ഈ ലേഖയില്‍‍ തിരയുക

വിദേശ മെത്രാന്‍ വാഴ്ച സഭാ സമാധാനത്തിനായി വരച്ച സമാന്തരരേഖ: ഡി.ബാബു പോള്‍




ഡോ.ഡി.ബാബു പോളുമായുളള പ്രദക്ഷിണം അഭിമുഖം

ചോദ്യം- സഭയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉരുണ്ടു് കൂടുകയാണല്ലോ വിദേശമെത്രാന്റെ വാഴിയ്ക്കലും മറ്റും.



സൂക്ഷ്മമായി ചിന്തിച്ചാല്‍ അടുത്ത കാലത്തെ വിവാദമായ വിദേശ മെത്രാന്‍ വാഴ്ച സഭാ സമാധാനത്തിനായി വരച്ച ഒരു സമാന്തരരേഖയാണു് എന്നു് എനിയ്ക്കു് തോന്നുന്നു. അതിന്റെ പ്രത്യക്ഷ മാനവും പരോക്ഷ സൂചനയും മനസ്സിലാക്കിയ ചിലരും മനസ്സിലാക്കാത്ത പലരും ഒരുപോലെ അതിനെ വിമര്‍ശിയ്ക്കുന്നതില്‍ നിന്നും നമുക്കു് മനസ്സിലാകുന്നതു് അതല്ലേ?


ഞാന്‍ പൂര്‍ണ്ണമായും യാക്കോബായ സഭയിലെ അംഗമാണു്. പാത്രിയര്‍ക്കീസ് ബാവായുമായി ഇപ്പോഴും നേരിട്ടു് ബന്ധപ്പെടാറുണ്ടു്. അതുകൊണ്ടു് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായ പ്രകടനത്തിനു് എനിയ്ക്കു് പരിമിതിയുണ്ടു്.



എങ്കിലും സഭ ഒന്നാണെന്ന കാഴ്ചപ്പാടാണു് എനിയ്ക്കുളളതു്. ഇപ്പോഴത്തെ കാറും കോളും നിറഞ്ഞ അന്തരീക്ഷം ഇന്നല്ലെങ്കില്‍ നാളെ മാറുക തന്നെ ചെയ്യും. പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാകുന്നതു് അനാവശ്യമായും അനവസരത്തിലുമാണു്. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കാഴ്ചപ്പാടില്‍ ഈ മെത്രാന്‍ വാഴ്ച വിവാദമായതു് സത്യത്തില്‍ പലരെയും അദ്ഭുതപ്പെടുത്തുന്നുണ്ടു്.



പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കരയിലെ അനധികൃതമായ ഇടപെടലുകളാണു് മലങ്കരസഭയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയതെന്നു് പറയുന്ന ഓര്‍ത്തഡോക്സ് പക്ഷക്കാര്‍ അതേ രീതിയിലുളള ഒരു തിരിച്ചടി പാത്രിയര്‍ക്കീസ് ഭാഗത്തിനു് നല്‍കാന്‍ നടത്തിയ ആസൂത്രിതമായ ഒരു ശ്രമമെന്ന നിലയില്‍ വളരെ ഗൌരവത്തോടെയാണു് എല്ലാവരും ആദ്യം ആ സംഭവത്തെ വീക്ഷിച്ചതു്. ആ വഴി കാര്യങ്ങള്‍ നീങ്ങിയാല്‍ തല്‍ക്കാലം ചില പ്രശ്നങ്ങള്‍ ഉണ്ടായാലും ആത്യന്തികമായ ഒരു സമാധാനശ്രമത്തില്‍ അതു് എത്തിച്ചേരുമായിരുന്നു എന്നു് കരുതുന്നവര്‍ പാത്രിയര്‍ക്കീസ് പക്ഷത്തു് പോലും ഉണ്ടായിരുന്നു.



എന്നാല്‍ ഈ സംഭവം പൂര്‍വ്വവൈരാഗ്യം തീര്‍ക്കാനുളള അവസരമാക്കാന്‍ സ്വാധീനശക്തിയുളള ചിലര്‍ ശ്രമിച്ചെന്ന തോന്നലാണു് പിന്നീടു് തുടരെയുണ്ടായ വാര്‍ത്താ വിവാദങ്ങളില്‍ നിന്നു് തോന്നുന്നതു്.





