ഈ ലേഖയില്‍‍ തിരയുക

മലങ്കര സഭ തളരില്ല;സര്‍ക്കാരിനെതിരെ പരിശുദ്ധ ബാവദൈവം നമുക്കു് നീതി നല്കും

പാമ്പാക്കുട, 2011 ഡിസംബര്‍ 11 : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്ക്‌ ലഭിക്കേണ്ട അവകാശങ്ങള്‍ അക്രമത്തിലൂടെയും അവഗണനയിലൂടെയും ഇല്ലാതാക്കാമെന്ന്‌ കരുതേണ്ടെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ മുന്നറിയിപ്പു് നല്കി.

കണ്ടനാട്‌ ഈസ്‌റ്റ്‌- വെസ്‌റ്റ്‌ ഭദ്രാസനം കുടുംബ സംഗമം പാമ്പാക്കുട എം ടി എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവാ. സഭയ്‌ക്കു് ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിക്കണം. അത്‌ അവഗണിയ്ക്കുന്ന ഭരണകൂടത്തെ അംഗീകരിക്കാനാവില്ല. അവഗണനക്കെതിരെ മുന്നറിയിപ്പ്‌ നല്‍കുന്നതിനുള്ള അവസരങ്ങള്‍ പാഴാക്കരുതെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേര്‍ത്തു.

ഇനിയും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും തളരില്ല എന്ന്‌ അറിയേണ്ടവര്‍ അറിയണം. ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസിയായി എന്ന കാരണത്താല്‍ ഒറ്റപ്പെടുത്തലും പീഡനവും അനുഭവിക്കുന്നവര്‍ക്ക്‌ ഊര്‍ജവും ധൈര്യവും പകരുന്നതിനാണ്‌ കുടുംബസംഗമം സംഘടിപ്പിച്ചത്‌. ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സമീപനമാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. നീതിയ്ക്കു് വേണ്ടി വിശപ്പും പീഡനവും അനുഭവിക്കുന്ന ജനത എന്ന വിശേഷണം സഭാംഗങ്ങള്‍ക്ക്‌ ഏറ്റവും യോജിച്ച സമയമാണിത്‌. സഭാ വിശ്വാസികള്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവരാണെന്നാണ്‌ ഭരണകൂടം ധരിച്ചിരിക്കുന്നത്‌. ഇതിനു് തിരിച്ചടി നല്‍കാന്‍ കഴിയുന്ന സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കണം.
നീതിയ്ക്കു് വേണ്ടി വിശപ്പും പീഡനവും അനുഭവിക്കുന്ന ജനത

കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ വ്യക്‌തമായ കോടതി വിധി ഉണ്ടായിട്ടും കാപട്യം നിറഞ്ഞ സമീപനമാണ്‌ സ്വീകരിച്ചത്‌. സഭയ്‌ക്ക്‌ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കാതെ ഭരണകൂടത്തെ സഹായിക്കാനാവില്ലെന്നും ബാവ വ്യക്‌തമാക്കി.

അക്രമങ്ങള്‍ക്ക്‌ വിധേയരായവരുടെ സംഘബോധമാണ്‌ കുടുംബസംഗമത്തിലൂടെ വെളിവാകുന്നതെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ.തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. അനീതി പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ്‌ ഭരണാധികാരികളില്‍ നിന്ന്‌ ഉണ്ടാവുന്നത്‌. അക്രമത്തിനനുകൂലമാണു് സര്‍ക്കാര്‍. കോടതി വിധികള്‍ നടപ്പാക്കുന്നതിനുള്ള ആര്‍ജവം ഇനിയെങ്കിലും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഭയുടെ നീതിപൂര്‍വമായ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുവാന്‍ സഭാംഗങ്ങള്‍ക്കു് ചുമതലയുണ്ടു്. അനീതിയോടു് ചേര്‍ന്നു് നില്‍ക്കുന്നവരെ പാര്‍ട്ടിയുടെ പേരില്‍ സഹായിയ്ക്കാന്‍ശ്രമിയ്ക്കരുതെന്നു് മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

കണ്ടനാട്‌ വെസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. മലങ്കരസഭയുടെ ഇടവകപ്പള്ളികള്‍ 1934-ലെ സഭാഭരണഘടന പാലിയ്ക്കുന്ന ഇടവകക്കാരുടേതാണെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘടിച്ചു് ശക്തരാകണമെന്നും അനീതിയോടു് പ്രതിരോധിയ്ക്കാന്‍ പഠിയ്ക്കണമെന്നും കൊച്ചി ഭദ്രാസനാധിപന്‍ യാക്കോബ്‌ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.. വൈദിക ട്രസ്‌റ്റി ഫാ.ഡോ.ജോണ്‍സ്‌ ഏബ്രഹാം കോനാട്ട് വിശദീകരണ പ്രഭാഷണത്തില്‍ കണ്ടനാട്‌ ഈസ്‌റ്റ്‌- വെസ്‌റ്റ്‌ ഭദ്രാസനങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന ദാരുണമായ കഷ്ടപ്പാടിനംപ്പറ്റി വിവരിച്ചു. അത്മായ ട്രസ്‌റ്റി എം.ജോര്‍ജ്‌ മുത്തൂറ്റ് ഭക്തിപ്രമേയവും ഫാ. ഏബ്രഹാം കാരമേല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടു് വിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ് അശംസാ പ്രസംഗം നടത്തി. തിരുവിതാംകൂറില്‍ സര്‍ സിപ്പിയുടെ കാലംമുഴുവന്‍ പീഢനങ്ങളെ നേരിട്ട മലങ്കരസഭ ഇപ്പോഴത്തെ പീഢനങ്ങളില്‍ തളരില്ലെന്നു് അദ്ദേഹം പറഞ്ഞു സഭാ വര്‍ക്കിങ്‌ കമ്മിറ്റി അംഗം ഫാ. ഏലിയാസ്‌ ചെറുകാട് സ്വാഗതവും ഫാ.ജേക്കബ്‌ മാത്യു ചന്ദ്രത്തില്‍ നന്ദിയും പറഞ്ഞു.

ചിത്രങ്ങള്‍- മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.