി 18മുതല്‍ 23 വരെ കോട്ടയംപഴയ സെമിനാരിയില്‍ ‍സമ്മേളിച്ച സുന്നഹദോസില്‍ ഇങ്ഗ്ലണ്ടിലെ ന്യൂകാസിലില്‍ ചികില്‍സയിലായിരുന്ന യുകെ, യൂറോപ്പ്, കാനഡ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ് ഒഴിച്ചുള്ള എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുത്തു. യുകെ, യൂറോപ്പ്, കാനഡ ഭദ്രാസനഭരണക്രമീകരണങ്ങള്‍ക്കു് ആവശ്യമായ നടപടികള്‍ പൗരസ്ത്യ കാതോലിക്കോസ് കൈക്കൊണ്ടു.

സഭാവക സംഘടനകളുടെയും സ്‌ഥാപനങ്ങളുടെയും പ്രസ്‌ഥാനങ്ങളുടെയും 2008-2009 ലെ ബജറ്റ്‌ അംഗീകരിച്ചു. വിദ്യാര്‍ഥിപ്രസ്‌ഥാന ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍ക്കും അനുമതി നല്‍കി.

ഈ വര്‍ഷം സെപ്‌റ്റംബറില്‍ അര്‍മീനിയയിലെ എച്ച്‌മിയാഡ്‌സിനില്‍ നടക്കുന്ന വിശുദ്ധ മൂറോന്‍ കൂദാശയിലും എത്യോപ്യയില്‍ നടക്കുന്ന ഓറിയന്റല്‍ സഭകളുടെ സമ്മേളനത്തിലും പങ്കെടുക്കാന്‍ പ്രതിനിധികളെ അയയ്ക്കും. അര്‍മീനിയന്‍ സഭകളുടെ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കോസ് ഈ വര്‍ഷത്തെ പരുമലപ്പെരുന്നാളിനോടനുബന്ധിച്ചും ലബനോനിലെ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കോസ് സെപ്‌റ്റംബറിലെ മലങ്കര അസോസിയേഷന്‍ യോഗത്തോടനുബന്ധിച്ചും മലങ്കരസഭ സന്ദര്‍ശിക്കുന്നതിനു് ക്രമീകരണം നടത്തും.

പരുമല സെന്റ്‌ ഗ്രീഗോറിയോസ്‌ മിഷന്‍ ആശുപത്രിയോടനുബന്ധിച്ചു് കാന്‍സര്‍ കെയര്‍ സെന്റര്‍ ‍ആരംഭിക്കും. പഴയ സെമിനാരിയില്‍ ചരിത്ര മ്യൂസിയവും ആരംഭിക്കും.

പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ ചരമ പ്ലാറ്റിനംജൂബിലിവര്‍ഷമായി 2008-2009 വിവിധ പരിപാടികളോടെ ആചരിക്കാനും സുന്നഹദോസില്‍ തീരുമാനമായി. പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസിയോസ്‌ രണ്ടാമന്‍ മെത്രാപ്പോലീത്തായുടെ ചരമ ശതാബ്‌ദിയോടനുബന്ധിച്ചു് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിനായി പ്രത്യേകസമിതിയെ ചുമതലപ്പെടുത്തി.
‍
അടുത്ത സമ്മേളനം ഓഗസ്‌റ്റ് 19 മുതല്‍ 23 വരെ പഴയ സെമിനാരിയില്‍ ചേരും.

മാര്‍ മക്കാറിയോസിന്റെ കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടം


ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു.കെ, യൂറോപ്പ്, ക്യാനഡ ഭദ്രാസനാധിപനായിരുന്ന കാലംചെയ്ത ഡോ. തോമസ് മാര്‍ മക്കാറിയോസിന്റെ കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടം ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ഫെബ്രുവരി 29 ഗ്രീനിച്ച് മെറീഡിയന്‍ സമയം 18.00 മണിയ്ക്കു് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ ‍നടത്തി. മറ്റു് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളിലെ മെത്രാപ്പോലീത്തമാരും വൈദീകരും ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍നിന്നെത്തിയ വൈദികരും കാര്‍മികരായിരുന്നു.

