ഈ ലേഖയില്‍‍ തിരയുക

തിന്മയ്‌ക്കു മുന്‍പില്‍ പകച്ചു നില്‍ക്കരുത്‌: പരിശുദ്ധ ബാവാ

.

കോലഞ്ചേരി: തിന്മയുടെ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ പകച്ചു നില്‍ക്കാതെ ഉയര്‍പ്പിന്റെ പ്രത്യാശയോടെ ദൈവ സ്‌നേഹത്തിന്റെ സാക്ഷികളാകാന്‍ നമുക്കു സാധിക്കണമെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ ഉദ്‌ബോധിപ്പിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 21 ഞായറാഴ്ച വൈകീട്ട് നടന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനദിനാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. ക്രിസ്‌തുവിന്റെ ജീവിതത്തിന്റെയും ദര്‍ശനത്തിന്റെയും ഉത്തമ സാക്ഷികളാകുവാന്‍ നമുക്കു സാധിക്കണം.

ഓരോ ക്രിസ്‌ത്യാനിയും അവന്റെ ആത്മീയ ജീവിതത്തെ പരിശോധിക്കേണ്ടത്‌ ക്രിസ്‌തു ഏല്‍പ്പിച്ച ദൗത്യം ഏതു പരിധിവരെ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്നു വിശകലനം ചെയ്‌തു കൊണ്ടാകണമെന്നും പരിശുദ്ധ ബാവാ ഓര്‍മപ്പെടുത്തി. സ്നേഹത്തോടും സാഹോദര്യത്തോടും കൂടി പ്രവര്‍ത്തിക്കാന്‍ കഴിയണമെങ്കില്‍ ആത്മീയ ജീവിതം തിരിച്ചറിയണമെന്നും ബാവ പറഞ്ഞു. പരിശുദ്ധ ബാവയുടെ എഴുതിത്തയ്യാറാക്കിയ പ്രസംഗം പരിശുദ്ധ ബാവയുടെ ആമുഖത്തിനുശേഷം അങ്കമാലി ഭദ്രാസനത്തിന്റെ യൂഹാനോന്‍ മാര്‍ പോളിക്കാര്‍‍പ്പോസ് മെത്രാപ്പോലീത്ത വായിച്ചു.


സമ്മേളനത്തില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. സഭ ദൈവത്തിന്റെ ശരീരമാണെന്നും, സഭ ലോകത്തിനുവേണ്ടിയാണെന്നും, ദൈവത്തെ അറിയണമെങ്കില്‍ മനുഷ്യനെ അറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ദൈവമാഗ്രഹിക്കുന്നവിധത്തിലാക്കുകയാണു് സഭ ചെയ്യുന്നതു് ദൈവത്തോടുകൂടി ജീവിക്കുകയെന്നതാണു് പ്രാര്‍‍ത്ഥന. നമ്മുടെ ആഗ്രഹത്തിനനുസരിച്ച് ദൈവത്തെക്കൊണ്ടു് പ്രവര്‍ത്തിപ്പിക്കാനുള്ളതല്ല പ്രാര്‍‍ത്ഥന. ദൈവത്തിന്റെ ആഗ്രഹത്തിനനുസരിച്ച് നമ്മെ പ്രവര്‍ത്തിപ്പിക്കണം.


മലങ്കര സഭാപിളര്‍പ്പ് അവസാനിപ്പിക്കുന്നതിനുവേണ്ടിനിലകൊള്ളുന്ന ഭദ്രാസനമാണു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനമെന്നു് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത സ്വാഗതപ്രസംഗത്തില്‍ വ്യക്തമാക്കി. മലങ്കര സഭാഐക്യം വേണമെന്ന് ആഗ്രഹിച്ചവരുടെ കൂട്ടായ്മയായാണു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം . ഭിന്നിച്ചാല്‍‍ നിലനില്‍പ്പോ സ്വത്വമോ ഇല്ല. കോടതി വ്യവഹാരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ധ്യാനമന്ദിരങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമെല്ലാം ഐക്യം നിര്‍വഹിക്കുന്നതിനുവേണ്ടിയാണെന്നു് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത വിശദീകരിച്ചു.


ഫെബ്രുവരി 17നു് മെത്രാന്‍‍ സ്‌ഥാനത്തേക്ക്‌ മലങ്കര സുറിയാനിക്രിസ്ത്യാനി അസോസിയേഷന്‍‍ തിരഞ്ഞെടുത്ത ഫാ. സാബു കുര്യാക്കോസ്‌, യൂഹാനോന്‍ റമ്പാന്‍, ഫാ. വി.എം. എബ്രാഹാം എന്നിവര്‍ക്ക്‌ സ്വീകരണം നല്‍കി. ചെറുപ്പക്കാരായുള്ളവരെ മെത്രാന്‍‍ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തതു് സഭയുടെ ലക്ഷ്യപൂര്‍വമായ വളര്‍‍ച്ചയ്ക്കു് ഉപകരിയ്ക്കുമെന്നു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

ഭദ്രാസന വെബ്‌സൈറ്റ് സി.വി.ജേക്കബ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈദിക ഡയറക്ടറിയുടെ പ്രകാശനം അങ്കമാലി ഭദ്രാസനത്തിന്റെ യൂഹാനോന്‍ മാര്‍ പോളിക്കാര്‍‍പ്പോസ് മെത്രാപ്പോലീത്ത നടത്തി. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കളാവോസ് ആശീര്‍‍വാദം നല്കി. ഭദ്രാസന സെക്രട്ടറി ഫാ. എബ്രാഹാം കാരാമ്മേല്‍ നന്ദി പ്രസംഗം നടത്തി. അഡ്വ. എം.എം.മോനായി എംഎല്‍എ, പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസമ്മ തങ്കപ്പന്‍, മെമ്പര്‍ അഡ്വ. മാത്യു പി. പോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ഐ. മോന്‍സി എന്നിവര്‍ സംബന്ധിച്ചു.


പ്രാര്‍ഥനാ സംഗമമായി നടത്തിയ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനാഘോഷപരിപാടിയില്‍ 50 അംഗ ഗായക സംഘവും ഗായിക അമൃത സുരേഷും പ്രാര്‍ഥനാ ഗാനങ്ങള്‍ ആലപിച്ചു. കലാമണ്ഡലം നൃത്തവേദിയുടെ പ്രാര്‍‍ത്ഥനാ നൃത്തനൃത്യങ്ങളും സണ്‍‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്രൈസ്തവ സന്ദേശം നല്കുന്ന കലാപരിപാടികളും കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിലെ സ്ഥാപനങ്ങളെപ്പറ്റിയുള്ള ലഘു ഡോക്കുമെന്ററി പ്രദര്‍‍ശനവും ഉണ്ടായിരുന്നു. സ്നേഹവിരുന്നോടുകൂടി സമാപിച്ചു. ഫാ ഏലിയാസ് ചെറുകാടു്, തോമസ്‌ പോള്‍ റമ്പാന്‍, ഗീവര്‍ഗീസ്‌ റമ്പാന്‍, വൈദിക സെക്രട്ടറിഫാ. ബിനോയി ജോണ്‍, ഫാ. മേരിദാസ് സ്റ്റീഫന്‍, ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ തുടങ്ങിയവരാണു് ഭദ്രാസന ദിനാഘോഷപരിപാടിക്ക്‌ നേതൃത്വം നല്‍കിയതു്.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.