ഈ ലേഖയില്‍‍ തിരയുക

നീതി നിഷേധത്തിനെതിരെ ഓര്‍ത്തഡോക്‌സ്‌ സഭ ഉപവാസം നടത്തി

ഓര്‍ത്തഡോക്സ് സഭയെ ചവിട്ടി മെതിക്കാമെന്നു സര്‍ക്കാര്‍ കരുതരുത്: ശ്രേഷ്ഠ നിയുക്ത ബാവാഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉപവാസയോഗത്തെ അഭിസംബോധന ചെയ്യുന്നു

കൊച്ചി: നീതി നിഷേധത്തിനും പൊലീസ് പീഡനത്തിനുമെതിരെ ഓര്‍ത്തഡോക്‌സ്‌ മെത്രാപ്പോലീത്തമാരും മാനേജിങ്‌ കമ്മിറ്റി അംഗങ്ങളും ഹൈക്കോടതി ജങ്‌ഷനില്‍ ഒക്ടോ മാസം 24- ആം തീയതി ഏകദിന ഉപവാസം നടത്തി.

ഓര്‍ത്തഡോക്‌സ്‌ സഭയെ ചവിട്ടി മെതിച്ചു മുന്നോട്ടു പോകാമെന്നു സര്‍ക്കാര്‍ കരുതരുതെന്ന് ഉപവാസ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ടു് ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് മുന്നറിയിപ്പു് നല്‍കി. തര്‍ക്കമുള്ളതും ഓര്‍ത്തഡോക്സ് സഭയ്ക്ക് അവകാശപ്പെട്ടതുമായ പള്ളികളില്‍ പാത്രിയര്‍ക്കീസ് ബാവായുടെ നേതൃത്വത്തില്‍ പ്രവേശിക്കാനുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മെത്രാപ്പൊലീത്തമാരുടെ ശ്രമം പ്രതിഷേധാര്‍ഹമാണ്. സഭയ്ക്ക് അവകാശപ്പെട്ട ദേവാലയങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയാണു് ഉപവാസയോഗം ഉദ്ഘാടനം ചെയ്തതു് . വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ സമ്മര്‍ദത്തിനടിപ്പെട്ട് ഓര്‍ത്തഡോക്സ് സഭയോട് അനീതികാട്ടരുതെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സഭയ്ക്കു രാഷ്ട്രീയമില്ല.

വിശ്വാസികളുടെ രാഷ്ട്രീയ വിശ്വാസത്തെ ചോദ്യംചെയ്യുകയുമില്ല. എന്നാല്‍ സഭ പീഡിപ്പിക്കപ്പെടുമ്പോള്‍ വിശ്വാസികള്‍ അണി ചേരും. വിശ്വാസികളെ കടുത്ത നടപടിക്കു പ്രേരിപ്പിക്കരുത്. എറണാകുളം ജില്ലയ്ക്ക് അപ്പുറവും നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ടെന്നു സര്‍ക്കാര്‍ മനസിലാക്കണം. അരമനകളില്‍ കയറി സ്തുതിവചനങ്ങള്‍ പറഞ്ഞ ശേഷം വിശ്വാസികളെ തെരുവില്‍ തല്ലുന്നത് നിര്‍ത്തണം. രാഷ്ട്രീയ ഉപജാപം നടത്തി സഭയെ തകര്‍ക്കാന്‍ ആരും ശ്രമി ക്കരുത്.

ഒന്നായിക്കഴിഞ്ഞിരുന്ന വിശുദ്ധ മാര്‍ത്തോമായുടെ മക്കളെ പലതട്ടിലാക്കിയതു വിദേശ മേല്‍ക്കോയ്മയാണെന്നും പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനത്തിലും അതാണു സംഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സന്ദര്‍ശക വീസയില്‍ വന്നു സഭയുടെ പള്ളികളില്‍ കടന്നുകയറുന്നതിനെയാണ് എതിര്‍ക്കുന്നത്. നീതി പൂര്‍വ്വകമായ സമാധാന ചര്‍ച്ചകള്‍ക്ക് ഓര്‍ത്തഡോക്സ് സഭ തയാറാണെന്നും അദ്ദേഹം പറഞ്ഞു.


ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, , കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്ത, പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത, നിയുക്ത മെത്രാപ്പൊലീത്തമാരായ ഫാ. ഡോ. മര്‍ക്കോസ് ജോസഫ്, ഫാ. സ്റ്റീഫന്‍, ഫാ. ഡോ. മാത്യു ബേബി, ഫാ. ഡോ. ജോണ്‍ പണിക്കര്‍, ക്രിസ്റ്റഫോറസ് റമ്പാന്‍, എല്‍ദോ റമ്പാന്‍, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

1 comment:

  1. നിങ്ങള്‍‌ യാക്കോബായക്കാരും ഓര്‍ത്തഡോക്സ് കാരും കൂടി ദൈവത്തിന്‍റെ തിരുനാമം ജനങ്ങളുടെയിടയില്‍ നാറ്റിച്ചു. പ്രതിസന്ധിയില്‍ നിങ്ങളെ രക്ഷിക്കാന്‍ കഴിവില്ലാത്ത ഒരു ദൈവത്തിലാണോ നിങ്ങള്‍ വിശ്വസിക്കുന്നത്. തമ്മില്‍ തല്ലാന്‍ ഏത് ബൈബിളാണ് നിങ്ങള്‍ക്ക് അധികാരം തന്നത്. നിങ്ങള്‍ക്ക് മുന്‍പേ ഇവിടുത്തെ ഭീകര വാദികളും, വേശ്യകളും ഏറെകുറ്റം പറയുന്ന കമ്മ്യൂണിസ്റ്റുകളും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുമെന്ന് സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു.

    ReplyDelete

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.