ഈ ലേഖയില്‍‍ തിരയുക

മൂവാറ്റുപുഴയെ കലാപ മേഖലയാക്കാന്‍ ഗൂഢനീക്കം: ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്ത




മൂവാറ്റുപുഴ അരമനയും ഭദ്രാസനപള്ളിയും-
ചിത്രം- സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം
മൂവാറ്റുപുഴ, ഡിസംബര്‍ 14: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ അരമന ദേവാലയത്തിലെ പെരുനാളിനോടനുബന്ധിച്ച്‌ മൂവാറ്റുപുഴയെ കലാപ മേഖലയാക്കാനുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ ഗൂഢനീക്കത്തിനെതിരെ പൊലീസും അധികാരികളും ജാഗ്രത പാലിക്കണമെന്ന്‌ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ പറഞ്ഞു. ദേവാലയം കയ്യേറാനും, പിടിച്ചെടുക്കാനുമുള്ള ആസൂത്രിത നീക്കമാണ്‌ നടക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്‌ സമാധാനാന്തരീക്ഷത്തെ തകര്‍ക്കും. പെരുന്നാള്‍ ദിവസമായ ഡിസംബര്‍ 17 തീയതി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വിശ്വാസ പ്രഖ്യാപന മാര്‍ച്ചു് വിളിച്ച്‌ ചേര്‍ത്തിരിക്കുന്നത്‌ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

1998 ല്‍ ദേവാലയം പിടിച്ചെടുക്കാന്‍ നടത്തിയതിനു സമാനമായ നീക്കമുണ്ടാകുന്നത്‌ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടവക ജനങ്ങളിലും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന ഇതര സമുദായങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളില്‍ അദ്ദേഹം പ്രതിഷേധിച്ചു. സഭയുമായോ ഭദ്രാസനപള്ളിഇടവകയുമായോ യാതൊരു ബന്ധവുമില്ലാത്തവരാണ്‌ ഇപ്പോള്‍ പ്രസ്‌താവനകളുമായെത്തി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നത്‌.

നിലവിലുള്ള അരമനപ്പള്ളി പുതുക്കിപ്പണിയുന്നതിനെ ചോദ്യം ചെയ്യാന്‍ അവര്‍ക്കവകാശമില്ല. ഭദ്രാസനപള്ളി ഇടവകയില്‍ 400 കുടുംബങ്ങളുണ്ടു്. ഭദ്രാസനപള്ളിയോടനുബന്ധിച്ചുള്ള ഇടവകയുടെ ഇടവക യോഗം കൂടിയാണു് നിലവിലുള്ള അരമനപ്പള്ളി പുതുക്കിപ്പണിയുന്നതിനു് തീരുമാനമെടുത്തതു്. 2010 ഫെബ്രുവരി 27 ന്‌ ആര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യായിലെ കാതോലിക്കയായ ആരാം പ്രഥമന്‍ ബാവ പുതിയ ദേവലായത്തിന്റെ ശിലാസ്‌ഥാപനം നടത്തി.

2010 ഫെബ്രുവരി 27 ന്‌ പുതിയ മൂവാറ്റുപുഴ അരമനപ്പള്ളിയുടെ
ശിലാസ്‌ഥാപനം ആര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ
ആരാം പ്രഥമന്‍ കാതോലിക്ക നിര്‍വഹിയ്ക്കുന്നു-
ചിത്രം- സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം

അരമനപ്പള്ളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉണ്ടെന്നിരിക്കെയാണ്‌ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. അരമനപള്ളിയെ ഒരു പ്രശ്‌നബാധിത സ്‌ഥലമാക്കി മാറ്റാന്‍ നടത്തുന്നതിന്റെ ഭാഗമാണ്‌ ഇത്തരം നീക്കങ്ങളെന്ന്‌ സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ഭാഗമായ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ അരമനയുടെയും ഭദ്രാസനദേവാലയത്തിന്റെയും മറ്റു് സ്വത്തുക്കളുടെയും അവകാശം മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്കു് മാത്രമാണു്.

