ഈ ലേഖയില്‍‍ തിരയുക

തൃക്കുന്നത്ത് സെമിനാരിയില്‍ പെരുന്നാള്‍ സമാപിച്ചുമലങ്കരസഭയുടെ ആറാമത്തെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെയും അങ്കമാലി ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യരായ അമ്പാട്ട് ഗീവറുഗീസ് മാര്‍ കൂറീലോസ്, കടവില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസ് വയലിപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ്, കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, പൌലോസ് മാര്‍ പക്കോമിയോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ് എന്നീ പിതാക്കന്മാരുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ തൃക്കുന്നത്ത് സെമിനാരിയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച ഏഴുമണിക്ക് പ. ബസേലിയോസ് മാര്‍ത്തോമ്മാ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും തുടര്‍ന്ന് വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനവും, കൂനന്‍കുരിശുസത്യത്തിന്റെ 360-ാം വാര്‍ഷികവും നടന്നു. അഭി. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ,അഭി.ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ, അഭി.യോഹാനോന്‍ പോളീക്കാര്‍പ്പോസ് മെത്രാപ്പോലീത്താ എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു . ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ജസ്സന്‍ വറുഗ്ഗീസ്, എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, ഡോ. ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
കടപ്പാടു്: കാതോലിക്കേറ്റ് വാര്‍ത്ത


മലയാളമനോരമ വാര്‍ത്ത
ഓര്‍ത്തഡോക്‌സ്‌,യാക്കോബായ സഭകള്‍ തൃക്കുന്നത്ത്‌ ആരാധന നടത്തി

ആലുവ- തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയിലെ പരിശുദ്ധ പിതാക്കന്‍മാരുടെ കബറിങ്കല്‍ പൊലീസിന്റെ കനത്ത സുരക്ഷാവലയത്തില്‍ ഓര്‍ത്തഡോക്‌സ്‌, യാക്കോബായ വിഭാഗങ്ങള്‍ സമാധാനപരമായി വെവ്വേറെ ആരാധന നടത്തി.

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം ധൂപപ്രാര്‍ഥന നടത്തി. എന്നാല്‍, സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന്‌ ആരോപിച്ചു ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്‌ക്ക്‌ എത്തിയില്ല. തൃക്കുന്നത്തു പള്ളി കവാടത്തിലുള്ള മാര്‍ അത്തനേഷ്യസ്‌ സ്‌റ്റഡി സെന്ററില്‍ സഭയിലെ മെത്രാപ്പൊലീത്തമാര്‍ക്കും വൈദികര്‍ക്കുമൊപ്പം അദ്ദേഹം പ്രാര്‍ഥന നടത്തി.

പൂട്ടിക്കിടക്കുന്ന പള്ളിയുടെ പ്രധാന കവാടം ഇക്കൊല്ലം തുറന്നില്ല. കബറിടം മാത്രമേ തുറന്നുള്ളൂ. ഇരുവിഭാഗം വിശ്വാസികളും അവരവര്‍ക്ക്‌ അനുവദിച്ച സമയങ്ങളില്‍ 10 പേര്‍ വീതമുള്ള സംഘങ്ങളായി എത്തിയാണു പ്രാര്‍ഥന നടത്തിയത്‌.
ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിലെ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്‌, മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌, ജോഷ്വ മാര്‍ നിക്കോദീമോസ്‌, ഭദ്രാസന സെക്രട്ടറി മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ കബറിങ്കല്‍ പ്രാര്‍ഥിച്ചു.

ഓര്‍ത്തഡോക്‌സ്‌ യുവജന പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തില്‍, കൂനന്‍കുരിശു സത്യത്തിന്റെ 360-ാം വാര്‍ഷിക സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്‌തു. യുവജന പ്രസ്‌ഥാനം പ്രസിഡന്റ്‌ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്‌ അധ്യക്ഷത വഹിച്ചു.

മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, വൈദിക ട്രസ്‌റ്റി ഫാ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, അല്‍മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, ഡോ. കുര്യന്‍ എം. തോമസ്‌, യുവജന പ്രസ്‌ഥാനം ജനറല്‍ സെക്രട്ടറി ഫാ. ജസന്‍ വര്‍ഗീസ്‌, അലക്‌സ്‌ എം. കുര്യാക്കോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ന്‌ ഏഴിനു പ്രഭാത പ്രാര്‍ഥന, എട്ടിനു കുര്‍ബാന, 10നു കബറിങ്കല്‍ ധൂപപ്രാര്‍ഥന, 10.30നു പ്രദക്ഷിണം, 11.30നു നേര്‍ച്ചസദ്യ.

യാക്കോബായ വിഭാഗത്തിലെ ഡോ. ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍ അന്തീമോസ്‌ എന്നിവര്‍ കബറിങ്കല്‍ പ്രാര്‍ഥന നടത്തി. മാര്‍ അത്തനേഷ്യസ്‌ സ്‌റ്റഡി സെന്ററില്‍ നടന്ന പ്രാര്‍ഥനയില്‍ ശ്രേഷ്‌ഠ കാതോലിക്കാ ബാവായ്‌ക്കു പുറമെ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്‌, സക്കറിയാസ്‌ മാര്‍ പോളികാര്‍പ്പസ്‌, ഏലിയാസ്‌ മാര്‍ യൂലിയോസ്‌, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കെത്തലയ്‌ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അകപ്പറമ്പ്‌ മാര്‍ ശാബോര്‍ അഫ്രോത്ത്‌ കത്തീഡ്രലില്‍നിന്നും വടക്കന്‍ പറവൂര്‍ സെന്റ്‌ തോമസ്‌ യാക്കോബായ പള്ളിയില്‍നിന്നും എത്തിയ കാല്‍നട തീര്‍ഥാടകര്‍ക്കു ബൈപാസ്‌ ജംക്‌ഷനിലും നഗരസഭാ കവാടത്തിലും സ്വീകരണം നല്‍കി.
ഇന്ന്‌ 7.30നു പ്രഭാത പ്രാര്‍ഥന, 8.15നു ശ്രേഷ്‌ഠ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, ഇടവകയില്‍ നിന്നു നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം, ധൂപപ്രാര്‍ഥന, 11നു പ്രദക്ഷിണം, 12.45നു നേര്‍ച്ചസദ്യ.

മെറ്റല്‍ ഡിറ്റക്‌ടറിലൂടെയാണ്‌ മെത്രാപ്പൊലീത്തമാര്‍ അടക്കം മുഴുവന്‍ വിശ്വാസികളെയും കബറിങ്കലേക്കു കടത്തിവിട്ടത്‌. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍ അഡ്വ. ശ്രീലാല്‍ വാരിയര്‍, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി സതീഷ്‌ ബിനോ എന്നിവര്‍ സ്‌ഥലത്തുണ്ടായിരുന്നു.
കുളമാവ്‌ പൊലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പൊലീസ്‌ ഓഫിസര്‍ ഇമ്മാനുവല്‍ ജോലിക്കിടെ പള്ളി പരിസരത്തു കുഴഞ്ഞുവീണു. അമിത ജോലിഭാരമാണ്‌ കാരണമെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

രാത്രി ജോലിക്കു ശേഷമാണ്‌ ഇമ്മാനുവല്‍ പുലര്‍ച്ചെ ആലുവയില്‍ എത്തിയത്‌.
കടപ്പാടു്: മലയാളമനോരമ, 2013 ജനുവരി 26

ജന്മഭൂമി വാര്‍ത്ത
കനത്ത സുരക്ഷയില്‍ തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ ധൂപപ്രാര്‍ത്ഥന നടത്തി

ആലുവ: കനത്ത സുരക്ഷാ ക്രമീകരണത്തില്‍ തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ പിതാക്കന്മാരുടെ കബറിങ്കല്‍ ഇരു വിഭാഗങ്ങളും ഇന്നലെ സമാധാനാന്തരീക്ഷത്തില്‍ ആരാധന നടത്തി. സര്‍ക്കാരിന്റെ സഭയോടുള്ള നിലപാടുകളില്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ച്‌ യാക്കോബായ വിഭാഗത്തിന്റെ ഡോ. ആബുന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ ബാവ ആരാധനയ്ക്കായി പള്ളിയിലെത്തിയില്ല.

