ഈ ലേഖയില്‍‍ തിരയുക

തൃക്കുന്നത്തു പള്ളി: അഭിഭാഷക കമ്മിഷനെ നിയമിച്ചു


കൊച്ചി: ആലുവ തൃക്കുന്നത്തു സെന്റ്‌ മേരീസ്‌ പള്ളിയിലെ കബറിങ്കല്‍ 25ന്‌ ഇരുവിഭാഗം വിശ്വാസികള്‍ക്കു് ധൂപപ്രാര്‍ഥന നടത്താന്‍ സമയക്രമം നിര്‍ദേശിച്ച ഹൈക്കോടതി, നിരീക്ഷണത്തിനായി അഡ്വ. ശ്രീലാല്‍ വാര്യരെ അഭിഭാഷക കമ്മിഷനായി നിയമിച്ചു. ക്യാമറ, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇലക്‌ട്രോണിക്‌ സാമഗ്രികളും കുര്‍ബാന വസ്‌ത്രവും അകത്തു കടത്തരുതെന്നു പ്രത്യേക നിര്‍ദേശമുണ്ട്‌. എത്ര ഉന്നതരായാലും ആരും നിയമത്തിന്‌ അതീതരല്ലെന്നും, കോടതി ഉത്തരവു ലംഘിക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

ഇരുവിഭാഗം വിശ്വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മധ്യസ്‌ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കലക്‌ടര്‍ കേരള മീഡിയേഷന്‍ സെന്ററിനു നല്‍കിയ റിപ്പോര്‍ട്ട്‌ റഫര്‍ ചെയ്‌ത പ്രകാരമാണു ജസ്‌റ്റിസ്‌ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, ജസ്‌റ്റിസ്‌ എ.വി. രാമകൃഷ്‌ണപിള്ള എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ പരിഗണിച്ചത്‌.

ഇനി പറയുന്ന പ്രകാരമുള്ള ക്രമീകരണങ്ങളാണു കോടതി ഏര്‍പ്പെടുത്തിയത്‌: ജനുവരി 25നു രാവിലെ ഏഴു മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ്‌ സഭാംഗങ്ങള്‍ക്കും ഉച്ചയ്‌ക്ക്‌ ഒന്നു മുതല്‍ അഞ്ചു വരെ യാക്കോബായ സഭാംഗങ്ങള്‍ക്കും കബറിങ്കല്‍ പ്രാര്‍ഥനയ്‌ക്കു പ്രവേശിക്കാം. 10 അംഗങ്ങളുള്ള ചെറു സംഘമായേ കയറാവൂ. ഒരു സംഘം 10 മിനിറ്റിലേറെ സമയം എടുക്കരുത്‌. ധൂപപ്രാര്‍ഥനയല്ലാതെ മറ്റൊന്നും പാടില്ല. ക്യാമറ, മൊബൈല്‍ ഫോണ്‍ പാടില്ല. കുര്‍ബാന വസ്‌ത്രങ്ങള്‍ പ്രവേശിപ്പിക്കരുത്‌. ഓരോ വിഭാഗത്തിനും അനുവദിച്ച സമയത്തില്‍ അവസാന 10 മിനിറ്റു മാത്രമേ അതതു ബാവമാര്‍ക്കു പ്രവേശനമുണ്ടാകൂ.

കഴിഞ്ഞ വര്‍ഷം യാക്കോബായ സഭാംഗങ്ങള്‍ കുര്‍ബാനവസ്‌ത്രം ഉപയോഗിച്ചെന്നും കുര്‍ബാന നടത്തിയെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്നു കോടതി ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍, ഉത്തരവു മറികടന്ന്‌ ഒരു നടപടിയും ഉണ്ടാവില്ലെന്നും, ക്രമസമാധാനം പാലിക്കുമെന്നും യാക്കോബായ വിഭാഗത്തിനു വേണ്ടി അഭിഭാഷകന്‍ നല്‍കിയ ഉറപ്പു കോടതി രേഖപ്പെടുത്തി. സുപ്രീംകോടതി ഓര്‍മപ്പെടുത്തിയ പ്രകാരം സൗഹാര്‍ദവും സമാധാനവും പുലരാന്‍ ശ്രമം വേണമെന്നു കോടതി പറഞ്ഞു.

ഓര്‍മപെരുനാള്‍ ആചരണത്തിന്റെ സമ്പൂര്‍ണ നടപടികള്‍ അഭിഭാഷക കമ്മിഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. എഡിഎം, എറണാകുളം റൂറല്‍ പൊലീസ്‌ മേധാവി എന്നിവര്‍ അദ്ദേഹത്തിന്‌ എല്ലാ സഹായങ്ങളും നല്‍കണം. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയും വേണം. ഉത്തരവോ, വിധികളോ പാസാക്കുന്നതിനൊപ്പംതന്നെ അതു നടപ്പാക്കുന്നു എന്നുറപ്പാക്കാനുള്ള അധികാരവും കോടതിക്ക്‌ ഉണ്ടെന്ന്‌ ഉത്തരവില്‍ വ്യക്‌തമാക്കി.
കടപ്പാടു്: മലയാളമനോരമ, 2013 ജനുവരി 24