മലങ്കരയിലെ ഒന്നാം പൗരസ്ത്യ കാതോലിക്കയായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവ കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ ഒന്നാമത്തെ മെത്രാപ്പൊലീത്തയായിരിയ്ക്കെ 124 വര്‍ഷം മുമ്പു് കൊല്ലവര്‍ഷം 1063 ല്‍ തീറായി വാങ്ങിയതാണ്‌ സ്ഥലം. ഇതിനുശേഷം കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായിരുന്ന ഔഗേന്‍ ബാവ ഭദ്രാസനപള്ളിയും അരമനയും സ്ഥാപിച്ചു് 1964-ല്‍ പൗരസ്ത്യ കാതോലിക്കയായി അഭിഷിക്തനാകുന്നതു് വരെ താമസിച്ചു് ഭരണം നടത്തി.1964 മുതല്‍ പൗലോസ് മാര്‍ പീലക്സിനോസ് കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായി താമസിച്ചു. 1990 മുതല്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ ഇവിടെ താമസിച്ചു് ഭദ്രാസന ഭരണം നടത്തുന്നത്‌. അരമന കോംപ്ലക്സ്,സണ്‍ജേ സ്കൂള്‍ കെട്ടിടം ഉള്‍പ്പടെയുള്ള വികസനങ്ങള്‍ നടത്തിവന്നതു് ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയാണ്‌.

1998-ല്‍ അരമനയും വസ്തുക്കളും പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം പോലീസ്‌ തടഞ്ഞിരുന്നു. അപ്പോഴത്തെ മൂന്നാം പ്രതിയാണ്‌ ഇപ്പോഴത്തെ അരമന കയ്യേറ്റത്തിനുള്ള നീക്കം നടത്തുന്നത്‌. ഇതിനെ ബന്ധപ്പെട്ടവര്‍ പ്രോത്സാഹിപ്പിച്ചാല്‍ അരാജകത്വത്തിലേക്കായിരിക്കും ഈ പ്രശ്നം നീങ്ങുന്നത്‌. സഭാ തര്‍ക്കങ്ങളിലുള്ള കോടതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്‌. ഇത്‌ പൊതുസമൂഹത്തില്‍ ആശയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും തിരുമേനി പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയമായ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ തോമാശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ ഡിസംബര്‍17-നും ഡിസംബര്‍ 18-നും ആഘോഷിയ്ക്കുകയാണു്. ഡിസംബര്‍ 17-ന്‌ രാവിലെ ഏഴിന്‌ വിശുദ്ധ കുര്‍ബാനയും ഉച്ചകഴിഞ്ഞ്‌ രണ്‌ടിന്‌ ഭദ്രാസനത്തിലെ ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷവും വൈകുന്നേരം ആറിന്‌ സന്ധ്യാനമസ്‌കാരവും ഏഴിന്‌ വചനശുശ്രൂഷയും 7.30-ന്‌ പ്രദക്ഷിണവും ഉണ്ടാവും. ഡിസംബര്‍ 18-ന്‌ രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന. 10.30-ന്‌ ലേലം. 11-ന്‌ പ്രദക്ഷിണം, ആശീര്‍വാദം, 12-ന്‌ സ്‌നേഹവിരുന്ന്‌, രണ്‌ടിന്‌ കൊടിയിറക്ക്‌ എന്നിങ്ങനെയാണു് ക്രമീകരണം.

ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത തിരുക്കര്‍മങ്ങള്‍ക്ക്‌ മുഖ്യ കാര്‍മികത്വം വഹിക്കും.

പത്രസമ്മേളനത്തില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമ്മേല്‍ കശീശ, മേരിദാസ് സ്റ്റീഫന്‍ കശീശ, എബിന്‍ അബ്രാഹം കശീശ, വി സി ജേക്കബ് വടക്കേമുട്ടപ്പള്ളി, സജി ജോണ്‍ നീറുംതാനത്തു്, കെ പി ഐസക് കുളങ്ങര എന്നിവരും പങ്കെടുത്തു.

