ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത
സഭൈക്യശ്രമങ്ങള്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ശക്തമായ നേതൃത്വം നല്‍കുക എന്ന താല്‌പര്യത്തോടെ ‘സഭൈക്യ സമിതി’ എന്ന പേരില്‍ ഒരു പ്രസ്ഥാനം രൂപം കൊണ്ടു. സാഹചര്യങ്ങളുടെയും ബന്ധങ്ങളുടെയും സമ്മര്‍ദ്ദ ഫലമായി ഇരുചേരിയിലുമായി സഭാംഗങ്ങള്‍ നിലനില്‌ക്കുന്നുവെങ്കിലും മലങ്കര സഭയില്‍ ഐക്യവും സമാധാനവും കാംക്ഷിക്കുന്നവരാണ് ബഹുഭൂരിപക്ഷം അംഗങ്ങളും എന്ന വസ്‌തുത ഉറച്ച് പ്രഖ്യാപിക്കുവാനും തദനുസൃതമായി സഭയില്‍ ചലനം സൃഷ്‌ടിക്കുവാനും ഇതുവഴി ലക്ഷ്യമിട്ടു. മുന്‍ കേന്ദ്രമന്ത്രി ശ്രീ. എ. എം. തോമസ് അദ്ധ്യക്ഷനായുള്ള ഇതിന്റെ ഉപദേശക സമിതിയില്‍ ഫാ. ജോര്‍ജ്ജ് ചാലപ്പുറം, ഡോ. ഡി. ബാബുപോള്‍, ശ്രീ. റ്റി.എം. ജേക്കബ്, ശ്രീ. കുര്യാക്കോസ് ചെന്നക്കാടന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഫാ. ഏലിയാസ് ചെറുകാട്ട്, അഡ്വ. ജെയിംസ് ജോണ്‍ മുതലായവര്‍ ഇതിന്റെ പ്രധാന പ്രവര്‍ത്തകരായിരുന്നു. ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തതില്‍ പ്രധാന പങ്ക് വഹിച്ചത് വരിക്കോലി ഇടവകാംഗം ശ്രീ. എം. സി. പൗലോസ് ആയിരുന്നു. തന്റെ മരണം വരെ സഭൈക്യം എന്ന ആശയത്തോട് പ്രതിബദ്ധത പുലര്‍ത്തുകയും എന്നെ ഏറെ സ് നേഹിക്കുകയും ചെയ്‌ത വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ ചുറ്റും ശക്തമായ ചലനം സൃഷ്‌ടിക്കുവാന്‍ പൗലോസിനുള്ള കഴിവ് അപാരമായിരുന്നു. സഭൈക്യത്തിനുവേണ്ടി അദ്ദേഹം നിര്‍വ്വഹിച്ച നിസ്‌തുല സേവനം എന്നെന്നും ഐക്യചരിത്രത്തില്‍ സ്‌മരിക്കപ്പെടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
സഭൈക്യസമിതിയുടെ ആഭിമുഖ്യത്തില്‍ കോലഞ്ചേരിയിലും പിറവത്തും നടന്ന യോഗങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. കോലഞ്ചേരി സെയ്‌ന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് 1997 നവംബര്‍ 29-ആം തീയതി സമിതിയുടെ ആദ്യ പൊതുസമ്മേളനം നടന്നു. വ്യാപകമായ പ്രചാരണമോ ആവശ്യമായ തയ്യാറെടുപ്പോ കൂടാതെ നടത്തിയ സമ്മേളനത്തില്‍ ആയിരക്കിണക്കിന് സമാധാനകാംക്ഷികള്‍ പങ്കെടുത്ത് സഭൈക്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ ക്കൊണ്ട് പിറവത്തും ഇതുപോലെതന്നെ ഒരു വലിയ സമ്മേളനം സംഘടിപ്പിച്ചു. ഈ സമ്മേളനങ്ങളില്‍ ശ്രീ. എ. എം. തോമസ്, ഡോ. ഡി. ബാബു പോള്‍, യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ പങ്കെടുത്ത് പ്രസംഗിച്ചു. കോടതിവി ധി നല്‍കിയ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി സഭായോജിപ്പിന് ശ്രമിക്കണമെന്നും ഇത് ദൈവതാല്‌പര്യവും മലങ്കരസഭയിലെ ബ ഹുഭൂരിപക്ഷം ജനങ്ങളുടെ ആഗ്രഹ വുമാണെന്നും പ്രസംഗകര്‍ ചൂണ്ടി ക്കാണിച്ചു.
