ഈ ലേഖയില്‍‍ തിരയുക

കരേകിന്‍ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ‍ വരുന്നു



കോട്ടയം: അര്‍മേനിയന്‍ അപ്പൊസ്തലിക സഭയുടെ സുപ്രീം പത്രിയര്‍‍ക്കീസായ എച്മിയാഡ്സിന്‍ സിംഹാസനത്തിന്റെ പരിശുദ്ധ കരേക്കിന്‍‍ ദ്വിതീയന്‍ നെര്‍‍സീസിയന്‍ കാതോലിക്കാ ബാവാ നവംബര്‍ അഞ്ചാം തീയതി ബുധനാഴ്ച്ച മുതല്‍ എട്ടാംതീയതി വരെ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായുടെ ക്ഷണമനുസരിച്ചു് മലങ്കര സഭ സന്ദര്‍ശിയ്ക്കും.

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ അംഗസഭകളിലൊന്നായ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയും മലങ്കര സഭയും സഹോദരീസഭകളാണു് . ഇരുസഭകളും തമ്മില്‍ പൂര്‍ണ കൗദാശിക സംസര്‍ഗമുണ്ടു്.

അര്‍മേനിയന്‍ സുപ്രീം കാതോലിക്കായുടെ സംഘത്തില്‍ ഇന്ത്യയിലെ അര്‍മേനിയന്‍ അംബാസിഡര്‍ ഡോ. അര്‍ഷാട്ട് കൊച്ചാറിയ ഉള്‍പ്പെടെ 16 പ്രതിനിധികളാണുള്ളത്. നവംബര്‍ അഞ്ചാം തീയതി ബുധനാഴ്ച്ച രാവിലെ എട്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന അര്‍മീനിയന്‍ സംഘത്തെ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മീലിത്തിയോസിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് സഭാ ഭാരവാഹികള്‍ സ്വീകരിക്കും.

വൈകുന്നേരം ഏഴിന് സംഘം ദേവലോകം അരമനയില്‍ പരിശുദ്ധ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവയുമായി കൂടിക്കാഴ്ച്ച നടത്തും ആറാം തീയതി വൈകുന്നേരം അഞ്ചിന് കരേക്കിന്‍ കാതോലിക്കാബാവായ്ക്ക് മാമന്‍മാപ്പിള ഹാളില്‍ പൗരസ്വീകരണം നല്കും. ഏഴാം തീയതി 12-ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയശേഷം കോല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ അര്‍മേനിയന്‍ സഭാകേന്ദ്രങ്ങളുടെ 300-ആം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ വൈകുന്നേരം നാലിന് ചെന്നൈയിലേക്ക് പോകും.

മലങ്കര സഭ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ അര്‍മീനിയന്‍ കാതോലിക്കായാണ്‌ 1963 നവംബറില്‍ പരിശുദ്ധ വസ്‌കന്‍ ഒന്നാമന്‍ മലങ്കര സഭ സന്ദര്‍ശിച്ചിട്ടുണ്ട്‌. ഒരു കോടി അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികളുടെ ആത്മീയ പിതാവായ പരിശുദ്ധ കരേക്കിന്‍ ദ്വിതീയന്‍ ബാവ.

ആര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്ക്കു് ആര്‍മീനിയന്‍ ആപ്പൊസ്തോലിക സഭ എന്നും പേരുണ്ടു്.
എച്മിയാഡ്സിനിലെ കാതോലിക്കോസിനെ കൂടാതെ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു്‍ കിലിക്യയില്‍‍ ഒരു കാതോലിക്കോസും എച്മിയാഡ്സിനിലെ കാതോലിക്കോസിന്റെ കീഴില്‍ ഊര്‍ശലേമിലും കുസ്തന്തീനോപ്പോലീസിലും ഓരോ പാത്രിയര്‍‍ക്കീസുമാരും പ്രധാനാചാര്യന്മാരായിട്ടുണ്ടു്. കിലിക്യയിലെ കാതോലിക്കാസനത്തിനു് സ്വയംശീര്‍‍ഷകത്വം കൈവന്നിട്ടുണ്ടെങ്കിലും ഒറ്റ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയെന്ന അവസ്ഥയ്ക്കു് മാറ്റമില്ല. അതു് അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം എന്നറിയപ്പെടുന്നു.

എച്മിയാഡ്സിന്‍ സിംഹാസനത്തിന്റെ കാതോലിക്കോസെന്ന നിലയില്‍ പരിശുദ്ധ കരേക്കിന്‍‍ ദ്വിതീയന്‍ നെര്‍‍സീസിയന്‍ ബാവയാണു് സുപ്രീം പത്രിയര്‍‍ക്കീസ്. കിലിക്യയിലെ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അറാം പ്രഥമന്‍ കെഷീഷിയന്‍ ബാവയും ഊര്‍ശലേമിലെ അര്‍മീനിയന്‍ പത്രിയര്‍‍ക്കീസ് ശ്രേഷ്ഠ തോര്‍ക്കോം മണുഗിയാന്‍ ബാവയും കുസ്തന്തീനോപ്പോലീസിലെ അര്‍മീനിയന്‍ പത്രിയര്‍‍ക്കീസ് ശ്രേഷ്ഠ മെസ്രോബ് മുത്തഫിയാന്‍ ബാവയുമാണു്.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.