ഈ ലേഖയില്‍‍ തിരയുക

മെത്രാപ്പോലീത്തായുടെ കത്ത്‌


ക്രിസ്തുമസ് സാമൂഹിക ഇടപെടലുകള്‍‍ക്കു് പ്രേരണ നല്കുന്നു

ദൈവപുത്രന്‍ മനുഷ്യനായി ഈ ലോകത്ത്‌ പിറന്നതിന്റെ സ്‌മരണദിനമാണല്ലോ ക്രിസ്‌തുമസ്‌. ആ മഹാദിവസം ആഘോഷിക്കുന്നതിന്‌ നാം ഒരിക്കല്‍ക്കൂടി ഒരുങ്ങുകയാണ്‌. ക്രിസ്‌മസ്‌ ആഘോഷം ഉണര്‍ത്തുന്ന പൂര്‍വ്വകാല സ്‌മരണകള്‍ക്കും ഈ പെരുന്നാള്‍ സൃഷ്‌ടിക്കുന്ന വിവിധ വികാരതരംഗങ്ങള്‍ക്കും വര്‍ണ്ണശബളമായ അലങ്കാരങ്ങള്‍ക്കും ദീപക്കാഴ്‌ചകള്‍ ഒരുക്കുന്ന മായാപ്രപഞ്ചത്തിനും ഉപരിയായി ദൈവത്തിന്റെ നിത്യസാന്നിധ്യം സൃഷ്‌ടിയില്‍ ലബ്‌ധമാക്കിയ ഈ സംഭവം ജനങ്ങള്‍ക്ക്‌ നല്‍കുന്ന ആഹ്ലാദം അപാരമാണ്‌. യേശുവിന്റെ ജനനം വഴി ദൈവം മനുഷ്യനോട്‌ ചേര്‍ന്ന്‌ ഈ ഭൂമിയില്‍ വസിച്ച്‌ മനുഷ്യന്‌ ദൈവീകജീവിതത്തില്‍ പങ്കാളിത്ത സാധ്യത ഉറപ്പാക്കുകയായിരുന്നു. സത്യത്തില്‍ ദൈവവും മനുഷ്യനും യേശുവില്‍ ഏകമായിത്തീര്‍ന്നപ്പോള്‍ ഒരു പുതിയ വംശമാണ്‌ രൂപം കൊണ്ടത്‌. അതുവഴി മനുഷ്യന്റെ വിധിയും ലക്ഷ്യവും യേശുവില്‍ പ്രകടമാവുകയായിരുന്നു.


ക്രിസ്‌മസ്‌ നല്‍കുന്ന ആഹ്ലാദത്തിനാധാരം പുതിയ മനുഷ്യ-ദൈവ ബന്ധത്തിന്‌ ആരംഭം കുറിച്ചതും മനുഷ്യന്റെ ഭാവിരൂപം വ്യക്തമായതും മാത്രമല്ല. ഈ ജനനം മനുഷ്യരക്ഷയുടെ സൂചകം കൂടിയാണ്‌. ദൈവപുത്രന്‍ മനുഷ്യനായിത്തീര്‍ന്നപ്പോള്‍ ആദാമില്‍ നിന്ന്‌ പൈതൃകമായി ലഭിച്ച പാപത്തിനും ജീര്‍ണ്ണതയ്‌ക്കും വിധേയമായിരുന്ന സ്വത്വം യേശുവില്‍ പുനഃസൃഷ്‌ടിക്കപ്പെട്ടു. വീണ്ടെടുക്കപ്പെട്ട പുതിയ മനുഷ്യത്വം നിലവില്‍ വരുകയായിരുന്നു. അതുകൊണ്ട്‌ ക്രിസ്‌തു രണ്ടാം ആദാമായി രക്ഷിക്കപ്പെട്ട പുതിയ വംശത്തിന്‌ മാതൃകയും പ്രാരംഭവും ആയിത്തീര്‍ന്നു. ആദാം പഴയ മനുഷ്യന്റെ ഉത്ഭവകേന്ദ്രമായിരുന്നതു പോലെ യേശുക്കുഞ്ഞില്‍ പുതിയ മനുഷ്യന്റെ ഉല്‌പത്തി കുറിച്ചു. പഴയ മനുഷ്യന്‍ നവീകരിക്കപ്പെട്ട്‌ രക്ഷിതനായി പുതിയ അസ്‌തിത്വം ആര്‍ജ്ജിച്ച ദിവസമാണ്‌ ക്രിസ്‌മസ്‌. ഈ നവ മനുഷ്യത്വത്തിന്റെ സ്വഭാവമാണ്‌ യോഹന്നാന്‍ തന്റെ സുവിശേഷത്തിന്റെ ആമുഖത്തില്‍ വര്‍ണ്ണിക്കുന്നത്‌. “അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്‌ടത്താലുമല്ല, പുരുഷന്റെ ഇച്ഛാനുസരണവുമല്ല, ദൈവത്തില്‍ നിന്നാകുന്നു ജനിച്ചത്‌ു്” (യോഹന്നാന്‍ 1:13).

