ജീവിതത്തില്‍ വ്യത്യാസമുണ്ടാകുന്നില്ലെങ്കില്‍ അനുതാപമാകുന്നില്ല : ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത
കൂത്താട്ടുകുളം : ക്രിസ്‌തുബന്ധത്തില്‍ നേടുന്ന വിടുതല്‍ അനുഭവമാണ് രക്ഷ എന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പ്രസ്‌താവിച്ചു. കൂത്താട്ടുകുളം കെ.റ്റി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന 60-ാമത് കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് സിറിയന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. സകല ആസക്തികളില്‍നിന്നും സ്വതന്ത്രമായതും ദൈവത്തോടും മനുഷ്യസമൂഹത്തോടുമുള്ള കവിഞ്ഞൊഴുകുന്നതുമായ സ്‌നേഹമാണ് രക്ഷയിലേക്കു വരുത്തുന്നത്.
ക്രിസ്‌തു കാണിച്ചുതന്ന വഴിയിലൂടെയാണ് പിതാവിലെത്തുന്നത്. അത് അവലംബിക്കാനുള്ള മാര്‍ഗ്ഗമാണ് ; പഠിക്കാനുള്ളതല്ല. ക്രിസ്‌തുവിന്റെ മാര്‍ഗ്ഗമാണ് ഗാന്ധിജി അവലംബിച്ചത്. രക്ഷയ്‌ക്ക് ശത്രുകൂടി പങ്കാളിയാകേണ്ടതുമാണ്. രക്ഷ എന്നത് മരിച്ചുചെല്ലുമ്പോള്‍ കിട്ടുന്ന അനുഭവമല്ലെന്നും ഇവിടെ നടക്കേണ്ട അനുഭവമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദൈവരാജ്യം ഇവിടെ കൊണ്ടുവരാനാണു് യേശു വന്നതു്.
ക്രിസ്‌തുവിനോടൊപ്പമുള്ള പീഡാനുഭവമാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കുന്നത്. അനുതാപവും മാമോദീസയും രക്ഷകൈവരുത്തുന്ന നിരന്തര പ്രക്രീയയാണ്. കുറച്ചുള്ളതുപോലും മറ്റുള്ളവരുമായി പങ്കിടുന്നതും സത്യം വീടാതെയും ബലം പ്രയോഗിക്കാതിരിക്കുന്നതുമാണ് അനുതാപം. മാനസികാനുഭവം മാത്രമല്ല സത്താപരമായ പരിവര്‍ത്തനമാണത്. അടിസ്ഥാനപരമായ ജീവിതത്തിലെ വ്യത്യാസമാണുണ്ടാവേണ്ടത്. നിന്ന നില്‍പ്പില്‍ തിരിയുക എന്നര്‍ത്ഥമുള്ള മെറ്റനോയിയ എന്ന ഗ്രീക്കുപദം കൊണ്ടാണത് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ വ്യത്യാസമില്ലെങ്കില്‍ അനുതാപമാകുന്നില്ല. ദൈവരാജ്യത്തിനുവേണ്ടി നിരന്തരമായി പീഡനമനുഭവിക്കുകയെന്നതാണ് മാമോദീസയുടെ (സ്‌നാനത്തിന്റെ) അര്‍ത്ഥം - മെത്രാപ്പോലീത്ത വ്യക്തമാക്കി
ഫാ.റ്റി.ജെ.ജോഷ്വ
ഉദ്‌ഘാടനത്തിനുശേഷം പ്രമുഖ സുവിശേഷ പ്രസംഗകനായ കോട്ടയം ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലെ ഫാ.റ്റി.ജെ.ജോഷ്വ ആദ്യദിവസത്തെ വചനശുശ്രൂഷ നടത്തി. യേശുവിന്റെ മനുഷ്യാവതാരത്തിന്റെ മൗലിക ലക്ഷ്യം മനുഷ്യവര്‍ഗത്തിന്റെ രക്ഷയായിരുന്നുവെന്നും രക്ഷ എന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫാ.ജോണ്‍ വി. ജോണ്‍ സ്വാഗതവും ഫാ. മാത്യൂസ് ചെമ്മനാപ്പാടം നന്ദിയും പറഞ്ഞു. 12-ാം തീയതി വെള്ളിയാഴ്‌ച സന്ധ്യക്ക് ഫാ.മോഹന്‍ ജോസഫും 13-ാം തീയതി സന്ധ്യക്ക് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയും വചന ശുശ്രൂഷ നിര്‍വഹിക്കും. കണ്‍വന്‍ഷന്‍ 14-ാം തീയതി സമാപിക്കും.
ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രം, കൂത്താട്ടുകുളം
.
Subscribe to:
Post Comments (Atom)
പകര്‍പ്പനുമതി വിവരം
പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.