ഈ ലേഖയില്‍‍ തിരയുക

ദേവാലയങ്ങള്‍ മതസൗഹാര്‍ദം ശക്‌തിപ്പെടുത്തുന്ന കേന്ദ്രങ്ങളാകണം – അരാം കാതോലിക്കാ ബാവ


മൂവാറ്റുപുഴ: മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ സ്വപ്നഭൂമിയാണ് കേരളമെന്നതിന് ഇവിടത്തെ വിവിധ ദേവാലയങ്ങളുടെ സജീവസാന്നിദ്ധ്യം തെളിവാണെന്ന് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ തലവന്‍ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മുവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രല്‍ അരമനയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവ.



ദേവാലയങ്ങള്‍ മതസൗഹാര്‍ദം ശക്‌തിപ്പെടുത്തുന്ന കേന്ദ്രങ്ങളാകണമെന്ന്‌ അര്‍മീനിയന്‍ കാതോലിക്കാ ബാവ പറഞ്ഞു. ദേവാലയം ക്രിസ്‌തുവിന്റെ ശരീരമാണ്‌. ദേവാലയങ്ങളുടെ നിര്‍മിതി സര്‍വമത സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും നീതി സമൂഹത്തിന്റെ കെട്ടുപണിക്കും ഉപകരിക്കണമെന്ന് ബാവ പറഞ്ഞു. നിലനില്‍ക്കുന്ന പ്രദേശത്തിന്‌ ഐശ്വര്യവും സമൃദ്ധിയും ശാന്തിയും പകരാന്‍ അതിനു കഴിയും. ഭാരതത്തിനു സുവിശേഷ വെളിച്ചം പകര്‍ന്നു നല്‍കിയ സെന്റ്‌ തോമസിന്റെ നാമത്തിലുള്ള ദേവാലയം മൂവാറ്റുപുഴയുടെ ഐശ്വര്യമാകട്ടെയെന്ന്‌ അദ്ദേഹം ആശംസിച്ചു.


ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ സ്വാഗതപ്രസംഗം നടത്തി . കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ആസ്‌ഥാനമായ മൂവാറ്റുപുഴ അരമനയില്‍ പുതുക്കിപ്പണിയുന്ന സെന്റ്‌ തോമസ്‌ കത്തീഡ്രലിന്റെ ശിലാസ്‌ഥാപനം ബാവ നിര്‍വഹിച്ചു. മുവാറ്റുപുഴ നഗരസഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനം, സെന്റ് തോമസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഹാരങ്ങള്‍ ബാവയ്ക്ക് നല്‍കി. നഗരസഭയുടെ ഉപഹാരം നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌ തോട്ടവും, കണ്ടനാട്‌ ഭദ്രാസനത്തിന്റെ ഉപഹാരം ഡോ. തോമസ്‌ മാര്‍ അത്തനാസിയോസുമാണു് പരിശുദ്ധ ബാവായ്‌ക്കു സമര്‍പ്പിച്ചതു്.



അര്‍മീനിയന്‍ പ്രതിനിധി സംഘത്തിലെ ടെഹ്‌റാന്‍ ആര്‍ച്ച്‌ ബിഷപ്‌ സെബൗ സര്‍ക്കീസിയാന്‍, ബിഷപ്‌ നരേഗ്‌ അല്‍എമിസിയാന്‍, ഫാ. മെസറോബ്‌ സര്‍ക്കിസിയാന്‍, ഓര്‍ത്തഡോക്‌സ്‌ സഭ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌, ബാബു പോള്‍ എംഎല്‍എ, നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌ തോട്ടം, പി.കെ. സുലൈമാന്‍ മൗലവി, എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ പി.കെ. രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍ നന്ദി പ്രസംഗം നടത്തി .


വൈകീട്ട് 4ന് അരമന കവാടത്തില്‍ പരിശുദ്ധ അരാം പ്രഥമന്‍ ബാവയെയും മെത്രാപ്പോലീത്തമാരെയും ബാബു പോള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരി ജോര്‍ജ്, ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് എന്നിവരോടെ നേതൃത്വത്തില്‍‍ വൈദികരും വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചാനയിച്ചു.


കത്തീഡ്രല്‍ വികാരിമാരായ ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറ, ഫാ. മേരിദാസ്‌ സ്‌റ്റീഫന്‍, അരമന മാനേജര്‍ തോമസ്‌ പോള്‍ റമ്പാന്‍, ഗീവര്‍ഗീസ്‌ റമ്പാന്‍, ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍ തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.

