ഈ ലേഖയില്‍‍ തിരയുക

ശവസംസ്കാരം തടയാന്‍ എതിര്‍ സഭക്കാര്‍ ശ്രമിച്ചതു് മൂലം ഓര്‍ത്തഡോക്സ് പള്ളിയില്‍ സംഘര്‍ഷം

മാന്ദാമംഗലം (തൃശൂര്‍): ഓര്‍ത്തഡോക്സ് വിശ്വാസിയുടെ മൃതദേഹം സംസ്കരിയ്ക്കുന്നതിനെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടയാന്‍ ശ്രമിച്ചതു് ജനുവരി 20-നു് തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒടുവില്‍ പോലിസ് ഇടപെടലിനെത്തുടര്‍ന്നാണു് സംസ്കാരം നടത്തിയതു്. തലേ ദിവസം നിര്യാതനായ മുണ്ടശേരിയില്‍ വര്‍ക്കിയുടെ (91) സംസ്കാരം സംബന്ധിച്ചായിരുന്നു തര്‍ക്കം.

മാന്ദാമംഗലം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പ്രവേശിയ്ക്കാനും സഭാപരമായ ചടങ്ങുകള്‍ നടത്താനും കഴിഞ്ഞ 14-നു് ഉണ്ടായ കോടതിവിധി ഓര്‍ത്തഡോക്സ് സഭക്കാര്‍ക്കു് അനുവാദം കൊടുത്തിട്ടുള്ളതാണു്. പക്ഷെ, 1995-ലെ സുപ്രീം കോടതിവിധി അംഗീകരിയ്ക്കാത്തവരുടേതായ 2002-ല്‍ സ്ഥാപിതമായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മാന്ദാമംഗലം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ നിയന്ത്രണം പിടിച്ചിരിയ്ക്കുന്നതാണു് പ്രശ്നം.

മുണ്ടശേരിയില്‍ വര്‍ക്കിയുടെ മൃതദേഹം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്ന ആവശ്യത്തില്‍ വര്‍ക്കിയുടെ മകനും ഓര്‍ത്തഡോക്സ് സഭയും ഉറച്ചു് നിന്നപ്പോള്‍ ജനുവരി 20-നു് രാവിലെ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗവും ചര്‍ച്ച നടത്തി പള്ളി സെമിത്തേരിയില്‍ തന്നെ അടക്കം ചെയ്യാന്‍ ധാരണയായി.
എന്നാല്‍, പള്ളിസെമിത്തേരിയില്‍ ശവക്കുഴി എടുക്കാന്‍ പ്രവേശിച്ചപ്പോള്‍‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നു്, സി.ഐ. രാമചന്ദ്രന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വികാരിയുമായി ചര്‍ച്ച ചെയ്തു് ധാരണയുണ്ടാക്കി.
മൃതദേഹം കൊണ്ടുവന്നതോടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പള്ളിയിലേയ്ക്കു് തള്ളിക്കയറി ചടങ്ങിനെത്തിയവരോടു് പിരിഞ്ഞു് പോകാന്‍ ആവശ്യപ്പെട്ടു. ഇതു് ക്യാമറയില്‍ പകര്‍ത്തിയ പത്രപ്രവര്‍ത്തകരെ തീവ്രവാദികളായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആക്രമിയ്ക്കാന്‍ മുതിര്‍ന്നു. വൈദികരും പോലിസും ഇവരെ ഏറെ പണിപ്പെട്ടു് നിയന്ത്രിച്ചാണു് സംസ്കാരം നടത്തിയതു്.
മാന്ദാമംഗലം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തോസിന്റെ കീഴില്‍ പെട്ടിട്ടുള്ളതാണു്.
(സഭാതര്‍ക്കത്തിലെ കക്ഷികളെന്നനിലയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ അന്ത്യോക്യാ പാത്രിയാര്‍ക്കീസ് ബാവാവിഭാഗമെന്നും ഓര്‍ത്തഡോക്സ് സഭയെ പൗരസ്ത്യ കാതോലിക്കോസ് ബാവാവിഭാഗമെന്നും വിളിയ്ക്കാറുണ്ടു്. എതിര്‍ കക്ഷിയെ ഇരുകൂട്ടരും അന്യോന്യം മെത്രാന്‍ കക്ഷിയെന്നു് ആക്ഷേപിച്ചു് വിളിയ്ക്കും. യഥാര്‍‍ത്ഥ ബാവാക്കക്ഷി തങ്ങളാണെന്നു് ഇരുകൂട്ടരും അവകാശപ്പെടുന്നു. നേരത്തെ (പത്തൊമ്പതാം നൂറ്റാണ്ടില്‍‍‍) നവീകരണ മാര്‍ത്തോമ്മാ സഭക്കാരെയാണു് മെത്രാന്‍ കക്ഷിയെന്നു് വിളിച്ചിരുന്നതു്.)

1 comment:

  1. മരിച്ചാലും സ്വൈര്യം ഇല്ലാ!.......

    ReplyDelete

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.