ഈ ലേഖയില്‍‍ തിരയുക

കൂട്ടുമോ കുറയ്ക്കുമോ?

കണ്ടനാട് ഡയോസിസന്‍ ബുള്ളറ്റിന്‍ ഡിസംബര്‍‍ ലക്കം മുഖപ്രസംഗം

‘സഭാതര്‍ക്കം:മധ്യസ്ഥ പരിഹാര സാധ്യത തേടണമെന്ന്‌ ഹൈക്കോടതി’ 2010 നവംബര്‍ 25-ആം തീയതിയിലെ മലയാള മനോരമ ദിനപത്രത്തില്‍ വന്ന ഒരു വലിയ തലക്കെട്ടാണ്‌ ഇത്‌. കണ്ടനാട്‌ ഭദ്രാസനത്തില്‍ പ്പെട്ട ഓണക്കൂര്‍ സെഹിയോന്‍ പള്ളി സംബന്ധിച്ച ഒരു പരാതി പരിഗണിക്കുമ്പോഴാണ്‌ ജസ്റ്റിസ്‌മാരായ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, പി. ഭവദാസന്‍ എന്നിവര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്‌. മദ്ധ്യസ്ഥതയിലൂടെ സഭാതര്‍ക്കം അവസാനിപ്പിക്കുന്നതിനുള്ള സാധ്യത ഇരുപക്ഷം അഭിഭാഷകരും കക്ഷികളുമായി ചര്‍ച്ച ചെയ്‌ത്‌ രണ്ടാഴ്‌ചയ്‌ ക്കകം കോടതിയെ അറിയിക്കുവാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഒന്നായിപ്പോകാന്‍ സാധിക്കാത്തപക്ഷം രമ്യതയില്‍ കണക്കുകള്‍ തീര്‍ത്തു പിരിയാനുള്ള സാധ്യ തയും ആരായേണ്ടതാണെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.

ഇത്തരം ഒരു നിര്‍ദ്ദേശം നല്‍കാന്‍ ബഹു: കോടതിയെ പ്രേരിപ്പിച്ചത്‌ രണ്ടു വസ്‌തുതകളാണുപോലും! (1) മലങ്കരസഭാതര്‍ക്കം ഒരു നൂറ്റാണ്ടിലധികമായി കോടതിയില്‍ അനന്തമായി നീളുന്നു. (2) ഇതു സംബന്ധിച്ച കേസുകളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിച്ചു വരുന്നു.