മൂവാറ്റുപുഴ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ പെരുന്നാള്‍

മൂവാറ്റുപുഴ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയമായ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ തോമാശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ ഡിസംബര്‍ 17-നും 18-നും ആഘോഷിക്കും. ഡിസംബര്‍ 17-ന്‌ രാവിലെ ഏഴിന്‌ വിശുദ്ധ കുര്‍ബാന, ഉച്ചകഴിഞ്ഞ്‌ രണ്‌ടിന്‌ ഭദ്രാസനത്തിലെ ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം. വൈകുന്നേരം ആറിന്‌ സന്ധ്യാനമസ്‌കാരം. ഏഴിന്‌ വചനശുശ്രൂഷ. 7.30-ന്‌ പ്രദക്ഷിണം. ഡിസംബര്‍ 18-ന്‌ രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന. 10.30-ന്‌ ലേലം. 11-ന്‌ പ്രദക്ഷിണം, ആശീര്‍വാദം, 12-ന്‌ സ്‌നേഹവിരുന്ന്‌, രണ്‌ടിന്‌ കൊടിയിറക്ക്‌. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത തിരുക്കര്‍മങ്ങള്‍ക്ക്‌ മുഖ്യ കാര്‍മികത്വം വഹിക്കും.

കരുത്തറിയിച്ച്‌ ഐക്യം ജ്വലിപ്പിച്ച്‌ കുടുംബസംഗമ റാലിയില്‍ ആയിരങ്ങള്‍


പാമ്പാക്കുട: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കരുത്തും ഐക്യവും വിളിച്ചറിയിച്ച്‌ നടന്ന കണ്ടനാട്‌ ഭദ്രാസനങ്ങളുടെ കുടുംബസംഗമ റാലിയില്‍ ആയിരക്കണക്കിന്‌ വിശ്വാസികള്‍ 2011ഡിസം.11നു് അണിനിരന്നു. കണ്ടനാട്‌ ഈസ്‌റ്റ്‌-വെസ്‌റ്റ്‌ ഭദ്രാസനങ്ങള്‍ ഒരുമിച്ച്‌ ആദ്യമായി സംഘടിപ്പിച്ച റാലിയായിരുന്നു ഇത്‌.

പാമ്പാക്കുട വലിയപള്ളി അങ്കണത്തില്‍ നിന്ന്‌ ആരംഭിച്ച റാലിയുടെ മുന്‍നിര ഒരു കിലോമീറ്റര്‍ അകലെ സമ്മേളന വേദിയായ എംടിഎം സ്‌കൂള്‍ മൈതാനിയില്‍ എത്തിയതിനു ശേഷവും പിന്‍ഭാഗം പള്ളി അങ്കണത്തില്‍ നിന്നു പുറപ്പെട്ടിരുന്നില്ല. കുടുംബസംഗമത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന ബാനറിനു് പിന്നില്‍ വൈദിക ട്രസ്‌റ്റി ഫാ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ടിന്റെ നേതൃത്വത്തില്‍ കോറെപ്പിസ്‌കോപ്പമാരും വൈദികരും മറ്റു സന്യസ്‌തരും അണിനിരന്നു.

മുത്തുക്കുടകളും വാദ്യമേളങ്ങളുമായി തൊട്ടുപിന്നാലെ സ്‌ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസ സമൂഹവും പ്രാര്‍ഥനാ ഗീതങ്ങളുമായി നീങ്ങി. സഭയോടുള്ള വിശ്വാസവും കൂറും വ്യക്‌തമാക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു. സാന്താക്ലോസുമാര്‍ ഉള്‍പ്പെടുന്ന നിശ്‌ചലദൃശ്യങ്ങളും പരിപാടിക്ക്‌ മിഴിവേകി. സമ്മേളന വേദിയില്‍ എത്തിയ അംഗങ്ങളെ ഇടവക സമൂഹം പ്രാര്‍ഥനാപൂര്‍വം എതിരേറ്റു. പാമ്പാക്കുട സെന്റ്‌ ജോണ്‍സ്‌ ഗായക സംഘം സ്വാഗതഗാനം ആലപിച്ചു. തുടര്‍ന്ന്‌ പരിശുദ്ധ ബാവായെയും ഭദ്രാസന അധിപന്‍മാരെയും സമ്മേളന വേദിയിലേക്ക്‌ ആനയിച്ചു. വേദിയില്‍ ഗീവര്‍ഗീസ്‌ കൊച്ചുപറമ്പില്‍ റമ്പാന്‍ പരിശുദ്ധ ബാവായെ ഹാരമണിയിച്ച്‌ സ്വീകരിച്ചു. രണ്ടു് ഭദ്രാസനങ്ങളില്‍ നിന്നുള്ള 70 പള്ളികളില്‍ നിന്നും പതിനയ്യായിരത്തിലേറെ വിശ്വാസികള്‍ പരിപാടിയില്‍ പങ്കെടുത്തു.

