ഈ ലേഖയില്‍‍ തിരയുക

അരാം പ്രഥമന്‍ ബാവയ്‌ക്ക്‌ മൂവാറ്റുപുഴ അരമനയില്‍ സ്വീകരണം ഫെ 27 ശനിയാഴ്ച


മൂവാറ്റുപുഴ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക ക്ഷണമനുസരിച്ചു കേരളം സന്ദര്‍ശിക്കുന്ന അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യയിലെ കാതോലിക്കാ പരിശുദ്ധ അരാം പ്രഥമന്‍ ബാവയ്‌ക്ക്‌ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ അരമനയില്‍ ഫെ 27 ശനിയാഴ്ച സ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ എത്തിച്ചേരുന്ന ബാവയെ തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, ബാബു പോള്‍ എംഎല്‍എ, നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ കത്തീഡ്രലിലേയ്‌ക്ക്‌ ആനയിക്കും. പുതുക്കിപ്പണിയുന്ന സെന്റ്‌ തോമസ്‌ കത്തീഡ്രലിന്റെ ശിലാസ്ഥാപനം ബാവ നിര്‍വഹിക്കും. സംസ്ഥാന അതിഥിയായാണ്‌ ബാവ എത്തുന്നത്‌.

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ സ്വയംശീര്‍‍ഷകസഭകളിലൊന്നായ കിലിക്യാ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കോസാണു് പരിശുദ്ധ ആരാം കെഷീഷിയാന്‍ ബാവ. കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് കിലിക്യാ (അര്‍മീനിയന്‍‍: Կաթողիկոսութիւն Հայոց Մեծի Տանն Կիլիկիոյ ) എന്നും അറിയപ്പെടുന്ന അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ ആസ്ഥാനം 1930 മുതല്‍ ലെബാനോനിലെ ബെയ്റൂട്ടിനടുത്തുള്ള അന്തേലിയാസാണു്.

അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം കൂടിയാണു് കിലിക്യാ സിംഹാസനം. കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസിനു് സമ്പൂര്‍ണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ മുപ്പനുസരിച്ചു് രണ്ടാം സ്ഥാനമാണു്.


ബെയ്‌റൂട്ടില്‍ 1947ല്‍ ജനിച്ച അരാം കെഷീഷിയാന്‍ 1980ല്‍ എപ്പിസ്കോപ്പയായി. 1995 ജൂലൈ ഒന്നിന്‌ കിലിക്യയിലെ 45-ാമത്തെ കാതോലിക്കോസായി സ്‌ഥാനാരോഹണം ചെയ്‌തു. സഭകളുടെ ലോക കൗണ്‍സില്‍ (W C C) മോഡറേറ്ററായി രണ്ടു തവണയായി 15 വര്‍ഷം (1991 - 2006) പ്രവര്‍ത്തിച്ചു. ഈ സ്‌ഥാനത്തെത്തുന്ന ആദ്യത്തെ ഓര്‍ത്തഡോക്‌സുകാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയുമായിരുന്നു അദ്ദേഹം. ഈ സ്‌ഥാനത്തേക്ക്‌ ഒരാള്‍ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായിട്ടാണ്‌.

ലെബനോനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതില്‍ ബാവ പ്രമുഖ പങ്കു വഹിച്ചു. ലോക മത മ്യൂസിയം ഫൗണ്ടേഷന്‍, സമാധാനത്തിനു വേണ്ടിയുള്ള ലോക മത സംഘടന എന്നിവയുടെ പ്രസിഡന്റും ആണ്‌ ബാവ.

സഹോദരീ സഭാതലവനായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവയുടെ ക്ഷണ പ്രകാരം ഫെ 24 മുതല്‍ 28 വരെ പരിശുദ്ധ ആരാം കെഷീഷിയാന്‍ ബാവ മലങ്കര സഭാ സന്ദര്‍ശനത്തിലാണു്
.

തിന്മയ്‌ക്കു മുന്‍പില്‍ പകച്ചു നില്‍ക്കരുത്‌: പരിശുദ്ധ ബാവാ

.

