.
പരിമല: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ സ്‌ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നു് ഒക്ടോബർ 30-നുചേര്‍ന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെ തീരുമാന പ്രകാരം നവംബർ1ആം തീയതി തിങ്കളാഴ്ച രാവിലെ കുന്നംകുളം ഭദ്രാസനാധിപനായിരുന്ന നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസിനെ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി പരുമല പള്ളിയില്‍ വച്ചു് അവരോധിച്ചു.
തന്റെ നവതി ആഘോഷത്തിന്റെ അന്നു്, ഒക്ടോബർ 29നു് വൈകുന്നേരം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ ദേവലോകത്ത് വിളിച്ചുചേര്‍ത്ത അസാധാരണ എപ്പിസ്കോപ്പല്‍ സുന്നഹദോസിലാണു് തന്റെ സ്‌ഥാനത്യാഗതീരുമാനം അറിയിച്ചതു്. അതിന്മേല്‍ തീരുമാനമെടുക്കുന്നതിനു് എപ്പിസ്കോപ്പല്‍ സുന്നഹദോസ് പിറ്റേന്നത്തേയ്ക്കു വച്ചു. അങ്ങനെയാണു് കിഴക്കിന്റെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനത്തേയ്ക്കു് 2006-ല്‍ തെരഞ്ഞെടുത്ത പൗലോസ് മാര്‍ മിലിത്തിയോസിനെ സ്ഥാനാരോഹണം ചെയ്യിക്കുവാന്‍ എപ്പിസ്കോപ്പല്‍ സുന്നഹദോസ് നടപടിയാരംഭിച്ചതു്. സ്ഥാനത്യാഗംചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പുതിയകാതോലിക്കയുടെ സ്‌ഥാനാഭിഷേക ശുശ്രൂഷയില്‍ കണ്ടനാട് (കിഴക്കു്) ഭദ്രാസനത്തിന്റെ ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയടക്കം സഭയിലെ ഇരുപത്തഞ്ചോളം മേല്‍പട്ടക്കാര്‍ പങ്കെടുത്തു.
മലങ്കര സഭയുടെ ശ്രേഷ്‌ഠ പാരമ്പര്യത്തിന്റെ പ്രഖ്യാപനമായിരുന്നു സ്‌ഥാനാരോഹണം. രാവിലെ 6.15-ന് സ്ഥാനമൊഴിഞ്ഞ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവ, നിയുക്ത കാതോലിക്ക, മെത്രാപ്പോലീത്തമാര്‍ എന്നിവരെ പള്ളിമേടയില്‍ നിന്ന് മദ്ബഹയിലേക്ക് സ്വീകരിച്ചാനയിച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ പ്രഭാത പ്രാര്‍ഥന നടന്നു.
പ്രഭാതപ്രാര്‍ഥനയ്‌ക്കു ശേഷം ദിദിമോസ് ബാവാ മുഖ്യകാര്‍മികനായി കുര്‍ബാന ആരംഭിച്ചു. വിശുദ്ധകുര്‍ബാനയുടെ മധ്യേയായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്. മഹാപൗരോഹിത്യത്തെക്കുറിച്ചുള്ള ഫാ. ഡോ. കെ.എം. ജോര്‍ജിന്റെ പ്രസംഗത്തിനു് ശേഷമായിരുന്നു സ്‌ഥാനാരോഹണ ശുശ്രൂഷ. ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തിലും മറ്റ്‌മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും സ്ഥാനാരോഹണ ശുശ്രൂഷ ആരംഭിച്ചു. സഭാസ്‌ഥാപനവും ശ്ലൈഹിക പിന്തുടര്‍ച്ചയും ഘോഷിക്കുന്ന വേദഭാഗം (ഏവന്‍ഗേലിയോന്‍) ദിദിമോസ് പ്രഥമന്‍ ബാവാ വായിച്ചു.
പരി. ദിമോസ് പ്രഥമന്‍ ബാവാ നിയുക്ത കാതോലിക്കയുടെ തലയില്‍ ശോശപ്പ ധരിപ്പിച്ച് പടിഞ്ഞാറോട്ട് അഭിമുഖമായി മുട്ടുകുത്തി ആഹ്വാന പ്രഖ്യാപനം നടത്തി. 2006-ല്‍ മലങ്കര അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കായുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തിട്ടുള്ള പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കായായി അഭിഷേകം ചെയ്യാന്‍ വിളിയ്ക്കുന്നതായി പരി. ദിദിമോസ് പ്രഥമന്‍ ബാവ അറിയിച്ചു. തുടര്‍ന്ന് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത സമ്മതം അറിയിച്ചു. ദിദിമോസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിച്ചു.
മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ്, ഗീവര്‍ഗീസ് മാര്‍ ഒസ്ത്താത്തിയോസ്, ഡോ. തോമസ് മാര്‍ അത്തനാസ്യോസ്, കുര്യാക്കോസ് മാര്‍ ക്ലിമീസ് എന്നിവര്‍ പ്രാര്‍ഥനയും വേദപുസ്തക വായനയും നടത്തി.
തോമസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്ത നിയുക്ത കാതോലിക്കയുടെ തലയില്‍ ഏവന്‍ ഗേലിയോന്‍ വെച്ച് വായിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ശ്രേഷ്‌ഠ നിയുക്‌ത ബാവായെ മദ്‌ബഹമധ്യത്തിലേക്ക് ആനയിച്ചു. നിയുക്ത ബാവ മദ്ബഹയില്‍ പടിഞ്ഞാറോട്ട് അഭിമുഖമായി നിന്ന് 'അമലോഗിയ' (വിശ്വാസപ്ര്യാപനം) വായിച്ച് പേരെഴുതി ഒപ്പിട്ട് പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവയെ ഏല്‍പ്പിച്ചു. ക്രിസ്തുവിലുംസഭയിലുമുള്ള വിശ്വാസം ഏറ്റുപറഞ്ഞ് അജഗണങ്ങള്‍ക്ക് നേര്‍വഴി കാട്ടുന്ന സത്യത്തിന്റെ പാതയിലെ ഇടയനാവുമെന്ന പ്രതിജ്ഞയാണതു്.
ഗീവര്‍ഗീസ് കൂറിലോസ്, തോമസ് മാര്‍ അത്തനാസ്യോസ് മെത്രാപ്പോലീത്തമാര്‍ രഹസ്യ-പരസ്യ പ്രാര്‍ഥനകള്‍ നടത്തി. തുടര്‍ന്ന് ദിദിമോസ് പ്രഥമന്‍ ബാവയും മറ്റ് മേല്‍പ്പട്ടക്കാരും ചേര്‍ന്നു അഭിഷിക്തനാവുന്നയാളുടെ തലയില്‍ കൈവച്ചു് പരിശുദ്ധാത്മാവാസത്തിനുവേണ്ടി പ്രാര്‍ഥനയോടെ കാതോലിക്കാ ബാവയെ പേരുചൊല്ലി വിളിച്ചു പ്രഖ്യാപനം നടത്തി. നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസിന്റെ തലയില്‍ വലതുകൈ വെച്ച് നെറ്റിയില്‍ മൂന്നുതവണ കുരിശുവരച്ചു്, `പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്ന് പേരു്ചൊല്ലി വിളിച്ചു് പരിശുദ്ധ ദിദിമോസ് ബാവ സ്ഥാനാരോഹണ പ്രഖ്യാപനം നടത്തുകയായിരുന്നു. പുതിയ കാതോലിക്കയെ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അംശവസ്‌ത്രങ്ങള്‍ (സ്‌ഥാനവസ്‌ത്രങ്ങള്‍ ) അണിയിച്ചു. ശീലമുടി, കാപ്പ, കാതോലിക്കാ-പാത്രിയര്‍ക്കാ സ്ഥാനത്തിന്റെ പ്രതീകമായ മൂന്നു മാലകളും മോതിരവും പിന്‍ഗാമിയെ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവ അണിയിച്ചു. കുരിശും കൈമാറി.