അടിസ്ഥാന പ്രത്യേകതകള്‍ ഉ ള്ള പുതിയ മനുഷ്യവംശത്തിന്‌ പ്രാരംഭം കുറിച്ചുകൊണ്ട്‌ യേശു ജനിച്ചത്‌ മറിയാമില്‍ നിന്നായിരുന്നു. ഈ പുതിയ മനുഷ്യത്വത്തിന്റെ സവിശേഷത മറിയാമില്‍ത്തന്നെ സൂചിതമായി. ദൈവേഷ്‌ടത്തിന്‌ സ്വന്തം ജീവിതത്തില്‍ പ്രഥമ പരിഗണന നല്‍കി ചരിത്രമദ്ധ്യത്തില്‍ ദൈവതീരുമാനം അം ഗീകരിച്ച്‌, “നിന്റെ വചനപ്രകാരം എനിക്ക്‌ ഭവിക്കട്ടെ. ഞാന്‍ കര്‍ത്താവിന്റെ ദാസി” എന്ന്‌ പറയുവാന്‍ മറിയം കരുത്തുകാട്ടി. സ്വന്തം ഇഷ്‌ടത്തിനും ആസക്തികള്‍ക്കും വശംവദമായ മനുഷ്യസമൂഹത്തില്‍ ദൈ വേഷ്‌ടം നിര്‍വ്വഹിക്കപ്പെടട്ടെ എന്ന്‌ ആരോടും ആലോചിക്കാതെ പ്രഖ്യാപിച്ച മറിയാമിന്റെ ഉറച്ച തീരുമാനവും അര്‍പ്പണവുമാണ്‌ ദൈവത്തെ ഭൂമിയില്‍ ഇറക്കി പുതിയ മനുഷ്യവംശത്തിന്‌ മാതൃക കുറിച്ചത്‌. ഹവ്വായില്‍ കണ്ട സ്വാര്‍ത്ഥത ലക്ഷ്യമാക്കിയ പഴയ മനുഷ്യത്വത്തിന്‌ എതിര്‍ മാതൃകയാണ്‌ ദൈവഹിതം എത്ര ദുസ്സഹമാണെങ്കിലും ഏറ്റെടുക്കാനുള്ള ദൈവീക നിശ്ചയത്തോടുള്ള വിധേയത്വവും ഏറ്റു പറയാനുള്ള ധൈര്യവും. മറിയാം പ്രകടമാക്കിയ ദൈവീക അനുസരണവും സമര്‍പ്പണവുമാണ്‌ ദൈവപദ്ധതി പ്രകാരമുള്ള പുത്രന്‍ തമ്പുരാന്റെ ജനനത്തില്‍ മൂര്‍ത്തരൂപം പൂണ്ടത്‌.