ഇതാണു് മലങ്കരയുടെ ഇരുപക്ഷത്തെയും ശാപം ധിരമായ നടപടികള്‍ക്കു് തുനിയുന്നവര്‍ക്കു് പിന്‍തുണ നല്‍കാതെ അവര്‍ക്കെതിരെ ഒളിയമ്പു് എയ്യുന്ന വികലമായ മനസ്ഥിതി മാറാതെ ഈ സഭ നന്നാവില്ല എന്നു് തോന്നിപ്പോവുന്നു.



വിദേശ മെത്രാന്‍ വാഴ്ച സമാധാനത്തിനു് വഴിതുറക്കുമായിരുന്നു എന്നു് പറയുന്നതില്‍ വലിയ വൈരുധ്യമില്ലേ. ?



വൈരുധ്യത്തില്‍ നിന്നാണു് വൈവിധ്യമുണ്ടാകുന്നതു്. വൈവിധ്യങ്ങളില്‍ നിന്നാണു് സമാനതകള്‍ ജനിയ്ക്കുന്നതു്.



അന്ത്യോഖ്യന്‍ സഭയില്‍ നിരവധി വംശീയ ഗ്രൂപ്പുകളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം എപ്പോഴും ഉണ്ടായിരുന്നു. അബ്ദേദ് മിശിഹായുടെ കാലത്തൊഴികെ അവയൊന്നും ചൂഷണം ചെയ്യാന്‍ മലങ്കര സഭയിലെ ഒരു വിഭാഗവും പരിശ്രമിച്ചിട്ടില്ല. യാക്കോബ് ത്യതീയന്‍ പാത്രിയര്‍ക്കിസ് ബാവാ കാലം ചെയ്തപ്പോള്‍ സുറിയാനിആകമാന സൂന്നഹദോസിനു് അന്നത്തെ കാതോലിക്കാ ബാവ ഒരു നോട്ടീസ് അയച്ചാല്‍ ഫലമുണ്ടാകുമായിരുന്നു. മറ്റൊരു പാത്രിയര്‍ക്കിസ് ഉണ്ടാകുവാനുളള സാധ്യതയും ഉണ്ടാകുമായിരുന്നു. അത്തരം സാധ്യതകള്‍ ചര്‍ച്ചകളിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിക്കുമായിരുന്നു.



സമാനമായ ഒരു സാഹചര്യം ഉണ്ടാകുവാന്‍ ഇപ്പോഴും സാധ്യത ഇല്ലാതില്ല. മലങ്കരയിലെ ഭിന്നത തങ്ങള്‍ മുതലെടുക്കുന്നതുപോലെ തങ്ങളിലെ ഭിന്നത മലങ്കരക്കാരും മുതലെടുക്കുമെന്നൊരുതോന്നല്‍ അന്ത്യോഖ്യക്കാര്‍ക്കു് ഉണ്ടായിരുന്നു എങ്കില്‍ മലങ്കര പ്രശ്നങ്ങള്‍ എന്നേ പരിഹരിയ്ക്കപ്പെടുമായിരുന്നു.



ഇപ്പോഴത്തെ മെത്രാന്‍വാഴ്ച മലങ്കര സഭയിലെ സുന്നഹദോസ് അംഗങ്ങളുടെ പൂര്‍ണ്ണ സഹകരണത്തിലും യോജിപ്പിലും ആണു് നടന്നിരുന്നതെങ്കില്‍ തീര്‍ച്ചയായും അത് അന്ത്യോഖ്യന്‍ സഭയെ ചിന്തിപ്പിയ്ക്കുമായിരുന്നു. ആ ചിന്ത തീര്‍ച്ചയായും സഭാ യോജിപ്പില്‍ എത്തുമായിരുന്നു എന്നു് തന്നെയാണു് ഞാന്‍ ചിന്തിയ്ക്കുന്നതു്.



അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസുമായി വ്യക്തിബന്ധം പുലര്‍ത്തുന്ന താങ്കള്‍ ഇങ്ങനെ ചിന്തിക്കുന്നത് ശരിയാണോ ?