പൂര്‍ണ അംശവസ്ത്രധാരിയായി പുതിയ ബാവ സിംഹാസനത്തില്‍ ആരൂഢനായി വിശ്വാസികളെ ആശിര്‍വദിച്ചു. കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായി അഭിഷിക്തനായ ബാവയെ സഭ അംഗീകരിക്കുന്നതിന്റെ ഭാഗമായി സ്ഥാനചിഹ്‌നങ്ങളോടെ സിംഹാസനത്തിലിരുത്തി സഹകാര്‍മികരായ മേല്‍പ്പട്ടക്കാര്‍ ചേര്‍ന്ന് സിംഹാസനം മൂന്നുതവണ ഉയര്‍ത്തി താഴ്ത്തിയപ്പോള്‍ മൂന്നുപ്രാവശ്യം ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ സര്‍വഥാ യോഗ്യന്‍ എന്ന അര്‍ഥത്തില്‍ എല്ലാ കണ്ഠങ്ങളില്‍നിന്നും 'ഓക്‌സിയോസ്...ഓക്‌സിയോസ്' വിളി ഉയര്‍ന്നു. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം ,എബ്രഹാം മാര്‍ സെറാഫിം എന്നീ മെത്രാന്മാരാണു് സിംഹാസനത്തിലിരുന്ന ബാവയെ മൂന്നുതവണ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തതു്. തുടര്‍ന്ന് ഉയര്‍ത്തിയ സിംഹാസനത്തിലിരുന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ 'ഏവന്‍ ഗേലിയോന്‍' വായിച്ചു. ആടുകള്‍ക്കു വേണ്ടി ജീവനെ കൊടുക്കുന്ന നല്ല ഇടയന്റെ ഉപമയായിരുന്നു ഏവന്‍ഗേലിയോന്‍ ഭാഗം.
കൃതജ്ഞതാ പരസ്യ പ്രാര്‍ഥനകള്‍ക്കുശേഷം മെത്രാപ്പോലീത്തമാരുടെ മൂപ്പുമുറയനുസരിച്ച് അംശവടിയുടെ മുകളില്‍നിന്ന് താഴേക്ക് കൈപിടിച്ചു. ഏറ്റവും താഴെ പുതിയ കാതോലിക്കയും കൈപിടിച്ചു. കാതോലിക്കാ സ്ഥാനത്തിന്റെയും അജപാലനശുശ്രൂഷയുടെയും അധികാരം നല്കുന്നതിന്റെ പ്രതീകമായി അംശവടി കൈമാറിയതോടെ സ്ഥാനാരോഹണ ശുശ്രൂഷ പൂര്‍ത്തിയായി.
തുടര്‍ന്നു്, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായാണു് കുര്‍ബാന പൂര്‍ത്തിയാക്കിയത്. അഞ്ചുമണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ശുശ്രൂഷകള്‍ പതിനൊന്നേകാലിനാണവസാനിച്ചതു്.
വലിയ ബാവാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമനും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായും പരസ്‌പരം ഹാരമണിയിച്ച ശേഷം വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അല്‍മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവരും വിവിധ പ്രതിനിധികളും ബാവായെ ഹാരമണിയിച്ചു.
സഭയിലെ മെത്രാപ്പോലീത്താമാര്‍, വിശ്വാസി സഹസ്രങ്ങള്‍ എന്നിവര്‍ക്കൊപ്പം ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോസഫ് പൗവത്തില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങി പ്രമുഖര്‍ സ്‌ഥാനാരോഹണത്തിനു് സാക്ഷികളായി. പരുമല തിരുമേനിയുടെ കബറിടത്തിലും പിന്നീടു കോട്ടയം പഴയസെമിനാരി, ദേവലോകം, വള്ളിക്കാട്ട് ദയറാ എന്നിവിടങ്ങളിലെ സഭാപിതാക്കന്മാരുടെ കബറുകളിലും പരിശുദ്ധ ബാവാ ധൂപപ്രാര്‍ഥന നടത്തി. ദേവലോകം കാതോലിക്കേറ്റ് ഓഫിസിലെത്തി ബാവാ ചുമതല ഏറ്റെടുക്കുകയും ചെയ്‌തു.
സഭയുടെ പ്രധാന മേലധ്യക്ഷനായി ഉയര്‍ത്തപ്പെട്ട മാര്‍മിലിത്തിയോസ് തൃശ്ശൂര്‍ കുന്നംകുളം സ്വദേശിയാണ്. കുന്നംകുളം മങ്ങാട്ട് പടിഞ്ഞാറ് കൊള്ളന്നൂര്‍ ഐപ്പ്-കുഞ്ഞീറ്റ ദമ്പതിമാരുടെ രണ്ടാമത്തെ മകനായി ജനിച്ച കെ.സി. പോള്‍ 1972 ജൂണ്‍ രണ്ടിനാണ് വൈദികനായത്. 91ല്‍ പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്കോപ്പയും മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. 2006 ലാണ് നിയുക്ത കാതോലിക്കയായത്.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.