ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ അംഗസഭകളിലൊന്നായ മലങ്കര സഭയുടെ കണ്ടനാടു് (കിഴക്കു്) ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് പൗരസ്ത്യ ദൈവവിജ്ഞാനീയത്തിന്റെ ശക്തനായ വക്താവും പ്രമുഖ ഇന്ത്യന്‍ ക്രൈസ്തവ ചിന്തകനുമാണു്. 1992 മുതല്‍ 1998 വരെ അദ്ദേഹം
കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അദ്ധ്യക്ഷനായിരുന്നു.
യൗവനം
കൂത്താട്ടുകുളത്തിന്റെ സമീപ പ്രദേശമായ പെരിയാമ്പ്രയിലെ പുറ്റാനില്‍ യോഹന്നാന് കശ്ശീശയുടെയും ശ്രീമതി മറിയാമ്മയുടെയും മകനായി 1952 ജൂണ്‍ 28നു് ജനിച്ച പി ജെ തോമസ്സാണു് പിന്നീടു് തോമസ് റമ്പാനും
ഡോ. തോമസ് മാര്‍ അത്താനാസ്യോസ് എന്ന നാമധേയത്തില്‍ മെത്രാപ്പോലീത്തായുമായതു് . 1971-ല്‍ പൌലോസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായില്‍ നിന്നു്
കോറൂയോ പട്ടം സ്വീകരിച്ചു.
ആഗ്ര സെന്റ് ജോണ്‍സ് കലാലയത്തില്‍ നിന്നു് ആംഗലേയസാഹിത്യത്തില്‍ ബിരുദാനന്തരബിരുദംനേടിയ അദ്ദേഹം ബങ്ഗലൂരിലെ യു റ്റി കലാലയത്തില്‍ നിന്നു് ദൈവശാസ്ത്ര ബിരുദവും നേടി. 1984-89 കാലത്തു് ജര്‍മനിയില്‍
റീഗന്സ്ബര്ഗ് സര്‍വകലാശാലയിലെ റോമന്‍ കത്തോലിക്കാ ഫാക്കല്‍ട്ടിയില്‍ പഠനം നടത്തി മ്യൂണിക്കിലെ
ലുഡ്വിഗ് മാക്സ് മില്ലന് സര്‍വകലാശാലയില്‍ നിന്നു്
വിശുദ്ധ ഐറേനിയോസിന്റെയും ശ്രീ ശങ്കരാചാര്യരുടെയും ദര്‍ശനങ്ങളുടെ രീതിശാസ്ത്ര താരതമ്യ പഠനം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി.
തുടര്‍ന്നു് വെട്ടിക്കല്‍
ഉദയഗിരി സെമിനാരിയില്‍ വൈസ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചുവരവേയാണു് 1990 ഫെബ്രുവരിയില്‍ മലങ്കര
സുറിയാനി ഓര്‍ത്തഡോക്സ് കക്ഷിയുടെ കണ്ടനാടു് പള്ളിപ്രതിപുരുഷയോഗം അദ്ദേഹത്തെ കണ്ടനാടു് മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തതു്.
ബാവാപക്ഷ മെത്രാപ്പോലീത്തപിന്നീടു് കശ്ശീശ പട്ടവും റമ്പാന് സ്ഥാനവും സ്വീകരിച്ച അദ്ദേഹം 1990 മെയ് മൂന്നാം തീയതി മെത്രാപ്പോലീത്തയായി ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂവാറ്റുപുഴയിലെ (എതിര്) പൌരസ്ത്യ കാതോലിക്കാസന അരമനയില്‍ വച്ചു് അഭിഷിക്തനായി.
കണ്ടനാടു് ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ അദ്ദേഹം അന്ത്യോക്യാ പാത്രിയര് ക്കീസിന്റെ വ്യവസ്ഥാപിതമല്ലാത്ത ഇടപെടലിനെ എതിര്‍ക്കുവാനും മൂവാറ്റുപുഴയിലെ പൌരസ്ത്യ കാതോലിക്കാസനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുവാനും പാത്രിയര്‍ക്കീസ് കക്ഷിയായ
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഉള്‍ഭരണ സ്വാതന്ത്ര്യം കാക്കുവാനും വേണ്ടി ബസേലിയോസ് പൗലോസ് ദ്വിതീയന്‍
ബാവയോടൊപ്പം ഉറച്ചുനിന്നു. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയ്ക്കെതിരെ അന്ത്യാക്യാ പാത്രിയര്‍ക്കീസിന്റെ പിന്തുണയോടെ നടന്ന
വിമതനീക്കം 1993-ലാണു് പൊളിഞ്ഞതു്.
സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ സമ്പൂര്‍ണ സുന്നഹദോസെന്ന പേരില്‍ 1975-ലും 1981-ലും ദമസ്കോസില്‍ അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ നേതൃത്വത്തിലെടുത്ത അനധികൃതതീരുമാനങ്ങളെയും മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയെന്നപേരില്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ നേതൃത്വത്തില്‍ പ്രത്യേക സഭയായുള്ള 1972 മുതലുള്ള പാത്രിയര്‍ക്കീസ് കക്ഷിയുടെ നിലനില്പിനെയും അപ്രസക്തമാക്കുന്ന ഭാരത സുപ്രീം കോടതി വിധി 1995ലുണ്ടായി.
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ(അന്നത്തെ പാത്രിയര്‍ക്കീസ് കക്ഷി)യിലെ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാപക്ഷം ആശ്വാസകരമായാണു് അതിനെ കണ്ടതു്.
സഭാസമാധാനംപാത്രിയര്ക്കീസ് തന്നെയും 1995 ഓഗസ്റ്റ് ഒന്നാം തീയതി ഒരു കല്പനയിലൂടെ ഈ വിധിയെ സ്വാഗതം ചെയ്തു. അതു്പ്രകാരവും ടെലിഫോണ്‍ മുഖേന കിട്ടിയ പാത്രിയര്‍ക്കീസിന്റെ സമ്മതപ്രകാരവും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും
യോജിച്ചു് ഒന്നായിത്തീരുവാന്‍ 1996 നവംബര്‍ അഞ്ചാം തീയതി മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ(അന്നത്തെ പാത്രിയര് ക്കീസ് കക്ഷി)യുടെ
എപ്പിസ്കോപ്പല്‍ സുന്നഹദോസ് പരുമ്പള്ളി യൂലിയോസ് സെമിനാരിയില്‍ പാത്രിയര്‍ക്കാ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ സമ്മേളിച്ചു്
ഏകകണ്ഠമായി തീരുമാനമെടുത്തു.
ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ 2006 സെപ്തംബര്‍ ഒന്നാംതീയതി കാലം ചെയ്തതിനെതുടര്‍ന്നു് കണ്ടനാടു് ഭദ്രാസനത്തിന്റെ പൂര്‍ണ മെത്രാപ്പോലീത്തയായി ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത ചുമതലയേറ്റതിനു് 6-11-2006-ലെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ(പാത്രിയര്‍ക്കീസ് കക്ഷി)യുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അജണ്ടവച്ചു് ചേര്‍ന്നു് അംഗീകാരം നല്കി.
1995-ലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കാനോനിക പൌരസ്ത്യ കാതോലിക്കോസു്കൂടിയായിരുന്ന മലങ്കര മെത്രാപ്പോലീത്ത പ രിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് തെരഞ്ഞെടുപ്പു് നടപടികളുമായി 1997-ല്‍ നീങ്ങിയപ്പോള്‍ പാത്രിയര്‍ക്കീസ് കക്ഷിയിലെ (ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത അടക്കമുള്ള) ബസേലിയോസ് പൗലോസ് ദ്വിതീയന്‍
ബാവാപക്ഷ മെത്രാപ്പോലീത്തമാര്‍ അതുമായി സഹകരിയ്ക്കാന്‍ തീരുമാനിച്ചു. പാത്രിയര്‍ക്കീസ് കക്ഷിയിലെ ബസേലിയോസ് പൗലോസ് ദ്വിതീയന്‍
ബാവാവിരുദ്ധരായ വിമതപക്ഷ മെത്രാപ്പോലീത്തമാര്‍ അതുമായി സഹകരിയ്ക്കാതെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ചോദ്യം ചെയ്തു് കേസുകള്‍ കൊടുത്തതോടെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയെന്ന
പാത്രിയര്‍ക്കീസ് കക്ഷി രണ്ടായി പിളര്‍ന്നു.
1997-1998 കാലത്തു്
പാത്രിയര്‍ക്കീസ് കക്ഷി മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭക്കാരായിരുന്ന രണ്ടു് വിഭാഗക്കാരായ മെത്രാപ്പോലീത്തമാരും വിവിധ പള്ളിക്കേസുകളിലായി 1934-ലെ മലങ്കര സഭാഭരണഘടനയോടു് കൂറും വിധേയത്വവും പ്രഖ്യാപിച്ചു് പ്രതിജ്ഞയെടുത്തു് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരെന്ന തല്‍സ്ഥിതി (പുതിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് തെരഞ്ഞെടുപ്പു് വരെ ലഭിയ്ക്കുന്നതു്) നിലനിറുത്തി. അതോടെ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും
ഒന്നു് തന്നെയായി. 1997-ല്‍ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയുടെകേസുമായി ബന്ധപ്പെട്ടാണു് ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത സഭാഭരണഘടനയംഗീകരിച്ചതു്. അങ്കമാലിയുടെ തോമസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത 1998 ലും.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ചോദ്യംചെയ്തു് വിമത പാത്രിയര്‍ക്കീസ് പക്ഷ മെത്രാപ്പോലീത്തമാര്‍ കൊടുത്ത കേസില്‍ 2001 നവംബറില്‍ ഒത്തുതീര്‍പ്പുവിധിയായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവ തന്നെ പേരു് വച്ചു് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് തെരഞ്ഞെടുപ്പു് നടത്തട്ടെയെന്നും അദ്ദേഹം മലങ്കര മെത്രാപ്പോലീത്തയാണോയെന്നുള്ള ഹിതപരിശോധനയും തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതംഗീകരിച്ചു് കോടതിയ്ക്കു് പുറത്തു് വന്ന
വിമത പാത്രിയര്‍ക്കീസ് പക്ഷ മെത്രാപ്പോലീത്തമാര്‍ 2002-ല്‍ തെരഞ്ഞെടുപ്പു് ബഹിഷ്കരിയ്ക്കുകയും മലങ്കര സഭ വിട്ടു്
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരില്‍ പുതിയ സഭയുണ്ടാക്കുകയുമാണു് ചെയ്തതു്.