ഈ സന്ദര്‍ഭത്തില്‍ പലരും പരി. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയ്‌ക്ക് സഭൈക്യത്തിനു വേണ്ടി കത്തുകളയച്ചു. 1970 കളിലെ വഴക്കുകാലത്ത് എറണാകുളം ജില്ലയില്‍ പാത്രിയര്‍ക്കീസ് പക്ഷത്തിന് ധീരമായ നേതൃത്വം നല്‍കിയ ശ്രീ. കുര്യാക്കോ സ് ചെന്നക്കാടന്‍ പരി. പാത്രിയര്‍ക്കീസ് ബാവാ സഭൈക്യകാര്യത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് എഴുതിയ കത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.
‘I have been in the forefront of the Patriarch Faction in the present conflict since 1970. Moran blessed us by offering Holy Qur-bana in the Chapel at Kolenchery constructed under my leadership and initiative and financial support.
In disputes, the supreme court is the final word in this country. We do have to act accordingly. More Gregoriose of Alappo was fully convinced of the matter during his recent visit to India. Any effort to scuttle the decision of the Episcopal Synod held on 5-9-1996, should not be tolerated.’
ചേരിതിരിഞ്ഞ് നിയമയുദ്ധങ്ങള്‍ നടത്തിയ കാലങ്ങളിലും പിതാക്കന്മാര്‍ സഭയുടെ ഭിന്നിപ്പിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കി സഭായോജിപ്പിന്റെ അനിവാര്യത തിരിച്ചറിഞ്ഞിരുന്നു. സഭാവിഭജനത്തെ എങ്ങനെ അവര്‍ കണ്ടു എന്ന് വ്യക്തമാക്കുന്ന ചില രേഖകള്‍ വായിക്കുന്നത് ഈ വസ്‌തുത മനസ്സിലാക്കാന്‍ സാഹായിക്കുമെന്ന് ഞാന്‍ കരുതുന്നു. 1941 മെയ് മാസം പാത്രിയര്‍ക്കീസ് വിഭാഗത്തിലെ മേല്‍പ്പട്ടക്കാര്‍ ചേര്‍ന്ന് പരി. പാ ത്രിയര്‍ക്കീസ് ബാവായ്‌ക്ക് അയച്ച കത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്.
’വിജയ സമാപ്‌തി വരെ ഈ വ്യവഹാരം വലിച്ചിഴച്ച് കൊണ്ടു പോകുകയാണെങ്കില്‍ക്കൂടി സഭയിലെ പിളര്‍പ്പ് തുടരും. പിളര്‍പ്പ് നിലനില്‍ക്കുന്നിടത്തോളം കാലം ഈ സഭയ്‌ക്ക് സാമൂഹികമായും രാഷ്‌ട്രീയമായും സല്‍പ്പേരോ, ക്ഷേമമോ ഉണ്ടാവുകയില്ല. നീണ്ടകാലത്തെ ശത്രുത വഴി സഭയ്‌ക്ക് മുമ്പുണ്ടായിരുന്ന സ്ഥാനം നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സഭയില്‍ സമാധാനം ഉണ്ടാക്കുക എന്നതാണ് സഭക്ക് മുമ്പുണ്ടായിരുന്ന സ്ഥാനം വീണ്ടെടുക്കാനുള്ള ഏകമാര്‍ഗ്ഗം. അതുപോലെ തന്നെ സമുദായത്തിന്റെ ആത്മീകജീവിതത്തകര്‍ച്ച വഴക്ക് നീണ്ടുപോകുന്തോറും രൂക്ഷമായിക്കൊണ്ടിരിക്കുന്നു...
വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ‘മലബാര്‍’ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. വിദ്യാസമ്പന്നരായ വ്യക്തികള്‍ കൂടുതല്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ഈ സാഹചര്യം പരിഗണിക്കുമ്പോള്‍ ഉള്‍ഭരണസ്വാതന്ത്ര്യം എന്ന മറുപക്ഷത്തിന്റെ ആശയത്തെ പരി. പിതാവ് അനുഗ്രഹിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
പരി. പിതാവ് സ്‌നേഹത്തില്‍ അധിഷ്‌ഠിതമായ ഐക്യം മലങ്കരസഭയില്‍ സ്ഥാപിക്കണമെന്ന് താഴ്‌മയായി അപേക്ഷിക്കുന്നു.’
