ഈ ലേഖയില്‍‍ തിരയുക

കഷ്ടതകളും പ്രയാസങ്ങളും ദൈവസമക്ഷത്തിലുള്ള മഹത്വീകരണം - ഡോ. തോമസ് മാര്‍ അത്താനാസിയോസ്


കൂത്താട്ടുകുളം, മാര്‍‍ച്ച് 7: പീഢയനുഭവിയ്ക്കുന്ന സമൂഹത്തിലൂടെയാണു് രക്ഷയും വീണ്ടെടുപ്പും സംഭവിയ്ക്കുന്നതെന്നു് കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് പ്രസ്താവിച്ചു. കൂത്താട്ടുകുളം ബൈബിള്‍ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ കെ. റ്റി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ച അറുപത്തിമൂന്നാമത് കൂത്താട്ടുകുളം സുവിശേഷ മഹായോഗം (ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍) മാര്‍‍ച്ച് ആറിനു് ഉദ്ഘാടനം ചെയ്തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

എളുപ്പമുള്ള ജീവിതം കര്‍ത്താവു് വാഗ്ദാനം ചെയ്തിട്ടില്ല. പീഢകളും അവഹേളനങ്ങളും ഏറ്റുവാങ്ങുന്നതു് ക്രിസ്തീയവിളിയുടെ ഭാഗമാണെന്നു് തിരിച്ചറിയുന്നതിലാണു് വിശ്വാസി സമൂഹത്തിന്റെ നിലനില്പു്. അനീതി നിറഞ്ഞലോകത്തു് നീതിയ്ക്കും ശരിയ്ക്കും വേണ്ടി നിലകൊള്ളുന്ന മനുഷ്യന്‍ അനുഭവിയ്ക്കുന്ന പീഢകളും വേദനകളുമാണു് ജീവിതത്തിനു് അര്‍ത്ഥം ഉണ്ടാക്കുന്നതു്. വേദപുസ്തകസത്യങ്ങള്‍ ഓരോകാലത്തുമുള്ള പ്രത്യേക സാഹചര്യങ്ങളില്‍ മനസ്സിലാക്കിക്കൊടുക്കുന്നതിനും കാലികമാക്കുന്നതിനുമാണു് സുവിശേഷ യോഗങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ദൈവത്തിന്റെ വഴിയറിയാന്‍ കാത്തിരുന്നു നോക്കണമെന്നും പിന്തിരിഞ്ഞുനോക്കിയാലേ ദൈവത്തിന്റെ പദ്ധതിയെന്തായിരുന്നുവെന്നു് മനസ്സിലാകൂ എന്നും തുടര്‍ന്നു് വചന ശുശ്രൂഷ നിര്‍വ്വഹിച്ച റവ. ഫാ. മോഹന്‍ ജോസഫ് (കോട്ടയം ഏലിയാ കത്തീഡ്രല്‍) പറഞ്ഞു.

ഇന്നു് മാര്‍‍ച്ച് 7 വ്യാഴാഴ്ച ഫാ. റവ. ഡോ. റെജി മാത്യുവും(കോട്ടയം വൈദീക സെമിനാരി ) നാളെ വെള്ളിയാഴ്ച റവ. ഡോ. ഒ. തോമസും മാര്‍ച്ച് 9 ശനിയാഴ്ച ഫാ ഏലിയാസ് ചെറുകാടും 10 ഞായറാഴ്ച ഫാ. നൈനാന്‍ കെ ജോര്‍ജും (കോട്ടയം വൈദീക സെമിനാരി ) വചനശുശ്രൂഷ നടത്തും.

ഫാ.മാത്യുസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. ജോണ്‍ തളിയച്ചിറ കോര്‍ എപ്പിസ്കോപ്പ, ഫാ. മാത്യൂസ് എബ്രാഹം, ഫാ. ജോയി കടുകുംമാക്കില്‍, ഫാ ഏലിയാസ് മണ്ണാത്തിക്കുളം, ഫാ. ഷിബുകുര്യന്‍, ഫാ. പൗലോസ് സ്കറിയ, ജോസഫ് ജോര്‍ജ് കളത്തില്‍, മത്തായി ഏറമ്പടം, സണ്ണി കുടിയിരിയ്ക്കല്‍, ജോണ്‍സന്‍ കൊറ്റഞ്ചിറയില്‍ ‍ജിതിന്‍ കൊച്ചുപാറയില്‍ എന്നിവരാണു് കണ്‍വന്‍ഷനു് നേതൃത്വം നല്‍‍കുന്നതു്‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനശുശ്രൂഷ ചെയ്യുന്നതു്.


0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.