.

കെ.എസ്.ടി.പി ഏറ്റെടുത്ത കൂത്താട്ടുകുളം ടൗണ്‍ ഓര്‍ത്തഡോക്‌സ് സുറിയാനി ചാപ്പല്‍ ആരാധനയ്ക്കായി തുറന്നു


കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെ.എസ്.ടി.പി. ഏറ്റെടുത്ത വടകര സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി വക കൂത്താട്ടുകുളം ടൗണ്‍ ചാപ്പല്‍ ആരാധനയ്ക്കായി ഫെ 27 ശനിയാഴ്ച വൈകീട്ട് തുറന്നുകൊടുത്തു. ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരമാണ് ദേവാലയം പോലീസ് തുറന്നുകൊടുത്തത്.

ടൗണ്‍ വികസനത്തിന്റെ ഭാഗമായി കെ.എസ്.ടി.പി.ക്കു വേണ്ടിയുള്ള പൊന്നുംവില നടപടിയോട് ബന്ധപ്പെട്ട് കൂത്താട്ടുകുളം സെന്റ് ജോണ്‍സ് പള്ളി ചാപ്പലും വ്യാപാരമന്ദിര സമുച്ചയവും കഴിഞ്ഞ ബുധനാഴ്ച ഏറ്റെടുത്തിരുന്നു. ഭൂമി ഏറ്റെടുക്കല്‍ തഹസീല്‍ദാര്‍, മറ്റ് റവന്യൂ ഇന്‍സ്‌പെക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തഹസീല്‍ദാരുടെ അധീനതയിലേക്ക് ഏറ്റെടുക്കല്‍ നടന്നത്. ചാപ്പലിലേക്കുള്ള കവാടം പൂട്ടി താക്കോല്‍ കെ.എസ്.ടി.പി അധികൃതര്‍ ഏറ്റുവാങ്ങുകയും ചെയ്തു.

എന്നാല്‍ ഏറ്റെടുത്ത ഭാഗം പൊളിച്ചുമാറ്റുന്നതുവരെ ചാപ്പലില്‍ ആരാധന നടത്തുന്നതിന് അനുവാദം തരണമെന്നാവശ്യപ്പെട്ട് വടകര സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി വികാരി ഫാ. പി.സി. ജോയി കടുകുംമാക്കില്‍‍ അധികൃതര്‍ക്ക് നിവേദനം നല്‍കി. ചാപ്പല്‍ പൂട്ടുന്നസമയത്തും വിശ്വാസികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഫെ 27 ശനിയാഴ്ച ഫാ. പി.സി. ജോയി കടുകുംമാക്കില്‍, ഫാ. ജോണ്‍ വി. ജോണ്‍, ഫാ. മാത്യു എബ്രാഹം എന്നിവര്‍ ജില്ലാ കളക്ടറെ നേരില്‍ക്കണ്ടു.

ചാപ്പലിന്റെ താക്കോല്‍ കെ.എസ്.ടി.പി എന്‍ജിനീയറില്‍നിന്നും പിറവം സി.ഐ മുഖേന കൂത്താട്ടുകുളം പോലീസ് ഏറ്റുവാങ്ങി. ആരാധനയ്ക്കുശേഷം പള്ളി അടച്ച് താക്കോല്‍ സൂക്ഷിക്കേണ്ടതാണെന്നും പിറവം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴ തഹസീല്‍ദാര്‍, റവന്യൂ ഡിവിഷണല്‍ ആഫീസര്‍, എ.ഡി.എം എന്നിവര്‍ക്കും ഉത്തരവുകള്‍ കളക്ടര്‍ നല്‍കിയിട്ടുണ്ട്.
.

സമൂഹത്തിലും സഭയിലും വിഭജനമല്ല ഐക്യമാണ് ക്രൈസ്തവ ദൌത്യം : പ. അരാം പ്രഥമന്‍ കാതോലിക്കാ


ദേവലോകം (കോട്ടയം), ഫെ 26:സമൂഹത്തിലും സഭയിലും വിഭജനത്തിന്റെ വിത്തുപാകുകയല്ല ദൈവേഷ്ടം നിറവേറ്റുന്നതിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കുകയാണ് ക്രൈസ്തവ ദൌത്യമെന്ന് ലോകസമാധാനത്തിനായുള്ള മതങ്ങളുടെ പൊതു വേദിയുടെ സ്ഥാപകാദ്ധ്യക്ഷനും അര്‍മീനിയന്‍ സഭാ തലവനുമായ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.