കഴിഞ്ഞ വഴക്കുകാലത്ത് സഭയുടെ പിളര്‍പ്പ് വഴി സഭയ്‌ക്കുണ്ടായ തിരിച്ചടികളെപ്പറ്റി നല്ല ബോധ്യം നേതൃസ്ഥാനത്തിരുന്നവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഐക്യത്തിന്റെ അനിവാര്യത ഇപ്പോള്‍ നേതൃത്വത്തില്‍ ഉള്ള പലരും തരിച്ചറിയുന്നില്ല എന്നത് അത്യധികം ദുഃഖകരമാണ്. സഭാവഴക്കു മൂലം സഭയുടെ ആത്മീകജീവിതത്തിലുണ്ടായ തകര്‍ച്ചയും സഭാഭരണരംഗത്തെ അച്ചടക്കരാഹിത്യവുമൊന്നും അവര്‍ക്ക് വിഷയമല്ല.
ആലുവയിലെ വലിയതിരുമേനി |
’ഒരു സമുദായത്തിന്റെ അഭിവൃദ്ധിയും പുരോഗതിയും അതിലുള്‍പ്പെട്ട ജനങ്ങള്‍ കക്ഷിതിരിഞ്ഞുള്ള കേസ്സുകളില്‍ ഒരു ഭാഗം ജയിക്കുന്നതിലല്ല എന്ന് ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കേണ്ട ചുമതല നമുക്കുണ്ട്. ഇന്ന് രണ്ട് കക്ഷിയായി ഭിന്നിച്ചിരിക്കുന്നവര്‍ ഒരേ സഭാമാതാവിന്റെ മക്കളാണെന്നോര്‍ക്കുക. അതിനാല്‍ തമ്മില്‍ തമ്മില്‍ തെറ്റിദ്ധാരണയും ഭിന്നതയും വളര്‍ത്തുന്ന യാതൊന്നും പ്രവര്‍ത്തിക്കരുത്. പ്രവര്‍ത്തനത്തിലും സംസാരത്തിലും എന്നല്ല നിങ്ങളുടെ ചിന്തയില്‍ പോലും ഉണ്ടാകരുത് എന്ന് നിങ്ങളുടെ സ്‌നേഹത്തോട് പ്രത്യേകം ആജ്ഞാപിക്കുന്നു. ദൈവത്തിലുള്ള നിങ്ങളുടെ ആശ്രയവും താഴ്‌മയും അന്യോന്യ സ്‌നേഹവുമാണ് നിങ്ങളുടെ പ്രത്യേകതകള്‍ ആ കേണ്ടത്. ഉത്തമവിശ്വാസത്തോടും അല്ലാതെയും നമ്മുടെ സഭയില്‍ അഭിപ്രായഭിന്നതയും മത്സരവും കഴിഞ്ഞ നാല്‌പതുവര്‍ഷമായി നിലനിന്നുവരുന്നു. നമ്മുടെ സഭ മേലില്‍ ഒന്നായി പുരോഗമിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ തരത്തില്‍ പ്രവര്‍ ത്തിക്കേണ്ടതിന്റെ ആവശ്യകതയും അതുവഴി ലഭിക്കുന്ന ഐശ്വര്യാഭിവൃദ്ധികളും നമ്മുടെ ചുറ്റുപാടുമുള്ള ഇതര ക്രിസ്‌തീയ വിഭാഗങ്ങളെ നോ ക്കിയാലും അന്യസമുദായങ്ങളെ നോ ക്കിയാലും നിങ്ങള്‍ക്ക് ബോധ്യംവരും. നമ്മുടെ സഭയില്‍ ഭിന്നിപ്പുകള്‍ക്കിടയാക്കിയ കാര്യങ്ങള്‍ എന്തുതന്നെയായാലും ഭിന്നിച്ചു നില്‍ക്കുന്ന സഹോദരങ്ങളെ തിരിച്ചു വരുത്തേണ്ടത് എത്രയും ആവശ്യമാകുന്നു.’
