ഈ ലേഖയില്‍‍ തിരയുക

പുതിയ കാതോലിക്കാ ബാവായില്‍ നിന്നു് സഭ വളരെ പ്രതീക്ഷിയ്ക്കുന്നു - മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത

.



പുതുപ്പള്ളി, നവംബര്‍ 6: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ സഭയ്ക്കു് വളരെ പ്രതീക്ഷകളുണ്ടെന്നു് കണ്ടനാടു് (കിഴക്കു്) ഭദ്രാസനാധിപന്‍ നിതാന്ത വന്ദ്യ ദിവ്യ ശ്രീ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളിയുടെ നേതൃത്വത്തില്‍ പുതിയ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍ ബാവക്ക് നല്‍കിയ സ്വീകരണത്തില്‍ ആശംസയര്‍‍പ്പിച്ചു് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവു്.

ദിശാബോധത്തോടെയുള്ള നേതൃത്വമാണു് സഭ പുതിയ കാതോലിക്കാ ബാവയില്‍ നിന്നു് പ്രതീക്ഷിക്കുന്നതു്. വിപണിയുടെ ആധിപത്യത്തില്‍ നിന്നു് ജനത്തെ വിമോചിപ്പിച്ചു് ദൈവരാജ്യത്തിനനുസൃതമായി ലോകത്തെ പരിവര്‍‍ത്തനപ്പെടുത്തുന്നതിനുള്ള നേതൃത്വം നല്കാന്‍ സഭ ബാദ്ധ്യസ്ഥമാണു് . കാലാകാലങ്ങളിലുണ്ടാകുന്ന ചുറ്റുപാടുകളുടെ അടിസ്ഥാനത്തില്‍ വിശ്വാസ പ്രതികരണങ്ങള്‍ക്കു് വ്യതിയാനം സംഭവിക്കുന്നുണ്ടു്. കഷായത്തിന്റെ കുറിപ്പടിപോലെയുള്ള ഒന്നല്ല വിശ്വാസം.

ചുറ്റുപാടുകളോടു് ചേര്‍‍ന്നു് ഗൗരവമായിട്ടുള്ള വിശ്വാസ പ്രതികരണങ്ങള്‍‍ സഭയില്‍നിന്നുണ്ടാകുവാന്‍ പരിശുദ്ധ ബാവ നേതൃത്വം നല്കണം. പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവയെ അനുസ്മരിപ്പിയ്ക്കുന്ന വിധം ദീര്‍ഘകാലം സഭാഭരണം നടത്താനും ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ യുഗം തന്നെ സൃഷ്ടിയ്ക്കുവാനും പുതിയ കാതോലിക്കാ ബാവയ്ക്കു് കഴിയട്ടെ എന്നു് മെത്രാപ്പോലീത്ത ആശംസിച്ചു.

മാര്‍ അപ്രേം മെത്രാപ്പോലീത്ത

ഇന്ത്യയിലെ പൗരസ്ത്യ അസ്സിറിയന്‍ സഭാധ്യക്ഷന്‍ ആര്‍‍ച്ച് ബിഷപ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. സഭകള്‍ തമ്മിലുള്ള ബന്ധം വളരുന്നത് സഭക്കും സമൂഹത്തിനും നല്ലതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി ഗോലോകാനന്ദജി, പ്രതിപക്ഷ നേതാവും മുന്‍ മഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി, ഡോ. മാത്യുസ് മാര്‍ സേവേറിയോസ്, ജോസ്.കെ.മാണി എം.പി, ജില്ലാ കലക്ടര്‍ മിനി ആന്റണി, ജോസഫ് എം. പുതുശേരി എം.എല്‍.എ തുടങ്ങിയവരും ആശംസയര്‍‍പ്പിച്ച് സംസാരിച്ചു

സഭാധ്യക്ഷന്മാരുടെ കടമ അധികാരവും ശുശ്രൂഷയും സമന്വയിപ്പിയ്ക്കല്‍

പരസ്‌പര വിരുദ്ധങ്ങളായ അധികാരവും ശുശ്രൂഷയും സമന്വയിപ്പിക്കുകയാണ് സഭാധ്യക്ഷന്മാരുടെ കടമയെന്ന് പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍ ബാവ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തില്‍ സഭ തിരുത്തല്‍ ശക്തിയായി നിലനില്‍ക്കണം. വെല്ലുവിളികളെ അതിജീവിക്കാന്‍ ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.