ഈ ലേഖയില്‍‍ തിരയുക

ദേവാലയങ്ങള്‍ മതസൗഹാര്‍ദം ശക്‌തിപ്പെടുത്തുന്ന കേന്ദ്രങ്ങളാകണം – അരാം കാതോലിക്കാ ബാവ


മൂവാറ്റുപുഴ: മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ സ്വപ്നഭൂമിയാണ് കേരളമെന്നതിന് ഇവിടത്തെ വിവിധ ദേവാലയങ്ങളുടെ സജീവസാന്നിദ്ധ്യം തെളിവാണെന്ന് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ തലവന്‍ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മുവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രല്‍ അരമനയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവ.



ദേവാലയങ്ങള്‍ മതസൗഹാര്‍ദം ശക്‌തിപ്പെടുത്തുന്ന കേന്ദ്രങ്ങളാകണമെന്ന്‌ അര്‍മീനിയന്‍ കാതോലിക്കാ ബാവ പറഞ്ഞു. ദേവാലയം ക്രിസ്‌തുവിന്റെ ശരീരമാണ്‌. ദേവാലയങ്ങളുടെ നിര്‍മിതി സര്‍വമത സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും നീതി സമൂഹത്തിന്റെ കെട്ടുപണിക്കും ഉപകരിക്കണമെന്ന് ബാവ പറഞ്ഞു. നിലനില്‍ക്കുന്ന പ്രദേശത്തിന്‌ ഐശ്വര്യവും സമൃദ്ധിയും ശാന്തിയും പകരാന്‍ അതിനു കഴിയും. ഭാരതത്തിനു സുവിശേഷ വെളിച്ചം പകര്‍ന്നു നല്‍കിയ സെന്റ്‌ തോമസിന്റെ നാമത്തിലുള്ള ദേവാലയം മൂവാറ്റുപുഴയുടെ ഐശ്വര്യമാകട്ടെയെന്ന്‌ അദ്ദേഹം ആശംസിച്ചു.


ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ സ്വാഗതപ്രസംഗം നടത്തി . കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ആസ്‌ഥാനമായ മൂവാറ്റുപുഴ അരമനയില്‍ പുതുക്കിപ്പണിയുന്ന സെന്റ്‌ തോമസ്‌ കത്തീഡ്രലിന്റെ ശിലാസ്‌ഥാപനം ബാവ നിര്‍വഹിച്ചു. മുവാറ്റുപുഴ നഗരസഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനം, സെന്റ് തോമസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഹാരങ്ങള്‍ ബാവയ്ക്ക് നല്‍കി. നഗരസഭയുടെ ഉപഹാരം നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌ തോട്ടവും, കണ്ടനാട്‌ ഭദ്രാസനത്തിന്റെ ഉപഹാരം ഡോ. തോമസ്‌ മാര്‍ അത്തനാസിയോസുമാണു് പരിശുദ്ധ ബാവായ്‌ക്കു സമര്‍പ്പിച്ചതു്.



അര്‍മീനിയന്‍ പ്രതിനിധി സംഘത്തിലെ ടെഹ്‌റാന്‍ ആര്‍ച്ച്‌ ബിഷപ്‌ സെബൗ സര്‍ക്കീസിയാന്‍, ബിഷപ്‌ നരേഗ്‌ അല്‍എമിസിയാന്‍, ഫാ. മെസറോബ്‌ സര്‍ക്കിസിയാന്‍, ഓര്‍ത്തഡോക്‌സ്‌ സഭ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌, ബാബു പോള്‍ എംഎല്‍എ, നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌ തോട്ടം, പി.കെ. സുലൈമാന്‍ മൗലവി, എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ പി.കെ. രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍ നന്ദി പ്രസംഗം നടത്തി .


വൈകീട്ട് 4ന് അരമന കവാടത്തില്‍ പരിശുദ്ധ അരാം പ്രഥമന്‍ ബാവയെയും മെത്രാപ്പോലീത്തമാരെയും ബാബു പോള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരി ജോര്‍ജ്, ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് എന്നിവരോടെ നേതൃത്വത്തില്‍‍ വൈദികരും വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചാനയിച്ചു.


കത്തീഡ്രല്‍ വികാരിമാരായ ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറ, ഫാ. മേരിദാസ്‌ സ്‌റ്റീഫന്‍, അരമന മാനേജര്‍ തോമസ്‌ പോള്‍ റമ്പാന്‍, ഗീവര്‍ഗീസ്‌ റമ്പാന്‍, ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍ തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.

.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.