’വിശ്വാസസംരക്ഷകന്‍’ എന്ന് പേരിട്ട് തീവ്രവാദിയായി ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് കക്ഷിക്കാര്‍ അവതരിപ്പിക്കുന്ന പരമ സാത്വികനായ ആലുവയിലെ വലിയ തിരുമേനിയുടെ ചിന്ത എന്തായിരുന്നുവെന്ന് ഈ ലിഖിതം വ്യക്തമാക്കുകയാണ്. ഭിന്നതയ്‌ക്ക് കാരണക്കാരനെ കണ്ടുപിടിക്കലല്ല ഐക്യം കൈവരിക്കുകയാണ് സഭയുടെ ആവശ്യമെന്നാണ് ഈ കല്‌പനയിലെ നിര്‍ദ്ദേശം. ഈ ചിന്ത പുതിയ അന്ത്യോഖ്യാക്കാര്‍ ചെവിക്കൊണ്ടെങ്കില്‍ നല്ലകാര്യം. വലിയ തിരുമേനിയുടെ ആദര്‍ശ ശുഭ്രതയും ചിന്തയുടെ വ്യക്തതയും സഭൈക്യത്തിനുവേണ്ടിയുള്ള തീവ്രാഭിലാഷവുമാണ് ഈ കല്‌പനയില്‍ പ്രതിഫലിക്കുന്നത്. കക്ഷിവൈരാഗിയായി അവതരിപ്പിക്കപ്പെടുന്ന ആ പുണ്യപുരുഷന്റെ സുഭഗമനസ്സിന്റെ സ്വച്ഛസുന്ദരമായ തനതാവിഷ്‌കരണമാണ് ഈ കത്തില്‍ പ്രകടമാകുന്നത്. ഈ ചിന്തയാണ് അദ്ദേഹത്തെ അനശ്വരനാക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിന്റെ വ്യഥ പുതിയ വിശ്വാസവീരന്മാരെ സ്വാധീനിക്കില്ല. എങ്കിലും അദ്ദേഹത്തിന്റെ പേര് ലഭിച്ച എനിക്ക് ആ ശുദ്ധമനസ്സിന്റെ തുടിപ്പുകള്‍ ഒഴിവാക്കി ശുശ്രൂഷ നിര്‍വ്വഹിക്കാനാവില്ല.
കാലം ചെയ്‌ത പരി. യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ എന്തെല്ലാം ചെയ്‌തു എന്ന് നാം ആ ക്ഷേപിച്ചാലും സഭായോജിപ്പ് സംബന്ധിച്ച് മലങ്കരസഭ അദ്ദേഹത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. പരി. അപ്രേം പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ അന്ന് ജീവിച്ചിരുന്നെങ്കില്‍ 1958-ലെ സഭാസമാധാനം ഉണ്ടാകുമായിരുന്നില്ല. യൂലിയോസ് ബാവയുടെ നിലപാട് അവഗണിച്ച് മലങ്കരസഭയില്‍ സമാധാനത്തിന് ധീരമായ തീരുമാനമെടുത്തതിന്റെ പിമ്പില്‍ ഇവിടത്തെ സഭാരാഷ്‌ട്രീയം കൊണ്ട് മനം മടുത്ത യാക്കൂബ് തൃതീയന്‍ ബാവയുടെ ഉറച്ച നിലപാടായിരുന്നു. സഭാകേസിന്റെ വ്യവഹാരച്ചെലവ് മുഴുവന്‍ കൊടുക്കുവാന്‍ ത യ്യാറായ സമുദായാംഗങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ, അതൊക്കെ അവഗണിച്ചാണ് സഭൈക്യത്തിന് പരി. പിതാവ് കല്‌പന അയച്ചത്. 1964-ല്‍ കാതോലിക്കാ വാഴ്‌ചയ്‌ക്ക് പാത്രിയര്‍ക്കീസ് ബാവാ ഇവിടെ എത്തിയപ്പോള്‍ അത് തടയാന്‍ അന്ത്യോഖ്യാ ഭക്തന്മാര്‍ തയ്യാറെടുത്തിരുന്നു. എന്നാല്‍ അതും അതിജീവിച്ചാണ് സഭൈക്യത്തെ പ്രതി അന്ന് അദ്ദേഹം കാതോലിക്കാ വാഴ്‌ചയില്‍ മുഖ്യകാര്‍മ്മികനായത്.
