ഈ ലേഖയില്‍‍ തിരയുക

അറുപത്തിമൂന്നാം കൂത്താട്ടുകുളം ബൈബിള്‍ കണ്‍‍വന്‍ഷന്‍ മാര്‍ച്ച് 6 മുതല്‍ 10വരെ

കൂത്താട്ടുകുളം, 2013 ഫെബ്രുവരി 25: അറുപത്തിമൂന്നാം ആണ്ടത്തെ കൂത്താട്ടുകുളം ഓര്‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വന്‍ഷന്‍ മാര്‍ച്ച് 6 ബുധനാഴ്ച കൂത്താട്ടുകുളം കെ റ്റി ജേക്കബ് ടൗണ്‍ ഹാളില്‍ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷന്‍ മാര്‍ച്ച് 10ഞായറാഴ്ച സമാപിക്കും.

ദിവസവും വൈകുന്നേരം 6.15 നു് ഗാനശുശ്രൂഷയും 6.45 നു് സന്ധ്യാ നമസ്കാരവും 7.15 മുതല്‍ 8.55 വരെ വചനശുശ്രൂഷയും ഉണ്ടായിരിയ്ക്കും. ഉദ്ഘാടന ദിവസമായ മാര്‍ച്ച് 6 ബുധനാഴ്ച ഫാ മോഹന്‍ ജോസഫും (കോട്ടയം) മാര്‍‍ച്ച് 7 വ്യാഴാഴ്ച ഫാ. റവ. ഡോ. റെജി മാത്യുവും(കോട്ടയം വൈദീക സെമിനാരി) 8 വെള്ളിയാഴ്ച റവ. ഡോ. ഒ. തോമസും 9 ശനിയാഴ്ച ഫാ ഏലിയാസ് ചെറുകാടും 10 ഞായറാഴ്ച ഫാ. നൈനാന്‍ കെ ജോര്‍ജും (കോട്ടയം വൈദീക സെമിനാരി) വചനശുശ്രൂഷ നടത്തും.

കരോട്ടുവീട്ടില്‍ കെ ഒ തോമസ്സ് കശീശയുടെനേതൃത്വത്തിലും കൂത്താട്ടുകുളം ബൈബിള്‍ക്ലാസ്സിന്റെ ആഭിമുഖ്യത്തിലുമായി 1948-ലാണു് കൂത്താട്ടുകുളം ഓര്‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വന്‍ഷന്‍ ആരംഭിച്ചതു്.

സഭാംഗങ്ങളുടെ ആത്മീയ പുതുക്കവും വളര്‍ച്ചയുമാണു് കണ്‍‍വന്‍ഷന്റെ ലക്ഷ്യമെന്നു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ പ്രസിഡന്റ് ഫാ.മാത്യുസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ജോസഫ് ജോര്‍‍ജ് എന്നിവര്‍ അറിയിച്ചു.

അനധികൃത കയ്യേറ്റം അനുവദിക്കില്ല : ഓര്‍ത്തഡോക്സ് സഭ


പിറവം, ഫെ 11: പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ (വലിയപള്ളി) 1934-ലെ സഭാഭരണഘടന അനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്നും 1995 -ലെ സുപ്രീംകോടതി വിധി ഈ പള്ളിക്കും ബാധകമാണെന്നും എറണാകുളം അഡീ. ജില്ലാകോടതി അസന്നിഗ്ദമായി വിധിച്ചിരിക്കെ അനധികൃത കയ്യേറ്റം നടത്തിയും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിച്ചും അവിടെ പുതിയൊരു സമരമുഖം തുറക്കുന്നതിന് ശ്രമിക്കുന്ന യാക്കോബായ വിഭാഗത്തിന്റെ നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലവിളിയാണെന്ന് സഭാ വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്. സുപ്രീം കോടതി വിധി അംഗീകരിച്ച സഭാ ഭരണഘടന അംഗീകരിക്കാത്ത സഭാ സ്ഥാനികളും വൈദികരും മേല്‍പട്ടക്കാരും നിരന്തരം കടന്നുകയറ്റം നടത്തുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മാമലശ്ശേരി ഉള്‍പ്പെടെ പല പള്ളികളിലും ‘ഉപവാസ’മെന്ന പേരില്‍ നടത്തിയ സമര കോലാഹലങ്ങള്‍ പരാജയപ്പെട്ടതിന് പകരമായി പുതിയ സമര തന്ത്രം പയറ്റാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്രതാനുഷ്ഠാനുങ്ങളുടെ വിശുദ്ധിയില്‍ വലിയ നോമ്പ്


