പിറവത്തു് സംഘര്‍ഷം ഒഴിഞ്ഞു, ഒക്ടോ. 5-ലെ സമ്മേളനങ്ങള്‍ സമാധാനപരം
പിറവം, ഒക്ടോബര്‍ 12: പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (പിറവം വലിയ പള്ളി) അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മതമേലധ്യക്ഷന്മാര്‍ പ്രവേശിക്കില്ലെന്നും ഓര്‍ത്തഡോക്സ് വിഭാഗത്തിന് മറ്റൊരു ദിവസം പള്ളി പാരീഷ് ഹാളില്‍ യോഗം നടത്താന്‍ അവസരം നല്‍കാമെന്ന ഉറപ്പിന്മേലും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നതിനെ തുടര്‍ന്നു് അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം സംഘടിപ്പിച്ച ഇടവകസംഗമം പാരീഷ് ഹാളിലും ഓര്‍ത്തഡോക്സ് സഭയുടെ ആധ്യാത്മികസംഘടനകളുടെ സംയുക്തയോഗം കാതോലിക്കേറ്റ് സെന്ററിലും . ഒക്ടോബര്‍ 5-ആം തീയതി ഞായറാഴ്ച സമാധാനപരമായി നടന്നു.
ഓര്‍ത്തഡോക്സ് സഭാ സംഗമം ഒക്ടോബര്‍19 ഞായറാഴ്ച നടക്കും. പള്ളി പാരീഷ് ഹാളില്‍ ചേരുന്ന ഇടവക സഭാ സംഗമത്തില്‍ ആകമാന പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാചാര്യന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ്‍ പ്രഥമന്‍ ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കുംസ്വീകരണം നല്‍കും.
സംഘര്‍ഷാവസ്ഥ മാറുന്നു
ഒക്ടോബര്‍ 5നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഇടവകസംഗമത്തിനെത്തുന്ന പ്രാദേശിക കാതോലിക്കയും മെത്രാപ്പോലീത്തമാരും പള്ളിക്കുള്ളില്‍ പ്രവേശിക്കുമെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു പ്രശ്നം ഉണ്ടായത്. അന്നേ ദിവസം തന്നെ റാലിയും യോഗവും നടത്താന്‍ ഓര്‍ത്തഡോക്സ് സഭയും തീരുമാനിച്ചു.
അങ്ങനെ പിറവം വലിയപള്ളിയുമായി ബന്ധപ്പെട്ടു് ഒരേ ദിവസം ഇരു സഭകളും റാലിയും യോഗവും നടത്തുമെന്നു് പ്രഖ്യാപിച്ച് മുന്നൊരുക്കങ്ങള്‍ആരംഭിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. യാക്കോബായ വിഭാഗം വലിയപള്ളിയുടെ പാരീഷ് ഹാളില്‍ ഇടവകസംഗമവും ഓര്‍ത്തഡോക്സ് വിഭാഗം കാതോലിക്കേറ്റ് സെന്ററില്‍ ആധ്യാത്മികസംഘടനകളുടെ സംയുക്തയോഗവുമാണു് സംഘടിപ്പിച്ചതു്.
ഞായറാഴ്‌ച നേരം പുലര്‍ന്നിട്ടും ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നിന്നതോടെ രണ്ട് കൂട്ടരും ഒരേ സമയത്ത് ടൗണില്‍ ഒന്നിച്ചു കൂടിയാല്‍ ക്രമസമാധാന പ്രശ്‌നമാകാനിടയുണ്ടെന്ന നിഗമനത്തിലെത്തി ആര്‍ഡിഒ നളന്‍ഇരുകൂട്ടരെയും ചര്‍ച്ചയ്‌ക്ക് വിളിച്ചു തുടര്‍ന്നു് ഇരുവിഭാഗങ്ങളുമായി നത്തിയ അനുരഞ്ജനചര്‍ച്ചയിലാണു് സംഘര്‍ഷസാധ്യതയ്ക്ക് വിരാമമുണ്ടായതു്.
വലിയ പള്ളി പാരിഷ് ഹാളില്‍ യാക്കോബായ വിഭാഗത്തിന്റെ യോഗം മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുവാനും ഇതിനു പകരമായി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനും, പരിപാടി നടത്താന്‍ പാരിഷ് ഹാള്‍ അനുവദിക്കാനും ആര്‍ഡിഒ പി.കെ. നളന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി.ഇരുവിഭാഗത്തിന്റെയും കുടുംബസംഗമങ്ങള്‍ നടക്കുമ്പോള്‍ മേലധ്യക്ഷന്മാര്‍ പള്ളിയില്‍ പ്രവേശിക്കുകയില്ലെന്നും, പള്ളിയിലെ ശുശ്രൂഷകളുടെ നടത്തിപ്പില്‍ നിലവിലുള്ള കോടതി വിധി പാലിക്കപ്പെടുമെന്നും യോഗത്തില്‍ ധാരണയുണ്ടായി.
യോഗത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ച് ഫാ. ജോസഫ് മങ്കിടി, ടി.ടി. ജോയി, സ്റ്റാന്‍ലി പി. വര്‍ക്കി എന്നിവരും യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച് വി.വി. ഏലിയാസ്, എം.യു. മത്തായി, ഇ.കെ. ഷാജു എന്നിവരും ഡിവൈഎസ്‌പി എന്‍. സുധീഷ്, എസ്.ഐ. പി.കെ. ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.