ഐക്യപ്രതീകം പുതിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലങ്കര സഭയുടെ ഇടവകപ്പള്ളികളുടെയും സ്ഥാപനങ്ങളുടെയും മേല്‍ അവകാശവാദം ഉന്നയിച്ചു്കൊണ്ടു് അവ രാഷ്ട്രീയ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ മുഷ്കുപയോഗിച്ചു് പിടിച്ചെടുക്കുവാന്‍ ശ്രമിയ്ക്കുന്നതാണു് മലങ്കര സഭയുടെ ഇപ്പോഴത്തെ പ്രശ്നം. ചെറുതോണി, കണ്യാട്ടു്നിരപ്പു്, വടകര, പിറവം പള്ളികളിലുണ്ടായ സംഘര്‍ഷങ്ങള്‍ മലങ്കര സഭയുടെ ചരിത്രത്തിലെ ഭയങ്കര സംഭവങ്ങളാണു്. 2002-ല്‍ അക്രമികളായ ശീശ്മക്കാര്‍ ചെറുതോണി സെന്റ് മേരീസ് പള്ളി കയ്യേറിയപ്പോള്‍ അതു് തടയുവാനും നീതിബോധം ഉണര്‍ത്തുവാനും ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത ദിവസങ്ങളോളം പള്ളിയുടെ പുറത്തു് സത്യാഗ്രഹമിരിയ്ക്കേണ്ടിവന്നു.
സഭാസമാധാനത്തിനായി 2002 അവസാനം അദ്ദേഹം ദൈവത്തിനു് മുമ്പാകെ മാത്യുസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയോടൊപ്പവും ആരോഗ്യനിലവഷളായപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു് ആശുപത്രിയിലാക്കിയപ്പോള്‍ പൌലോസ് മാര്‍ പക്കോമിയോസിനോടൊപ്പവും നടത്തിയ രണ്ടാഴ്ചയിലേറെക്കാലം നീണ്ട തീഷ്ണമായ
ഉപവാസ പ്രാര്‍ത്ഥനായജ്ഞം സഭയ്ക്കു് ഉള്‍ക്കരുത്തു് പകര്‍ന്നു.
1990 മുതല്‍ അദ്ദേഹം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു് ഭദ്രാസന മെത്രാപ്പോലീത്തയായഅദ്ദേഹം മലങ്കരസഭയുടെ ഐക്യത്തിന്റെ പ്രതീകമാണു്. 1972-മുതല്‍ 1995 വരെ നിലനിന്ന കക്ഷിമല്‍സര കാലത്തു് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് കക്ഷി നടത്തിയ ഈ നിയമനം സുപ്രീം കോടതി വിധി പ്രകാരം കൂടിയ 2002-ലെ
സംയുക്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ശരിവച്ചു. 2002-ലെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനെതുടര്‍ന്നുണ്ടായ ഭദ്രാസന ക്രമീകരണത്തിനു് ശേഷം ഭദ്രാസനനാമം
കണ്ടനാടു് (കിഴക്കു്) എന്നായി.
കൃതികള്‍ കണ്ടനാടു് ഡയോസിഷന്‍ ബുള്ളറ്റിന് മാസികയിലെ അദ്ദേഹത്തിന്റെ സ്ഥിരം പംക്തിയായ മെത്രാപ്പോലീത്തയുടെ കത്തു് പഠനപരവും പ്രബോധനപരവുമായ ലേഖനങ്ങളാണു്. സഭാഭരണവുമായി ബന്ധപ്പെട്ടു് നിരവധി ലഘുലേഖകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ടു്.
പ്രധാന കൃതികള്‍:
സഭ സമൂഹത്തില്‍ , സഭാജീവിതത്തിനൊരു മാര്‍ഗ രേഖ, സമകാലീന രാഷ്ട്രീയം: ക്രൈസ്തവ പ്രതികരണങ്ങള്‍ , മതം വര്‍ഗീയത സെക്കുലര്‍ സമൂഹം.