ഈ ലേഖയില്‍‍ തിരയുക

പിറവത്ത് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് നേരേ പോലീസ് ലാത്തി വീശി

വലിയ പള്ളിയുടെ പ്രധാന കുരിശുപള്ളിയില്‍‍ ഓര്‍ത്തഡോക്സ് ഇടവകകുടുംബസംഗമം നടത്തി



പിറവം: സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി (പിറവം വലിയ പള്ളി) ഇടവകകുടുംബസംഗമം ഒക്ടോ. 19-ആം തീയതി ഞായറാഴ്ച വൈകുന്നേരം വലിയ പള്ളിയുടെ പ്രധാന കുരിശുപള്ളിയായ വലിയ പള്ളിക്കവലയിലുള്ള പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശുപള്ളിയില്‍ നടത്തി. ഇടവകസംഗമത്തിന്റെ ഭാഗമായി വലിയപള്ളി പാരിഷ് ഹാളിലേയ്ക്ക്‌ റാലിയായി എത്തിയ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണു് സംഘര്‍ഷമുണ്ടായതു്. പൊലീസ് ലാത്തിവീശലില്‍ നിരവധി പേര്‍ക്കു് പരുക്കേറ്റു. തുടര്‍ന്നു് പള്ളിക്കവലയിലുള്ള പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശുപള്ളിയില്‍ മലങ്കര മെത്രാപ്പോലീത്തയുടെയും ഇടവക മെത്രാപ്പോലീത്തയുടെയും സഭയിലെ മറ്റു് മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ കുടുംബസംഗമം നടത്തിപ്പിരിഞ്ഞു.



വൈകുന്നേരം 4.30 ഓടെ പിറവത്തെ പൗരസ്ത്യ കാതോലിക്കാസിംഹാസന കുരിശുപള്ളിയില്‍നിന്നു് ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസിന്റെയും സഭാ വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്റെയും നേതൃത്വത്തിലെത്തിയ റാലി പിറവം പള്ളിക്കവലയിലാണു് തടഞ്ഞതു്. തുടര്‍ന്നു് പൊലീസ് ലാത്തിവീശുകയായിരുന്നു. ഇതില്‍ വൈദികരും സ്ത്രീകളുമടക്കം നിരവധി പേര്‍ക്കു് പരിക്കേറ്റു. അപ്പോള്‍ വിശ്വാസികള്‍ വലിയ പള്ളിയ്ക്കു് സമീപം പരുമല തിരുമേനിയുടെ പേരിലുള്ള കുരിശുപള്ളിയുടെ ചില്ലുവാതിലുകള്‍ തുറന്നു് അകത്തുകടന്നു പ്രാര്‍ഥന നടത്തി. അപ്പോള്‍ തന്നെ ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസും ഇവിടെ എത്തി കുരിശുപള്ളിക്കുള്ളില്‍ പ്രവേശിച്ചു.


പിന്നീടു് നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ്, കോട്ടയം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് എന്നിവരും എത്തിച്ചേര്‍ന്നു. നിയുക്ത കാതോലിക്ക പതാക ഉയര്‍ത്തി ഇടവക സംഗമം ഉദ്ഘാടനം ചെയ്തു.



ഉദ്യോഗസ്ഥരും പൊലീസും വിമതപക്ഷത്തിനു കൂട്ടുനില്‍ക്കുന്നു

ഇതിനിടെ, പള്ളിമണി മുഴക്കിയ ശേഷം വിശ്വാസികള്‍ കുരിശുപള്ളിയില്‍ അനധികൃതമായി കെട്ടിയിരുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി പാത്രിയാര്‍ക്കീസിന്റെയും ശ്രേഷു ബാവയുടെയും ചിത്രങ്ങളുള്ള ഫ്‌ളക്‌സ്‌ബോര്‍ഡ് നീക്കംചെയ്തു കൊടിമരത്തില്‍ കെട്ടിയിരുന്ന യാക്കോബായ പാത്രിയര്‍ക്കാ പതാകയും അഴിച്ചുമാറ്റി. തുടര്‍‍ന്നാണു് അവിടെ ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് കാതോലിക്കാസിഹാസന പതാക ഉയര്‍ത്തിയതു്. ശേഷം ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസിന്റെ അദ്ധ്യക്ഷതയില്‍ കുരിശുപള്ളിയില്‍ ഇടവക സംഗമം നടന്നു.
കനത്ത മഴയില്‍ നൂറുകണക്കിനാളുകള്‍ റോഡില്‍ കുത്തിയിരുന്നു. പ്രാര്‍ത്ഥനാരവങ്ങള്‍ മുഴക്കിക്കൊണ്ടു് തടിച്ചുകൂടിനിന്ന വിശ്വാസികള്‍ പഴയ ബസ്‌ സ്റ്റാന്‍ഡ്‌ കവലയിലും കുരിശുപള്ളിയിലും രണ്ടു് മണിക്കൂറിലേറെ നിറഞ്ഞുനിന്നിരുന്നു.

നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥരും പൊലീസും തങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ മറുപക്ഷത്തിനു കൂട്ടുനില്‍ക്കുകയാണെന്നും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് പറഞ്ഞു.

നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമത്തെ ധിക്കരിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഒാര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്ക് ഇടവകസംഗമം നടത്താന്‍ പാരിഷ് ഹാള്‍ അനുവദിക്കാമെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന്റെ നഗ്നമായ ലംഘനമാണിവിടെ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


മലങ്കര സഭയിലെ പള്ളികള്‍ അന്യാധീനപ്പെടാന്‍ അനുവദിക്കില്ല

ഇടവകകുടുംബസംഗമം തീരുന്നതിനു് തൊട്ടുമുമ്പാണു് മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ എത്തിയതു്. കുരിശുപള്ളിയില്‍ പരിശുദ്ധ ബാവായും ധൂപപ്രര്‍ഥന നടത്തി മലങ്കര സഭയുടെ പള്ളികള്‍ തങ്ങളുടേതാണെന്നും അതിനെ അധീനപ്പെടുത്താന്‍ ആരു ശ്രമിച്ചാലും വിട്ടുകൊടുക്കില്ലെന്നും മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ വ്യക്തമാക്കി. നിയമ വാഴ്ചയുടെ ലംഘനമാണിവിടെ നടന്നതെന്നും പൊലീസും രാഷ്ട്രീയ നേതൃത്വവും അതിനു കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ഭദ്രാസന ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ്, നിയുക്ത മെത്രാന്‍ ജോണ്‍ പണിക്കര്‍, സഭാ സെക്രട്ടറി ജോര്‍ജ് ജോസഫ്, ഫാ. ജോസഫ് മങ്കിടി, ഫാ. ഏബ്രഹാം കാരമ്മേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുടുംബസംഗമയോഗനടപടികള്‍ കഴിഞ്ഞശേഷം ഓര്‍ത്തഡോക്സ് വിശ്വാസികള്‍ കുരിശുപള്ളിയില്‍ നിന്നു് പിരിഞ്ഞു പോയി.


മൂവാറ്റുപുഴ ഡിവൈഎസ്പി എന്‍. സുധീഷ്, സിഐമാരായ കെ. ബിജുമോന്‍, ബിജു കെ. സ്റ്റീഫന്‍, ജിജിമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. മൂവാറ്റുപുഴ ആര്‍ഡിഒ പി.കെ. നളനും സ്ഥലത്തെത്തിയിരുന്നു.


അനുരഞ്ജന കരാര്‍ ലംഘിയ്ക്കപ്പെട്ടു

സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തിലാണ് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ഒക്ടോ. 19-ആം തീയതി പിറവത്തു് റാലി നടത്തിയത്. അന്നു് വൈകുന്നേരം പിറവത്തെ പൗരസ്ത്യ കാതോലിക്കാസിംഹാസന കുരിശുപള്ളിയില്‍ (കാതോലിക്കേറ്റ്‌ സെന്ററില്‍ ) നിന്നാരംഭിക്കുന്ന റാലി ടൗണ്‍ചുറ്റി പാരിഷ്‌ഹാളില്‍ സമാപിയ്ക്കുമെന്നും തുടര്‍ന്നു് കൂടുന്ന ഇടവക കുടുംബസംഗമം പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ ബാവ ഉദ്‌ഘാടനം ചെയ്യുമെന്നും രണ്ടാഴ്ചമുമ്പേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഓര്‍ത്തഡോക്സ് സഭാ വിഭാഗത്തെ പള്ളി പാരിഷ്‌ഹാളിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം പള്ളിയുടെ ആര്‍ച്ചിന്റെ സമീപത്ത് റാലി തടയുന്നതിനു വേണ്ടി നിലയുറപ്പിച്ചു.