അങ്ങനെ ചെയ്യണം എന്നല്ല ഞാന്‍ പറഞ്ഞതു്. അങ്ങനെ ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ അതിന്റെ പരിണിതഫലങ്ങള്‍ എങ്ങനെയാകുമായിരുന്നു എന്നു് ചിന്തിച്ചു നോക്കി എന്നു മാത്രം.



ഇപ്പോഴത്തെ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് എല്ലാ അര്‍ത്ഥത്തിലും സമാധാന കാംക്ഷിയാണു്. പക്ഷെ അദ്ദേഹത്തിനു് മേല്‍ സമ്മര്‍ദ്ദങ്ങള്‍ ഏറെയാണു്.



യാക്കോബായ പക്ഷത്തുളള മെത്രാന്മാരും സമാധാനത്തെ സ്വാഗതം ചെയ്യുന്നവരാണു്. പക്ഷെ സ്വന്തം ബോദ്ധ്യത്തിനൊത്തു് പ്രവര്‍ത്തിയ്ക്കുവാന്‍ പലപ്പോഴും അവര്‍ക്കു് സാധിയ്ക്കാറില്ല. ഓര്‍ത്തഡോക്സ് പക്ഷത്തിനാണു് സഭയുടെ ഭാവി നിര്‍ണ്ണയിയ്ക്കാനാവുന്ന തീരുമാനങ്ങള്‍ കൈക്കൊളളാനാവുക എന്നാണ് ഞാന്‍ സൂചിപ്പിച്ചതു്. അതു് അപ്രകാരം ആയിരിയ്ക്കണം എന്നു് സൂചിപ്പിയ്ക്കാന്‍ ഞാന്‍ ആളല്ല.



സഭാ കാര്യങ്ങളില്‍ കോട്ടയം ഇടവകയുടെ ഈവാനിയോസ് തിരുമേനിയുടെ സമീപനങ്ങള്‍ ഓര്‍ത്തഡോക്സ് പക്ഷം കൂടുതലായി ഉള്‍ക്കൊള്ളേണ്ടതുണ്ടു്. ദൈവികസ്പര്‍ശം നേരിട്ടു് അനുഭവിച്ചിട്ടുളള തിരുമേനിയുടെ വാക്കുകളും പ്രവൃത്തികളും പ്രവാചക ദൌത്യമാണു് നിര്‍വ്വഹിക്കുന്നതു് എന്നാണു് എനിയ്ക്കു് തോന്നിയിട്ടുളളതു്.



*******

ചിത്രങ്ങള്‍‍



1) സ്വയംഭരണാവകാശമുള്ള സുറിയാനി ഓര്‍ത്തഡോക്സ് യൂറോപ്യന്‍ ആര്‍ച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്തയായി വാഴിയ്ക്കപ്പെട്ട മോശ ഗോര്‍ഗുന്‍ മാര്‍ സേവേറിയോസ് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവയോടും കണ്ടനാടു് -കിഴക്കിന്റെ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയോടുമൊപ്പം. [ചിത്രത്തില്‍ ക്ലിക്കിയാല്‍ കൂടിയ പ്രമേയത്തിലുള്ള രൂപം പുതിയ ജാലകത്തില്‍ കാണാം. ](പൊതുഉപയോഗത്തിനു് പകര്‍‍‍പ്പനുമതിയുള്ള ഛായ)

2) ഡോ. ഡി ബാബു പോള്‍‍ (ഛായാ അവലംബം: പ്രദക്ഷിണം)


*****

പശ്ചാത്തലകണ്ണികള്‍







മാര്‍ മക്കാറിയോസിസിന്റെ കബറടക്കം കഴിഞ്ഞു


നിറകണ്ണുകളോടെ വിട
കോട്ടയം: മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, കാനഡ ഭദ്രാസനാ ധിപനായിരുന്ന കാലംചെയ്ത ഡോ. തോമസ് മാര്‍ മക്കാറിയോസിന്റെ കബറടക്കം കഴിഞ്ഞു. ദേവലോകം അരമനച്ചാപ്പലിന് തെക്കുവശത്ത് തയ്യാറാക്കിയ കബറിടത്തില്‍ മാര്‍ച്ച് മൂന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെയായിരുന്നു ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ കബറടക്കം.

