ഓണക്കൂര്‍, ജനുവരി 17: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് കിഴക്ക് ഭദ്രാസനത്തിലെ മാത്യൂസ് കാഞ്ഞിരംപാറ കശീശ വികാരിയെന്ന നിലയില്‍ ഓണക്കൂര്‍ സെഹിയോന്‍ പള്ളിയില്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ചെറിയാന്‍ പാലക്കാട്ടുമാലി കശീശയും ഒപ്പമുണ്ടായിരുന്നു.
ഫാ.മാത്യൂസ് കാഞ്ഞിരംപാറയെ വികാരിയായി നിയമിച്ചുകൊണ്ടുള്ള ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കല്പന ശരിവച്ച എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ ഉത്തരവുമായി തലേ ഞായറാഴ്ച (ജനുവരി 10) കുര്‍ബാനയര്‍പ്പിക്കാനെത്തിയ ഫാ.മാത്യൂസ് കാഞ്ഞിരംപാറയെയും ശുശ്രൂഷക്കാരെയും വിശ്വാസികളെയും വിമതന്‍മാരായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തിളച്ച വെള്ളവും മുളകുപൊടിയും കമ്പിവടിയും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഈ പൈശാചിക ആക്രമണത്തില്‍ പരിക്കേറ്റ ഫാ. മാത്യൂസ് കാഞ്ഞിരംപാറയടക്കമുള്ളവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതിനിടെ വികാരി ഫാ.മാത്യൂസ് കാഞ്ഞിരംപാറയ്ക്കും അദ്ദേഹത്തിന്റെ സഹവൈദീകര്‍ക്കും പോലീസ് ചുമതല നിര്‍വഹണത്തിനു് സംരക്ഷണം നല്‍കണമെന്നും അന്തിമവിധിയുണ്ടാകുന്നതുവരെ എതിര്‍ കക്ഷികള്‍ക്കു് ഒന്നിടവിട്ട ആഴ്ചയില്‍ തവണ നല്കണമെന്നും ജനുവരി 13 ചൊവ്വാഴ്ച ഹൈക്കോടതി ഇടക്കാലവിധി പുറപ്പെടുവിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒ. ഇരുപക്ഷത്തെയും വിളിച്ചുകൂട്ടി നടത്തിയ ചര്‍ച്ചയില്‍ ഇരുകൂട്ടര്‍ക്കും കുബാനയര്‍പ്പിക്കാന്‍ ക്രമം നിശ്ചയിച്ചു. ഇതുപ്രകാരമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ വൈദീകന്‍ ഞായറാഴ്ച കുര്‍ബാനയര്‍പ്പിച്ചത്.
ആശുപത്രിക്കിടക്കയില്‍ നിന്നാണു് ഫാ.മാത്യൂസ് കാഞ്ഞിരംപാറ കുര്‍ബാനയര്‍പ്പിക്കാനെത്തിയതു്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു് പിറവം സി.ഐ. കെ. ബിജുമോന്റെ നേതൃത്വത്തില്‍ വലിയ പോലീസ് സന്നാഹം പള്ളി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.