ഈ ലേഖയില്‍‍ തിരയുക

മാറാച്ചേരി പൗലോസിന്റെ ശവസംസ്‌കാരം കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ്‌ വൈദീകന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു

കോതമംഗലം: വ്യാഴാഴ്‌ച (6-11-2008) അന്തരിച്ച ഓര്‍ത്തഡോക്‌സ്‌ സഭാംഗമായ കുത്തുകുഴി മാറാച്ചേരി എം.ടി. പൗലോസിന്റെ മൃതദേഹം ഹൈക്കാടതി വിധിയുടെ അടിസ്ഥാനത്തില്‍ (8 -11-2008) ശനിയാഴ്‌ച ഓര്‍ത്തഡോക്‌സ്‌ വൈദീകന്റെ കാര്‍മികത്വത്തില്‍ കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക്‌ അദ്ദേഹത്തിന്റെ മകന്‍ കൂടിയായ ഓര്‍ത്തഡോക്‌സ്‌ സഭയിലെ തോമസ്‌ പോള്‍ റമ്പാന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
വ്യാഴാഴ്‌ച (6-11-2008) അന്തരിച്ച എം.ടി. പൗലോസിന്റെ മൃതശരീരം ഇടവകയായ മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ സംസ്‌കാരിക്കാന്‍ മറ്റൊരു മകനായ ബാബു പോള്‍ ഹൈക്കോടതിയില്‍ അനുമതി തേടിയിരുന്നു. തുടര്‍ന്നുണ്ടായ വിധിയുടെ അടിസ്ഥാനത്തിലാണ്‌ ഓര്‍ത്തഡോക്‌സ്‌ വൈദീകന്റെ കാര്‍മികത്വത്തില്‍ ശവസംസ്‌കാരം നടന്നത്‌. വിധിനടപ്പാകുന്നതു് തടസ്സപ്പെടാതിരിയ്ക്കാന്‍ വന്‍ പോലീസ്‌ സന്നാഹത്തെ പള്ളിയിലും പരിസരത്തും വിന്യസിച്ചിരുന്നു.


മാറാച്ചേരി എം.ടി. പൗലോസ്
തോമസ്‌ പോള്‍ റമ്പാച്ചന്‍

മൃതശരീരം പള്ളിയില്‍ 3 മണിയോടെ എത്തുന്നതിനു മുമ്പ്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാര്‍ പള്ളിയിലും പരിസരത്തും തടിച്ചുകൂടിയിരുന്നു. പള്ളിയകത്ത്‌ ധ്യാനവും സംഘടിപ്പിച്ചിരുന്നു. ഓര്‍ത്തഡോക്‌സ്‌ സഭയില്‍പെട്ടവരും പള്ളി പരിസരത്ത്‌ എത്തിയിരുന്നു. ശവസംസ്‌കാരം സമാധാനപരമായി നടത്താന്‍ ടി.യു. കുരുവിള എം.എല്‍.എ, ആര്‍.ഡി.ഒ, ഡിവൈ.എസ്‌.പി. എന്നിവരുടെ സാന്നിധ്യത്തില്‍ രാവിലെ മുതല്‍ ടി.ബി.യില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിനുശേഷം വന്‍ പോലീസ്‌ സന്നാഹവും പള്ളിയിലും പരിസരത്തും വിന്യസിച്ചിരുന്നു.


കോടതിവിധി അനുസരിച്ച്‌ കോതമംഗലം ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ ശുശ്രൂഷയ്‌ക്ക്‌ അനുമതി ലഭിച്ചതോടെ നീതി നടപ്പായതായി നിയുക്ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടുള്ള ഹൈക്കോടതി തീരുമാനം നടപ്പിലാക്കിയ അധികൃതര്‍ക്ക്‌ അദ്ദേഹം നന്ദി രേഖപ്പെടുത്തി.

വീട്ടില്‍ നടത്തിയ ശുശ്രൂഷയ്‌ക്ക്‌ നിയുക്ത കാതോലിക്ക കൂടിയായ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി റവ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് , സികെ ഐസക് കോറെപ്പിസ്കോപ്പ ഐ സി പത്രോസ് റമ്പാന്‍ തുടങ്ങിയവര്‍ നിയുക്ത മെത്രാന്‍മാരായ ഫാ.സ്റ്റീഫന്‍ , ഫാ. ജോണ്‍ പണിയ്ക്കര്‍ തുടങ്ങിയവര്‍‍ നേതൃത്വം നല്കി.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.