സഭാകേസ്‌ മാത്രമല്ല ഏതൊരു തര്‍ക്കവും-വ്യക്തികള്‍ തമ്മിലുള്ളതായാലും സമൂഹങ്ങള്‍ തമ്മിലുള്ളതായാലും-പരസ്‌പരം ഒത്തുതീര്‍പ്പാകുന്നതാണ്‌ ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗം എന്നത്‌ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്‌. അതിനാണ്‌ സധാരണഗതിയില്‍ ആളുകള്‍ ശ്രമിക്കാറുള്ളതും. ഇക്കാര്യം മലങ്കരസഭയി ലെ ഇരു കക്ഷികളുടെയും നേതൃത്വത്തിന്‌ അറിയാത്ത കാര്യമല്ല. ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായ ഇന്‍ഡ്യയുടെ ജുഡീഷ്യറി തീര്‍പ്പുകല്‌പിച്ച ശേഷവും വിധിയില്‍ പഴുതുകള്‍ തേടുന്ന വിഭാഗത്തെ പ്രത്യേക അധികാരങ്ങളൊന്നുമില്ലാത്ത മധ്യസ്ഥര്‍ക്ക്‌ എങ്ങനെ സ്വാധീനിക്കുവാനും അനുസരിപ്പിക്കുവാനും കഴിയും എന്നതാണ്‌ പ്രശ്‌നം. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ തങ്ങള്‍ക്കനുകൂലമല്ലെങ്കില്‍ അവര്‍ ഇടയും. ഇന്‍ഡ്യയുടെ പരമോന്നത കോടതിയില്‍ രണ്ടാം പ്രാവശ്യവും അനുകൂലമല്ലാത്ത വിധിയുണ്ടായിക്കഴിഞ്ഞപ്പോഴാണ്‌ (1995 ല്‍) മേല്‍പ്പറ ഞ്ഞ വിഭാഗത്തിന്‌ ‘സഭാതര്‍ക്കം കോടതിക്കു വെളിയില്‍ വച്ചു തീര്‍ക്കണം’ എന്ന ആവശ്യം കലശലായി അനുഭവപ്പെടാനും അതിനുവേണ്ടി മുറവിളി കൂട്ടാനും തോന്നിയത്‌. വേണമെങ്കില്‍ കേസുകള്‍ ഇനിയും നൂറ്റാണ്ടുകള്‍ വലിച്ചുനീട്ടാന്‍ സാധിക്കുമെന്ന്‌ ആ കക്ഷിയുടെ നേതാവിന്റെ പ്രഖ്യാപനം ഇതിനോടു ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌. കോടതിക്കുവെളിയില്‍ വച്ചു തീര്‍ക്കണമെന്ന്‌ പറഞ്ഞാല്‍ ഗുണ്ടായിസം വഴി അവസാനിപ്പി ക്കണം എന്നാണ്‌ അവര്‍ അര്‍ത്ഥമാക്കുന്നത്‌. ഇത്‌ ബ: കോടതി ഒഴികെ എല്ലാവര്‍ക്കും അറിയാം. സഭ ഒന്നാണെന്നു കോടതി പറയുമ്പോള്‍ സഭ പങ്കുവച്ചു പിരിയണം എന്നാണ്‌ ഈ കക്ഷിനേതാക്കളുടെ ആവശ്യം. കോടതി നിര്‍ദ്ദേശപ്രകാരം വി. കുര്‍ബ്ബാന അര്‍പ്പിക്കാനെത്തിയ ഓര്‍ത്തഡോക്‌സ്‌ വികാരിയുടെ മേല്‍ തിളച്ച വെള്ളമൊഴിച്ചു തലതല്ലിപ്പൊളിച്ച കേസ്‌ നിലവിലുള്ള പള്ളിയാണ്‌ ഓണക്കൂര്‍ സെഹിയോന്‍. ഈ പശ്ചാത്തലത്തില്‍ ബഹു. ഹൈക്കോടതിയുടെ മേലുദ്ധരിച്ച നിര്‍ ദ്ദേശം എത്രമാത്രം പ്രായോഗികവും നിര്‍ദ്ദോഷകരവുമായി കാണാനാകും? പണ്ഡിതരായ ന്യായാധിപരുടെ ഈ വിഷയത്തിലുള്ള അറിവു കുറവെന്നോ, വശംവലിയെന്നോ വിലയിരുത്തിയാല്‍ ജുഡീഷ്യറി എന്ന സ്ഥാപനത്തിനായിരിക്കുമല്ലോ മോശം.


