കൊച്ചി: സഭാസമാധാന ചര്‍ച്ചയ്‌ക്കുള്ള കമ്മിഷനെ പ്രഖ്യാപിച്ചത് ഏകപക്ഷീയവും പാത്രിയര്‍ക്കീസിന്റെ മേധാവിത്വ സ്വഭാവം വ്യക്‌തമാക്കുന്നതുമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ.
സ്വത്തും പള്ളിയും പങ്കിട്ടല്ല, സമാധാനം ഉണ്ടാക്കേണ്ടത്; അനുരഞ്‌ജനത്തിലൂടെയും ഐക്യത്തിലൂടെയുമാകണം. സഭാസ്വത്തുക്കള്‍ പങ്കിടണം എന്നു ശഠിക്കുന്നവര്‍ ഏതു ഭാഗത്തായാലും സഭയുടെ വിളിയും ഭാവിയും ആഗ്രഹിക്കുന്നവരല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് ഈസ്‌റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് വ്യക്‌തമാക്കി.
കമ്മിഷന്‍ ഉണ്ടാക്കാനുള്ള തീരുമാനം പരിശുദ്ധ കാതോലിക്ക ബാവയുമായി ആലോചിച്ചു സംയുക്‌ത സംരംഭത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടതായിരുന്നു. ഇപ്പോഴുണ്ടായ നടപടിക്രമം ഏകപക്ഷീയവും മേധാവിത്വ സ്വഭാവമുള്ളതുമാണ്. 'ഞാന്‍ ഇങ്ങനെയൊരു കമ്മിറ്റി സൃഷ്‌ടിക്കുന്നു. നിങ്ങള്‍ ഇപ്രകാരമൊന്ന് ഉണ്ടാക്കി പ്രതികരിക്കണം' എന്ന മനോഭാവം സഹകരണത്തിന്റേതല്ല. ഇരുസഭാ കേന്ദ്രങ്ങളുടെയും പരസ്‌പര ആലോചനയോടെ ഈ തീരുമാനം എടുക്കണമായിരുന്നു. ഏകപക്ഷീയമായ തീരുമാനം നയതന്ത്രപരമായ പാളിച്ചയായി.
തീരുമാനം ഒരിക്കലും മാധ്യമങ്ങള്‍ക്കു നല്‍കുകയല്ലായിരുന്നു വേണ്ടത്. പരിശുദ്ധ കാതോലിക്ക ബാവയെ അറിയിക്കുകയായിരുന്നു ഉചിതം. മാധ്യമ പ്രതികരണങ്ങള്‍ക്കനുസരിച്ചല്ല, ഉഭയ ആലോചനയുടെയും സഹകരണത്തിന്റെയും പശ്‌ചാത്തലത്തിലാകണം ഐക്യസമാധാന ശ്രമങ്ങള്‍.
സഭൈക്യം സംബന്ധിച്ചു പാത്രിയര്‍ക്കീസ് ബാവയുടെ അഭിപ്രായം ഉള്ളവരല്ല കമ്മിറ്റിക്കാര്‍ എന്നത് ഇവിടെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനാല്‍ കമ്മിറ്റിയില്‍ ശീമയില്‍നിന്നുള്ള പ്രതിനിധികൂടി ഉണ്ടാകണമായിരുന്നു. മനഃപ്പൊരുത്തമില്ലാത്ത ബിഷപ്പുമാരുടെ കമ്മിറ്റിക്കു നിര്‍ണായക തീരുമാനമെടുക്കാന്‍ എത്രമാത്രം കഴിയുമെന്നതു കണ്ടറിയേണ്ടതാണ്.
കേസുകള്‍ പിന്‍വലിച്ചിട്ടു സമാധാനാലോചനയ്‌ക്കു പോയി ഫലപ്രദമായില്ലെങ്കില്‍ അവ തുടരാനാകില്ല. പുതുതായി കേസ് കൊടുക്കേണ്ടതായി വരും. അപ്പോള്‍ കേസ് പിന്‍വലിപ്പിച്ചു ഭീഷണി ഒഴിവാക്കി അവകാശം ശക്‌തമാക്കാനുള്ള കള്ളക്കളിയാണ് ഈ ആവശ്യത്തിനു പിന്നിലെന്ന് ആര്‍ക്കും മനസിലാകും. സമാധാനാലോചനകള്‍ നടക്കുന്നതിനു കേസുകള്‍ പിന്‍വലിക്കേണ്ടതിന്റെ ആവശ്യമില്ല. സമാധാന ചര്‍ച്ചകള്‍ ഫലവത്താകുന്ന മുറയ്‌ക്ക് കേസുകള്‍ സ്വയം അപ്രസക്‌തമാകും. ഉപാധികള്‍ ഒന്നുമില്ലാതെ പരസ്‌പര വിശ്വാസത്തോടും വിശ്വാസ്യതയോടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു സൗഹൃദം സൃഷ്‌ടിക്കാനും സമാധാനം സ്‌ഥാപിക്കാനുമാണ് ഇരുപക്ഷവും ശ്രമിക്കേണ്ടത്. സമാധാനം ഉണ്ടാകുമ്പോള്‍ വ്യവഹാരങ്ങള്‍ താനേ ഇല്ലാതായിക്കൊള്ളുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കണ്ടനാട് ഡയോസിന്‍ ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.
മംഗളം
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.