യേശുവിന്റെ ജനനം രക്ഷാസംഭവം എന്ന നിലയില്‍ നാം മനസ്സിലാക്കുമ്പോള്‍ അത്‌ സാര്‍വ്വത്രികമായ ലോക ക്രമത്തിന്റെ തന്നെ വീണ്ടെടുപ്പായി കണ്ടെത്താവുന്നതാണ്‌. സാമ്പത്തീക-രാഷ്‌ട്രീയ-ധാര്‍മ്മിക രംഗങ്ങളിലെല്ലാം ഇതൊരു പുനഃക്രമീകരണത്തിന്‌ പ്രേരണ നല്‍കിയതായിട്ടാണ്‌ ആദിമസഭ ഈ ജനനത്തെ മനസ്സിലാക്കിയത്‌. അതായത്‌ യേശുവിന്റെ ജനനത്തിലൂടെ വെളിപ്പെട്ട രക്ഷയുടെ സമഗ്ര സ്വഭാവം സ്‌പഷ്‌ടമാക്കുന്നതാണ്‌ ഈ തിരുപ്പിറവിയുടെ വിവരണങ്ങള്‍. ‘മറിയാമിന്റെ പാട്ട്‌?’ എന്ന കാവ്യാത്മകമായ സുവിശേഷ ഭാഗ ത്ത്‌ (ലൂക്കോസ്‌ 1:46-55) ഈ വീ ക്ഷണം വ്യക്തമായി പ്രതിഫലിക്കുന്നു. അവന്‍ (കര്‍ത്താവ്‌) തന്റെ ഭുജം കൊണ്ട്‌ അത്ഭുതം പ്രവര്‍ത്തിച്ചു. ഹൃദയവിചാരത്തില്‍ അഹങ്കാരികളെ അവന്‍ ചിതറിച്ചിരിക്കുന്നു.

അവന്‍ പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്ന്‌ ഇറക്കി താഴ്‌ന്നവരെ ഉയര്‍ത്തിയിരിക്കുന്നു.

അവന്‍ വിശന്നിരിക്കുന്നവരെ മൃഷ്‌ടാന്നഭോജനം കൊണ്ട്‌ തൃപ്‌തരാ ക്കി സമ്പന്നന്മരെ വെറുംകയ്യോടെ അയച്ചുകളഞ്ഞിരിക്കുന്നു (52, 53).