മാര്‍ച്ച് രണ്ടാം തീയതി ഞായറാഴ്ച രാത്രി വൈകി കോട്ടയം പഴയ സെമിനാരിയില്‍ എത്തിച്ചു് പൊതുദര്‍ശനത്തിനു് വച്ച ഭൌതിക ശരീരം ശുശ്രൂഷകള്‍ക്കുശേഷം തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കു സഭാ ആസ്ഥാനമായ ദേവലോകം അരമന ചാപ്പലിലേയ്ക്കു് നിരവധി വാഹനങ്ങളുടെയും നൂറുകണക്കിനു് വിശ്വാസികളുടെയും അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി.കബറടക്ക ശുശ്രൂഷയുടെ ഭാഗമായ 'നഗരി കാണിക്കല്‍ കൂടിയായിരുന്ന വിലാപയാത്ര ചുങ്കം, കോട്ടയം ടൗണ്‍, ശാസ്ത്രി റോഡ്, കളക്ടറേറ്റ്, കഞ്ഞിക്കുഴി വഴി പത്തര കഴിഞ്ഞപ്പോള്‍ ദേവലോകം അരമനയിലെത്തി.

തുടര്‍ന്നു് അന്ത്യോപചാരം അര്‍പ്പിയ്ക്കാന്‍ ആളുകള്‍ക്കു് അവസരം നല്‍കി.അനുശോചനയോഗവും നടന്നു. 11.15നു് കബറടക്ക ശുശ്രൂഷയുടെ അവസാനഭാഗം തുടങ്ങി.പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന ശുശ്രൂഷയില്‍ മെത്രാപ്പൊലീത്തമാരും വൈദികരും സഹകാര്‍മികരായിരുന്നു.
മെത്രാപ്പോലീത്തയുടെ ഭൌതികശരീരം മദ്ബഹായ്ക്കുള്ളിലേയ്ക്ക് കൊണ്ടുപോയി, താന്‍ ശുശ്രൂഷിച്ച ദേവാലയത്തോടും ബലിയര്‍പ്പിച്ച മദ്ബഹയോടും പരിപാലിച്ച അജഗണങ്ങളോടും വിടചോദിക്കുന്നതിനായി നാലു് ദിക്കുകളിലേയ്ക്കും എടുത്തുയര്‍ത്തിയശേഷം കബറിടത്തില്‍ എത്തിച്ചു. ഭൌതിക ശരീരത്തില്‍ കാതോലിക്കാ ബാവാ വിശുദ്ധ തൈലമൊഴിച്ചു് കുന്തിരിയ്ക്കവും മണ്ണും വച്ചതോടെ കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയായി. തുടര്‍ന്നു് ഭൌതികശരീരം കബറിനുള്ളില്‍ അടക്കം ചെയ്തു.

