ഈ ലേഖയില്‍‍ തിരയുക

ഓടക്കാലി സെന്റ്‌.മേരീസ്‌ പള്ളിയില്‍ സംഘര്‍ഷം


ഓടക്കാലി, ജനു 27: സെന്റ്‌ മേരീസ്‌ പള്ളിയിലെ നിര്‍മാണം സംബന്ധിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭയും വിമത യാക്കോബായ വിഭാഗവും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍കലാശിച്ചു. ഇതേത്തുടര്‍ന്നു് പള്ളിയോടനുബന്ധിച്ചു് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ ആര്‍.ഡി.ഒ ഇന്‍ചാര്‍ജ്‌ ജമീല നിര്‍ദേശം നല്‍കി.

നിലവില്‍ വിമതയാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണു് പള്ളി. കോടതി വിധിയ്ക്കു് വിരുദ്ധമായി മദ്‌ബഹയോടു ചേര്‍ന്നു രണ്‌ടു മുറികള്‍ കൂട്ടിയെടുക്കാനുള്ള നിര്‍മാണം നടക്കുമ്പോള്‍ ഇതു നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ സംഘടിച്ചു പള്ളിയിലെത്തിയപ്പോഴാണ്‌ സംഘര്‍ഷം നടന്നത്‌. ഓര്‍ത്തഡോക്‌സ്‌ സഭയിലെ തോമസ്‌ പോള്‍ റമ്പാന്‍, പി വി പൗലോസ്‌, കെ എം ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധവുമായെത്തിയത്‌. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നു് 2000ല്‍ വിധിയുണ്ടെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ ഉയര്‍ത്തിക്കാട്ടി. ഇതിനുവിരുദ്ധമായി മതിലും സണ്‍ഷെയ്‌ഡും നിര്‍മിച്ചപ്പോള്‍ തടഞ്ഞില്ലെന്നും എന്നാല്‍ ഇപ്പോള്‍ പള്ളിയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയപ്പോഴാണ്‌ തങ്ങള്‍ ഇടപെട്ടതെന്നു് ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ പറഞ്ഞു.

പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി കെ ഹരികൃഷ്‌ണന്‍, കുറുപ്പംപടി സി.ഐ ക്രിസ്‌പിന്‍ സാം എന്നിവരുടെ നേതൃത്വത്തില്‍ പോലിസ്‌ സംഘം എത്തിപ്രതിഷേധക്കാരെ അറസ്റ്റു് ചെയ്‌തതു. അതേസമയം സംഘര്‍ഷത്തില്‍ ഫാ.ജോബി വര്‍ഗീസ്‌, ട്രസ്‌റ്റി ബെന്നി തോമസ്‌, എല്‍ദോസ്‌ എം ഏലിയാസ്‌,മുകളത്ത്‌ ബേസില്‍ എന്നിവര്‍ക്കു പരിക്കേറ്റതായി വിമതയാക്കോബായ വിഭാഗം പറഞ്ഞു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.