കോലഞ്ചേരി: തിന്മയുടെ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ പകച്ചു നില്‍ക്കാതെ ഉയര്‍പ്പിന്റെ പ്രത്യാശയോടെ ദൈവ സ്‌നേഹത്തിന്റെ സാക്ഷികളാകാന്‍ നമുക്കു സാധിക്കണമെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ ഉദ്‌ബോധിപ്പിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 21 ഞായറാഴ്ച വൈകീട്ട് നടന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനദിനാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. ക്രിസ്‌തുവിന്റെ ജീവിതത്തിന്റെയും ദര്‍ശനത്തിന്റെയും ഉത്തമ സാക്ഷികളാകുവാന്‍ നമുക്കു സാധിക്കണം.

ഓരോ ക്രിസ്‌ത്യാനിയും അവന്റെ ആത്മീയ ജീവിതത്തെ പരിശോധിക്കേണ്ടത്‌ ക്രിസ്‌തു ഏല്‍പ്പിച്ച ദൗത്യം ഏതു പരിധിവരെ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്നു വിശകലനം ചെയ്‌തു കൊണ്ടാകണമെന്നും പരിശുദ്ധ ബാവാ ഓര്‍മപ്പെടുത്തി. സ്നേഹത്തോടും സാഹോദര്യത്തോടും കൂടി പ്രവര്‍ത്തിക്കാന്‍ കഴിയണമെങ്കില്‍ ആത്മീയ ജീവിതം തിരിച്ചറിയണമെന്നും ബാവ പറഞ്ഞു. പരിശുദ്ധ ബാവയുടെ എഴുതിത്തയ്യാറാക്കിയ പ്രസംഗം പരിശുദ്ധ ബാവയുടെ ആമുഖത്തിനുശേഷം അങ്കമാലി ഭദ്രാസനത്തിന്റെ യൂഹാനോന്‍ മാര്‍ പോളിക്കാര്‍‍പ്പോസ് മെത്രാപ്പോലീത്ത വായിച്ചു.


സമ്മേളനത്തില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. സഭ ദൈവത്തിന്റെ ശരീരമാണെന്നും, സഭ ലോകത്തിനുവേണ്ടിയാണെന്നും, ദൈവത്തെ അറിയണമെങ്കില്‍ മനുഷ്യനെ അറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ദൈവമാഗ്രഹിക്കുന്നവിധത്തിലാക്കുകയാണു് സഭ ചെയ്യുന്നതു് ദൈവത്തോടുകൂടി ജീവിക്കുകയെന്നതാണു് പ്രാര്‍‍ത്ഥന. നമ്മുടെ ആഗ്രഹത്തിനനുസരിച്ച് ദൈവത്തെക്കൊണ്ടു് പ്രവര്‍ത്തിപ്പിക്കാനുള്ളതല്ല പ്രാര്‍‍ത്ഥന. ദൈവത്തിന്റെ ആഗ്രഹത്തിനനുസരിച്ച് നമ്മെ പ്രവര്‍ത്തിപ്പിക്കണം.


മലങ്കര സഭാപിളര്‍പ്പ് അവസാനിപ്പിക്കുന്നതിനുവേണ്ടിനിലകൊള്ളുന്ന ഭദ്രാസനമാണു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനമെന്നു് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത സ്വാഗതപ്രസംഗത്തില്‍ വ്യക്തമാക്കി. മലങ്കര സഭാഐക്യം വേണമെന്ന് ആഗ്രഹിച്ചവരുടെ കൂട്ടായ്മയായാണു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം . ഭിന്നിച്ചാല്‍‍ നിലനില്‍പ്പോ സ്വത്വമോ ഇല്ല. കോടതി വ്യവഹാരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ധ്യാനമന്ദിരങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമെല്ലാം ഐക്യം നിര്‍വഹിക്കുന്നതിനുവേണ്ടിയാണെന്നു് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത വിശദീകരിച്ചു.


