ഈ ലേഖയില്‍‍ തിരയുക

മാര്‍ തേവോദോസിയോസിനു് അന്ത്യാഞ്ജലി



ഭിലായ്: തിങ്കളാഴ്ച (2007 നവം.5) മസ്ക്കത്തില്‍‍ കാലം ചെയ്ത ഓര്‍ത്തഡോക്സ് സഭയുടെ കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ ഭൌതിക ശരീരം ഭദ്രാസനാസ്ഥാനമായ ഭിലായ് സെന്റ് തോമസ് ആശ്രമത്തില്‍ ഇന്നലെ (2007 നവം.8)കബറടക്കി. കബറടക്ക ശുശ്രൂഷയ്ക്ക് നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു.


താന്‍ ശുശ്രൂഷിച്ച ദേവാലയത്തോടും വിശുദ്ധ മദ്ബഹയോടും ഇടവക ജനങ്ങളോടും യാത്രചോദിച്ചു് നിത്യതയിലേയ്ക്കു് പോയ തങ്ങളുടെ ഇടയശ്രേഷ്ഠനെ യാത്ര അയയ്ക്കാന്‍ ആയിരക്കണക്കിനാളുകള്‍ ഭിലായ് സെന്റ് തോമസ് ആശ്രമ ചാപ്പലില്‍ എത്തി.
ഇന്നലെ രാവിലെ ഡോ. യാക്കോബ് മാര്‍ ഐറേനിയോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഭൌതിക ശരീരം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ ചടങ്ങു് ആരംഭിച്ചു. മെത്രാപ്പോലീത്ത സ്ഥാപിച്ച മാര്‍ ബസേലിയോസ് വിദ്യാഭവന്‍, മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍, സെന്റ് തോമസ് കോളജ്, ഭിലായ് ഭദ്രാസനപ്പള്ളി എന്നിവിടങ്ങളിലൂടെയാണു് നഗരികാണിക്കല്‍ ചടങ്ങു് നടന്നതു്. ആയിരക്കണക്കിനാളുകളാണു് ഭൌതിക ശരീരം ഒരു നോക്കു് കാണാന്‍ നഗരികാണിക്കല്‍ നടന്ന 18 കിലോമീറ്റര്‍ റോഡിന്റെ ഇരുവശവും തടിച്ചുകൂടിയതു്.

മൂന്നരയ്ക്കു് ഭൌതിക ശരീരം തിരികെ ആശ്രമം ചാപ്പലില്‍ എത്തിച്ചശേഷം നടന്ന അവസാനഘട്ട കബറടക്ക ശുശ്രൂഷയ്ക്ക് നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. മെത്രാപ്പോലീത്താമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ ക്ളീമീസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, ഡോ.ഇയ്യോബ് മാര്‍ പീലക്സിനോസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി മോട്ടിലാല്‍ വോറ, ഛത്തിസ്ഘഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി, മകന് അമിത് ജോഗി തുടങ്ങി ഒട്ടേറെ രാഷ്ട്രീയ നേതാക്കള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

കബറടക്കത്തിനു് മുമ്പായി നടന്ന അനുസ്മരണ സമ്മേളനത്തില്‍ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ് അധ്യക്ഷതവഹിച്ചു. പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവായുടെ സന്ദേശം നിയുക്ത ബാവ വായിച്ചു. അത്മായ ട്രസ്റ്റി എം.ജോര്‍ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, മാതൃ ഇടവക വികാരി ഫാ.തോമസ് പി.സഖറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാലം ചെയ്തതു് ഒമാനില്‍
ആറു് പതിറ്റാണ്ടോളം ഉത്തരേന്ത്യയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയ കൊല്‍ക്കാത്ത ഭദ്രാസനാധിപന്‍ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത തിങ്കളാഴ്ച പുലര്‍ച്ചെ മസ്ക്കത്തു് റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണു് കാലം ചെയ്തതു്. മസ്ക്കത്തില്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ കൊണ്ടുവന്ന ഭൌതികശരീരം മതകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ആചാരപ്രകാരമുള്ള പ്രാര്‍ഥനാ ശുശ്രൂഷയ്ക്കു് ശേഷം ഇന്ത്യയിലേയ്ക്കു് കൊണ്ടുവന്നു.
(ഒരാഴ്ചയായി മസ്ക്കത്തു് സന്ദര്‍ശനത്തിലായിരുന്ന സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുപ്പെടുന്നതിനു്മുമ്പു് ഞായറാഴ്ച രാവിലെ മതകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സല്‍മിയെ സന്ദര്‍ശിച്ചു് ഒമാനില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിച്ച ഭരണകൂടത്തോടുള്ള കടപ്പാടു് രേഖപ്പെടുത്തിയിരുന്നു.)



ഭൌതിക ശരീരം ചൊവ്വാഴ്ച രാത്രി 8.30നു് റായ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. മസ്ക്കത്തു് ഇടവകവികാരി ഫാ.ഷാജി എം ബേബിയും അനുഗമിച്ചിരുന്നു. പ്രത്യേകം ക്രമീകരിച്ച വിമാനത്തില്‍ എത്തിയ ഭൌതികശരീരം മുംബൈ ഭദ്രാസനാധിപന്‍ ഗീവറുഗീസ് മാര്‍ കൂറിലോസ്, റായ്പൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ.കെ.എസ്.ജോര്‍ജ്, ഫാ.ജെയിംസ് വറുഗീസ്, ഫാ.ഏബ്രഹാം ജോര്‍ജ്, ഫാ.രാജു തോമസ്, ഫാ.ഏബ്രഹാം ഉമ്മന്‍ എന്നിവരും നിരവധി വിശ്വാസികളും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് റായ്പൂര്‍ സെന്റ്മേരീസ് പള്ളിയിലേക്ക് കൊണ്ടുപോയി. പ്രാര്‍ത്ഥനയ്ക്കും പൊതുദര്‍ശനത്തിനും ശേഷം വാഹനങ്ങളുടെ അകമ്പടിയോടുകൂടി രാത്രി 12 മണിയോടുകൂടി ഭിലായ് സെന്റ് തോമസ് ആശ്രമചാപ്പലില്‍ എത്തിച്ചു.

ബുധനാഴ്ച രാവിലെ ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു് കല്‍ക്കട്ടാ ഭദ്രാസന ആസ്ഥാനമായ ആശ്രമ ചാപ്പലില്‍ പൊതുദര്‍ശനത്തിനു് വച്ചു. വ്യാഴാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് നഗരികാണിയ്ക്കല്‍ ചടങ്ങോടെ ആരംഭിച്ച കബറടക്കശുശ്രൂഷ വൈകുന്നരമാണു് പൂര്‍‍ത്തിയായതു്.
വരുന്ന ഞായറാഴ്ച (2007 നവം.11) പൌരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ഥന നടത്തണമെന്നു് പൌരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിതിമോസ് പ്രഥമന്‍ ബാവ നിര്‍‍ദേശിച്ചിട്ടുണ്ടു്. ഭിലായ് സെന്റ് തോമസ് ആശ്രമ ചാപ്പലില്‍ 2007 നവം.11ഞായറാഴ്ച കണ്ടനാടു് (കിഴക്കു്) മെത്രാപ്പോലീത്ത ഡോ.തോമാസ് മാര്‍‍ അത്താനാസിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിയ്ക്കും.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.