ക്രിസ്‌തുവിന്റെ ജനനം മൂലം സമൂഹത്തില്‍ സംഭവിക്കുവാന്‍ പോകുന്ന മൗലീക പരിവര്‍ത്തനങ്ങളാണ്‌ ഇവിടത്തെ പ്രമേയം. യേശുവിന്റെ ജനനം സമസ്‌ത തലങ്ങളിലും പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്ന ഒന്നായിട്ടാണ്‌ മറിയാം മനസ്സിലാക്കുന്നത്‌. ഈ സംഭവം വെറുമൊരു സ്വകാര്യ-ആത്മീക മതാനുഭവമായിട്ടല്ല കു ഞ്ഞിന്റെ അമ്മ കാണുന്നത്‌. മറിച്ച്‌ വിപ്ലവകരമായ തകിടം മറിച്ചിലുകളും പരിവര്‍ത്തനങ്ങളും സൃഷ്‌ടിക്കുന്ന ഒരു അപൂര്‍വ്വ സംഭവമായിട്ടത്രേ. ഒരു ശിശുവിന്റെ നിസ്സാരവും സാധാരണമെന്ന്‌ തോന്നാവുന്ന ജനനത്തില്‍ ദൈവത്തിന്റെ അതിശക്തമായ ഇടപെടല്‍ സാധ്യതയാണ്‌ ഇവിടെ തെളിയുന്നത്‌. അഹങ്കാരികള്‍ ചിതറുകയും അധികാരികള്‍ നിഷ്‌കാസിതരാവുകയും ചെയ്യുക എന്നത്‌ നീതിനിഷ്‌ഠമായ ഒരു സമൂഹത്തിന്റെ രൂപപ്പെടലിന്റെ നാന്ദിയാണ്‌. ആ സംവിധാനത്തില്‍ ദരിദ്രരും, നിന്ദിതരും, പീഡിതരുമെല്ലാം സംരക്ഷിക്കപ്പെടും. നീതിനിഷ്‌ഠമായ ഒരു ലോകക്രമത്തിന്‌ യേശുവിന്റെ ജനനം തുട ക്കം കുറിക്കുമെന്നാണ്‌ മറിയാമിന്റെ പ്രഖ്യാപനം. ഇത്‌ യിസ്രായേലിന്‌ ആ ശ്വാസമാകുമത്രേ! ഇവിടെ വെറും സാ ന്ത്വനമല്ല വിവക്ഷിക്കുന്നത്‌. രക്ഷാപൂര്‍ണ്ണത ലഭ്യമാകും എന്നതാണ്‌ സൂചന. തിരസ്‌കൃതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നീതി ലഭിക്കുന്ന ഒരു വ്യവസ്ഥിതി തന്റെ മകന്‍ വഴി നിലവില്‍ വരികയും യിസ്രായേല്‍ ജനം രക്ഷ പ്രാപിക്കുകയും ചെയ്യും എന്നതാണ്‌ മകനെപ്പറ്റി ആ അമ്മയുടെ സ്വപ്‌നം. യേശുവിന്റെ ജനനം സൃഷ്‌ ടിക്കുന്ന അടിസ്ഥാന പരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആദിമസഭയുടെ പ്രതീക്ഷ മറിയാമിന്റെ ഈ പാട്ടി ലൂടെ ആവിഷ്‌കരിക്കപ്പെടുകയാണ്‌.


സാമൂഹിക-രാഷ്‌ട്രീയ- നൈതിക മണ്ഡലങ്ങളിലെ പരിവര്‍ത്തനത്തിലൂടെ രൂപം പ്രാപിക്കുന്ന ദൈവരാജ്യ ആശയം ക്രിസ്‌തുവിന്റെ സുവാര്‍ത്ത പ്രഘോഷണത്തിന്റെയും പരസ്യ ശു ശ്രൂഷയുടെയും കേന്ദ്രഘടകമായിരുന്നു. മനുഷ്യനില്‍ ദൈവീക അധിവാസം വഴി സൃഷ്‌ടിക്കപ്പെടുന്ന പുതിയ അവബോധം സമൂഹത്തിന്റെ പുനഃസൃഷ്‌ടിക്ക്‌ പ്രേരകമാകും എന്നാണ്‌ യേശുവിന്റെ മനുഷ്യാവതാരത്തിന്റെ സവിശേഷത. സമൂഹത്തിലെ സകല അനീതിയ്‌ക്കും ജീര്‍ണ്ണതയ്‌ക്കും എതിരെയുള്ള ചെറുത്തുനില്‌പ്പ്‌ വഴി നീതി സമൂഹസൃഷ്‌ടിക്ക്‌ മാതൃകയും പ്രേരണയും ആകാനുള്ള സഭയുടെ വിളിയാണ്‌ ക്രിസ്‌തുവിന്റെ ജനനത്തില്‍ അന്തര്‍ലീനമായി നാം ദര്‍ശിക്കുന്നത്‌.

