ഈ ലേഖയില്‍‍ തിരയുക

ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ്‌ സമാപിച്ചു


കോട്ടയം: സഭാ വൈദിക ട്രസ്‌റ്റിയുടെ മുഖ്യ ചുമതലയില്‍ സുശക്തമായ പബ്ലിക്‌ റിലേഷന്‍ സംവിധാനം ക്രമീകരിയ്ക്കാന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ്‌ തീരുമാനിച്ചു.

പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവയുടെ അദ്ധ്യക്ഷതയില്‍ 2008ഫെബ്രുവരി 18മുതല്‍ 23 വരെ കോട്ടയംപഴയ സെമിനാരിയില്‍ ‍സമ്മേളിച്ച സുന്നഹദോസില്‍ ഇങ്ഗ്ലണ്ടിലെ ന്യൂകാസിലില്‍ ചികില്‍സയിലായിരുന്ന യുകെ, യൂറോപ്പ്, കാനഡ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ് ഒഴിച്ചുള്ള എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുത്തു. യുകെ, യൂറോപ്പ്, കാനഡ ഭദ്രാസനഭരണക്രമീകരണങ്ങള്‍ക്കു് ആവശ്യമായ നടപടികള്‍ പൗരസ്ത്യ കാതോലിക്കോസ് കൈക്കൊണ്ടു.

സഭാവക സംഘടനകളുടെയും സ്‌ഥാപനങ്ങളുടെയും പ്രസ്‌ഥാനങ്ങളുടെയും 2008-2009 ലെ ബജറ്റ്‌ അംഗീകരിച്ചു. വിദ്യാര്‍ഥിപ്രസ്‌ഥാന ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍ക്കും അനുമതി നല്‍കി.

ഈ വര്‍ഷം സെപ്‌റ്റംബറില്‍ അര്‍മീനിയയിലെ എച്ച്‌മിയാഡ്‌സിനില്‍ നടക്കുന്ന വിശുദ്ധ മൂറോന്‍ കൂദാശയിലും എത്യോപ്യയില്‍ നടക്കുന്ന ഓറിയന്റല്‍ സഭകളുടെ സമ്മേളനത്തിലും പങ്കെടുക്കാന്‍ പ്രതിനിധികളെ അയയ്ക്കും. അര്‍മീനിയന്‍ സഭകളുടെ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കോസ് ഈ വര്‍ഷത്തെ പരുമലപ്പെരുന്നാളിനോടനുബന്ധിച്ചും ലബനോനിലെ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കോസ് സെപ്‌റ്റംബറിലെ മലങ്കര അസോസിയേഷന്‍ യോഗത്തോടനുബന്ധിച്ചും മലങ്കരസഭ സന്ദര്‍ശിക്കുന്നതിനു് ക്രമീകരണം നടത്തും.

പരുമല സെന്റ്‌ ഗ്രീഗോറിയോസ്‌ മിഷന്‍ ആശുപത്രിയോടനുബന്ധിച്ചു് കാന്‍സര്‍ കെയര്‍ സെന്റര്‍ ‍ആരംഭിക്കും. പഴയ സെമിനാരിയില്‍ ചരിത്ര മ്യൂസിയവും ആരംഭിക്കും.

പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ ചരമ പ്ലാറ്റിനംജൂബിലിവര്‍ഷമായി 2008-2009 വിവിധ പരിപാടികളോടെ ആചരിക്കാനും സുന്നഹദോസില്‍ തീരുമാനമായി. പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസിയോസ്‌ രണ്ടാമന്‍ മെത്രാപ്പോലീത്തായുടെ ചരമ ശതാബ്‌ദിയോടനുബന്ധിച്ചു് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിനായി പ്രത്യേകസമിതിയെ ചുമതലപ്പെടുത്തി.

അടുത്ത സമ്മേളനം ഓഗസ്‌റ്റ് 19 മുതല്‍ 23 വരെ പഴയ സെമിനാരിയില്‍ ചേരും.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.