സംസ്ഥാനസര്‍ക്കാരിനു് വേണ്ടി മന്ത്രിമോന്‍സ് ജോസഫ് പുഷ്പചക്രം സമര്‍പ്പിച്ചു. പ്രതിപക്ഷനേതാവു് ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി.യു. കുരുവിള, ലോകസഭാംഗം പി.സി. തോമസ്, എം എല്‍ ‍എമാരായ വി.എന്‍. വാസവന്‍, ജോസഫ് എം. പുതുശ്ശേരി, എം. മുരളി, സി.എസ്.ഐ. മധ്യകേരള ബിഷപ്പ് തോമസ് സാമുവേല്‍, സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍, സീറോ മലങ്കര റീത്തു് കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ബസേലിയോസ് ക്ലീമീസ്, സീറോ മലബാര്‍ ക്നാനായ കത്തോലിക്കാസഭയുടെ കോട്ടയം അതിരൂപതാ മെത്രാന്‍ മാര്‍ ‍മാത്യു മൂലക്കാട്ട്, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തോമസ് മാര്‍ തീമോത്തിയോസ് , മലബാര്‍ മാര്‍‍ത്തോമാ സുറിയാനി സഭയുടെ സഖറിയാസ് മാര്‍ തേയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഏബ്രഹാം മാര്‍ പൌലോസ്, സീറോ മലങ്കര റീത്തു് കത്തോലിക്കാ സഭയുടെ ഏബ്രഹാം മാര്‍ യൂലിയോസ്, തോമസ് മാര്‍ കൂറിലോസ് എന്നിവരും ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസന മെത്രാപ്പോലീത്താമാരും ജില്ലാ കളക്ടര്‍ ഷര്‍മിള മേരി ജോസഫ്, ജില്ലാ പോലീസ് സൂപ്രണ്ട് മാത്യു പോളി കാര്‍പ്പ്, കോട്ടയം നഗരസഭാധ്യക്ഷ റീബാ വര്‍ക്കി, ഇന്ദിരാ കോണ്‍ഗ്രസ് നേതാവു് കൊടിക്കുന്നില്‍ സുരേഷ്, ജില്ലാ പഞ്ചായത്തു് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി കെ.ജെ. തോമസ് എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ലണ്ടനില്‍ നിന്നു് വിമാന മാര്‍ഗം മാര്‍ച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ നെടുമ്പാശേരിയിലെത്തിച്ച മാര്‍ മക്കാറിയോസിസിന്റെ ഭൗതിക ശരീരം പൗലോസ് മാര്‍ മിലിത്തിയോസ്, മാത്യൂസ് മാര്‍ സേവേറിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, സഭാ ട്രസ്റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്നാണു് ഏറ്റുവാങ്ങിയതു്.കേന്ദ്ര മന്ത്രി വയലാര്‍ രവി, സംസ്ഥാന മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, മോന്‍സ് ജോസഫ്, എംഎല്‍എമാരായ ജോസഫ് എം. പുതുശേരി, എം. മുരളി എന്നിവര്‍ വിമാനത്താവളത്തിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു.

മുംബൈ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ലണ്ടന്‍ ഇടവക വികാരി ഫാ. ഏബ്രഹാം തോമസ്, മാഞ്ചസ്റ്റര്‍ - ലിവര്‍പൂള്‍ ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ്, ബ്രിസ്റ്റോള്‍ വികാരി ഫാ. വര്‍ഗീസ് മാത്യു എന്നിവര്‍ ലണ്ടനില്‍നിന്നു് ഭൌതിക ശരീരത്തെ അനുഗമിച്ചിരുന്നു. അലങ്കരിച്ച വാഹനത്തില്‍ നൂറു് കണക്കിനു് വാഹനങ്ങളുടെ അകമ്പടിയോടെ ശീതീകരിച്ച പ്രത്യേക അറയിലാണു് ഭൌതിക ശരീരം ജന്‍മസ്ഥലമായ അയിരൂരിലേയ്ക്കു് കൊണ്ടു് പോയതു്.

ആലപ്പുഴ, ചങ്ങനാശേരി വഴി വിലാപയാത്ര നാലരയോടെ പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്തു് എത്തിയപ്പോള്‍ നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിന്റെ നേതൃത്വത്തില്‍ ഭൌതിക ശരീരം ഏറ്റുവാങ്ങി. തുടര്‍ന്നു് തിരുവല്ല, ഇരവിപേരൂര്‍, വെണ്ണിക്കുളം, തടിയൂര്‍, തീയാടിക്കല്‍ വഴി 7.30നു് മാര്‍ മക്കാറിയോസിസിന്റെ മാതൃ ഇടവകയായ അയിരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ എത്തിച്ചു .നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ്, മെത്രാപ്പൊലീത്തമാര്‍, വൈദികര്‍ എന്നിവരുടെ നേതൃത്വത്തില്‍ കബറടക്ക ശുശ്രൂഷയുടെ രണ്ടും മൂന്നും നാലും ഭാഗങ്ങള്‍ അയിരൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തി.