ഓര്‍ത്തഡോക്‌സ് സഭയുടെ യോഗം
അനുരഞ്‌ജന ചര്‍ച്ചയിലുണ്ടായ സമവായത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പ്രകടനവും യോഗം, നേരത്തെപൂര്ത്തിയാക്കിപ്പിരിയുകയായിരുന്നു കാതോലിക്കേറ്റ് സെന്ററില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി കാതോലിക്കേറ്റ്‌സെന്ററിലെത്തി സമാപിച്ചു. തുടര്‍ന്നു് കാതോലിക്കേറ്റ് സെന്ററില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് അങ്കമാലി കൊച്ചി ഭദ്രാസന അധ്യാത്മിക സംഘടനകളുടെ സംയുക്തയോഗം നടന്നു.
മലങ്കര സഭയുടെ 1934-ലെ ഭരണഘടന അംഗീകരിച്ചിട്ടുള്ള പിറവം വലിയപള്ളി ഓര്‍ത്തഡോക്‌സ് സഭയുടെ സ്വത്താണെന്നും, സഭാഭരണഘടനപ്രകാരംതന്നെ അത് ഭരിക്കപ്പെടണമെന്നും സംയുക്തയോഗം ആവശ്യപ്പെട്ടു. തിന്‍മയെ നന്‍മകൊണ്ടു ജയിയ്ക്കുകയാണു് ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഉദ്ദേശമെന്നു് കൊച്ചി ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു് പറഞ്ഞു. നന്‍മയുടെ പാതയിലാണു് സഭ ചലിയ്ക്കേണ്ടതു്. ആ ലക്ഷ്യബോധത്തോടെ മുന്നേറണം.
നിയമവാഴ്ചയ്ക്കു വേണ്ടിയാണു് സഭ നിലകൊള്ളുന്നതെന്നു് യോഗാധ്യക്ഷനായിരുന്ന ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. നിയുക്ത മെത്രാന്‍ എല്‍ദോ റമ്പാന്‍, സഭാ വൈദീക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, പി.യു. കുര്യാക്കോസ്‌കോറെപ്പിസ്‌കോപ്പ, ഐസക് ചെനയപ്പിള്ളില്‍ കോറെപ്പിസ്‌കോപ്പ, ഫാ. ഏലിയാസ് ചെറുകാട്, ഫാ. മത്തായി ഇടയനാല്‍, ഫാ. സ്‌കറിയ പി.ചാക്കോ,ഫാ.വി.എ. മാത്യു, ഫാ. ജോസഫ് മങ്കിടി, ഫാ. ബിനോയ് പട്ടകുന്നേല്‍, സഭാ മാനേജിങ് സമിതിയംഗങ്ങളായ സാജു മടക്കാലില്‍, ജോസി ഐസക്, ജോയി ലക്‌നോ തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെ കാതോലിക്കേറ്റ് സെന്ററില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി കാതോലിക്കേറ്റ് സെന്ററിലെത്തി സമാപിച്ചു.
അന്ത്യോക്യന്‍ യാക്കോബായ ഇടവകസംഗമം
പിന്നീടു് വന്‍ പൊലീസ് സന്നാഹത്തോടെ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ ഇടവകസംഗമം നടന്നു. യാക്കോബായ വിഭാഗത്തിന്റെ കുടുംബയൂണിറ്റുകളുടെ റാലിയെത്തുടര്‍ന്ന് ചേര്‍ന്ന ഇടവകസംഗമം അന്ത്യോക്യന്‍ യാക്കോബായ പ്രാദേശിക കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ഉദ്ഘാടനം ചെയ്തു. തനിക്കെതിരെ മാത്രം ഇപ്പോള്‍ മറുവിഭാഗം 104 കേസുകള്‍ കൊടുത്തിട്ടുണ്ടെന്നും കേസുകളുടെ എണ്ണം കൂടിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാരിഷ് ഹാള്‍ മൈതാനിയില്‍ കൂടിയ യോഗത്തില്‍ അന്ത്യോക്യന്‍യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി.എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മെത്രാന്മാരായ ഡോ. എബ്രഹാം മാര്‍ സേവേറിയോസ്,ഗീവര്‍ഗീസ് മാര്‍ ദിവന്ന്യാസിയോസ്, മാത്യൂസ് മാര്‍ അപ്രേം, കുര്യാക്കോസ് മാര്‍ യൌസേപ്പിയോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ്, ഡോ. കുര്യാക്കോസ് മാര്‍ ക്ളീമീസ് എന്നിവര്‍ പങ്കെടുത്തു. സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, പി സി തോമസ് എം പി, എം ജെ ജേക്കബ് എംഎല്‍എ,ടി എം ജേക്കബ്, വി ജെ പൌലോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എന്‍ സുഗതന്‍, ഫാ. വര്‍ഗീസ് പനിച്ചിയില്‍, ഫാ. ജോസഫ് മുളവനാന്‍, സി കെ പ്രകാശ്, കെ പി സലിം, ഫാ. ഷാജി വെട്ടിക്കല്‍, ഫാ. തോമസ് പുരയിടം, ഷെവ. എബ്രഹാം ജോസഫ് എന്നിവര്‍ സംസാരിച്ചു. ഫാ. സൈമന്‍ ചെല്ലിക്കാട്ടില്‍ സ്വാഗതവും ഷാജു ഇലഞ്ഞിമറ്റം നന്ദിയും പറഞ്ഞു.
© 2008. Some Rights Reserved. This post is licensed under a Creative Commons Attribution-ShareAlike License.
കടപ്പാടു്: മലയാള വാര്‍ത്താ സേവ | Malayalam News Service (M N S)
— മേഖലാ ഓര്‍ത്തഡോക്സ് സഭാകേന്ദ്രത്തിനു് വേണ്ടി,