ഈ ലേഖയില്‍‍ തിരയുക

ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു


ന്യൂകാസില്‍ (ലണ്ടന്‍): മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു.കെ, കാനഡ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ് കാലം ചെയ്തു. കാറപകടത്തില്‍ പരുക്കേറ്റ് ഇവിടെ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഫെബ്രുവരി 23-നു് വൈകുന്നേരം 4:12 നു് (ഇന്ത്യന്‍ സമയം) ആയിരുന്നു.

നെഞ്ചിലും വയറ്റിലും ഗുരുതരമായി പരുക്കേറ്റ മെത്രാപ്പോലീത്തായുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു നിലനിര്‍ത്തിയിരുന്നതു്. ഫെബ്രുവരി 23-നു് ഉച്ചയ്ക്കു് വെന്റിലേറ്റര്‍ സംവിധാനം വേര്‍പെടുത്തി. ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നു് വ്യക്‌തമായതിനെത്തുടര്‍ന്നു് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ദേവലോകം കാതോലിക്കാസന അരമനയുമായി ഫോണില്‍ ബന്ധപ്പെട്ടശേഷമാണു് വെന്റിലേറ്റര്‍ നീക്കം ചെയ്തതു്. അപകടശേഷം മെത്രാപ്പോലീത്ത അബോധാവസ്‌ഥയിലായിരുന്നു.

ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ഭൌതികശരീരം കേരളത്തിലേയ്ക്കു് കൊണ്ടുപോയി സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയില്‍ മാര്‍ച്ച് നാലിനു് കബറടക്കും. ദേവലോകം അരമന ചാപ്പലിനു തെക്കുവശത്തു് പ്രത്യേകം തയാറാക്കുന്ന കബറിടത്തിലായിരിക്കും കബറടക്കമെന്നു സഭാ അധികൃതര്‍ കോട്ടയത്ത് അറിയിച്ചു. വടക്കുവശത്താണു ബാവാമാരുടെ അന്ത്യവിശ്രമസ്ഥലം.

മാര്‍ച്ച് മൂന്നിന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടന്നു വരുന്നത്. മാര്‍ മക്കാറിയോസിന് അമേരിക്കന്‍ പൌരത്വം ഉള്ളതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചില സാങ്കേതിക തടസങ്ങള്‍ ഉണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇംഗ്ളണ്ടില്‍ അവധിയായതിനാല്‍ തിങ്കളാഴ്ചയെ ഇന്ത്യന്‍ എംബസിയില്‍ അതിനുവേണ്ട ക്രമീകരണങ്ങള്‍ നടത്താനാകൂ എന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വക്താക്കള്‍ അറിയിച്ചു. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയും ഇ. അഹമ്മദും ലണ്ടനിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്കുകയും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ മേലധ്യക്ഷന്മാരെ അനുശോചനം അറിയിക്കുകയും ചെയ്തു.

പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ വൈകുന്നേരം ദേവലോ കം അരമനയില്‍ ചേര്‍ന്ന അടി യന്തര സിനഡ് കബറടക്കം സംബന്ധിച്ച ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്തു. മുംബൈ ഭദ്രാസാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഇന്നു ന്യൂകാസിലിലേക്കു പോകും. ഭൌതിക ശരീരം കൊണ്ടു വരുന്നതി നുള്ള നടപടിക്രമങ്ങ ള്‍ക്കായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ലണ്ടനിലേക്കു പോകും. തിരുവ നന്തപുരത്തെ ത്തുന്ന ഭൌതിക ശരീരം വിലാപ യാത്രയായി മാര്‍ മക്കാറിയോസിന്റെ ജന്മസ്ഥലമായ പത്തനംതിട്ട അയിരൂര്‍ വഴി ചുങ്കം പഴയ സെമി നാരിയില്‍ എത്തിക്കും.

അവിടെ പൊതു ദര്‍ശനത്തിന് വച്ച ശേഷം വിലാപ യാത്രായി ദേവലോകം അരമനയിലേക്കു കൊണ്ടു പോകും. അരമന ചാപ്പലിന്റെ മദ്ബഹയുടെ തെക്കു വശത്ത് ഭൌതിക ശരീരം സംസ്കരിയ്ക്കുമെന്നു സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ് പറഞ്ഞു.

