ഈ ലേഖയില്‍‍ തിരയുക

മാര്‍ മക്കാറിയോസിസിന്റെ കബറടക്കം കഴിഞ്ഞു


നിറകണ്ണുകളോടെ വിട
കോട്ടയം: മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, കാനഡ ഭദ്രാസനാ ധിപനായിരുന്ന കാലംചെയ്ത ഡോ. തോമസ് മാര്‍ മക്കാറിയോസിന്റെ കബറടക്കം കഴിഞ്ഞു. ദേവലോകം അരമനച്ചാപ്പലിന് തെക്കുവശത്ത് തയ്യാറാക്കിയ കബറിടത്തില്‍ മാര്‍ച്ച് മൂന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയായിരുന്നു ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ കബറടക്കം.

മാര്‍ച്ച് രണ്ടാം തീയതി ഞായറാഴ്ച രാത്രി വൈകി കോട്ടയം പഴയ സെമിനാരിയില്‍ എത്തിച്ചു് പൊതുദര്‍ശനത്തിനു് വച്ച ഭൌതിക ശരീരം ശുശ്രൂഷകള്‍ക്കുശേഷം തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കു സഭാ ആസ്ഥാനമായ ദേവലോകം അരമന ചാപ്പലിലേയ്ക്കു് നിരവധി വാഹനങ്ങളുടെയും നൂറുകണക്കിനു് വിശ്വാസികളുടെയും അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി.കബറടക്ക ശുശ്രൂഷയുടെ ഭാഗമായ 'നഗരി കാണിക്കല്‍ കൂടിയായിരുന്ന വിലാപയാത്ര ചുങ്കം, കോട്ടയം ടൗണ്‍, ശാസ്ത്രി റോഡ്, കളക്ടറേറ്റ്, കഞ്ഞിക്കുഴി വഴി പത്തര കഴിഞ്ഞപ്പോള്‍ ദേവലോകം അരമനയിലെത്തി.

തുടര്‍ന്നു് അന്ത്യോപചാരം അര്‍പ്പിയ്ക്കാന്‍ ആളുകള്‍ക്കു് അവസരം നല്‍കി.അനുശോചനയോഗവും നടന്നു. 11.15നു് കബറടക്ക ശുശ്രൂഷയുടെ അവസാനഭാഗം തുടങ്ങി.പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന ശുശ്രൂഷയില്‍ മെത്രാപ്പൊലീത്തമാരും വൈദികരും സഹകാര്‍മികരായിരുന്നു.
മെത്രാപ്പോലീത്തയുടെ ഭൌതികശരീരം മദ്ബഹായ്ക്കുള്ളിലേയ്ക്ക് കൊണ്ടുപോയി, താന്‍ ശുശ്രൂഷിച്ച ദേവാലയത്തോടും ബലിയര്‍പ്പിച്ച മദ്ബഹയോടും പരിപാലിച്ച അജഗണങ്ങളോടും വിടചോദിക്കുന്നതിനായി നാലു് ദിക്കുകളിലേയ്ക്കും എടുത്തുയര്‍ത്തിയശേഷം കബറിടത്തില്‍ എത്തിച്ചു. ഭൌതിക ശരീരത്തില്‍ കാതോലിക്കാ ബാവാ വിശുദ്ധ തൈലമൊഴിച്ചു് കുന്തിരിയ്ക്കവും മണ്ണും വച്ചതോടെ കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയായി. തുടര്‍ന്നു് ഭൌതികശരീരം കബറിനുള്ളില്‍ അടക്കം ചെയ്തു.