യുകെ — അയര്‍ലണ്ട് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ കൌണ്‍സിലിന്റെ പ്രസിഡന്റായ കോപ്ടിക് ഓര്‍ത്തഡോക്സ് സഭയുടെ ആഞ്ചലോസ് മെത്രാപ്പോലീത്ത ആര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ നാഥാന്‍ മെത്രാപ്പോലീത്ത എത്തിയോപ്പീയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അന്തോനിയൂസ് മെത്രാപ്പോലീത്ത ബ്രിട്ടീഷ് ഓര്‍ത്തഡോക്സ് സഭയുടെ അബ്ബാ സെറാഫിം മെത്രാപ്പോലീത്ത എന്നീ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ നേതാക്കള്‍ കാന്റര്‍ബറി മെത്രാപ്പോലീത്തയുടെ പ്രതിനിധി ക്രിസ്റ്റഫര്‍ ചെസ്സുന്‍ മെത്രാന്‍ തുടങ്ങിയപ്രമുഖര്‍ കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടത്തില്‍ പങ്കെടുത്തു . കാന്റര്‍ബറി മെത്രാപ്പോലീത്ത മഹാഭിവന്ദ്യ റോവാന്‍ വില്യംസിന്റെ അനുശോചനസന്ദേശം പ്രതിനിധി ക്രിസ്റ്റഫര്‍ ചെസ്സുന്‍ മെത്രാന്‍ വായിച്ചു.


ഭൌതികശരീരം പള്ളിയില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മലയാളി സമൂഹവും വിവിധ സഭാവിഭാഗങ്ങളില്‍പ്പെട്ട വൈദികരും ഒട്ടേറെ സഭാംഗങ്ങളുംആദരാഞ്ജലിയര്‍പ്പിച്ചു. വികാരി ഫാ.ഏബ്രഹാം തോമസും സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളും ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.


ഭൗതികശരീരം മാര്‍ച്ച് ഒന്നാംതീയതി ലണ്ടനില്‍നിന്ന് എമിരേറ്റ്സ് വിമാനത്തില്‍ മുംബൈ വഴി നെടുമ്പാശേരിയിലേയ്ക്കു് യാത്രയാക്കി. രണ്ടാം തീയതി ഒന്‍പതേകാല്‍ മണിയോടെ നെടുമ്പാശേരിയിലെത്തിച്ച ഭൗതികശരീരം അവിടെനിന്നു് മാര്‍ മക്കാറിയോസിന്റെ സ്വദേശമായ അയിരൂരിലേക്കു കൊണ്ടുപോയി രാത്രി വൈകി കോട്ടയം പഴയ സെമിനാരിയിലെത്തിച്ചു.

മാര്‍ച്ച് മൂന്നാംതീയതി തിങ്കളാഴ്ച രാവിലെ ഏഴിനു് ദേവലോകം അരമന ചാപ്പലിലേയ്ക്കു നഗരികാണിയ്ക്കല്‍. ഒന്‍പതു മണിക്കു കബറടക്ക ശുശ്രൂഷയുടെ തുടക്കം.

അനുഗൃഹീതനായ മെത്രാപ്പൊലീത്ത


ദേവലോകം(കോട്ടയം): പകലോമറ്റം തറവാടിന്റെ ശാഖയായ അയിരൂര്‍ താഴമണ്‍ കുറ്റിക്കണ്ടത്തില്‍ കുടുംബത്തില്‍ ചാക്കോയുടെയും മറിയാമ്മയുടെയും പുത്രനായി 1926 മേയ് 26നു ജനിച്ച കെ.സി. തോമസ് (തങ്കച്ചന്‍) ആണു് കാലംചെയ്ത
ഡോ.തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പൊലീത്ത.