ജനുവരി ആറിന് ന്യൂകാസില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക പ്രഖ്യാപനത്തിനുശേഷം ലണ്ടന്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മെത്രാപ്പോലീത്ത സഞ്ചരിച്ചിരുന്ന ഹോണ്ട കാറില്‍ എതിരെവന്ന ബി.എം.ഡബ്ള്യു കാര്‍ വന്നിടിച്ചാണ് അദ്ദേഹത്തിനു ഗുരുതരമായി പരുക്കേറ്റത്. നട്ടെല്ലിനും വാരിയെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റു് ന്യൂകാസില്‍ ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മാര്‍ മക്കാറിയോസ് നിരവധി ശസ്ത്രക്രിയകള്‍ക്കു വിധേയനായി. ഇടയ്ക്കു് സ്ഥിതി മെച്ചപ്പെടുകയും പരീക്ഷണാര്‍ഥം ശ്വസനസഹായ യന്ത്രങ്ങള്‍ നീക്കംചെയ്യുകയും ചെയ്തെങ്കിലും പിന്നീടു് സ്ഥിതി മോശമായി അന്ത്യം സംഭവിക്കുകയായിരുന്നു. എട്ടാഴ്ചയോളം അദ്ദേഹം ചികിത്സയിലായിരുന്നു.

അന്ത്യോപചരം അര്‍പ്പിക്കുന്നതിനുള്ള അവസരം ലണ്ടനിലെ മലയാളികള്‍ക്ക് നല്‍കുന്നതിനുവേണ്ടി ന്യൂകാസില്‍ ജനറല്‍ ആശുപത്രിയില്‍ ഒരുമണിക്കൂറോളം അദ്ദേഹത്തിന്റെ ഭൌതീകശരീരം പൊതുദര്‍ശനത്തിന് വച്ചതിനുശേഷം ഔദ്യോഗിക സ്ഥാനവസ്ത്രങ്ങള്‍ അണിയിച്ച് മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. മാര്‍ മക്കാറിയോസിന്റെ സഹോദരനായ ലാസര്‍ റമ്പാന്‍, ഫാ. ഹാപ്പി ജേക്കബ്, ഫാ. ഏബ്രഹാം തോമസ്, ഫാ. വര്‍ഗീസ് ജോണ്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്കുന്നത്.

മലങ്കര മെത്രാപ്പോലീത്തയായിരുന്ന പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ ഒാര്‍മപ്പെരുന്നാളില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ഷവും കോട്ടയത്ത് എത്തിയിരുന്ന തോമസ് മാര്‍ മക്കാറിയോസിന്റെ ദേഹവിയോഗം വട്ടശേരില്‍ തിരുമേനിയുടെ 74-ആം ചരമവാര്‍ഷിക ദിനത്തിലായിരുന്നു.

വൈദികവൃത്തിയിലേക്കു പ്രവേശിച്ചതിന്റെ 57-ആം വാര്‍ഷിക ദിനത്തിലാണു് മാര്‍ മക്കാറിയോസ് കാലംചെയ്തതെന്നത് മറ്റൊരു യാദൃച്ഛികതയാണു്. 1951 ഫെബ്രുവരി 23ന് ആണു പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ദേഹത്തിനു ശെമ്മാശുപട്ടം നല്‍കിയത്.

സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ ആര്‍ച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്തയായി ജര്‍‍മനിയിലെ മാര്‍ സേവേറിയോസ് മോശ ഗോര്‍ഗുനെവാഴിച്ച മെത്രാപ്പോലീത്തമാരുടെ അഞ്ചംഗ ഉപസമിമിതിയിലെ അംഗമായിരുന്നു അദ്ദേഹം. മെത്രാഭിഷേകശുശ്രൂഷയില്‍ പങ്കെടുക്കാന്‍‍‍ മാര്‍ മക്കാറിയോസിനു് കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ടാണു് മെത്രാഭിഷേകശുശ്രൂഷ നടക്കാനിടയായതു് .

ചിത്രം — ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്ത

ചിത്രത്തില്‍ ക്ലിക്കിയാല്‍ ശരിവലിപ്പത്തില് കൂടിയ പ്രമേയത്തിലുള്ള രൂപം പുതിയ ജാലകത്തില്‍ കാണാം.

1 comment:

  1. തിരുമേനിക്കു വേണ്ടി പ്രാര്ത്ഥിക്കുന്നു..!

    വാര്ത്ത അറിഞ്ഞതു ഇവിടെ നിന്നുമാണു്. ബൂലോകം ഇനിയും വളരട്ടെ..!

    ReplyDelete

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.