ദേവാലയത്തില്‍ വച്ച്‌ ഉണ്ണിയേശുവിനെ കണ്ട വൃദ്ധനായ ശീമോന്‍ പറയുന്നു. “ഇവനെ യിസ്രായേലില്‍ അനേകരുടെ വീഴ്‌ചയ്‌ക്കും മറ്റുചിലരുടെ ഉയര്‍ച്ചയ്‌ക്കുമായി നിയോഗിച്ചിരിക്കുന്നു. ഇവന്‍ എതിര്‍ക്കപ്പെടുന്ന അടയാളവുമായിരിക്കും”(ലൂക്കോസ്‌ 2:34). ഇവിടെയും ഈ ശിശു നിര്‍വ്വഹിക്കേണ്ട സമൂഹ്യ-സാമ്പത്തിക മാറ്റത്തിന്റെ കാര്യമാണ്‌ സൂചിപ്പിക്കുന്നത്‌. യേശുവിന്റെ ജനനത്തോട്‌ ബന്ധപ്പെട്ടാണ്‌ സ്‌നാപകയോഹന്നാന്റെ ജനനവും. യോഹന്നാന്‍ ക്രിസ്‌തുവിന്റെ ശുശ്രൂഷ ലോകത്തിന്‌ പരിചയപ്പെടുത്തുവാന്‍ നിയോഗിതനാണ്‌. അതുകൊണ്ട്‌ അദ്ദേഹം ശുശ്രൂഷ നിര്‍വ്വഹിക്കുന്നത്‌ ക്രിസ്‌തുവിന്റേതിന്‌ ആമുഖമായിട്ടാണ്‌. യോഹന്നാന്റെ പ്രസംഗത്തിലൂടെനീളം പുതിയ നീതി സങ്കല്‌പത്തിന്റെയും പങ്കുവയ്‌ക്കലിന്റെ യും സന്ദേശമാണ്‌ മുഴങ്ങുന്നത്‌. ഈ സാമൂഹ്യമാറ്റത്തിന്റെ അരങ്ങേറ്റമാണ്‌ യേശുവിന്റെ ശുശ്രൂഷയിലും നാം തുടര്‍ന്നു കാണുന്നത്‌. യേശു രാഷ്‌ട്രീയ-സാമ്പത്തിക രംഗങ്ങളില്‍ നേരിട്ട്‌ ഇടപെടും എന്ന സൂചന ഇവിടെ ഇല്ല. എന്നാല്‍ തിരുപ്പിറവിയുടെ പ്രത്യാഘാതം ഈ മേഖലകളില്‍ അലയടിക്കും എന്ന്‌ വ്യക്തമാവുകയാണിവിടെ.


ലൂക്കോസിന്റെ സുവിശേഷം നാലാം അദ്ധ്യായത്തില്‍ യേശുവിന്റെ നിയോഗം സംബന്ധിച്ച ആത്മബോധമാണ്‌ യേശയ്യാവിന്റെ പുസ്‌തകത്തില്‍ നിന്നു വായിക്കാന്‍ യേശുവിന്‌ പ്രേകരമാകുന്നത്‌. യേശു വായിക്കുന്നു, “ദരിദ്രരോട്‌ സുവിശേഷം അറിയിക്കുവാന്‍ കര്‍ത്താവ്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നതിനാല്‍ അവന്റെ ആത്മാവ്‌ എന്റെ മേലുണ്ട്‌. ഹൃദയം തകര്‍ന്നവരെ സൗഖ്യമാക്കുവാനും തടവുകാര്‍ക്കു മോചനവും കുരുടര്‍ക്ക്‌ കാഴ്‌ചയും പ്രഖ്യാപിക്കുവാനും പീഡിതരെ വിടുവിക്കുവാനും കര്‍ത്താവിന്റെ പ്രസാദവര്‍ഷം വിളംബരം ചെയ്യുവാനും എന്നെ അയച്ചിരിക്കുന്നു” (ലൂക്കോസ്‌ 4:18). മൗലീകമായ സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക്‌ ക്രിസ്‌തുവിന്റെ ശുശ്രൂഷ തുട ക്കം കുറിക്കുമെന്നാണ്‌ ഇവിടത്തെ സൂചന. ജൂബിലി (കര്‍ത്താവിന്റെ പ്രസാദവര്‍ഷം) സംബന്ധിച്ച വേദഭാഗങ്ങളിലെയെല്ലാം പരാമര്‍ശവും അതുതന്നെ വ്യക്തമാക്കുന്നു. നീതിപൂര്‍വ്വകമായ പുനഃക്രമീകരണമാണല്ലോ യോവേല്‍ വര്‍ഷത്തില്‍ സംഭവിക്കുന്നത്‌. ഇത്‌ മ്‌ശിഹായുടെ ഭരണവുമായി അടിസ്ഥാനപരമായി ബന്ധമുള്ള ആശയമാണ്‌. യേശുവിന്റെ ദേവാലയ ശുദ്ധീകരണം അനീതിയോടും ചൂഷണത്തോടുമുള്ള ആത്മരോഷത്തിന്റെ നേര്‍ പ്രതികരണമായി കാണേണ്ടതുണ്ട്‌. ഇവയെല്ലാം ക്രിസ്‌ തുവിന്റെ ജനനത്തില്‍ ത്തന്നെ ചൂണ്ടിക്കാണിക്കപ്പെടുന്നു.


യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട്‌ നടന്നതായി പരാമര്‍ശിക്കപ്പെടുന്ന ശിശുക്കളുടെ കൂട്ടക്കൊല രാഷ്‌ട്രീയമായ ഒരു പ്രതിക്രിയാശ്രമമാണ്‌. നീതിലോകം സൃഷ്‌ടിക്കപ്പെടാന്‍ പോകുന്നു എന്നു ഭയപ്പെട്ട കിരാതനായ ഒരു ഭരണാധികാരിയുടെ, യേശുവിന്റെ ജനനത്തോടുള്ള നിഷ്‌ ഠൂര പ്രതികരണമാണിത്‌. അനീതിയുടെ മേഖലയില്‍ നീതി സമൂഹത്തിന്റെ സൃഷ്‌ടി അധമന്മാരായ ഭരണാധികാരികളില്‍ ജനിപ്പിക്കുന്ന ഭയവും അരക്ഷിതബോധവും എത്ര വലുതാണ്‌ എന്നാണ്‌ ഇവിടെ കാണുന്നത്‌. ഭൗതീക വളര്‍ച്ചയുടെ മധ്യത്തിലും അനീതിയുടെയും അടിമത്തത്തിന്റെയും സാധ്യത സംഭവ്യമെ ന്നും അതിനെതിരെയുള്ള നിരന്തര പോരാട്ടം ദൈവരാജ്യത്തിന്റെ പ്രാഥമിക നിയോഗമാണെന്നും വ്യക്തം.
അതായത്‌ വിപ്ലവകരങ്ങളായ മാറ്റങ്ങളാണ്‌ ക്രിസ്‌തുവിന്റെ ജനനവുമായി ബന്ധപ്പെട്ട്‌ പുതിയ നിയമഭാഗങ്ങളില്‍ നാം വായിക്കുന്നത്‌. അതുകൊണ്ട്‌ ജനനപ്പെരുന്നാള്‍ തിരുപ്പിറവിയുടെ ആവര്‍ത്തിത അനുഷ്‌ഠാനവും അതു നല്‍കുന്ന ആഹ്ലാദവും കൊണ്ട്‌ അവസാനിക്കുന്ന ഒന്നല്ല. നേരെ മറിച്ച്‌ നാം ജീവിക്കുന്ന അനീ തി നിറഞ്ഞ സാമൂഹ്യ-സാമ്പത്തിക-രാഷ്‌ട്രീയ ഘടനയ്‌ക്ക്‌ വെല്ലുവിളി സൃഷ്‌ടിക്കുന്ന നീതി സമൂഹത്തിന്റെ കെട്ടുപണിക്ക്‌ നിരന്തരമായ പ്രേരണ നല്‍കുന്ന അനുഭവമായി ക്രിസ്‌മസ്‌ ആഘോഷം പരിണമിക്കേണ്ടതുണ്ട്‌. നാം ജീവിക്കുന്ന സമൂഹത്തിന്‌ ഗുണകരമായ മാറ്റം വരുത്തുന്ന ക്രിസ്‌തു സാന്നിധ്യമായി നാം ഭവിക്കേണ്ടതിന്റെ ആവശ്യകത നമ്മെ അനുസ്‌മരിപ്പിക്കുന്ന സംഭവമായി പിറവിപ്പെരുന്നാള്‍ ആകേണ്ടിയിരിക്കുന്നു.