കോറെപ്പിസ്‌കോപ്പമാരായ ജോണ്‍ മണ്ണാത്തിക്കുളം, കുര്യാക്കോസ്‌ പോത്താറയില്‍, മത്തായി ഐലാപുരത്ത്‌, ഐസക്‌ ചെനയപ്പിള്ളി,ഐസക് മട്ടമ്മേല്‍ റമ്പാന്‍മാരായ ഗീവര്‍ഗീസ്‌ കൊച്ചുപറമ്പില്‍, ശേമവൂര്‍, വൈദികസംഘം സെക്രട്ടറി ഫാ. ഏബ്രഹാം ജോണ്‍, സഭാ മാനേജിങ്‌ കമ്മിറ്റി അംഗങ്ങളായ സാജു മടക്കാലില്‍, ജോസി ഐസക്‌, ജോയി ലക്‌നോ നേതൃത്വം നല്‍കി.

മലങ്കര സഭ തളരില്ല;സര്‍ക്കാരിനെതിരെ പരിശുദ്ധ ബാവ



ദൈവം നമുക്കു് നീതി നല്കും

പാമ്പാക്കുട, 2011 ഡിസംബര്‍ 11 : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്ക്‌ ലഭിക്കേണ്ട അവകാശങ്ങള്‍ അക്രമത്തിലൂടെയും അവഗണനയിലൂടെയും ഇല്ലാതാക്കാമെന്ന്‌ കരുതേണ്ടെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ മുന്നറിയിപ്പു് നല്കി.

കണ്ടനാട്‌ ഈസ്‌റ്റ്‌- വെസ്‌റ്റ്‌ ഭദ്രാസനം കുടുംബ സംഗമം പാമ്പാക്കുട എം ടി എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവാ. സഭയ്‌ക്കു് ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിക്കണം. അത്‌ അവഗണിയ്ക്കുന്ന ഭരണകൂടത്തെ അംഗീകരിക്കാനാവില്ല. അവഗണനക്കെതിരെ മുന്നറിയിപ്പ്‌ നല്‍കുന്നതിനുള്ള അവസരങ്ങള്‍ പാഴാക്കരുതെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേര്‍ത്തു.

ഇനിയും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും തളരില്ല എന്ന്‌ അറിയേണ്ടവര്‍ അറിയണം. ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസിയായി എന്ന കാരണത്താല്‍ ഒറ്റപ്പെടുത്തലും പീഡനവും അനുഭവിക്കുന്നവര്‍ക്ക്‌ ഊര്‍ജവും ധൈര്യവും പകരുന്നതിനാണ്‌ കുടുംബസംഗമം സംഘടിപ്പിച്ചത്‌. ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സമീപനമാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. നീതിയ്ക്കു് വേണ്ടി വിശപ്പും പീഡനവും അനുഭവിക്കുന്ന ജനത എന്ന വിശേഷണം സഭാംഗങ്ങള്‍ക്ക്‌ ഏറ്റവും യോജിച്ച സമയമാണിത്‌. സഭാ വിശ്വാസികള്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവരാണെന്നാണ്‌ ഭരണകൂടം ധരിച്ചിരിക്കുന്നത്‌. ഇതിനു് തിരിച്ചടി നല്‍കാന്‍ കഴിയുന്ന സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കണം.
നീതിയ്ക്കു് വേണ്ടി വിശപ്പും പീഡനവും അനുഭവിക്കുന്ന ജനത

കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ വ്യക്‌തമായ കോടതി വിധി ഉണ്ടായിട്ടും കാപട്യം നിറഞ്ഞ സമീപനമാണ്‌ സ്വീകരിച്ചത്‌. സഭയ്‌ക്ക്‌ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കാതെ ഭരണകൂടത്തെ സഹായിക്കാനാവില്ലെന്നും ബാവ വ്യക്‌തമാക്കി.