മലങ്കര സഭയില്‍ ഐക്യമാണ് വിഭജനമല്ല ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ സ്വയം ശീര്‍ഷകത്വമുള്ള സഭകളുടെ ഒരു കുടുംബമാണ് അവിടെ പ്രഥമത്വത്തിനു് (പ്രൈമസിക്ക്) പ്രസക്തിയില്ല.




മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും അര്‍മീനിയന്‍ സഭയില്‍ നിന്ന് മലങ്കര സഭ സന്ദര്‍ശിക്കുന്ന മെത്രാപ്പോലീത്താമാരും സംയുക്തമായി നടത്തിയ ലോക സമാധാനത്തിനും മത സൌഹാര്‍ദ്ദത്തിനും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ മുഖ്യ പ്രഭാഷണം രാവിലെ ഒമ്പതിന്‌ ദേവലോകം അരമന കോണ്‍ഫറന്‍സ്‌ ഹാളില്‍ നടത്തുകയായിരുന്നു അദ്ദേഹം.

പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് , ഡോ. ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ്, തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് , സഖറിയാസ് മാര്‍ നിക്കോളോവാസ്, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് ഇരു സഭകളിലെ എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി പ്രസിഡണ്ട്മാരായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് , ബിഷപ്പ് നരേഗ് അല്‍മെസിയാന്‍ എന്നിവര്‍ സമാധാന - സൌഹാര്‍ദ്ദ ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
.

അരാം പ്രഥമന്‍ ബാവയ്‌ക്ക്‌ മൂവാറ്റുപുഴ അരമനയില്‍ സ്വീകരണം ഫെ 27 ശനിയാഴ്ച


മൂവാറ്റുപുഴ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക ക്ഷണമനുസരിച്ചു കേരളം സന്ദര്‍ശിക്കുന്ന അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യയിലെ കാതോലിക്കാ പരിശുദ്ധ അരാം പ്രഥമന്‍ ബാവയ്‌ക്ക്‌ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ അരമനയില്‍ ഫെ 27 ശനിയാഴ്ച സ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ എത്തിച്ചേരുന്ന ബാവയെ തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, ബാബു പോള്‍ എംഎല്‍എ, നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച്‌ കത്തീഡ്രലിലേയ്‌ക്ക്‌ ആനയിക്കും. പുതുക്കിപ്പണിയുന്ന സെന്റ്‌ തോമസ്‌ കത്തീഡ്രലിന്റെ ശിലാസ്ഥാപനം ബാവ നിര്‍വഹിക്കും. സംസ്ഥാന അതിഥിയായാണ്‌ ബാവ എത്തുന്നത്‌.

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ സ്വയംശീര്‍‍ഷകസഭകളിലൊന്നായ കിലിക്യാ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കോസാണു് പരിശുദ്ധ ആരാം കെഷീഷിയാന്‍ ബാവ. കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് കിലിക്യാ (അര്‍മീനിയന്‍‍: Կաթողիկոսութիւն Հայոց Մեծի Տանն Կիլիկիոյ ) എന്നും അറിയപ്പെടുന്ന അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ ആസ്ഥാനം 1930 മുതല്‍ ലെബാനോനിലെ ബെയ്റൂട്ടിനടുത്തുള്ള അന്തേലിയാസാണു്.

അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം കൂടിയാണു് കിലിക്യാ സിംഹാസനം. കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസിനു് സമ്പൂര്‍ണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ മുപ്പനുസരിച്ചു് രണ്ടാം സ്ഥാനമാണു്.