സാമൂഹ്യ-രാഷ്‌ട്രീയ മേഖലകളില്‍ സഭയുടെ സാന്നിധ്യം ഇന്ന്‌ അനുചിതമായി കാണുന്നു. സ്വന്തം കാര്യത്തിനും ലാഭത്തിനും വേണ്ടിയുള്ള ഇടപെടലുകള്‍ ആശാസ്യമല്ല. എന്നാല്‍ ധര്‍മ്മയുദ്ധം ചെയ്യേണ്ട സാഹചര്യങ്ങളില്‍ നാം മടിച്ചു പിന്മാറുകയല്ല; നമ്മുടെ ഇടപെടലുകള്‍ നീതി സമൂഹസൃഷ്‌ടി ലക്ഷ്യമാക്കി മുന്നോട്ടു പോകുവാനുള്ള കരുത്താര്‍ ജ്ജിക്കുകയാണാവശ്യം. ദൈവപുത്രന്റെ ജനനത്തിലൂടെ രൂപം പ്രാപിച്ച പുതിയ മനുഷ്യവംശം നീതി സമൂഹവും അതിന്റെ അടിസ്ഥാന സ്വഭാവം നീതിപൂര്‍വ്വകമായ ലോകക്രമത്തിനുവേണ്ടിയുള്ള നിരന്തര പോരാട്ടവുമാണെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. അ പ്രധാന വിഷയങ്ങളെ പ്രതി ഭിന്നിച്ചു നില്‍ക്കുന്ന സഭാംഗങ്ങള്‍ക്കും കലാപത്തിന്‌ നേതൃത്വം നല്‍കുന്നവര്‍ക്കും ഈ അടിസ്ഥാന വസ്‌തുത തിരിച്ചറിയാന്‍ ദൈവം വിവേകം നല്‍കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗീയ മഹത്വവും സൗഭാഗ്യങ്ങളും വിട്ട്‌ മനുഷ്യനായി പിറന്ന ദൈവപുത്രന്‌ നീതിനിയോഗങ്ങളെപ്പറ്റി വ്യത്യസ്‌ത കാഴ്‌ ചപ്പാടാണ്‌ ഉള്ളതെന്ന്‌ മനസ്സിലാക്കുവാന്‍ കാലമെത്ര വേണ്ടിവരുമെന്നറിയില്ല. ഈ വര്‍ഷത്തെ ജനനപ്പെരുന്നാളില്‍ പുല്‍ക്കൂട്ടിലെ ശിശു നമുക്ക്‌ പ്രബുദ്ധ ചിന്തകള്‍ സമ്മാനിക്കട്ടെ എന്ന്‌ ആശംസിക്കുന്നു.
എല്ലാവര്‍ക്കും അനുഗൃഹീതമായ ക്രിസ്‌മസും സന്തോഷപ്രദമായ പുതുവത്സരവും നേര്‍ന്നുകൊണ്ട്‌
സസ്‌നേഹം,
നിങ്ങളുടെ
അത്താനാസ്യോസ്‌ തോമസ്‌
മെത്രാപ്പോലീത്ത.

ഡയോസിസൻ ബുള്ളറ്റിൻ 2010 ഡിസംബർ

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.