.
കൂത്താട്ടുകുളം : ദൈവം എങ്ങനെയായിരിക്കുന്നുവോ അങ്ങനെ ദൈവത്തെ അംഗീകരിക്കുക എന്നതാണ് യഥാര്‍ത്ഥ ആരാധനയും ദൈവസ്തുതിയുമെന്ന് പ്രമുഖ സുവിശേഷപ്രസംഗകനും പൗരസ്ത്യ കാതോലിക്കോസിന്റെ അരമനപ്പള്ളിയായ കോട്ടയം ഏലിയ കത്തീഡ്രലിന്റെ വികാരിയുമായ ഫാ.മോഹന്‍ ജോസഫ് പ്രസ്‌താവിച്ചു. 60-ാമത് കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് സിറിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ മൂന്നാം ദിവസം മാര്‍ച്ച് 12-ആം തീയതി വെള്ളിയാഴ്‌ച സന്ധ്യക്ക് കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാളില്‍) വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം.
ക്രിസ്‌തുവില്‍നിന്നും കിട്ടുന്നതല്ല ക്രിസ്‌തുവിന് നല്‍കുന്നതാണ് ക്രിസ്‌തുസാക്ഷ്യം. വേദനകളുടെ അടിസ്ഥാനത്തിലല്ല ദൈവത്തെ അന്വേഷിക്കേണ്ടത്. മനുഷ്യന്റെ കഴിവുകള്‍ മൂക്കുകുത്തുമ്പോഴാണ് ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നത്. ലഭിച്ച സൗകര്യങ്ങളെ കവിയുന്ന വിധത്തില്‍ ദൈവാന്വേഷണം നടത്തുകയും സ്ഥായിയായ ദൈവബന്ധം നിലനിര്‍ത്തുകയും ചെയ്യണം.
തിന്‍മയുമായി പൊരുത്തപ്പെടരുതെന്നും തിന്മയുടെ പ്രവണതകളെ എതിര്‍ത്തുകൊണ്ട് നന്മയ്‌ക്കുവേണ്ടി ഒറ്റക്കു നിലകൊള്ളണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ക്രിസ്‌തുവിനോട് രഹസ്യമായി ആഭിമുഖ്യം പുലര്‍ത്തിയ യഹൂദപ്രമാണിയും പരീശനുമായിരുന്ന നിക്കോദിമോസിന്റെ ദൈവാന്വേഷണം സുപ്രധാനമാണ്. അവിശ്വാസികളുടെയിടയില്‍ വിശ്വാസിയായിരിക്കുകയെന്നത് വളരെ ദുഷ്‌കരമാണ്. പരസ്യമായി സാക്ഷിക്കുന്നവരെയും രഹസ്യമായി തന്റെ കഴിവിനെ ക്രിസ്‌തുവിനുവേണ്ടി വിനിയോഗിക്കുന്നവരെയും ദൈവത്തിനാവശ്യമുണ്ടെന്നു് ഫാ.മോഹന്‍ ജോസഫ് എടുത്തുപറഞ്ഞു.
1949 ല്‍ പരേതനായ കരോട്ടുവീട്ടില്‍ കെ.ഒ. തോമസ് കശീശയുടെ നേത്യത്വത്തിലും 1948-ല്‍ തുടങ്ങിയ ബൈബിള്‍ ക്ലാസിന്റെ ആഭിമുഖ്യത്തിലുമായി ആരംഭിച്ച കൂത്താട്ടുകുളം ബൈബിള്‍ കണ്‍വെന്‍ഷന്‍ വടക്കന്‍ പ്രദേശത്തെ പ്രധാന കണ്‍വെന്‍ഷനായാണ് അറിയപ്പെടുന്നത്.
ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രം, കൂത്താട്ടുകുളം
.
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.