ആര്‍ഡിഒ വിളിച്ചുചേര്‍ത്ത ഒക്ടോ. അഞ്ചാം തീയതിയിലെ യോഗത്തിലുണ്ടായ തീരുമാനമനുസരിച്ചാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികള്‍ വലിയപള്ളി പാരിഷ്‌ഹാളില്‍ ഇടവക സംഗമം നടത്തുന്നതെന്നും ഇതിന്റെ പേരില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനായിരിയ്ക്കുമെന്നും ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത തലേന്നു് പത്രസമ്മേളനത്തില്‍ മുന്നറിയിപ്പു നല്കിയിരുന്നു. അഞ്ചാം തീയതിയിലെ തീരുമാനമനുസരിച്ച്‌ പാരിഷ്‌ ഹാള്‍ ലഭ്യമാക്കേണ്ടതും യോഗം നടത്തിക്കേണ്ടതും ആര്‍.ഡി.ഒ യുടെ ഉത്തവാദിത്തമാണെന്നും അതിനുപകരം കരാര്‍ ലംഘനം നടത്താനാണ്‌ അധികൃതരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാപക്ഷവും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ഒരു മാറ്റവും കൂടതെ പരിപാടി നടത്തുമെന്നും റാലി തടഞ്ഞാല്‍ വിശ്വാസികള്‍ പിന്മാറുകയില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുമാണു് അദ്ദേഹം പറഞ്ഞതു്.

ആര്‍ഡിഒ വിളിച്ചുചേര്‍ത്ത മേല്പറഞ്ഞ യോഗത്തിലുണ്ടായ അനുരഞ്ജന കരാറനുസരിച്ചാണു് ഒക്ടോ. അഞ്ചാം തീയതി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഇടവക സംഗമം പിറവം വലിയപള്ളിയുടെ പാരിഷ്‌ ഹാളില്‍ നടത്തിയതു്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ മെത്രാപ്പോലീത്തമാര്‍ പള്ളിയില്‍ കയറാന്‍ സാദ്ധ്യതയുണ്ടെന്നു് പറഞ്ഞു് യാക്കോബായ ഇടവക സംഗമംനടത്തുന്നതിനെ ഓര്‍ത്തഡോക്സ് സഭക്കാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ പ്രശ്നത്തിനു് താല്‍ക്കാലിക പരിഹാരമായി ഓര്‍ത്തഡോക്സ് സഭാവിഭാഗത്തിന് മറ്റൊരു ദിവസം പള്ളി പാരീഷ് ഹാളില്‍ സഭാ ഇടവക സംഗമം നടത്താമെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം സമ്മതിച്ചു.


എന്നാല്‍, തങ്ങളുടെ ഇടവക സംഗമം നടന്നതിന്റെ പിറ്റേന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം, പാരിഷ്‌ ഹാളില്‍ ഓര്‍ത്തഡോക്സ് ഇടവക സംഗമം നടത്തുന്നതിനെതിരെ രംഗത്തുവന്നു. പക്ഷെ, ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ കുടുംബസംഗമ പരിപാടി നടത്തുമെന്നനിലപാടില്‍ ഉറച്ചുനില്ക്കുകയായിരുന്നു.


പൊലീസ് കേസെടുത്തു

ഓര്‍ത്തഡോക്സ് സഭാ റാലിക്കിടെ പിറവം വലിയപള്ളിയുടെ കുരിശുപള്ളിയുടെ ചില്ലു തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തുവെന്നു് പത്രങ്ങള്‍ മൂന്നാം ദിവസം റിപ്പോര്‍ട്ടു ചെയ്തു. റാലിയ്ക്ക് നേതൃത്വം നല്‍കിയ സഭാ വൈദിക ട്രസ്റ്റി ഫാ.ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഇടവക മേലദ്ധ്യക്ഷന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത തുടങ്ങി കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെയാണു് കേസ്. കുരിശുപള്ളിയുടെ ചില്ലു നശിപ്പിക്കുകയും പ്രകോപനപരമായി പ്രസംഗിക്കുകയും ചെയ്തു എന്നതാണ് കേസിനാധാരം.

1 comment:

  1. This is pure gundayism on the part of kottayam orthodox. Breaking into a worship place is something a devil would do. The designate thinks he is a superhero by replacing a fag at the kurishuthotti. May this fool rot in hell. Moovatupuzha athen is a stupid clown with his failed policies on unity. He wants to unite the Jacobites by exterminating them.

    ReplyDelete

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.