മെത്രാപ്പൊലീത്തമാരും രാഷ്ട്രീയ, സാമുദായിക നേതാക്കളും മാര്‍ മക്കാറിയോസിന്റെ തറവാടായ കുറ്റിക്കണ്ടത്തില്‍ കുടുംബത്തിലെ അംഗങ്ങളും ആയിരക്കണക്കിനു വിശ്വാസികളും അവിടെനിന്നുള്ള വിലാപയാത്രയെ അനുഗമിച്ചു. വഴിമദ്ധ്യേ ആയിരക്കണക്കിനാളുകള്‍ വിവിധസ്ഥലങ്ങളില്‍ മാര്‍ മക്കാറിയോസിനു് അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു. രാത്രി വൈകിയാണു് കോട്ടയം പഴയ സെമിനാരിയില്‍ എത്തിച്ചതു് .

ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ്‌ സമാപിച്ചു


കോട്ടയം: സഭാ വൈദിക ട്രസ്‌റ്റിയുടെ മുഖ്യ ചുമതലയില്‍ സുശക്തമായ പബ്ലിക്‌ റിലേഷന്‍ സംവിധാനം ക്രമീകരിയ്ക്കാന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ്‌ തീരുമാനിച്ചു.

പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ ബാവയുടെ അദ്ധ്യക്ഷതയില്‍ 2008ഫെബ്രുവരി 18മുതല്‍ 23 വരെ കോട്ടയംപഴയ സെമിനാരിയില്‍ ‍സമ്മേളിച്ച സുന്നഹദോസില്‍ ഇങ്ഗ്ലണ്ടിലെ ന്യൂകാസിലില്‍ ചികില്‍സയിലായിരുന്ന യുകെ, യൂറോപ്പ്, കാനഡ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ് ഒഴിച്ചുള്ള എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുത്തു. യുകെ, യൂറോപ്പ്, കാനഡ ഭദ്രാസനഭരണക്രമീകരണങ്ങള്‍ക്കു് ആവശ്യമായ നടപടികള്‍ പൗരസ്ത്യ കാതോലിക്കോസ് കൈക്കൊണ്ടു.

സഭാവക സംഘടനകളുടെയും സ്‌ഥാപനങ്ങളുടെയും പ്രസ്‌ഥാനങ്ങളുടെയും 2008-2009 ലെ ബജറ്റ്‌ അംഗീകരിച്ചു. വിദ്യാര്‍ഥിപ്രസ്‌ഥാന ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍ക്കും അനുമതി നല്‍കി.

ഈ വര്‍ഷം സെപ്‌റ്റംബറില്‍ അര്‍മീനിയയിലെ എച്ച്‌മിയാഡ്‌സിനില്‍ നടക്കുന്ന വിശുദ്ധ മൂറോന്‍ കൂദാശയിലും എത്യോപ്യയില്‍ നടക്കുന്ന ഓറിയന്റല്‍ സഭകളുടെ സമ്മേളനത്തിലും പങ്കെടുക്കാന്‍ പ്രതിനിധികളെ അയയ്ക്കും. അര്‍മീനിയന്‍ സഭകളുടെ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കോസ് ഈ വര്‍ഷത്തെ പരുമലപ്പെരുന്നാളിനോടനുബന്ധിച്ചും ലബനോനിലെ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കോസ് സെപ്‌റ്റംബറിലെ മലങ്കര അസോസിയേഷന്‍ യോഗത്തോടനുബന്ധിച്ചും മലങ്കരസഭ സന്ദര്‍ശിക്കുന്നതിനു് ക്രമീകരണം നടത്തും.

പരുമല സെന്റ്‌ ഗ്രീഗോറിയോസ്‌ മിഷന്‍ ആശുപത്രിയോടനുബന്ധിച്ചു് കാന്‍സര്‍ കെയര്‍ സെന്റര്‍ ‍ആരംഭിക്കും. പഴയ സെമിനാരിയില്‍ ചരിത്ര മ്യൂസിയവും ആരംഭിക്കും.

പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ ചരമ പ്ലാറ്റിനംജൂബിലിവര്‍ഷമായി 2008-2009 വിവിധ പരിപാടികളോടെ ആചരിക്കാനും സുന്നഹദോസില്‍ തീരുമാനമായി. പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദീവന്നാസിയോസ്‌ രണ്ടാമന്‍ മെത്രാപ്പോലീത്തായുടെ ചരമ ശതാബ്‌ദിയോടനുബന്ധിച്ചു് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിനായി പ്രത്യേകസമിതിയെ ചുമതലപ്പെടുത്തി.

