ഈ ലേഖയില്‍‍ തിരയുക

പ്രവാചകപ്രബോധനത്തിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മതനിന്ദ സംഭവിക്കുന്നു: ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌

അധ്യാപകനെതിരെയുള്ള ആക്രമണം: ഭീകരതയ്‌ക്കു താക്കീതായി മൂവാറ്റുപുഴയില്‍ മൗന ജാഥ

മൂവാറ്റുപുഴ: മതനിന്ദയും പ്രവാചകനിന്ദയും യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്‌ പ്രവാചക പ്രബോധനത്തിന്‌ വിരുദ്ധമായി ആയുധമെടുക്കുമ്പോഴും മറ്റുള്ളവരെ ഉപദ്രവിക്കുമ്പോഴുമാണെന്ന സത്യം തീവ്രവാദികളും ഭീകരവാദികളും തിരിച്ചറിയണമെന്ന്‌ മലങ്കര ഓര്‍‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റുകയും കുടുംബത്തെയടക്കം ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജൂലൈ 9-നു് മൂവാറ്റുപുഴ മേഖലയിലെ ക്രിസ്‌തീയ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മൗന റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

യഥാര്‍ഥ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്‌ത്യാനിക്കും ആളുകളെ ഇല്ലായ്‌മ ചെയ്യാനോ ഉപദ്രവിക്കാനോ കഴിയില്ലെന്നും മെത്രപ്പോലീത്ത ചൂണ്ടിക്കാട്ടി.

സംഘാടക സമിതി കണ്‍വീനര്‍ അഡ്വ.പോള്‍ ജോസഫിന്‌ മെത്രാപ്പോലീത്ത കറുത്തകൊടി കൈമാറിയാണ്‌ റാലി ആരംഭിച്ചത്‌. മൂവാറ്റുപുഴ ഹോളിമാഗി ഫൊറോനാ പള്ളി അങ്കണത്തില്‍ വികാരി ഫാ. ജോസഫ്‌ മക്കോളിലിന്റെ അധ്യക്ഷതയില്‍ റാലിയുടെ തുടക്കത്തില്‍ ചേര്‍ന്ന യോഗം കാലടി സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. കെ.എസ്‌ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.

ഭീകരതയ്‌ക്കുള്ള താക്കീതിനൊപ്പം മതസൗഹാര്‍ദവും വിളിച്ചോതുന്നതായിരുന്നു റാലി. റാലിയില്‍ അണിനിരന്നവര്‍ നിശബ്‌ദരായാണ്‌ നീങ്ങിയതെങ്കിലും ഇവരുടെ കൈകളിലെ പ്ലക്കാര്‍ഡുകള്‍ വാചാലമായിരുന്നു. മതസൗഹാര്‍ദാന്തരീഷം തകര്‍ക്കുന്നവര്‍ക്കെതിരേ മൗനമായ മുന്നറിയിപ്പായി റാലി മാറി. നിയമവാഴ്‌ചയെ നിരാകരിക്കുന്ന ഭീകര ആക്രമണത്തില്‍ പ്രതിഷേധിക്കുക, അക്രമത്തിനെതിരേ മനുഷ്യ മനസാക്ഷി ഉണരുക, അക്രമികളെ ഉടന്‍ പിടികൂടുക, മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക, കേസന്വേഷണം പ്രത്യേക കേന്ദ്ര സംഘത്തെ ഏല്‌പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും ആത്മസംയമനം ഭീരുത്വമോ ബലഹീനതയോ അല്ലെന്നു പ്രഖ്യാപിച്ചുമുള്ള പ്ലക്കാര്‍ഡുകളാണ്‌ റാലിയില്‍ ഉയര്‍ന്നത്‌.

മൂവാറ്റുപുഴ മേഖലയിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍‍ നടത്തിയ പ്രതിഷേധ ജാഥയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മുന്‍ എം പി കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, എം. മാത്തപ്പന്‍, നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌, കെ.സി ജോര്‍ജ്‌, ജോയ്‌സ്‌ മുക്കുടം, പ്രഫ. ജോസുകുട്ടി ജെ. ഒഴുകയില്‍, എന്‍.ടി ചെറിയാന്‍, വില്‍സണ്‍ കുരിശിങ്കല്‍, അഡ്വ. ജോണി ജോര്‍ജ്‌, തോമസ്‌ പാറക്കല്‍, ഫാ. പോള്‍ നെടുമ്പുറം, ഫാ. ആന്റണി ഓവേലില്‍, ഫാ. ജോണ്‍ കടവന്‍, റവ. ഡോ. പയസ്‌ മലേക്കണ്‌ടം, ജോയി നടുക്കുടി, ജോര്‍ഡി പിട്ടാപ്പിള്ളി, ആന്റണി മടേക്കല്‍, ജോഷി മുണ്‌ടയ്‌ക്കല്‍, ഫാ. വിന്‍സന്റ്‌ നെടുങ്ങാട്ട്‌, ഫാ. ജോര്‍ജ്‌ വടക്കേല്‍, സിസ്റ്റര്‍ ജോവിയറ്റ്‌, റോഷന്‍ പള്ളിക്കുടി, ടോണി വെളിയന്നൂര്‍ക്കാരന്‍, കീപ്പന്‍ ആലുമൂട്ടില്‍, റോയി പോള്‍, ജോര്‍ജ്‌ കാക്കനാട്‌, അഡ്വ. ഇ.കെ ജോസ്‌, ദീപക്‌ ചേര്‍ക്കോട്ട്‌, റോയ്‌സണ്‍ കുഴിഞ്ഞാലില്‍ എന്നിവര്‍ റാലിക്ക്‌ നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളും വൈദികരും സന്യാസിനിമാരും റാലിയില്‍ അണിനിരന്നു. ഹോളിമാഗി ഫൊറോനാ പള്ളിയങ്കണത്തില്‍നിന്ന്‌ ആരംഭിച്ച റാലിയില്‍ കറുത്ത ബാഡ്‌ജ്‌ ധരിച്ച്‌ സ്‌ത്രീകളും യുവജനങ്ങളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. മേഖലയിലെ വൈദികരും കന്യാസ്‌ത്രീകളും റാലിയില്‍ അണിനിരന്നു. ഗതാഗതതടസം പരമാവധി ഒഴിവാക്കി രണ്‌ടുവരിയായി ചിട്ടയോടെ സമാധാനപരമായി നീങ്ങിയ റാലി നഗരം ചുറ്റി ഹോളിമാഗി ഫൊറോനാ പള്ളിയങ്കണത്തില്‍ സമാപിച്ചു.

കേസ്‌ എന്‍ഐഎയെ ഏല്‌പിക്കുക, അധ്യാപകന്റെ ചികിത്സാ ചെലവ്‌ വഹിക്കുക, കുടുംബത്തിന്‌ സംരക്ഷണം നല്‍കുക, അക്രമികളെ ഉടന്‍ പിടികൂടുക എന്നീ ആവശ്യങ്ങള്‍ സമാപന യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട്‌ ഉന്നയിച്ചു.

1 comment:

 1. കൊള്ളാം.. നന്നായിട്ടുണ്ട്...
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
  ആശംസകളോടെ
  അനിത
  JunctionKerala.com

  ReplyDelete

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.