സ്വന്തം ലേഖകന്‍, മലയാളമനോരമ
ഫോട്ടോ കാതോലിക്കേറ്റ് അരമന |
കോലഞ്ചേരി പള്ളിക്കേസിലും മൂവാറ്റുപുഴ അരമനപ്പള്ളിക്കേസിലും കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിക്കേസിലും കത്തിപ്പാറ സെന്റ് ജോര്‍ജ് പള്ളിക്കേസിലും സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ വ്യക്‌തമായ കോടതി ഉത്തരവുണ്ടായി. 1995ലെ വിധിക്കുശേഷം അവയെല്ലാം 1934ലെ ഓര്‍ത്തഡോക്‌സ് സഭാ ഭരണഘടനയ്‌ക്ക് വിധേയമായിട്ടായിരിക്കും ഭരിക്കപ്പെടേണ്ടത്. അടുത്തകാലത്തുവന്ന പിറവം പള്ളിക്കേസിലും കോടതി ഇതുതന്നെ വ്യക്‌തമാക്കിയിട്ടുണ്ടെന്ന് കാതോലിക്കാ ബാവാ പറഞ്ഞു.
കോടതി വിധി നടപ്പാക്കിത്തരണമെന്നാണ് യാക്കോബായ സഭയും സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നാണ് മനസ്സിലാക്കുന്നത്. അതാണ് ഓര്‍ത്തഡോക്‌സ് സഭയും വര്‍ഷങ്ങളായി അഭ്യര്‍ഥിക്കുന്നത്. യാക്കോബായ സഭയും ഇക്കാര്യം ആവശ്യപ്പെട്ട സ്‌ഥിതിക്ക് എത്രയും പെട്ടെന്ന് കോടതിവിധികള്‍ നിഷ്‌പക്ഷമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നീതിബോധം കാണിക്കണമെന്നും അതാണ് പ്രശ്‌നത്തിന് പരിഹാരമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
കോടതികള്‍ വഴി ആവശ്യം സാധിച്ചുകിട്ടാതെ വന്നപ്പോള്‍ അക്രമം അഴിച്ചുവിട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികള്‍ യാക്കോബായ സഭക്കാര്‍ പൂട്ടിക്കുകയായിരുന്നുവെന്ന് കാതോലിക്കാ ബാവാ ആരോപിച്ചു. പൂട്ടിക്കാനായി അക്രമം അഴിച്ചുവിട്ടവര്‍ തന്നെ തുറക്കാനായി സമരം ചെയ്യുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. കോടതിവിധി അനുസരിച്ച് സഭയില്‍ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കാതെ പുറത്തുപോയി പുതിയ സഭ ഉണ്ടാക്കിയവര്‍ക്ക് എന്ത് അവകാശത്തിനാണ് സഭയില്‍ അര്‍ഹതയെന്ന് സാമുദായിക -രാഷ്‌ട്രീയ നേതാക്കള്‍ വിലയിരുത്തണമെന്ന് ബാവാ പറഞ്ഞു.
മന്ത്രി അനൂപ് ജേക്കബ് യാക്കോബായ സഭയുടെ വിശ്വസ്‌ത സഭാംഗം എന്ന കീര്‍ത്തിമുദ്ര വാങ്ങിയ ആളാണെന്നും അദ്ദേഹത്തിന്റെ നീതിപൂര്‍വമല്ലാത്ത ഇടപെടലുകള്‍ പള്ളി പൂട്ടിക്കുന്നതിലേക്കും കോടതിവിധി അട്ടിമറിക്കുന്നതിലേക്കും എത്തിച്ചതായും സഭാ നേതൃത്വം കുറ്റപ്പെടുത്തി. ഈ മന്ത്രി വീണ്ടും സഭാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെ മധ്യസ്‌ഥനായി അവതരിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും വ്യക്‌തമാക്കി.
