ആലുവയിലെ വലിയ തിരുമേനി |
കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മെത്രാപോലീത്തയായി ആലുവയില്‍ കബറടങ്ങിയിരിക്കുന്ന ദൈവദാസന്‍ കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസിയോസ് (ആലുവ വലിയ തിരുമേനി) കാലം ചെയ്‌തിട്ട് അറുപതുവര്‍ഷം കഴിഞ്ഞു.
1953 ജനുവരി 25ന് 84-ാമത്തെ വയസിലാണ് ആലുവ വലിയ തിരുമേനി കാലം ചെയ്‌ത് തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയത്. ഓര്‍മപ്പെരുന്നാള്‍ ജനുവരി 25നും 26നുമായി പള്ളിയില്‍ ആചരിക്കുന്നു.
1869 ജനുവരി 23ന് അകപ്പറമ്പ് മോര്‍ സാബോര്‍ അഫ്രോത്ത് യാക്കോബായ ഇടവകയില്‍ പൈനാടത്ത് കുറ്റിക്കാട്ട് കുടുംബത്തിലാണ് ആലുവ വലിയ തിരുമേനി ജനിച്ചത്. 1898 ജനുവരി 25ന് പരിശുദ്ധ പരുമല തിരുമേനിയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു.
1910 ജൂണ്‍ ഒമ്പതിന് അകപ്പറമ്പ് പള്ളിയില്‍വച്ച് അന്ത്യോക്യായുടെ എതിര്‍ പാത്രിയര്‍ക്കീസ് അബ്‌ദുള്ള ബാവ മെത്രാന്‍പട്ടം നല്‍കി.1918, 1935 വര്‍ഷങ്ങളില്‍ നടന്ന വിഭാഗീയ പള്ളി പ്രതിപുരുഷ യോഗം അബ്‌ദുള്ളബാവാക്കക്ഷിയുടെ മലങ്കര മെത്രാപോലീത്തയായി തെരഞ്ഞെടുത്തു. 1935ലെ സമുദായക്കേസ് അദ്ദേഹം വാദിയായി നല്കിയതാണെങ്കിലും ഒരുഘട്ടത്തിലും മൊഴിനല്കാന്‍ എത്തിയില്ലെന്നതു് വിധിയില്‍ പ്രത്യേകമായി പരാമര്‍ശിച്ചിരുന്നു.നുണപറയാനുള്ള സമ്മര്‍ദ്ദമുണ്ടാകുമോ എന്നു ഭയന്നായിരുന്നുവത്രേ അതു്.
സഭയുടെ ഐക്യം അദ്ദേഹം ആഗ്രഹിച്ചു. ആലുവയിലെ വലിയതിരുമേനിയുടെ (പൗലോസ് മാര്‍ അത്താനാസ്യോസ്) 1951-ലെ കല്‌പന ശ്രദ്ധേയമാണു്:
"ഒരു സമുദായത്തിന്റെ അഭിവൃദ്ധിയും പുരോഗതിയും അതിലുള്‍പ്പെട്ട ജനങ്ങള്‍ കക്ഷിതിരിഞ്ഞുള്ള കേസ്സുകളില്‍ ഒരു ഭാഗം ജയിക്കുന്നതിലല്ല എന്ന് ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കേണ്ട ചുമതല നമുക്കുണ്ട്. ഇന്ന് രണ്ട് കക്ഷിയായി ഭിന്നിച്ചിരിക്കുന്നവര്‍ ഒരേ സഭാമാതാവിന്റെ മക്കളാണെന്നോര്‍ക്കുക. അതിനാല്‍ തമ്മില്‍ തമ്മില്‍ തെറ്റിദ്ധാരണയും ഭിന്നതയും വളര്‍ത്തുന്ന യാതൊന്നും പ്രവര്‍ത്തിക്കരുത്. പ്രവര്‍ത്തനത്തിലും സംസാരത്തിലും എന്നല്ല നിങ്ങളുടെ ചിന്തയില്‍ പോലും ഉണ്ടാകരുത് എന്ന് നിങ്ങളുടെ സ്‌നേഹത്തോട് പ്രത്യേകം ആജ്ഞാപിക്കുന്നു. ദൈവത്തിലുള്ള നിങ്ങളുടെ ആശ്രയവും താഴ്‌മയും അന്യോന്യ സ്‌നേഹവുമാണ് നിങ്ങളുടെ പ്രത്യേകതകള്‍ ആ കേണ്ടത്. ഉത്തമവിശ്വാസത്തോടും അല്ലാതെയും നമ്മുടെ സഭയില്‍ അഭിപ്രായഭിന്നതയും മത്സരവും കഴിഞ്ഞ നാല്‌പതുവര്‍ഷമായി നിലനിന്നുവരുന്നു. നമ്മുടെ സഭ മേലില്‍ ഒന്നായി പുരോഗമിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ തരത്തില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അതുവഴി ലഭിക്കുന്ന ഐശ്വര്യാഭിവൃദ്ധികളും നമ്മുടെ ചുറ്റുപാടുമുള്ള ഇതര ക്രിസ്‌തീയ വിഭാഗങ്ങളെ നോക്കിയാലും അന്യസമുദായങ്ങളെ നോക്കിയാലും നിങ്ങള്‍ക്ക് ബോധ്യംവരും. നമ്മുടെ സഭയില്‍ ഭിന്നിപ്പുകള്‍ക്കിടയാക്കിയ കാര്യങ്ങള്‍ എന്തുതന്നെയായാലും ഭിന്നിച്ചു നില്‍ക്കുന്ന സഹോദരങ്ങളെ തിരിച്ചു വരുത്തേണ്ടത് എത്രയും ആവശ്യമാകുന്നു."
’വിശ്വാസസംരക്ഷകന്‍’ എന്ന് മുദ്രകുത്തി തീവ്രവാദിയായി ഇപ്പോഴത്തെ വിമത യാക്കോബായ കക്ഷിക്കാര്‍ അവതരിപ്പിക്കുന്ന പരമ സാത്വികനായ ആലുവയിലെ വലിയ തിരുമേനിയുടെ ചിന്ത എന്തായിരുന്നുവെന്ന് ഈ ലിഖിതം വ്യക്തമാക്കുന്നു. കക്ഷിവൈരാഗിയായി അവതരിപ്പിക്കപ്പെടുന്ന ആ പുണ്യപുരുഷന്റെ സുഭഗമനസ്സിന്റെ സ്വച്ഛസുന്ദരമായ തനതാവിഷ്‌കരണമാണ് ഈ കത്തില്‍ പ്രകടമാകുന്നത്. ഈ ചിന്തയാണ് അദ്ദേഹത്തെ അനശ്വരനാക്കുന്നത്.
ദൈവദാസന്‍ കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസിയോസിനെ പരിശുദ്ധനായി പ്രഖ്യാപിയ്ക്കുന്നകാര്യം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഏതാനും വര്‍ഷങ്ങളായി പരിശോധിച്ചുകൊണ്ടിരിയ്ക്കുകയാണു്.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.