ആത്മ തപനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നിറവില്‍ വലിയ നോമ്പ് (50 നോമ്പ്) ഫെ.11 തിങ്കളാഴ്ച്ച ആരംഭിക്കും. വലിയ നോമ്പിനോടനുബന്ധിച്ചുളള ശുബ്ക്കോനാ(നിരപ്പിന്റെ) ശ്രുശ്രുഷ തിങ്കളാഴ്ച്ച ഉച്ചനമസ്ക്കാരത്തിന് ശേഷം എല്ലാ ദേവാലയങ്ങളിലും നടക്കും. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ ദേവാലയങ്ങളില്‍ നോമ്പിലെ പ്രത്യേക പ്രാര്‍ത്ഥനയും നമസ്ക്കാരവും ഉണ്ടാകും. പ്രലോഭനങ്ങളെ അതിജീവിച്ച് പ്രാര്‍ത്ഥനയിലൂടെയും വിശുദ്ധികരണത്തിലൂടെയും വലിയ നോമ്പില്‍ ദൈവാനുഗ്രഹങ്ങളെ പ്രാപിക്കാന്‍ ഒരുങ്ങണമെന്ന് പരി.ബാവാ തിരുമേനി കല്പനയിലൂടെ ഉദ്ബോദിപ്പിച്ചു.

നോമ്പിനെക്കുറിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായുടെ കല്പന പൂര്‍ണ്ണരൂപം ഇവിടെ കിലുക്കൂ

സ്ത്രീരക്ഷക്കായി സമഗ്രനിയമം വേണം : പരിശുദ്ധ ബാവാ


ദേവലോകം,ഫെ 5: ജസ്റ്റീസ് വര്‍മ്മ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചും സ്ത്രീത്വത്തെ ആദരിക്കുന്ന ഭാരതീയ സാംസ്കാരിക പാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ടും സ്ത്രീ സുരക്ഷയ്ക്കായി സമഗ്രനിയ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അതിനായുള്ള ആദ്യപടി എന്ന നിലയില്‍ കേന്ദ്രഗവണ്മെന്റിന്റെ ഓര്‍ഡിനന്‍സ് സ്വാഗതാര്‍ഹമാണെന്നും’ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.
ഉചിതമായ നിയമനിര്‍മ്മാണത്തോടൊപ്പം നിയമമപാലകരുടെ ശുഷ്കാന്തിയും പൊതുസമൂഹത്തിന്റെ ജാഗ്രതയും ഈ കാര്യത്തില്‍ ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പിറവം പള്ളി: 1934ലെ സഭാ ഭരണഘടന ബാധകമെന്നു കോടതി

പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി
-കടപ്പാട്: ക്യാപ്റ്റന്‍- വിക്കിമീഡിയ കോമണ്‍സ്

കൊച്ചി, 2013 ഫെ.5: പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ ഭരണകാര്യങ്ങള്‍ പിന്നീടു് ഭേദഗതി ചെയ്യപ്പെട്ട 1934 ലെ സഭാ ഭരണഘടന അനുസരിച്ചു് നിര്‍വഹിക്ക പ്പെടേണ്ടതാണെന്ന് എറണാകുളം ജില്ലാ കോടതി ജനുവരി 25നു് വിധിച്ചു. പിറവം പറയാരുപറമ്പില്‍ വര്‍ക്കി, കെ.പി. ജോണ്‍, മാത്യു പി. ജേക്കബ്, വി.യു. സൈമണ്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അഡീഷനല്‍ ജില്ലാ ജഡ്ജി വി.ജി. അനില്‍കുമാറിന്റെ വിധി.