ഇന്റര്‍മീഡിയേറ്റ് പാസായശേഷം കുമ്പളന്താനം സ്കൂളില്‍ അധ്യാപകനായി. ദൈവവിളി സ്വീകരിച്ചു് പെരുനാടു് ബഥനി ആശ്രമാധിപന്‍ മാര്‍ തേവോദോസിയോസിനെ തേടിച്ചെന്ന അദ്ദേഹം 1947-ല്‍ സ്കൂളില്‍നിന്നു് പിരിഞ്ഞു് ബാഹ്യകേരളത്തിനു് വേണ്ടി മെത്രാപ്പൊലീത്തയുടെ ഉപദേശപ്രകാരം പഴയ സെമിനാരിയില്‍ ചേര്‍ന്നു് വൈദിക പഠനം ആരംഭിച്ചു. കെ.സി. തോമസിനെ മറ്റു് 11 പേര്‍ക്കൊപ്പം 1951 ഫെബ്രുവരി 23നു് പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ശെമ്മാശനായി ഉയര്‍ത്തി. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തന്നെ 1952 സെപ്റ്റംബറില്‍ മദ്രാസ് കത്തീഡ്രലില്‍ വച്ചു് വൈദികപട്ടം നല്‍കി.

പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍നിന്നു ചരിത്രത്തിലും പൊളിറ്റിക്സിലും ബിരുദം നേടിയ ഫാ. കെ.സി. തോമസ് തുടര്‍ന്നു് അമേരിക്കയിലെ വിസ്കോണ്‍സിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു് ബി ഡിയും അലക്സാന്‍ഡ്രിയ എപ്പിസ്കോപ്പല്‍ സെമിനാരിയില്‍നിന്നു് എസ് ടി എമ്മും റിച്ച്മോണ്‍ഡ് യൂണിയന്‍ തിയളോജിക്കല്‍ സെമിനാരിയില്‍നിന്നു് ഡോക്ടറേറ്റും കരസ്ഥമാക്കി.

1975-ല്‍ നിരണത്തു് പരിശുദ്ധ ഔഗേന്‍ കാതോലിക്കാ ബാവായില്‍നിന്നു് തോമസ് മാര്‍ മക്കാറിയോസ് എന്ന പേരില്‍ മെത്രാന്‍ പട്ടം സ്വീകരിച്ചു. മക്കാറിയോസ് എന്ന വാക്കിന്റെ അര്‍ഥം അനുഗൃഹീതന്‍‍ എന്നാണ്. മലങ്കര സഭയില്‍ ആ നാമത്തില്‍ അഭിഷിക്തനായ ആദ്യ മഹാചാര്യനാണു് അദ്ദേഹം. സുദീര്‍ഘമായ എപ്പിസ്കോപ്പല്‍ ഭരണകാലത്തു് മാര്‍ മക്കാറിയോസ്
ബോംബെ, അമേരിക്ക എന്നീ ഭദ്രാസനങ്ങളുടെ അധിപനായി പ്രവര്‍ത്തിച്ചു. 1993 ഓഗസ്റ്റിലാണു് യു.കെ, യൂറോപ്പ്, കാനഡ ഭദ്രാസനാധിപനായതു്.

റമ്പാന്‍ ലാസറസ് കോര്‍ എപ്പിസ്കോപ്പ (കാനഡ), കെ.സി. മാത്യു കോര്‍ എപ്പിസ്കോപ്പ, സിസ്റ്റര്‍ മറിയം (ബഥനി കോണ്‍വന്റ്), കെ.സി. അന്നമ്മ (റാന്നി) എന്നിവര്‍ മാര്‍ മക്കാറിയോസിന്റെ സഹോദരങ്ങളാണു്.

ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു
H.E. Dr. Thomas Mar Makarios Metropolitan Passes Into Eternal Rest
------
വിഷയ സൂചികയിലേയ്ക്കു്

പുറം താളിലേയ്ക്ക്

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.