സംസ്ഥാനസര്‍ക്കാരിനു് വേണ്ടി മന്ത്രിമോന്‍സ് ജോസഫ് പുഷ്പചക്രം സമര്‍പ്പിച്ചു. പ്രതിപക്ഷനേതാവു് ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി.യു. കുരുവിള, ലോകസഭാംഗം പി.സി. തോമസ്, എം എല്‍ ‍എമാരായ വി.എന്‍. വാസവന്‍, ജോസഫ് എം. പുതുശ്ശേരി, എം. മുരളി, സി.എസ്.ഐ. മധ്യകേരള ബിഷപ്പ് തോമസ് സാമുവേല്‍, സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, സീറോ മലങ്കര റീത്തു് കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ബസേലിയോസ് ക്ലീമീസ്, സീറോ മലബാര്‍ ക്നാനായ കത്തോലിക്കാസഭയുടെ കോട്ടയം അതിരൂപതാ മെത്രാന്‍ മാര്‍ ‍മാത്യു മൂലക്കാട്ട്, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തോമസ് മാര്‍ തീമോത്തിയോസ് , മലബാര്‍ മാര്‍‍ത്തോമാ സുറിയാനി സഭയുടെ സഖറിയാസ് മാര്‍ തേയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഏബ്രഹാം മാര്‍ പൌലോസ്, സീറോ മലങ്കര റീത്തു് കത്തോലിക്കാ സഭയുടെ ഏബ്രഹാം മാര്‍ യൂലിയോസ്, തോമസ് മാര്‍ കൂറിലോസ് എന്നിവരും ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസന മെത്രാപ്പോലീത്താമാരും ജില്ലാ കളക്ടര്‍ ഷര്‍മിള മേരി ജോസഫ്, ജില്ലാ പോലീസ് സൂപ്രണ്ട് മാത്യു പോളി കാര്‍പ്പ്, കോട്ടയം നഗരസഭാധ്യക്ഷ റീബാ വര്‍ക്കി, ഇന്ദിരാ കോണ്‍ഗ്രസ് നേതാവു് കൊടിക്കുന്നില്‍ സുരേഷ്, ജില്ലാ പഞ്ചായത്തു് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ലണ്ടനില്‍ നിന്നു് വിമാന മാര്‍ഗം മാര്‍ച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ നെടുമ്പാശേരിയിലെത്തിച്ച മാര്‍ മക്കാറിയോസിസിന്റെ ഭൗതിക ശരീരം പൗലോസ് മാര്‍ മിലിത്തിയോസ്, മാത്യൂസ് മാര്‍ സേവേറിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, സഭാ ട്രസ്റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്നാണു് ഏറ്റുവാങ്ങിയതു്.കേന്ദ്ര മന്ത്രി വയലാര്‍ രവി, സംസ്ഥാന മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, മോന്‍സ് ജോസഫ്, എംഎല്‍എമാരായ ജോസഫ് എം. പുതുശേരി, എം. മുരളി എന്നിവര്‍ വിമാനത്താവളത്തിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.

മുംബൈ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ലണ്ടന്‍ ഇടവക വികാരി ഫാ. ഏബ്രഹാം തോമസ്, മാഞ്ചസ്റ്റര്‍ - ലിവര്‍പൂള്‍ ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ്, ബ്രിസ്റ്റോള്‍ വികാരി ഫാ. വര്‍ഗീസ് മാത്യു എന്നിവര്‍ ലണ്ടനില്‍നിന്നു് ഭൌതിക ശരീരത്തെ അനുഗമിച്ചിരുന്നു. അലങ്കരിച്ച വാഹനത്തില്‍ നൂറു് കണക്കിനു് വാഹനങ്ങളുടെ അകമ്പടിയോടെ ശീതീകരിച്ച പ്രത്യേക അറയിലാണു് ഭൌതിക ശരീരം ജന്‍മസ്ഥലമായ അയിരൂരിലേയ്ക്കു് കൊണ്ടു് പോയതു്.

ആലപ്പുഴ, ചങ്ങനാശേരി വഴി വിലാപയാത്ര നാലരയോടെ പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്തു് എത്തിയപ്പോള്‍ നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിന്റെ നേതൃത്വത്തില്‍ ഭൌതിക ശരീരം ഏറ്റുവാങ്ങി. തുടര്‍ന്നു് തിരുവല്ല, ഇരവിപേരൂര്‍, വെണ്ണിക്കുളം, തടിയൂര്‍, തീയാടിക്കല്‍ വഴി 7.30നു് മാര്‍ മക്കാറിയോസിസിന്റെ മാതൃ ഇടവകയായ അയിരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എത്തിച്ചു .നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ്, മെത്രാപ്പൊലീത്തമാര്‍, വൈദികര്‍ എന്നിവരുടെ നേതൃത്വത്തില്‍ കബറടക്ക ശുശ്രൂഷയുടെ രണ്ടും മൂന്നും നാലും ഭാഗങ്ങള്‍ അയിരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തി.

മെത്രാപ്പൊലീത്തമാരും രാഷ്ട്രീയ, സാമുദായിക നേതാക്കളും മാര്‍ മക്കാറിയോസിന്റെ തറവാടായ കുറ്റിക്കണ്ടത്തില്‍ കുടുംബത്തിലെ അംഗങ്ങളും ആയിരക്കണക്കിനു വിശ്വാസികളും അവിടെനിന്നുള്ള വിലാപയാത്രയെ അനുഗമിച്ചു. വഴിമദ്ധ്യേ ആയിരക്കണക്കിനാളുകള്‍ വിവിധസ്ഥലങ്ങളില്‍ മാര്‍ മക്കാറിയോസിനു് അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു. രാത്രി വൈകിയാണു് കോട്ടയം പഴയ സെമിനാരിയില്‍ എത്തിച്ചതു് .

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.