ബെയ്‌റൂട്ടില്‍ 1947ല്‍ ജനിച്ച അരാം കെഷീഷിയാന്‍ 1980ല്‍ എപ്പിസ്കോപ്പയായി. 1995 ജൂലൈ ഒന്നിന്‌ കിലിക്യയിലെ 45-ാമത്തെ കാതോലിക്കോസായി സ്‌ഥാനാരോഹണം ചെയ്‌തു. സഭകളുടെ ലോക കൗണ്‍സില്‍ (W C C) മോഡറേറ്ററായി രണ്ടു തവണയായി 15 വര്‍ഷം (1991 - 2006) പ്രവര്‍ത്തിച്ചു. ഈ സ്‌ഥാനത്തെത്തുന്ന ആദ്യത്തെ ഓര്‍ത്തഡോക്‌സുകാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയുമായിരുന്നു അദ്ദേഹം. ഈ സ്‌ഥാനത്തേക്ക്‌ ഒരാള്‍ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായിട്ടാണ്‌.

ലെബനോനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതില്‍ ബാവ പ്രമുഖ പങ്കു വഹിച്ചു. ലോക മത മ്യൂസിയം ഫൗണ്ടേഷന്‍, സമാധാനത്തിനു വേണ്ടിയുള്ള ലോക മത സംഘടന എന്നിവയുടെ പ്രസിഡന്റും ആണ്‌ ബാവ.

സഹോദരീ സഭാതലവനായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവയുടെ ക്ഷണ പ്രകാരം ഫെ 24 മുതല്‍ 28 വരെ പരിശുദ്ധ ആരാം കെഷീഷിയാന്‍ ബാവ മലങ്കര സഭാ സന്ദര്‍ശനത്തിലാണു്
.

തിന്മയ്‌ക്കു മുന്‍പില്‍ പകച്ചു നില്‍ക്കരുത്‌: പരിശുദ്ധ ബാവാ

.

കോലഞ്ചേരി: തിന്മയുടെ യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ പകച്ചു നില്‍ക്കാതെ ഉയര്‍പ്പിന്റെ പ്രത്യാശയോടെ ദൈവ സ്‌നേഹത്തിന്റെ സാക്ഷികളാകാന്‍ നമുക്കു സാധിക്കണമെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ ഉദ്‌ബോധിപ്പിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 21 ഞായറാഴ്ച വൈകീട്ട് നടന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനദിനാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ. ക്രിസ്‌തുവിന്റെ ജീവിതത്തിന്റെയും ദര്‍ശനത്തിന്റെയും ഉത്തമ സാക്ഷികളാകുവാന്‍ നമുക്കു സാധിക്കണം.

ഓരോ ക്രിസ്‌ത്യാനിയും അവന്റെ ആത്മീയ ജീവിതത്തെ പരിശോധിക്കേണ്ടത്‌ ക്രിസ്‌തു ഏല്‍പ്പിച്ച ദൗത്യം ഏതു പരിധിവരെ തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ എന്നു വിശകലനം ചെയ്‌തു കൊണ്ടാകണമെന്നും പരിശുദ്ധ ബാവാ ഓര്‍മപ്പെടുത്തി. സ്നേഹത്തോടും സാഹോദര്യത്തോടും കൂടി പ്രവര്‍ത്തിക്കാന്‍ കഴിയണമെങ്കില്‍ ആത്മീയ ജീവിതം തിരിച്ചറിയണമെന്നും ബാവ പറഞ്ഞു. പരിശുദ്ധ ബാവയുടെ എഴുതിത്തയ്യാറാക്കിയ പ്രസംഗം പരിശുദ്ധ ബാവയുടെ ആമുഖത്തിനുശേഷം അങ്കമാലി ഭദ്രാസനത്തിന്റെ യൂഹാനോന്‍ മാര്‍ പോളിക്കാര്‍‍പ്പോസ് മെത്രാപ്പോലീത്ത വായിച്ചു.


സമ്മേളനത്തില്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. സഭ ദൈവത്തിന്റെ ശരീരമാണെന്നും, സഭ ലോകത്തിനുവേണ്ടിയാണെന്നും, ദൈവത്തെ അറിയണമെങ്കില്‍ മനുഷ്യനെ അറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ദൈവമാഗ്രഹിക്കുന്നവിധത്തിലാക്കുകയാണു് സഭ ചെയ്യുന്നതു് ദൈവത്തോടുകൂടി ജീവിക്കുകയെന്നതാണു് പ്രാര്‍‍ത്ഥന. നമ്മുടെ ആഗ്രഹത്തിനനുസരിച്ച് ദൈവത്തെക്കൊണ്ടു് പ്രവര്‍ത്തിപ്പിക്കാനുള്ളതല്ല പ്രാര്‍‍ത്ഥന. ദൈവത്തിന്റെ ആഗ്രഹത്തിനനുസരിച്ച് നമ്മെ പ്രവര്‍ത്തിപ്പിക്കണം.