ഫെബ്രുവരി 17നു് മെത്രാന്‍‍ സ്‌ഥാനത്തേക്ക്‌ മലങ്കര സുറിയാനിക്രിസ്ത്യാനി അസോസിയേഷന്‍‍ തിരഞ്ഞെടുത്ത ഫാ. സാബു കുര്യാക്കോസ്‌, യൂഹാനോന്‍ റമ്പാന്‍, ഫാ. വി.എം. എബ്രാഹാം എന്നിവര്‍ക്ക്‌ സ്വീകരണം നല്‍കി. ചെറുപ്പക്കാരായുള്ളവരെ മെത്രാന്‍‍ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തതു് സഭയുടെ ലക്ഷ്യപൂര്‍വമായ വളര്‍‍ച്ചയ്ക്കു് ഉപകരിയ്ക്കുമെന്നു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

ഭദ്രാസന വെബ്‌സൈറ്റ് സി.വി.ജേക്കബ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈദിക ഡയറക്ടറിയുടെ പ്രകാശനം അങ്കമാലി ഭദ്രാസനത്തിന്റെ യൂഹാനോന്‍ മാര്‍ പോളിക്കാര്‍‍പ്പോസ് മെത്രാപ്പോലീത്ത നടത്തി. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കളാവോസ് ആശീര്‍‍വാദം നല്കി. ഭദ്രാസന സെക്രട്ടറി ഫാ. എബ്രാഹാം കാരാമ്മേല്‍ നന്ദി പ്രസംഗം നടത്തി. അഡ്വ. എം.എം.മോനായി എംഎല്‍എ, പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസമ്മ തങ്കപ്പന്‍, മെമ്പര്‍ അഡ്വ. മാത്യു പി. പോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ഐ. മോന്‍സി എന്നിവര്‍ സംബന്ധിച്ചു.


പ്രാര്‍ഥനാ സംഗമമായി നടത്തിയ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനാഘോഷപരിപാടിയില്‍ 50 അംഗ ഗായക സംഘവും ഗായിക അമൃത സുരേഷും പ്രാര്‍ഥനാ ഗാനങ്ങള്‍ ആലപിച്ചു. കലാമണ്ഡലം നൃത്തവേദിയുടെ പ്രാര്‍‍ത്ഥനാ നൃത്തനൃത്യങ്ങളും സണ്‍‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്രൈസ്തവ സന്ദേശം നല്കുന്ന കലാപരിപാടികളും കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിലെ സ്ഥാപനങ്ങളെപ്പറ്റിയുള്ള ലഘു ഡോക്കുമെന്ററി പ്രദര്‍‍ശനവും ഉണ്ടായിരുന്നു. സ്നേഹവിരുന്നോടുകൂടി സമാപിച്ചു. ഫാ ഏലിയാസ് ചെറുകാടു്, തോമസ്‌ പോള്‍ റമ്പാന്‍, ഗീവര്‍ഗീസ്‌ റമ്പാന്‍, വൈദിക സെക്രട്ടറിഫാ. ബിനോയി ജോണ്‍, ഫാ. മേരിദാസ് സ്റ്റീഫന്‍, ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ തുടങ്ങിയവരാണു് ഭദ്രാസന ദിനാഘോഷപരിപാടിക്ക്‌ നേതൃത്വം നല്‍കിയതു്.

കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷം കോലഞ്ചേരിയില്‍ ഫെ 21 ഞായറാഴ്ച

.
കോലഞ്ചേരി: കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷം ഫെ 21 ഞായറാഴ്ച കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. വൈകിട്ട് 4ന് പ്രാര്‍ത്ഥനാസംഗമം എന്ന പേരില്‍ പരിപാടികള്‍ ആരംഭിക്കും. 51 പേരടങ്ങുന്ന ഗായകസംഘവും സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടാകും.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രാര്‍ത്ഥനാചടങ്ങുകള്‍ നടക്കും. മാര്‍ത്തോമ്മ സഭയുടെ വലിയമെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മുഖ്യസന്ദേശം നല്‍കും. സഭയുടെ പുതിയ മെത്രാപ്പോലീത്തമാരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വീകരണവും, ഭദ്രാസന വെബ്‌സൈറ്റ് ഉദ്ഘാടനവും വൈദികഡയറക്ടറി പ്രകാശനവും നടക്കും.

