
ജീവനുള്ള ജീവിതമുള്ളവരായി രൂപാന്തരപ്പെടണം
കൂത്താട്ടുകുളം : നിരാശയുടെയും തിരിച്ചുപോക്കിന്റെയും വഴിയില്‍ നിന്നും ദൈവിക വഴിയിലേക്ക് മടങ്ങിപ്പോകണമെന്നതാണ് എമ്മാവൂസിലേക്കുള്ള യാത്രയുടെ അവസാനം വെളിപ്പെടുത്തുന്നതെന്നു് യുവ സുവിശേഷകനായ തോമസ് കുരുവിള പ്രസ്താവിച്ചു. 60-ആമത് കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് സിറിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ അഞ്ചാം ദിവസമായ മാര്‍ച്ച് 14-ആം തീയതി ഞായറാഴ്‌ച സന്ധ്യക്ക് കൂത്താട്ടുകുളം സെന്റ് ജോണ്‍സ് നഗറില്‍ (കെ.ടി. ജേക്കബ് സ്മാരക ടൗണ്‍ ഹാളില്‍) വചന ശുശ്രൂഷ നടത്തുകയായിരുന്നു കോട്ടയം ബസേലിയോസ് കോളേജിലെ അദ്ധ്യാപകന്‍ കൂടിയായ തോമസ് കുരുവിള.
നന്‍മയുടെ വേഷം ധരിച്ചെത്തുന്ന തിന്മയെ സൂക്ഷിക്കണം. സത്യമാണെന്നു വിചാരിച്ച് തിന്മയുടെ പിന്നാലെ പോകാതെ സത്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കണം. സത്യവചനത്തെയും തിരുവെഴുത്തുകളെയും ആണ് ആധാരമാക്കേണ്ടത്:ഭക്ത സീരിയലുകളെയല്ല. തിരുവെഴുത്തുകളാണ് സത്യമായിട്ടുള്ളത്. പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ അസത്യമാകുന്ന പഴയ വാര്‍ത്തകളും പരസ്യങ്ങളും വഴിതെറ്റിക്കുന്നതാണ്.
തങ്ങള്‍ പറയുന്നത് മാതാപിതാക്കള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് മക്കളും മക്കള്‍ തങ്ങളോട് ഹൃദയം തുറന്ന് സംസാരിക്കുന്നില്ലെന്നു് മാതാപിതാക്കളും പറയുന്നതു് മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാകാത്തതുകൊണ്ടാണ്.
ക്രിസ്‌തുവിന്റെ വഴിയിലൂടെ നടക്കുവാനുള്ള വെല്ലുവിളിയാണ് ഈ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുറക്കപ്പെടാതെ കടന്നുപോയ ജീവിതമായി അവസാനിക്കാതെ ചുറ്റുപാടുമുള്ള സമൂഹത്തിലേക്ക് ജീവന്റെ തെളിവുകള്‍ പ്രസരിപ്പിക്കുവാനും അവശേഷിപ്പിക്കുവാനും കഴിയുന്ന വിധത്തില്‍ രൂപാന്തരപ്പെടണം.
ജീവിതത്തിലെ വഴിയാത്രകള്‍ തെറ്റിപ്പോകുമ്പോള്‍ സത്യവും വഴിയും ജീവനുമാകുന്ന യേശുവിലേക്ക് ഉറ്റുനോക്കണം. അല്‍ഭുത രോഗശാന്തി വാഗ്‌ദാനം ചെയ്യുന്ന കപടവചന പ്രഘോഷണ യോഗങ്ങളുമടക്കമുള്ളവയെ തിരിച്ചറിഞ്ഞ് യേശു പഠിപ്പിച്ച വഴിയിലേക്ക് മടങ്ങണം- തോമസ് കുരുവിള പറഞ്ഞു.
കൊച്ചുപറമ്പില്‍ ഗീവറുഗീസ് റമ്പാന്‍ സമാപന സന്ദേശം നല്‍കി. ജോണ്‍ തളിയച്ചിറ കോര്‍ എപ്പിസ്‌കോപ്പ സ്വാഗതവും ഫാ.ജോണ്‍ വി. ജോണ്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ ക്രെഡിറ്റ് :- ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രം, കൂത്താട്ടുകുളം
0 അഭിപ്രായപ്രകടനം ഇവിടെ:
അഭിപ്രായം എഴുതൂ
Note: only a member of this blog may post a comment.