പള്ളികളില്‍ അക്രമം നടത്തുകയും കൊലപാതകങ്ങള്‍ വരെ നടത്തിക്കുകയും ചെയ്‌ത് നിയമവിരുദ്ധ സംഘര്‍ഷങ്ങള്‍ വളര്‍ത്തുന്ന യാക്കോബായ സഭയെ നിയമത്തിന് വിധേയമാക്കിയില്ലെങ്കില്‍ നാടിന്റെ ജനാധിപത്യവ്യവസ്‌ഥയോട് സര്‍ക്കാര്‍ ചെയ്യുന്ന വലിയ പാതകമായിരിക്കുമെന്നും സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, കണ്ടനാട് ഈസ്‌റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.തോമസ് മാര്‍ അത്തനാസിയോസ്, വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ കുറ്റപ്പെടുത്തി.
മലയാളമനോരമ 2013 മാര്‍ച്ച് 20
മലങ്കര സഭാതര്‍ക്കം ആധ്യാത്മികതയുടെ അതിരുകള്‍ ലംഘിക്കില്ല; കോടതിവിധി നടപ്പാക്കണം: ഓര്‍ത്തഡോക്‌സ് സഭ
മാതൃഭൂമി
കോട്ടയം: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തില്‍ ആധ്യാത്മികതയുടെ അതിരുകള്‍ ലംഘിക്കില്ലെന്നും കോടതിവിധി നടപ്പാക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള ഏകപോംവഴിയെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി ലഭിക്കാത്തതിനാല്‍ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ ദുഃഖിതരാണ്. ഭൗതികശക്തികള്‍ സഭയെ ഉപദ്രവിക്കുന്നു. യാക്കോബായസഭയുടെ ചില നിലപാടുകള്‍ സ്വീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കഴിയില്ല. പള്ളികള്‍ പൂട്ടിക്കിടക്കുന്നത് ഓര്‍ത്തഡോക്‌സ് സഭയുടെ ശൈലിയല്ല. പൂട്ടിയ പള്ളികള്‍ അര്‍ഹതയുള്ളവര്‍ക്ക് തുറന്നുകൊടുക്കണം. ഒരുവിഭാഗംമാത്രം പറയുന്നതുകേട്ട് തുറന്നുകൊടുക്കാന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നം. തര്‍ക്കമുള്ളിടത്ത് നിയമപരമായ വഴികളിലൂടെ സമാധാനം ഉണ്ടാക്കണം-കാതോലിക്കാബാവ ആവശ്യപ്പെട്ടു.
മന്ത്രിതല സമാധാനചര്‍ച്ചകളില്‍ ഓര്‍ത്തഡോക്‌സ് സഭ സഹകരിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രി അനൂപ് ജേക്കബിന്റെ മധ്യസ്ഥത സ്വീകാര്യമല്ല. എറണാകുളത്തെ ഭരണകൂടം അനീതിക്ക് കൂട്ടുനില്‍ക്കുന്നു. സര്‍ക്കാരില്‍നിന്ന് നീതി കിട്ടാതെവരുമ്പോള്‍ സഭ അഭിപ്രായം പറയും -ബാവ പറഞ്ഞു.
ഇരുവിഭാഗവും കോടതിവിധി നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതിനാല്‍ത്തന്നെ ആരോടും ചോദിക്കാതെ സര്‍ക്കാരിന് കോടതിവിധി നടപ്പാക്കാം. ജുഡീഷ്യറിയെ ആദരിക്കുന്ന സര്‍ക്കാരിന് ഇതിനുള്ള ബാധ്യതയുണ്ട്. യാക്കോബായസഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സഭാപ്രശ്‌നത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭാംഗമായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രശ്‌നത്തില്‍ ഇടപെടുന്നില്ല. എന്താണ് കാരണമെന്നറിയില്ല -കാതോലിക്കാബാവ പറഞ്ഞു.
യാക്കോബായ വിഭാഗം മറ്റു സമുദായനേതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതരസമുദായങ്ങളുമായി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്ല ബന്ധമാണുള്ളത്. അക്രമമാര്‍ഗങ്ങളിലൂടെ കാര്യങ്ങള്‍ നേടാനാണ് യാക്കോബായവിഭാഗം ശ്രമിക്കുന്നതെന്നും ബാവ കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തില്‍ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ്, കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്, വൈദികട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം എന്നിവരും പങ്കെടുത്തു.
മാതൃഭൂമി 2013 മാര്‍ച്ച് 20
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.