ഫെ 19 നു് പത്രസമ്മേളനത്തില്‍ മൂവാറ്റുപുഴ അരമനയില്‍ നിന്നെത്തിയ തോമസ് പോള്‍ റമ്പാച്ചന്‍, ഗീവര്‍ഗീസ് റമ്പാച്ചന്‍, ഫാ.ബിനോയ് ജോണ്‍, ഫാ.ജോണ്‍ വള്ളിക്കാട്ടില്‍, ഫാ.എബ്രഹാം കാരാമ്മേല്‍, കുര്യാക്കോസ് ചെന്നക്കാടന്‍, ജോയ് മേങ്കോട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനവും കുടുംബസംഗമവും ഫെബ്രുവരി 21ന്‌ കോലഞ്ചേരിയില്‍

.
മൂവാറ്റുപുഴ: കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനവും കുടുംബസംഗമവും ഫെബ്രുവരി 21ന്‌ 4 മണിയ്ക്കു് കോലഞ്ചേരിയില്‍ നടത്തുവാന്‍ തീരുമാനിച്ചുകൊണ്ടു് ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്ത കല്പന നല്കി.


കോലഞ്ചേരിയില്‍ മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ്‌ പൗലോസ്‌ പ്രഥമന്‍ നഗറില്‍ (സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയം) ഫെബ്രുവരി 21-ന്‌ നടക്കുന്ന ഭദ്രാസന ദിനാഘോഷത്തില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായും ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പൊലീത്തയും മറ്റു മെത്രാപ്പൊലീത്തമാരുമെല്ലാം പങ്കെടുക്കും. ഫെബ്രുവരി 21 ഞായറാഴ്ച വൈകിട്ടു് 4 മണി മുതല്‍ 8 മണി വരെ പ്രാര്‍ത്ഥനാസന്ധ്യയായാണു് ഭദ്രാസന ദിനാചരണവും കുടുംബസംഗമവും സംഘടിപ്പിക്കുന്നതു്. നിങ്ങള്‍ ഇവയ്ക്കു് സാക്ഷികളാണു് (വിശുദ്ധ ലൂക്കോസ് 24: 28) എന്ന മുഖ്യ ചിന്തയുടെ അടിസ്ഥാനത്തിലുള്ള പ്രാര്‍ത്ഥനകളും പ്രബോധനങ്ങളുമാണു് ഈ പ്രാര്‍ത്ഥനാസന്ധ്യയില്‍‍ ക്രമീകരിച്ചിട്ടുള്ളതെന്നു് കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമേല്‍ അറിയിച്ചു.

പരിപാടികളുടെ നടത്തിപ്പിനായി ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ ചെയര്‍മാനും, ഭദ്രാസന ചാന്‍സലര്‍ ഫാ. ഏബ്രഹാം കാരാമേല്‍ ഫാ. ബിനോയ്‌ ജോണ്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരുമായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടു്.

കണ്ടനാടു് ഭദ്രാസന ചരിത്രം

ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയെപ്പറ്റി

.

കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ഞായറാഴ്‌ച ആചരിച്ചു

മൂവാറ്റുപുഴ, ജനുവരി 31: കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനവും കുടുംബസംഗമവും ഫെബ്രുവരി 21ന്‌ നടത്തുന്നതിന്റെ മുന്നോടിയായി ഇന്നു് ഭദ്രാസന ഞായറാഴ്‌ച ആയി ആചരിച്ചു ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയുടെ കല്പനപ്രകാരം ഇന്നു് ഇടവകകളില്‍ സഭക്കും ഭദ്രാസനത്തിനും വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി.

കോലഞ്ചേരിയില്‍ മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ്‌ പൗലോസ്‌ പ്രഥമന്‍ നഗറില്‍ (സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയം) ഫെബ്രുവരി 21ന്‌ നടക്കുന്ന ഭദ്രാസന ദിനാഘോഷത്തില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായും ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പൊലീത്തയും മറ്റു മെത്രാപ്പൊലീത്തമാരുമെല്ലാം പങ്കെടുക്കും. പരിപാടികളുടെ നടത്തിപ്പിനായി ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ ചെയര്‍മാനും, ഭദ്രാസന ചാന്‍സലര്‍ ഫാ. ഏബ്രഹാം കാരാമേല്‍ ഫാ. ബിനോയ്‌ ജോണ്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരുമായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.

ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ ഫാ. മാത്യൂസ് കാഞ്ഞിരംപാറ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു

ഓണക്കൂര്‍, ജനുവരി 17: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ്‌ കാഞ്ഞിരംപാറ കശീശ വികാരിയെന്ന നിലയില്‍ ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ചെറിയാന്‍ പാലക്കാട്ടുമാലി കശീശയും ഒപ്പമുണ്ടായിരുന്നു.

ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയെ വികാരിയായി നിയമിച്ചുകൊണ്ടുള്ള ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കല്പന ശരിവച്ച എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ ഉത്തരവുമായി തലേ ഞായറാഴ്ച (ജനുവരി 10) കുര്‍ബാനയര്‍പ്പിക്കാനെത്തിയ ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയെയും ശുശ്രൂഷക്കാരെയും വിശ്വാസികളെയും വിമതന്‍മാരായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തിളച്ച വെള്ളവും മുളകുപൊടിയും കമ്പിവടിയും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഈ പൈശാചിക ആക്രമണത്തില്‍ പരിക്കേറ്റ ഫാ. മാത്യൂസ് കാഞ്ഞിരംപാറയടക്കമുള്ളവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇതിനിടെ വികാരി ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയ്ക്കും അദ്ദേഹത്തിന്റെ സഹവൈദീകര്‍ക്കും പോലീസ് ചുമതല നിര്‍വഹണത്തിനു് സംരക്ഷണം നല്‍കണമെന്നും അന്തിമവിധിയുണ്ടാകുന്നതുവരെ എതിര്‍ കക്ഷികള്‍ക്കു് ഒന്നിടവിട്ട ആഴ്ചയില്‍ തവണ നല്കണമെന്നും ജനുവരി 13 ചൊവ്വാഴ്ച ഹൈക്കോടതി ഇടക്കാലവിധി പുറപ്പെടുവിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒ. ഇരുപക്ഷത്തെയും വിളിച്ചുകൂട്ടി നടത്തിയ ചര്‍ച്ചയില്‍ ഇരുകൂട്ടര്‍ക്കും കുബാനയര്‍പ്പിക്കാന്‍ ക്രമം നിശ്ചയിച്ചു. ഇതുപ്രകാരമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വൈദീകന്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിച്ചത്.

ആശുപത്രിക്കിടക്കയില്‍ നിന്നാണു് ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറ കുര്‍ബാനയര്‍പ്പിക്കാനെത്തിയതു്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു് പിറവം സി.ഐ. കെ. ബിജുമോന്റെ നേതൃത്വത്തില്‍ വലിയ പോലീസ് സന്നാഹം പള്ളി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

അക്രമികള്‍ക്കെതിരെ ശക്തമായ നടപടിവേണം: ശ്രേഷ്‌ഠ നിയുക്ത കാതോലിക്കാ

കോട്ടയം:ഓണക്കൂര്‍ സെഹിയോന്‍ പളളിയില്‍ കോടതി ഉത്തരവുമായി വി.കുര്‍ബ്ബാന അര്‍പ്പിക്കാനെത്തിയ ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയേയും ശൂശ്രൂഷകരെയും റോഡില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും പരസ്യമായി അക്രമം അഴിച്ചുവിടുകയും ചെയ്‌ത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിലെ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊളളണമെന്നും സമാധാനകാംക്ഷികളായ വിശ്വാസികള്‍ക്ക്‌ സ്വൈര്യജീവിതവും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നും ഓര്‍ത്തഡോക്‌സ്‌ സഭയുടെ ശ്രേഷ്‌ഠ നിയുക്ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്താ അധിക്യതരോട്‌ ആവശ്യപ്പെട്ടു.

അക്രമം ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാര്‍ഗ്ഗമല്ലെന്നും പക്ഷെ ഏത്‌ അക്രമത്തെയും നേരിടാനുളള കരുത്ത്‌ സഭയ്‌ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.