മലങ്കര സഭാപിളര്‍പ്പ് അവസാനിപ്പിക്കുന്നതിനുവേണ്ടിനിലകൊള്ളുന്ന ഭദ്രാസനമാണു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനമെന്നു് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത സ്വാഗതപ്രസംഗത്തില്‍ വ്യക്തമാക്കി. മലങ്കര സഭാഐക്യം വേണമെന്ന് ആഗ്രഹിച്ചവരുടെ കൂട്ടായ്മയായാണു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനം . ഭിന്നിച്ചാല്‍‍ നിലനില്‍പ്പോ സ്വത്വമോ ഇല്ല. കോടതി വ്യവഹാരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ധ്യാനമന്ദിരങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമെല്ലാം ഐക്യം നിര്‍വഹിക്കുന്നതിനുവേണ്ടിയാണെന്നു് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത വിശദീകരിച്ചു.


ഫെബ്രുവരി 17നു് മെത്രാന്‍‍ സ്‌ഥാനത്തേക്ക്‌ മലങ്കര സുറിയാനിക്രിസ്ത്യാനി അസോസിയേഷന്‍‍ തിരഞ്ഞെടുത്ത ഫാ. സാബു കുര്യാക്കോസ്‌, യൂഹാനോന്‍ റമ്പാന്‍, ഫാ. വി.എം. എബ്രാഹാം എന്നിവര്‍ക്ക്‌ സ്വീകരണം നല്‍കി. ചെറുപ്പക്കാരായുള്ളവരെ മെത്രാന്‍‍ സ്ഥാനത്തേയ്ക്കു് തെരഞ്ഞെടുത്തതു് സഭയുടെ ലക്ഷ്യപൂര്‍വമായ വളര്‍‍ച്ചയ്ക്കു് ഉപകരിയ്ക്കുമെന്നു് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

ഭദ്രാസന വെബ്‌സൈറ്റ് സി.വി.ജേക്കബ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈദിക ഡയറക്ടറിയുടെ പ്രകാശനം അങ്കമാലി ഭദ്രാസനത്തിന്റെ യൂഹാനോന്‍ മാര്‍ പോളിക്കാര്‍‍പ്പോസ് മെത്രാപ്പോലീത്ത നടത്തി. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കളാവോസ് ആശീര്‍‍വാദം നല്കി. ഭദ്രാസന സെക്രട്ടറി ഫാ. എബ്രാഹാം കാരാമ്മേല്‍ നന്ദി പ്രസംഗം നടത്തി. അഡ്വ. എം.എം.മോനായി എംഎല്‍എ, പൂത്തൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസമ്മ തങ്കപ്പന്‍, മെമ്പര്‍ അഡ്വ. മാത്യു പി. പോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ഐ. മോന്‍സി എന്നിവര്‍ സംബന്ധിച്ചു.


പ്രാര്‍ഥനാ സംഗമമായി നടത്തിയ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനാഘോഷപരിപാടിയില്‍ 50 അംഗ ഗായക സംഘവും ഗായിക അമൃത സുരേഷും പ്രാര്‍ഥനാ ഗാനങ്ങള്‍ ആലപിച്ചു. കലാമണ്ഡലം നൃത്തവേദിയുടെ പ്രാര്‍‍ത്ഥനാ നൃത്തനൃത്യങ്ങളും സണ്‍‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ക്രൈസ്തവ സന്ദേശം നല്കുന്ന കലാപരിപാടികളും കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിലെ സ്ഥാപനങ്ങളെപ്പറ്റിയുള്ള ലഘു ഡോക്കുമെന്ററി പ്രദര്‍‍ശനവും ഉണ്ടായിരുന്നു. സ്നേഹവിരുന്നോടുകൂടി സമാപിച്ചു. ഫാ ഏലിയാസ് ചെറുകാടു്, തോമസ്‌ പോള്‍ റമ്പാന്‍, ഗീവര്‍ഗീസ്‌ റമ്പാന്‍, വൈദിക സെക്രട്ടറിഫാ. ബിനോയി ജോണ്‍, ഫാ. മേരിദാസ് സ്റ്റീഫന്‍, ഫാ. ജോണ്‍ വള്ളിക്കാട്ടില്‍ തുടങ്ങിയവരാണു് ഭദ്രാസന ദിനാഘോഷപരിപാടിക്ക്‌ നേതൃത്വം നല്‍കിയതു്.

കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷം കോലഞ്ചേരിയില്‍ ഫെ 21 ഞായറാഴ്ച

.
കോലഞ്ചേരി: കണ്ടനാട് ഈസ്റ്റ് ഭദ്രാസന ദിനാഘോഷം ഫെ 21 ഞായറാഴ്ച കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. വൈകിട്ട് 4ന് പ്രാര്‍ത്ഥനാസംഗമം എന്ന പേരില്‍ പരിപാടികള്‍ ആരംഭിക്കും. 51 പേരടങ്ങുന്ന ഗായകസംഘവും സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഉണ്ടാകും.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രാര്‍ത്ഥനാചടങ്ങുകള്‍ നടക്കും. മാര്‍ത്തോമ്മ സഭയുടെ വലിയമെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മുഖ്യസന്ദേശം നല്‍കും. സഭയുടെ പുതിയ മെത്രാപ്പോലീത്തമാരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വീകരണവും, ഭദ്രാസന വെബ്‌സൈറ്റ് ഉദ്ഘാടനവും വൈദികഡയറക്ടറി പ്രകാശനവും നടക്കും.

ഫെ 19 നു് പത്രസമ്മേളനത്തില്‍ മൂവാറ്റുപുഴ അരമനയില്‍ നിന്നെത്തിയ തോമസ് പോള്‍ റമ്പാച്ചന്‍, ഗീവര്‍ഗീസ് റമ്പാച്ചന്‍, ഫാ.ബിനോയ് ജോണ്‍, ഫാ.ജോണ്‍ വള്ളിക്കാട്ടില്‍, ഫാ.എബ്രഹാം കാരാമ്മേല്‍, കുര്യാക്കോസ് ചെന്നക്കാടന്‍, ജോയ് മേങ്കോട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.

കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനവും കുടുംബസംഗമവും ഫെബ്രുവരി 21ന്‌ കോലഞ്ചേരിയില്‍

.
മൂവാറ്റുപുഴ: കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ദിനവും കുടുംബസംഗമവും ഫെബ്രുവരി 21ന്‌ 4 മണിയ്ക്കു് കോലഞ്ചേരിയില്‍ നടത്തുവാന്‍ തീരുമാനിച്ചുകൊണ്ടു് ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്ത കല്പന നല്കി.


കോലഞ്ചേരിയില്‍ മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ്‌ പൗലോസ്‌ പ്രഥമന്‍ നഗറില്‍ (സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയം) ഫെബ്രുവരി 21-ന്‌ നടക്കുന്ന ഭദ്രാസന ദിനാഘോഷത്തില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായും ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പൊലീത്തയും മറ്റു മെത്രാപ്പൊലീത്തമാരുമെല്ലാം പങ്കെടുക്കും. ഫെബ്രുവരി 21 ഞായറാഴ്ച വൈകിട്ടു് 4 മണി മുതല്‍ 8 മണി വരെ പ്രാര്‍ത്ഥനാസന്ധ്യയായാണു് ഭദ്രാസന ദിനാചരണവും കുടുംബസംഗമവും സംഘടിപ്പിക്കുന്നതു്. നിങ്ങള്‍ ഇവയ്ക്കു് സാക്ഷികളാണു് (വിശുദ്ധ ലൂക്കോസ് 24: 28) എന്ന മുഖ്യ ചിന്തയുടെ അടിസ്ഥാനത്തിലുള്ള പ്രാര്‍ത്ഥനകളും പ്രബോധനങ്ങളുമാണു് ഈ പ്രാര്‍ത്ഥനാസന്ധ്യയില്‍‍ ക്രമീകരിച്ചിട്ടുള്ളതെന്നു് കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമേല്‍ അറിയിച്ചു.

പരിപാടികളുടെ നടത്തിപ്പിനായി ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ ചെയര്‍മാനും, ഭദ്രാസന ചാന്‍സലര്‍ ഫാ. ഏബ്രഹാം കാരാമേല്‍ ഫാ. ബിനോയ്‌ ജോണ്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരുമായി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടു്.

കണ്ടനാടു് ഭദ്രാസന ചരിത്രം

ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയെപ്പറ്റി

.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.