കേസില്‍ 19 മുതല്‍ 22 വരെ എതിര്‍ കക്ഷികളായിരുന്ന ഫാ. എം.വി. ജോസഫ് മങ്കിടിയില്‍, ഫാ. ജോണ്‍ തളിയച്ചിറയില്‍, ഫാ. എന്‍.എം. തോമസ്, ഫാ. വി.എ. മാത്യു എന്നിവരെ ജോസഫ് മാര്‍ പക്കോമിയോസ് നിയമിച്ചതു് അസാധുവായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സഭാ ഭരണഘടന അംഗീകരിക്കുന്ന പൊതുയോഗത്തിന്റെയും പള്ളിക്കമ്മിറ്റിയുടെയും തീരുമാനം കോടതി ശരിവയ്ക്കുകയായിരുന്നു. പിറവം തോട്ടുപുറത്ത് മാണി വര്‍ക്കി, പൈലി ഉലഹന്നാന്‍, വര്‍ഗീസ് ഉലഹന്നാന്‍ എന്നിവരടക്കം 56 പേര്‍ കേസില്‍ എതിര്‍ കക്ഷികളായിരുന്നു.
വിധിയുടെ പൂര്‍ണ്ണരൂപം വായിക്കാന്‍ ഇവിടെ കിലുക്കൂ

മാമ്മലശ്ശേരിപള്ളി: നിരാഹാരവും കുത്തിയിരുപ്പും അവസാനിപ്പിച്ചു് തലയൂരി


പിറവം,ഫെ 2: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിക്ക് മുന്നില്‍ വിമത യാക്കോബായ വിഭാഗം 2012 മെയ് 15 മുതല്‍ നടത്തിവന്ന കുത്തിയിരുപ്പു് യജ്ഞവും വര്‍ഗീസ് പുല്ല്യാട്ടേല്‍ പാതിരി ജനു 25 മുതല്‍ നടത്തിവന്ന നിരാഹാര യജ്ഞവും നിറുത്തി. ഫെ 2 ശനിയാഴ്ച വൈകീട്ട് 4 മണിയോടെയാണ് കുത്തിയിരുപ്പു് അവസാനിപ്പിച്ചത്. ഇതോടെ ഒമ്പത് ദിവസം പിന്നിട്ട നിരാഹാര യജ്ഞം സമാപിച്ചു. മാമ്മലശ്ശേരി പള്ളിയില്‍ കുര്‍ബാനാ അവകാശം (വീതം) കിട്ടണമെന്നാവശ്യപ്പെട്ടാണ് വിമത യാക്കോബായ വിഭാഗം അക്രമവും കുത്തിയിരുപ്പു് യജ്ഞവും നടത്തിയത്.

തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്തു് പരിഹാരിക്കാന്‍ ഫെ 1നു് ഹൈക്കോടതി മീഡിയേഷന്‍ സെല്‍ മീഡിയേറ്റര്‍മാരെ നിയോഗിച്ചെന്ന കാരണം പറഞ്ഞാണു് നിരാഹാര സമരം അവസാനിപ്പിച്ചത്. സമാധാനപരമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനാണ് സമരം താത്കാലികമായി അവസാനിപ്പിച്ചതെന്ന് പറഞ്ഞു് വിമത യാക്കോബായ വിഭാഗം സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ന്യായീകരിച്ചു.