കോടതി നിരീക്ഷകന്‍ അഡ്വ. ശ്രീലാല്‍ വാര്യരുടെ നിര്‍ദ്ദേശപ്രകാരമുള്ള ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ വിശ്വാസികള്‍ക്കു് പ്രവേശനം അനുവദിച്ചത്‌. കനത്ത സുരക്ഷാപരിശോധനയ്ക്കായി കളക്ടര്‍ പി.ഐ.ഷെയ്ക്‌ പരീത്‌ എത്തി പള്ളി തുറന്നതോടെയാണ്‌ വിശ്വാസികള്‍ പ്രവേശിച്ചത്‌. രാവിലെ 7 മുതല്‍ 11 വരെയാണ്‌ ഓര്‍ത്തഡോക്സ്‌ വിഭാഗത്തിന്‌ ആരാധന നടത്താന്‍ അനുവാദമുണ്ടായിരുന്നത്‌.

വിശ്വാസികള്‍ക്ക് പിന്നാലെ പതിനൊന്നു് മണിയോടെ ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കതോലിക്ക ബാവയുടെ നേതൃത്വത്തില്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ യൂഹനോന്‍, മാര്‍ പോളികാര്‍പ്പൊസ്‌ മെത്രാപ്പൊലീത്ത എന്നിവരും ധൂപപ്രാര്‍ത്ഥനയ്ക്കെത്തിയിരുന്നു. 750ഓളം പോലീസുകാരാണ്‌ സുരക്ഷക്കെത്തിയിരുന്നത്‌. 16 നിരീക്ഷണ ക്യാമറകള്‍ പള്ളിയിലും പരിസരത്തുമായി സ്ഥാപിച്ചിരുന്നു.

പത്തുപേര്‍ വീതമുള്ള സംഘത്തിന്‌ പത്ത്‌ മിനിറ്റില്‍ കൂടുതല്‍ പള്ളിയില്‍ ചെലവഴിക്കാനാകില്ല. ഇന്നും ഇതേ ക്രമീകരണം തുടരും. 35 വര്‍ഷ‌മായി പൂട്ടിക്കിടക്കുന്ന പള്ളി കഴിഞ്ഞ നാല്‌ വര്‍ഷമായി ജില്ലാ കളക്ടര്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയാണ്‌ ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍ ആരാധനയ്ക്ക്‌ അവസരമൊരുക്കിയിരുന്നത്‌.

കഴിഞ്ഞവര്‍ഷം കളക്ടറുടെ ഉത്തരവ്‌ മറികടന്നു യാക്കോബായ പക്ഷം കബറില്‍ ധൂപപ്രാര്‍ത്ഥനയ്ക്ക്‌ പുറമെ കുര്‍ബാനയര്‍പ്പിച്ചത്‌ വിവാദമായിരുന്നു. റൂറല്‍ എസ്പി സതീഷ്‌ ബിനോ, എഡിഎം എന്‍.രാമചന്ദ്രന്‍, ഡിവൈഎസ്പിമാരായ സലീം എന്‍, അനില്‍ കുമാര്‍, സിഐ എസ്‌.ജയകൃഷ്ണന്‍, എസ്‌ ഐ ഫൈസല്‍, തഹസില്‍ദാര്‍ പി.പത്മകുമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്തിരുന്നു.

കടപ്പാടു്: ജന്മഭൂമി, 2013 ജനുവരി 26


0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.