തൃക്കുന്നത്ത്‌ പള്ളി: പാത്രിയര്‍ക്കീസ്‌ പക്ഷം വ്യവസ്‌ഥ ലംഘിച്ചതായി കോടതി

കൊച്ചി: തൃക്കുന്നത്ത്‌ സെമിനാരിയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്‌ഥകള്‍ പാത്രിയര്‍ക്കീസ്‌ പക്ഷം ലംഘിച്ചതായി ഹൈക്കോടതി.
ഒത്തുതീര്‍പ്പു വ്യവസ്‌ഥകള്‍ ലംഘിക്കപ്പെട്ടിട്ടും ജില്ലാ കലക്‌ടര്‍ എന്തുകൊണ്ട്‌ നടപടി സ്വീകരിച്ചില്ലെന്ന്‌ ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, എ.വി. രാമകൃഷ്‌ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ചോദിച്ചു. ആരും നിയമവാഴ്‌ചയ്‌ക്ക്‌ അതീതരല്ലെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ ഒര്‍മ്മിപ്പിച്ചു.
ജനുവരി 25ന്‌ തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ നടക്കുന്ന വാര്‍ഷിക പ്രാര്‍ഥനയില്‍ ഇരുവിഭാഗത്തിനും പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കി.
കഴിഞ്ഞവര്‍ഷത്തെ ഒത്തുതീര്‍പ്പു വ്യവസ്‌ഥകള്‍ തുടരണമെന്നും ഇതിനു വീഴ്‌ചവരുത്തിയാല്‍ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്നും കോടതി താക്കീത്‌ നല്‍കി. 25നു നടക്കുന്ന ചടങ്ങുകള്‍ പരിശോധിക്കാന്‍ അഡ്വ. ശ്രീലാല്‍ വാര്യരെ കോടതി നിരീക്ഷകനായി നിയമിച്ചു.
25നു നടക്കുന്ന പ്രാര്‍ഥനകളില്‍ ഇരുവിഭാഗത്തു നിന്നും പത്തുപേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക്‌ പ്രവേശനം അനുവദിക്കാനും രാവിലെ ഏഴുമുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനും ഉച്ചയ്‌ക്ക്‌ ഒന്നിനും െവെകിട്ട്‌ അഞ്ചിനുമിടക്ക്‌ പാത്രിയര്‍ക്കീസ്‌ വിഭാഗത്തിനും പ്രാര്‍ഥന നടത്താനാണ്‌ അനുമതി.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസ്‌ ശക്‌തമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.
കടപ്പാടു്: മംഗളം, 2013 ജനുവരി 24
തൃക്കുന്നത്ത് സെമിനാരി : യാക്കോബായ വിഭാഗം വ്യവസ്ഥകള്‍ ലംഘിച്ചതായി ഹൈക്കോടതി പരാമര്‍ശം

ആലുവ : തൃക്കുന്നത്ത് സെമിനാരിയില്‍ 2012-ലെ പരുന്നാള്‍ നടത്തിപ്പ് സംബന്ധിച്ച് അധികാരികളുടെ മുമ്പാകെ സമ്മതിച്ച് ഒപ്പ് വച്ച വ്യവസ്ഥകള്‍ യാക്കോബായ വിഭാഗം ലംഘിച്ചതായി ബഹു.ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. വ്യവസ്തകള്‍ ലംഘിച്ച് കുര്‍ബ്ബാന ചൊല്ലാന്‍ ശ്രമിച്ചതും, അംശവസ്ത്രങ്ങള്‍ കടത്തികൊണ്ട് വന്ന് ധരിച്ചതും, മൊബൈല്‍ ഫോണ്‍, വീഡിയോ ക്യാമറ എന്നിവ ഉപയോഗിച്ചതും നിയമലംഘനമാണെന്ന് ഹൈകോടതി ഉത്തരവില്‍ എടുത്തുപറയുന്നു. കബറിങ്കല്‍ 25-ന് ഇരുവിഭാഗം വിശ്വാസികള്‍ക്കും ധൂപപ്രാര്‍ത്ഥന നടത്താന്‍ സമയക്രമം നിര്‍ദ്ദേശിച്ച ഹൈകോടതി നിരീക്ഷണത്തിനായി അഡ്വ. ശ്രീലാല്‍ വാര്യരെ അഭിഭാഷിക കമ്മീഷനായി നിയമിച്ചു. ക്യാമറ, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇലക്ട്രോണിക്ക് സാമഗ്രികളും കുര്‍ബ്ബാന വസ്ത്രവും അകത്തുകടത്തെരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. എത്ര ഉന്നതരായാലും ആരും നിയമത്തിന് അതീതരല്ലെന്നും, കോടതി ഉത്തരവു ലംഘിക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.
കടപ്പാടു് കാതോലിക്കേറ്റ് ന്യൂസ്

വിധിയുടെ പൂര്‍ണ്ണരൂപം വായിക്കുക


0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.