തര്‍ക്കം ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കണമെന്നാഗ്രഹിക്കുന്ന ഒട്ടേറെ പേര്‍ ഇരു വിഭാഗത്തിലും ഉണ്ടെന്ന് പറഞ്ഞാണു് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് എന്നിവരടങ്ങിയ ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി, സര്‍ക്കാരിന്റെ അപേക്ഷപ്രകാരം, മധ്യസ്ഥശ്രമത്തിനുള്ള സമിതിയെ നിയോഗിച്ചത്. ഹൈക്കോടതി മീഡിയേഷന്‍ കേന്ദ്രത്തിലെ മീഡിയേറ്റര്‍ പി. ബാബുകുമാര്‍, ജില്ലാ മീഡിയേഷന്‍ കേന്ദ്രത്തിലെ കെ.എന്‍. സ്വാമിനാഥന്‍, എം.എസ്. ലത എന്നിവരാണു് മീഡിയേറ്റര്‍മാര്‍.
1995 മുതല്‍ ഇരുകക്ഷികളും സഭാതര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് സഭാ ഭരണഘടന അനുസരിച്ചും കോടതിയില്‍ രേഖാമൂലം എഴുതി കൊടുത്ത അനുസരിച്ച് ഭരണം തുടര്‍ന്ന മാമ്മലശേരി പള്ളിയില്‍ 2012 മെയ് മാസത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ആരാധന മുടക്കുകയും കുത്തിയിരുപ്പു് യജ്ഞം എന്ന പേരില്‍ സമരം ആരംഭിക്കുകയുമായിരുന്നു. കോടതിവിധി അനുസരിക്കാതെയും ഉദയകക്ഷി ധാരണകള്‍ക്കും മധ്യസ്ഥ തീരുമാനങ്ങള്‍ക്കും മധ്യസ്ഥതീരുമാനങ്ങള്‍ക്കും വഴങ്ങാതെയും ജില്ലാ അധികാരികളുടെ ഉത്തരവുകള്‍ ലംഘിച്ചും നടത്തിയ സമരമാണു് അവസാനം അവസാനിച്ചിരിയ്ക്കുന്നത്.

ഓടക്കാലി പള്ളിയിലെ കല്ലിട്ട പെരുന്നാള്‍: സമാധാന പാലനത്തിന് നിര്‍ദേശം


കൊച്ചി, ഫെബ്രുവരി 1: ഓടക്കാലി സെന്റ് മേരീസ് പള്ളിയിലെ കല്ലിട്ട പെരുന്നാള്‍ ഇരുവിഭാഗവും നിര്‍ദിഷ്ടസമയങ്ങളില്‍ ക്രമസമാധാനപ്രശ്‌നങ്ങളില്ലാതെ നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എതിര്‍പക്ഷം മത ചടങ്ങുകള്‍ തടസ്സപ്പെടുത്തുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭക്കാരായ ഫാ. തര്യന്‍, എം.ടി. വര്‍ഗീസ്, ഫാ. തോമസ് പോള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദിന്റെ ഈ നിര്‍േദശം. വിമത യാക്കോബായവിഭാഗക്കാരായ ഫാ. പൗലോസ് ഔസേപ്പ്, മാര്‍ തോമസ് ദിവന്നാസിയോസ് മെത്രാപ്പോലീത്ത തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍. ഫിബ്രവരി ഏഴ് മുതല്‍ 10 വരെയാണ് പെരുന്നാള്‍.

ഹര്‍ജിക്കാര്‍ക്ക് ഫെബ്രുവരി 8ന് ഉച്ചയ്ക്ക് 12 മുതല്‍ ഫിബ്രവരി 9ന് 12 വരെയാണ് മത ചടങ്ങുകള്‍ നടത്താന്‍ അനുമതി. മറുവിഭാഗം ഈ സമയത്ത് പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.വിമത യാക്കോബായവിഭാഗവും - ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ വര്‍ഷങ്ങളായി പള്ളിയെ ചോല്ലി അവകാശ തര്‍ക്കം നിലനില്‍ക്കുകയാണ്. ഹൈകോടതി നിര്‍ദേശപ്രകാരം ഓര്‍ത്തഡോക്സ് വിഭാഗത്തിന് വര്‍ഷത്തില്‍ പെരുന്നാള്‍ ദിനത്തില്‍ പള്ളിയില്‍ പ്രവേശിക്കാനും വിശുദ്ധ കുര്‍ബ്ബാനനടത്താനും അവകാശമുണ്ടു്.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.