ഒരു ഉപാധിയുമില്ലാതെ അദ്ദേഹം കാതോലിക്കേറ്റിനെ സ്വീകരിക്കാന്‍ ഒരുമ്പെട്ടത് വിവരക്കേടുകൊണ്ടായിരുന്നില്ല. നേരെമറിച്ച് സഭ പിളര്‍ത്തിയതും പിളര്‍പ്പ് നിലനിര്‍ത്തിയതും അന്ത്യോഖ്യയാകരുത് എന്ന് ചിന്തയിലായിരുന്നു. പാത്രിയര്‍ക്കീസ് ഏതെങ്കിലും ഒരു പ്രാര്‍ത്ഥന ചൊല്ലി കാതോലിക്കായെ സ്വീകരിക്കുമെന്നാണ് അന്നത്തെ കാതോലിക്കാകക്ഷി നേതൃത്വം കരുതിയിരുന്നത്. നിരുപാധിക സ്വീകരണത്തെപ്പറ്റി പരി. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഏറെ ഉത്‌കണ്‌ഠാകുലനായിരുന്നു. കാരണം ആ കാര്യം പറഞ്ഞ് വീണ്ടും ഭിന്നതയുണ്ടാക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. അദ്ദേഹം പാത്രിയര്‍ക്കീസ് കക്ഷിനേതാക്കളോട് പറഞ്ഞത്, ‘തലയില്‍ കൈവച്ചാലും വേണ്ടില്ല, കാലുകഴുകിയാലും വേണ്ടില്ല ഇതോടെ പ്രശ്‌നം തീരണം. പിന്നെ പട്ടമില്ല, മറ്റേതില്ല എന്നു പറഞ്ഞ് നടക്കരുത്!’ അദ്ദേഹം ആത്മാര്‍ത്ഥതയോടെ പറഞ്ഞ കാര്യമായിരുന്നു അത്. കേസ്സുനടത്തിപ്പിന്റെ ചുക്കാന്‍ പിടിച്ചിരുന്ന മണലില്‍ യാക്കൂബ് കത്തനാരും നിരുപാധിക സ്വീകരണത്തില്‍ അസ്വസ്ഥനായി. പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ ഇക്കാര്യം മൂലം പിളര്‍പ്പുണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന് ഭയം. അത്രയും കാലം കാതോലിക്കായ്‌ക്ക് പട്ടമില്ല എന്നായിരുന്നത് 1970-ല്‍ മാര്‍ത്തോമാ ശ്ലീഹായ്‌ക്കു പോലും പട്ടമില്ല എന്ന് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കണ്ടുപിടിച്ചതോടെ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെയും മണലില്‍ അച്ചന്റെയും ഭയം അടിസ്ഥാനരഹിതമായിരുന്നില്ല എന്ന് വ്യക്തമായി. എങ്കിലും തന്റെ സാഹസിക പ്രസ്‌താവനയ്‌ക്ക് പരിഹാരം തേടി എന്നതാണ് അദ്ദേഹത്തെ ആകര്‍ഷകനാക്കുന്നത്.
എന്നാല്‍ ഇവിടത്തെ അസംതൃപ്‌തരായ ചില പാത്രിയര്‍ക്കീസ് ഭക്തന്മാരുടെ സമ്മര്‍ദ്ദത്തിന് വിധേയമായി പരി. യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഇറക്കിയ 203-ആം നമ്പര്‍ കല്‌പന പിന്‍വലിക്കുവാനുള്ള നയതന്ത്ര ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം വളരെ ശക്തമായ പ്രതിഷേധ സന്ദേശം ഇവിടെ നിന്നയച്ച് പ്രശ്‌നം രൂക്ഷമാക്കാനാണ് അന്നത്തെ സഭാനേതൃത്വം ശ്രമിച്ചത്. പാത്രിയര്‍ക്കീസ് കാണപ്പെടുന്ന ദൈവമാണ് എന്ന് ചിന്തിച്ച വലിയ വിഭാഗം ജനത്തിന്റെ മനസ്സിനെ മുറിപ്പെടുത്താതിരിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. സഭായോജിപ്പ് നടന്നിട്ട് കാലം അധികമായിരുന്നില്ല എന്നതും ഓര്‍ക്കേണ്ടതായിരുന്നു. പ്രശ്‌നമുണ്ടാകുമ്പോള്‍ സഭാനേതൃത്വം പക്ഷം പിടിക്കുകയല്ല, മദ്ധ്യസ്ഥ പങ്കാണ് ഏറ്റെടുക്കേണ്ടതെന്ന കാര്യം വിസ്‌മരിച്ചു.
യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 203-ആം നമ്പര്‍ കല്‌പന മലങ്കരയിലെ സഭാന്തരീക്ഷം കലുഷിതമാക്കി എന്നറിഞ്ഞപ്പോള്‍ താന്‍ ചെയ്‌തത് അബദ്ധമായി എന്ന് മനസ്സിലാക്കി പരിഹാര നടപടികള്‍ സ്വീകരിക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ മലങ്കരസഭയുടെ പ്രതിഷേധ പ്രകടനത്തോടെ ബന്ധം തകര്‍ന്നിരുന്നു. അതുകൊണ്ട് അദ്ദേഹം കോപ്‌റ്റിക് പാത്രിയര്‍ക്കീസിനോട് ഇക്കാര്യത്തില്‍ മദ്ധ്യസ്ഥതയ്‌ക്ക് അഭ്യര്‍ത്ഥിച്ചു. അതേത്തുടര്‍ന്ന് കോപ്‌റ്റിക് ബിഷപ്പ് മാര്‍ അത്താനാസ്യോസിനെ മലങ്കരയിലേയ്‌ക്കയച്ചു. അദ്ദേഹം ഇവിടെയെത്തി 1973 സെപ്‌റ്റംബര്‍ 13-ാം തീയതി പരി. ഔഗേന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. സഭാനേതാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്തി. ഒത്തുതീര്‍പ്പിനുള്ള നിര്‍ദ്ദേശങ്ങളുമായി അദ്ദേഹം മടങ്ങി. മധ്യപൂര്‍വ്വദേശത്ത് പെട്ടെന്നുണ്ടായ പ്രതിസന്ധികള്‍ മൂലം ആറുമാസം കഴിഞ്ഞാണ് അദ്ദേഹത്തിന് കെയ്‌റോയില്‍ തിരിച്ചെത്താന്‍ കഴിഞ്ഞത്. ഈ കാലയളവില്‍ അന്ത്യോഖ്യാ മലങ്കരബന്ധം വീണ്ടും വഷളാവുകയും പുതിയ മെത്രാന്മാരെ ഭരണഘടനാവിരുദ്ധമായി പാത്രിയര്‍ക്കീസ് ബാവാ വാഴിക്കുകയും ചെയ്‌തു. ഇതോടെ സഭ വീണ്ടും രണ്ടായി പിളര്‍ന്നു.
ഇതില്‍ യാക്കൂബ് തൃതീയന്‍ ബാവാ ദുഃഖിതനായിരുന്നു. 1958-ല്‍ കാതോലിക്കേറ്റിനെ നിരുപാധികം സ്വീകരിക്കാന്‍ അദ്ദേഹത്തിന് പ്രേരണ നല്‍കിയത് വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്ക് നീതിയായിരുന്നില്ല എന്ന ബോധ്യത്തിലായിരുന്നു. അതുപോലെ 203-ആം നമ്പര്‍ കല്‌പന തിരുത്താനുള്ള ശ്രമം നിഷ്‌ഫലമാവുകയും ചെയ്‌തു. അതിന്റെ പിശക് പരിഹരിക്കുവാനായി മാര്‍ തോമാശ്ലീഹായുടെ പേര് നാലാം തുബ്‌ദേനില്‍ ചേര്‍ത്ത് പരിഹാരക്രിയ നടത്തുകയാണ് അദ്ദേഹം ചെയ്‌തത്. അദ്ദേഹം എടുത്ത സാഹസികമായ തീരുമാനങ്ങള്‍ പിശകായി എന്നു തോന്നിയപ്പോള്‍ പിന്‍വലിക്കുവാനുള്ള സല്‍ബുദ്ധി ആ പിതാവിനുണ്ടായിരുന്നു.