അക്രമങ്ങള്‍ക്ക്‌ വിധേയരായവരുടെ സംഘബോധമാണ്‌ കുടുംബസംഗമത്തിലൂടെ വെളിവാകുന്നതെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ.തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. അനീതി പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ്‌ ഭരണാധികാരികളില്‍ നിന്ന്‌ ഉണ്ടാവുന്നത്‌. അക്രമത്തിനനുകൂലമാണു് സര്‍ക്കാര്‍. കോടതി വിധികള്‍ നടപ്പാക്കുന്നതിനുള്ള ആര്‍ജവം ഇനിയെങ്കിലും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഭയുടെ നീതിപൂര്‍വമായ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുവാന്‍ സഭാംഗങ്ങള്‍ക്കു് ചുമതലയുണ്ടു്. അനീതിയോടു് ചേര്‍ന്നു് നില്‍ക്കുന്നവരെ പാര്‍ട്ടിയുടെ പേരില്‍ സഹായിയ്ക്കാന്‍ശ്രമിയ്ക്കരുതെന്നു് മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

കണ്ടനാട്‌ വെസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. മലങ്കരസഭയുടെ ഇടവകപ്പള്ളികള്‍ 1934-ലെ സഭാഭരണഘടന പാലിയ്ക്കുന്ന ഇടവകക്കാരുടേതാണെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘടിച്ചു് ശക്തരാകണമെന്നും അനീതിയോടു് പ്രതിരോധിയ്ക്കാന്‍ പഠിയ്ക്കണമെന്നും കൊച്ചി ഭദ്രാസനാധിപന്‍ യാക്കോബ്‌ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.. വൈദിക ട്രസ്‌റ്റി ഫാ.ഡോ.ജോണ്‍സ്‌ ഏബ്രഹാം കോനാട്ട് വിശദീകരണ പ്രഭാഷണത്തില്‍ കണ്ടനാട്‌ ഈസ്‌റ്റ്‌- വെസ്‌റ്റ്‌ ഭദ്രാസനങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന ദാരുണമായ കഷ്ടപ്പാടിനംപ്പറ്റി വിവരിച്ചു. അത്മായ ട്രസ്‌റ്റി എം.ജോര്‍ജ്‌ മുത്തൂറ്റ് ഭക്തിപ്രമേയവും ഫാ. ഏബ്രഹാം കാരമേല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടു് വിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ് അശംസാ പ്രസംഗം നടത്തി. തിരുവിതാംകൂറില്‍ സര്‍ സിപ്പിയുടെ കാലംമുഴുവന്‍ പീഢനങ്ങളെ നേരിട്ട മലങ്കരസഭ ഇപ്പോഴത്തെ പീഢനങ്ങളില്‍ തളരില്ലെന്നു് അദ്ദേഹം പറഞ്ഞു സഭാ വര്‍ക്കിങ്‌ കമ്മിറ്റി അംഗം ഫാ. ഏലിയാസ്‌ ചെറുകാട് സ്വാഗതവും ഫാ.ജേക്കബ്‌ മാത്യു ചന്ദ്രത്തില്‍ നന്ദിയും പറഞ്ഞു.

ചിത്രങ്ങള്‍- മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം

അരമന ദേവാലയം: ദുഷ്പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം

മൂവാറ്റുപുഴ, ഡിസംബര്‍ 3: മൂവാറ്റുപുഴ അരമന ദേവാലയത്തെ പ്രശ്ന ബാധിത സ്ഥലമാക്കി മാറ്റാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ (സെക്രട്ടറി) ഫാ. എബ്രഹാം കാരമ്മേല്‍ വ്യക്തമാക്കി. അരമനപള്ളിയെ കുറിച്ച് വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ ഓര്‍ത്തഡോക്സ് സഭ ശക്തമായി പ്രതിഷേധിച്ചു. സഭയുമായോ ഇടവകയുമായോ യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ പ്രസ്താവനകളുമായെത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും ഫാ. എബ്രഹാം കാരമ്മേല്‍ പറഞ്ഞു. അരമനപ്പള്ളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉണ്ടെന്നിരിക്കെയാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. അരമന ദേവാലയം പുതുക്കിപ്പണിയുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി മൂവാറ്റുപുഴ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ നടന്ന ഹിയറിങ് നടപടികള്‍ പ്രശ്ന പരിഹാര ചര്‍ച്ചയായി പെരുപ്പിച്ച് കാണിച്ച് അരമനപള്ളിയെ ഒരു പ്രശ്നബാധിത സ്ഥലമാക്കി മാറ്റാന്‍ നടത്തുന്നതിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നും ഫാ. എബ്രഹാം കാരമ്മേല്‍ പറഞ്ഞു.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.