സഭാകേസ്‌ നീണ്ടുപോകുന്നതിനും അതില്‍ ഓരോ വിധിക്കുശേഷവും കേസുകളുടെ എണ്ണം പെരുകുന്നതിനും പരോക്ഷമായ പങ്ക്‌ കോടതിക്കുമില്ലേ? കേസുകള്‍ സമഗ്രമായി പഠിക്കുകയും പ്രതിവാദങ്ങള്‍ ഉയരാത്തവിധം പഴുതടഞ്ഞതും നിര്‍ണ്ണായകവും ബഹുവ്യാഖ്യാന സാധ്യതയില്ലാത്തതുമായ വിധി പ്രസ്‌താവിക്കുകയും ചെയ്‌താല്‍ കേസുകളുടെ നീളത്തിനും എണ്ണത്തിനും കുറവു വരുന്നതാണ്‌. 1958 ല്‍ ഉണ്ടായ വിധിയെത്തുടര്‍ന്ന്‌ സഭ യോജിച്ചതല്ലേ? ഒരുപാധിയും കൂടാതെയായിരുന്നില്ലേ യോജിപ്പ്‌? വീണ്ടും പണ്ടു പരാജയപ്പെട്ട കക്ഷിയുടെ അവശിഷ്‌ടം പിളര്‍പ്പിനു തുനിഞ്ഞ്‌ വിരുദ്ധ നടപടികള്‍ക്കും നിയമയുദ്ധത്തിനും പുറപ്പെട്ടാല്‍ അതിന്റെ ഉദ്ദേശ്യം മനസ്സിലാക്കുവാനുള്ള ബുദ്ധികൂര്‍മ്മത എല്ലാവര്‍ക്കും വേണ്ടതല്ലേ? പോകട്ടെ, വീണ്ടും മുഖ്യവിധി ഉണ്ടായിക്കഴിഞ്ഞപ്പോള്‍ ‘സഭാതര്‍ക്കപരിഹാരം കോടതിക്ക്‌ വെളിയില്‍’, ‘രമ്യമായി പങ്കിട്ടു പിരിയണം’ മുതലായ മുറവിളി ഉയര്‍ത്തുന്നത്‌ എത്ര ബാലിശവും വഞ്ചനാപരവുമാണ്‌! അതിന്റെ അനുരണനങ്ങള്‍ കോടതിയില്‍ നിന്നുമുണ്ടായാലോ? കോടതിവിധിയുടെ ആധികാരികതയിലും ബലത്തിലും പ്രായോഗികതയിലും ന്യായാധിപര്‍ തന്നെ സന്ദേഹിക്കുന്നതായല്ലേ പൊതുജനത്തിനു തോന്നുക?


കണ്ടില്ലേ, യാക്കോബായ ക്രിസ്‌ത്യാനി സഭ പ്രസ്‌തുത കോടതി നിര്‍ദ്ദേശത്തെ വിശദമായും വിസ്‌താരമായും സ്വാഗതം ചെയ്‌തത്‌. സുപ്രീംകോടതിവിധിയുടെ വെളിച്ചത്തില്‍ കീഴ്‌ക്കോടതികളില്‍ നിന്ന്‌ അനുകൂലമായ തീരുമാനം അവര്‍ക്ക്‌ പ്രതീക്ഷിക്കാനാവില്ല. നിയമനിഷേധത്തിലൂടെയും അക്രമ മാര്‍ഗ്ഗങ്ങളിലൂടെയും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന സഭയാണത്‌. അവയ്‌ക്ക്‌ ‘വിശ്വാസസംരക്ഷണം’, ‘പ്രാര്‍ത്ഥാനായജ്ഞം’ എന്നൊക്കെയാണ്‌ ഓമനപ്പേരുനല്‍കി ജനത്തെ കബളിപ്പിക്കുന്നത്‌.

ബഹു. ഹൈക്കോടതിയുടെ വിലപ്പെട്ട ഈ നിര്‍ദ്ദേശം വളരെ വൈകിപ്പോയി എന്ന്‌ പറയാതെ വയ്യ. മുഖ്യ കേസ്‌ ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക്‌ വന്നപ്പോഴെങ്കിലും ഈ നിര്‍ദ്ദേശം വച്ചിരുന്നെങ്കില്‍ മനസ്സിലാകുമായിരുന്നു. സുപ്രീംകോടതിയുടെ വിധിയും കഴിഞ്ഞ്‌ ഈ നിര്‍ദ്ദേശം വയ്‌ക്കുന്നതിന്റെ ഔചിത്യം ദുരൂഹമാണ്‌. അതുകൊണ്ടാണ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാനേതൃത്വം സുപ്രീംകോടതിവിധിയുടെയും സഭാഭരണഘടനയുടെയും അടിസ്ഥാനത്തില്‍ ഏത്‌ ഒത്തുതീര്‍പ്പ്‌ വ്യവസ്ഥകള്‍ക്കും തയ്യാറാണെന്ന്‌ വ്യക്തമാക്കിയിട്ടുള്ളത്‌. മലങ്കരസഭയുടെ പള്ളികളെല്ലാം 34-ലെ ഭരണഘടന പ്രകാരമാണ്‌ ഭരിക്കപ്പെടേണ്ടതെന്ന്‌ സുപ്രീംകോടതിവിധിയില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. 1958 ല്‍ യോജിച്ച സഭയിലെ പള്ളികളെല്ലാം മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനിസഭയുടേതാണ്‌. അവയെല്ലാം സഭാഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെട്ടിരുന്നതാണല്ലോ. പള്ളികള്‍ കൈവിട്ടു പോകാതിരിക്കാന്‍ യാക്കോബായക്കാര്‍ ഏത്‌ അടവും മാര്‍ഗ്ഗവും അവലംബിക്കും. സാധാരണ പള്ളികള്‍ പലതിനും ‘സിംഹാസനപ്പള്ളികള്‍’ എന്ന്‌ പുനര്‍ നാമകരണം ചെയ്‌തു സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നത്‌ കാണാമല്ലോ.