ഉറച്ച വ്യക്തിത്വമില്ലാത്ത സഖാ പ്രഥമന്‍ ബാവാ നല്ല മനുഷ്യനാണ്. എന്നാല്‍ ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് അപ്രാപ്‌തനായിട്ടാണ് എന്നും കണ്ടിട്ടുള്ളത്. നല്ല ഭക്ഷണം കഴിച്ച് സുഖജീവിതം നയിക്കുന്ന അ ദ്ദേഹത്തിന് മലങ്കരസഭയുടെ ഐക്യത്തിന് നിര്‍ണ്ണായക ഘട്ടങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെ പോയതാണ് 1995 ലെ സുപ്രീം കോടതിവിധിക്കു ശേഷം ഈ സഭയെ രണ്ടാക്കി നിര്‍ത്തിയത്. അദ്ദേഹത്തെ അടുത്ത് പരിചയമുള്ള ഒരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പ്രൊഫസറെ ഡബ്ലിയു.സി.സി.യുടെ ഒരു സമ്മേളനത്തില്‍ വച്ച് ഞാന്‍ പരിചയപ്പെടാനിടയായി. അദ്ദേഹം എന്നോട് പറഞ്ഞത്, “നിങ്ങളുടെ പാത്രിയര്‍ക്കീസ് സഖാ എന്റെയൊരു സുഹൃത്താണ്. അ ദ്ദേഹം പറയുന്നത്, ‘എനിക്ക് ഇന്ത്യയില്‍ കുറെ ഭ്രാന്തുപിടിച്ച വിശ്വാസികളുണ്ട്. ഒരു കാരണവുമില്ലാതെ തമ്മിലടിയാണ്!’എന്നാണ്.” സ്വന്തം ഭരണത്തിലിരിക്കുന്ന സഭയെ വേണ്ടവിധത്തില്‍ നയിക്കാനാവാതെ സഭാം ഗങ്ങള്‍ക്ക് ഭ്രാന്തെന്നു വിശേഷിപ്പിക്കുന്ന പാത്രിയര്‍ക്കീസിനെപ്പറ്റി എന്തു പറയാന്‍! ഞാന്‍ പട്ടമേറ്റകാലത്ത് ശ്രേഷ്‌ഠ പൗലോസ് ദ്വിതീയന്‍ ബാവായോട് ‘സഭാപ്രശ്‌നം പരിഹരിക്കാന്‍ പാത്രിയര്‍ക്കീസ് ബാവാ സഹകരിക്കുകയില്ലേ’ എന്ന് ചോദിച്ചു. ബാവയുടെ പ്രതികരണം “സഖാ പ്രഥമനോ! അദ്ദേഹം ഒരു ശുദ്ധ വ ക്കുണ്ണനാണ്.” ആ വിശേഷണത്തിന്റെ അര്‍ത്ഥം എനിക്കു മനസ്സിലായില്ല. എന്തെന്ന് ചോദിച്ചറിയാന്‍ ഞാന്‍ ശ്രമിച്ചുമില്ല. ഏതായാലും പ്രതീക്ഷവയ്‌ക്കേണ്ട വ്യക്തിത്വമല്ല അദ്ദേഹത്തിന്റേത് എന്നാണ് ശ്രേഷ്‌ഠ ബാവാ സൂചിപ്പിച്ചത്.
ഏതായാലും കാര്യങ്ങള്‍ അവ്യക്തമായി മുമ്പോട്ടു പൊയ്‌ക്കൊണ്ടിരുന്നു. ആയിടെ ആലപ്പോയിലെ യൂഹാനോന്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കാര്യങ്ങള്‍ മനസ്സിലാക്കുവാനായി കേരളത്തിലെത്തി. അദ്ദേ ഹം പാത്രിയര്‍ക്കീസ് കക്ഷിക്കാര്‍ക്ക് അത്ര അഭിമതന്‍ അല്ലാതിരുന്നതിനാല്‍ നേതൃത്വത്തില്‍ ആരുംതന്നെ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. എന്നെ കണ്ട് അദ്ദേഹം എന്റെ കൂടെപോന്നു. കാര്യങ്ങള്‍ സംസാരിച്ച് എന്നോടൊപ്പം ദേവലോകത്തെത്തി പരി. കാതോലിക്കാ ബാവയുമായി സമാധാനകാര്യം ചര്‍ച്ച ചെയ്യുവാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. ഇതിനിടെ ഞാന്‍ അദ്ദേഹത്തെ എയര്‍ പോര്‍ട്ടില്‍ നിന്ന് ‘ഹൈജാക്ക് ചെയ്‌തു’ എന്ന വാര്‍ത്ത ഏറെ സെന്‍സേഷന്‍ സൃഷ്‌ടിച്ചതിനാല്‍ വിവരം പറഞ്ഞ് ഞാന്‍ അദ്ദേഹത്തെ പുത്തന്‍കുരിശിലിറക്കിവിട്ടു. സഭാ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുന്നത് ചെയ്യുക എന്ന് ആശംസിച്ചാണ് ഞാന്‍ സ്ഥലം വിട്ടത്. അദ്ദേഹത്തിന് തുടര്‍ന്ന് എന്തുസംഭവിച്ചു എന്നറിയില്ല. പിന്നീട് അദ്ദേഹം എന്നോട് ബന്ധപ്പെട്ടില്ല.