അടുത്ത സമ്മേളനം ഓഗസ്‌റ്റ് 19 മുതല്‍ 23 വരെ പഴയ സെമിനാരിയില്‍ ചേരും.

മാര്‍ മക്കാറിയോസിന്റെ കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടം


ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു.കെ, യൂറോപ്പ്, ക്യാനഡ ഭദ്രാസനാധിപനായിരുന്ന കാലംചെയ്ത ഡോ. തോമസ് മാര്‍ മക്കാറിയോസിന്റെ കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടം ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ഫെബ്രുവരി 29 ഗ്രീനിച്ച് മെറീഡിയന്‍ സമയം 18.00 മണിയ്ക്കു് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ ‍നടത്തി. മറ്റു് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളിലെ മെത്രാപ്പോലീത്തമാരും വൈദീകരും ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍നിന്നെത്തിയ വൈദികരും കാര്‍മികരായിരുന്നു.

യുകെ — അയര്‍ലണ്ട് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ കൌണ്‍സിലിന്റെ പ്രസിഡന്റായ കോപ്ടിക് ഓര്‍ത്തഡോക്സ് സഭയുടെ ആഞ്ചലോസ് മെത്രാപ്പോലീത്ത ആര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ നാഥാന്‍ മെത്രാപ്പോലീത്ത എത്തിയോപ്പീയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അന്തോനിയൂസ് മെത്രാപ്പോലീത്ത ബ്രിട്ടീഷ് ഓര്‍ത്തഡോക്സ് സഭയുടെ അബ്ബാ സെറാഫിം മെത്രാപ്പോലീത്ത എന്നീ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ നേതാക്കള്‍ കാന്റര്‍ബറി മെത്രാപ്പോലീത്തയുടെ പ്രതിനിധി ക്രിസ്റ്റഫര്‍ ചെസ്സുന്‍ മെത്രാന്‍ തുടങ്ങിയപ്രമുഖര്‍ കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടത്തില്‍ പങ്കെടുത്തു . കാന്റര്‍ബറി മെത്രാപ്പോലീത്ത മഹാഭിവന്ദ്യ റോവാന്‍ വില്യംസിന്റെ അനുശോചനസന്ദേശം പ്രതിനിധി ക്രിസ്റ്റഫര്‍ ചെസ്സുന്‍ മെത്രാന്‍ വായിച്ചു.


ഭൌതികശരീരം പള്ളിയില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മലയാളി സമൂഹവും വിവിധ സഭാവിഭാഗങ്ങളില്‍പ്പെട്ട വൈദികരും ഒട്ടേറെ സഭാംഗങ്ങളുംആദരാഞ്ജലിയര്‍പ്പിച്ചു. വികാരി ഫാ.ഏബ്രഹാം തോമസും സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളും ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.


ഭൗതികശരീരം മാര്‍ച്ച് ഒന്നാംതീയതി ലണ്ടനില്‍നിന്ന് എമിരേറ്റ്സ് വിമാനത്തില്‍ മുംബൈ വഴി നെടുമ്പാശേരിയിലേയ്ക്കു് യാത്രയാക്കി. രണ്ടാം തീയതി ഒന്‍പതേകാല്‍ മണിയോടെ നെടുമ്പാശേരിയിലെത്തിച്ച ഭൗതികശരീരം അവിടെനിന്നു് മാര്‍ മക്കാറിയോസിന്റെ സ്വദേശമായ അയിരൂരിലേക്കു കൊണ്ടുപോയി രാത്രി വൈകി കോട്ടയം പഴയ സെമിനാരിയിലെത്തിച്ചു.

മാര്‍ച്ച് മൂന്നാംതീയതി തിങ്കളാഴ്ച രാവിലെ ഏഴിനു് ദേവലോകം അരമന ചാപ്പലിലേയ്ക്കു നഗരികാണിയ്ക്കല്‍. ഒന്‍പതു മണിക്കു കബറടക്ക ശുശ്രൂഷയുടെ തുടക്കം.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.