ആലുവ: തര്‍ക്കം നിലനില്‍ക്കുന്ന തൃക്കുന്നത്ത് സെമിനാരി പള്ളി ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ ആരാധനയ്ക്കായി തുറക്കും. രാവിലെ 7 മുതല്‍ 11 വരെ ഓര്‍ത്തഡോക്സ് വിഭാഗവും ഉച്ചയ്ക്ക് ഒന്നുമുതല്‍ അഞ്ച് വരെ യാക്കോബായ വിഭാഗവും ആരാധന നടത്തും. വെള്ളി, ശനി ദിവസമാണ് തൃക്കുന്നത്ത് പള്ളി ആരാധനയ്ക്കായി തുറക്കുന്നത്.
തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ 2008 മുതല്‍ ഓര്‍മ്മപ്പെരുന്നാള്‍ കാലയളവില്‍ ഇരുവിഭാഗങ്ങള്‍ക്കും ആരാധനയ്ക്കായി പ്രത്യേക സമയം അനുവദിച്ച് നല്‍കിവരുന്നുണ്ട്. ഈ ദിവസങ്ങളില്‍ പത്ത് പേരില്‍ കൂടുതല്‍ ഒരേസമയം ആരാധനയ്ക്കായി പള്ളിയില്‍ കയറാന്‍ അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച തീരുമാനങ്ങളില്‍ യാതൊരു വീഴ്ചയും ഉണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. കഴിഞ്ഞദിവസം കളക്ടര്‍ പി.ഐ.ഷെയ്ക് പരീതിന്റെ ക്യാമ്പ് ഓഫീസില്‍ ഇരുകൂട്ടരേയും ചര്‍ച്ചക്കായി വിളിച്ചിരുന്നു.
എന്നാല്‍ ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചയ്ക്ക് എത്തിയില്ല. കഴിഞ്ഞവര്‍ഷം കളക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങളെല്ലാം യാക്കോബായ വിഭാഗക്കാര്‍ അട്ടിമറിച്ചുവെന്നാരോപിച്ചാണ് ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചക്കെത്താതിരുന്നത്. അതേസമയം തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് പൂര്‍ണമായ ആരാധന സ്വാതന്ത്ര്യം നല്‍കണമെന്ന് യാക്കോബായ വിഭാഗക്കാര്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജന്മഭൂമി
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.