ഞാന്‍ സഭാഭരണഘടന സ്വീകരിച്ചതോടെ കടമറ്റം പള്ളിയിലെ പാത്രിയര്‍ക്കീസ് വിഭാഗം സഭൈക്യത്തിന് തയ്യാറായി രംഗത്തുവന്നു. ഐക്യപ്രക്രിയ ആരംഭിച്ചതറിഞ്ഞ് പാത്രിയര്‍ക്കീസ് കക്ഷിനേതൃത്വം അതിന് തടയിടാന്‍ ശക്തിയായി ശ്രമിച്ചു. എങ്കിലും സാധിച്ചില്ല. ഭിന്നിച്ചിരുന്ന കോലഞ്ചേരി പള്ളി, പുതുവേലിപ്പള്ളി, മാമലശ്ശേരി പള്ളി എന്നിവിടങ്ങളിലെല്ലാം സഭൈക്യത്തിന്റെ സന്ദേശം ആവേശപൂര്‍വ്വം ജനങ്ങള്‍ ഉള്‍ക്കൊണ്ടു. യോജിപ്പിന് എതിര്‍പ്പുകളും പ്രതിസന്ധികളും ഉണ്ടായിക്കൊണ്ടിരുന്നെങ്കിലും ശുഭാപ്‌തിവിശ്വാസത്തോടെ ഇടവകക്കാര്‍ ശ്രമം തുടര്‍ന്നു.
സഭൈക്യം എന്റെ ശുശ്രൂഷയുടെ ഭാഗമായി ഞാന്‍ തിരിച്ചറിഞ്ഞ കാര്യമാണ്. ഐക്യമാര്‍ഗ്ഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കാന്‍ ഞാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു. പില്‌ക്കാലത്തെ പഠനങ്ങളും അനുഭവങ്ങളും അടിസ്ഥാനമാക്കി എടുത്ത തീരുമാനം പുനഃപരിശോധിക്കാന്‍ ഞാന്‍ തുനിഞ്ഞില്ല. ഭൂതകാലത്തെ പഠനങ്ങളില്‍ നിന്നാണ് മുന്നോട്ടു പോകേണ്ടതെന്ന് എനിക്ക് വ്യക്തമായിക്കൊണ്ടിരുന്നു. തിരിച്ചറിവിനോടുള്ള പ്രതിബദ്ധതയില്‍ ജീവിതത്തില്‍ ഏതുകാലത്തും തിരുത്തലുകള്‍ക്ക് മനുഷ്യനും സമൂഹവും തയ്യാറായാല്‍ മാത്രമേ വളര്‍ച്ചയുണ്ടാകൂ.
ഇടുങ്ങിയ വഴികളിലൂടെയുള്ള യാത്ര ഒരിക്കലും എന്നെ തളര്‍ത്തിയിട്ടില്ല. എന്നെ വഴിനടത്തിയ ദൈവത്തോട് നന്ദി പറയുവാന്‍ മാത്രമേ എനിക്കുള്ളൂ. ‘ദൈവം എന്തിനാണ് ഇത്രമാത്രം എന്നെ സ്‌നേഹിക്കുന്നത്’ എന്നത് എനിക്കൊരു സമസ്യയാണ്. വ്യക്തിപരമായി ഏറെ കുറവുകളും ജീവിതത്തില്‍ അതിലേറെ താളപ്പിഴകളും ഉണ്ടായ എന്നെ ദൈവം ലോപം കൂടാതെ അനുഗ്രഹിച്ചു എന്നത് സത്യമാണ്. കൂടെ നടന്ന പലരും മുമ്പില്‍ കണ്ട രാജപാതകളില്‍ പ്രലോഭിതരായി വിടപറഞ്ഞപ്പോഴും നേര്‍വഴിയില്‍ എന്നെ നയിച്ച, എന്നെ കരുതുന്ന ദൈവം തന്നെ അന്നും ഇന്നും എന്റെ സങ്കേതമാണ്.
ഭാവിയുടെ വെല്ലുവിളികളും സഭയുടെ ആവശ്യങ്ങളും അറിഞ്ഞ് പ്രവര്‍ത്തിക്കുന്നതു വഴിയാണ് അര്‍ത്ഥവത്തായ സഭാസേവനം നിര്‍വ്വഹിക്കാന്‍ സാധിക്കുക. അതിനുള്ള ദൈവകൃപ സഭയ്‌ക്ക് എന്നും ലഭിക്കട്ടെ.
(തുടരും).
ഡയോസിസൻ ബുള്ളറ്റിൻ 2010 ഡിസംബർ