സുപ്രീംകോടതിവിധിക്ക്‌ വിപരീതമാകരുതല്ലോ പിന്നീടുണ്ടാകുന്ന വിധികള്‍. അപ്പോള്‍ സഭാകേസുകള്‍ക്ക്‌ മദ്ധ്യസ്ഥതയിലൂടെ പരിഹാരം കാണാമെന്ന്‌ പറയുമ്പോള്‍ അത്‌ സുപ്രീംകോടതിവിധിക്കും ഭരണഘടനയ്‌ക്കും അനുസൃതമായിരിക്കണമെന്ന്‌ അനുമാനിക്കാം.


ചില ജഡ്‌ജിമാര്‍ സഭാകേസുകള്‍ കേള്‍ക്കാന്‍ വിരക്തിയും വിസമ്മതവും പ്രകടിപ്പിക്കുന്നതായി പറഞ്ഞുകേള്‍ ക്കുന്നുണ്ട്‌. ന്യായാധിപരാണെങ്കിലും കേസുകള്‍ കേള്‍ക്കുന്ന കാര്യത്തില്‍ ഒരു ‘ചോയ്‌സ്‌’ പാടുള്ളതാണോ ആവോ! മടിയന്മാരും മടയന്മാരുമായ കുട്ടികളെ പഠിപ്പിക്കുകയില്ലെന്ന്‌ ഒരദ്ധ്യാപകന്‌ പറയാനാകുമോ?

നീതിനിര്‍വ്വഹണത്തിന്റെ പ്രതീകം കണ്ണുകള്‍ മൂടിക്കെട്ടി, ഒരു കയ്യില്‍ വാളും മറുകയ്യില്‍ തുലാസുമായി നില്‍ ക്കുന്ന വ്യക്തിയുടേതാണ്‌. മുഖം നോക്കാതെ, പക്ഷപാത മോ, ചാഞ്ചാട്ടമോ കൂടാതെ, നിര്‍ഭയം സത്യസന്ധമായി വിധികല്‌പിക്കണമെന്നാണല്ലോ അതിന്റെ സൂചന.

അനുരഞ്‌ജനത്തിലൂടെ തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരം കാണുക എന്ന കേവലവും ശുദ്ധവുമായ കാഴ്‌ചപ്പാടില്‍ ബഹു. ഹൈക്കോടതിയുടെ നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണ്‌. പക്ഷേ, പ്രശ്‌നപരിഹാരത്തിന്‌ എങ്ങനെയും കോടതിയെ ഒഴിവാക്കുവാന്‍ എതിര്‍ കക്ഷികളില്‍ ഒരുകൂട്ടര്‍ ശ്രമിക്കുമ്പോള്‍ ഈ നിര്‍ദ്ദേശം പ്രശ്‌നപരിഹാരത്തിന്‌ ആക്കം കൂട്ടുമോ കുറയ്‌ക്കുമോ എന്ന്‌ കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.