
കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെ.എസ്.ടി.പി. ഏറ്റെടുത്ത വടകര സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി വക കൂത്താട്ടുകുളം ടൗണ്‍ ചാപ്പല്‍ ആരാധനയ്ക്കായി ഫെ 27 ശനിയാഴ്ച വൈകീട്ട് തുറന്നുകൊടുത്തു. ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരമാണ് ദേവാലയം പോലീസ് തുറന്നുകൊടുത്തത്.
ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെ.എസ്.ടി.പി.ക്കു വേണ്ടിയുള്ള പൊന്നുംവില നടപടിയോട് ബന്ധപ്പെട്ട് കൂത്താട്ടുകുളം സെന്റ് ജോണ്‍സ് പള്ളി ചാപ്പലും വ്യാപാരമന്ദിര സമുച്ചയവും കഴിഞ്ഞ ബുധനാഴ്ച ഏറ്റെടുത്തിരുന്നു. ഭൂമി ഏറ്റെടുക്കല്‍ തഹസീല്‍ദാര്‍, മറ്റ് റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തഹസീല്‍ദാരുടെ അധീനതയിലേക്ക് ഏറ്റെടുക്കല്‍ നടന്നത്. ചാപ്പലിലേക്കുള്ള കവാടം പൂട്ടി താക്കോല്‍ കെ.എസ്.ടി.പി അധികൃതര്‍ ഏറ്റുവാങ്ങുകയും ചെയ്തു.
എന്നാല്‍ ഏറ്റെടുത്ത ഭാഗം പൊളിച്ചുമാറ്റുന്നതുവരെ ചാപ്പലില്‍ ആരാധന നടത്തുന്നതിന് അനുവാദം തരണമെന്നാവശ്യപ്പെട്ട് വടകര സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി വികാരി ഫാ. പി.സി. ജോയി കടുകുംമാക്കില്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി. ചാപ്പല്‍ പൂട്ടുന്നസമയത്തും വിശ്വാസികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഫെ 27 ശനിയാഴ്ച ഫാ. പി.സി. ജോയി കടുകുംമാക്കില്‍, ഫാ. ജോണ്‍ വി. ജോണ്‍, ഫാ. മാത്യു എബ്രാഹം എന്നിവര്‍ ജില്ലാ കളക്ടറെ നേരില്‍ക്കണ്ടു.
ചാപ്പലിന്റെ താക്കോല്‍ കെ.എസ്.ടി.പി എന്‍ജിനീയറില്‍നിന്നും പിറവം സി.ഐ മുഖേന കൂത്താട്ടുകുളം പോലീസ് ഏറ്റുവാങ്ങി. ആരാധനയ്ക്കുശേഷം പള്ളി അടച്ച് താക്കോല്‍ സൂക്ഷിക്കേണ്ടതാണെന്നും പിറവം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴ തഹസീല്‍ദാര്‍, റവന്യൂ ഡിവിഷണല്‍ ആഫീസര്‍, എ.ഡി.എം എന്നിവര്‍ക്കും ഉത്തരവുകള്‍ കളക്ടര്‍ നല്‍കിയിട്ടുണ്ട്.
.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.