ഈ ലേഖയില്‍‍ തിരയുക

പ്രതികരണശേഷിയില്ലാത്തവരല്ല മലങ്കര സഭാ വിശ്വാസികള്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ മിതവാദികളും സമാധാനപ്രിയരുമായതിനാല്‍ എന്തുമാകാമെന്ന ധാരണ തെറ്റാണെന്നും കയ്യൂക്കുകൊണ്ടു സഭയുടെ സ്വത്തുക്കള്‍ കയ്യേറാനുള്ള ശ്രമങ്ങള്‍ സഹിക്കാനാവില്ലെന്നും ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് നവംബര്‍ 13-നു് പ്രസ്താവിച്ചു. മലങ്കര സഭാ ഭരണഘടനയനുസരിച്ചും സുപ്രീംകോടതി വിധി അനുസരിച്ചുമുള്ള ഏത്‌ സമാധാന ശ്രമങ്ങള്‍ക്കും സഭ ഒരുക്കമാണെന്നും നിയുക്‌ത ബാവ പറഞ്ഞു.

കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണു് സഭയുടെ നിലപാട്. ആലുവ തൃക്കുന്നത്തു സെമിനാരി കൈയേറുമെന്ന വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാധികാരിയുടെ പ്രഖ്യാപനം നീതിയുടെ ലംഘനവും അതിരുകടന്ന പ്രഖ്യാപനവുമാണു്. തൃക്കുന്നത്തു സെമിനാരിയില്‍നിന്ന്‌ തങ്ങള്‍ പിന്മാറണമെന്ന്‌ ഏതെങ്കിലും കോടതിവിധിയുണ്ടെങ്കില്‍ അതനുസരിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ തയ്യാറാണ്‌.


കപട ആധ്യാത്മികതയെ പരാജയപ്പെടുത്തണം

 

ഒരു ആത്മീയ മേലധികാരിയില്‍നിന്ന്‌ വരാന്‍ പാടില്ലാത്ത വാക്കുകളാണ്‌ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാധികാരിയില്‍നിന്ന്‌ ഉണ്ടായത്‌.പ്രശ്‌നങ്ങളുണ്ടാക്കാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌.സെമിനാരി കൈയടക്കുമെന്നും അവിടെയുള്ളവരെ അടിച്ചുപുറത്താക്കുമെന്നുമാണ്‌ അവര്‍ പറയുന്നത്‌. സര്‍ക്കാരില്‍ ശക്തമായ സ്വാധീനമുള്ളവരുടെ പിന്തുണയില്ലാതെ ഈ മുഷ്‌ക്‌ നടക്കില്ല.

 

കുറ്റവാസനയുള്ള യുവാക്കളെ ഉപയോഗിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്വത്തുക്കള്‍ കയ്യേറാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ഇനിയും സഹിക്കാനാവില്ല. മലങ്കര സഭയെ വഞ്ചിച്ചു് അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍നിന്നു മെത്രാന്‍ സ്‌ഥാനം കൈക്കലാക്കുകയും അക്രമമാര്‍ഗത്തിലൂടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കുകയും തീവ്രവാദ സംഘടനയ്‌ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന കപട ആധ്യാത്മികതയെ പരാജയപ്പെടുത്തണമെന്നാണ്‌ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നത്‌. മലങ്കര ഓര്‍ത്തഡോക്സ് സഭയെ വിദേശസഭയുടെ കീഴിലാക്കാനോ സഭയുടെ സ്വത്തുക്കള്‍ കൈക്കലാക്കാനോ അനുവദിക്കില്ല.

 

മലങ്കര സഭയ്‌ക്കു നീതി ഉറപ്പുവരുത്തുക

 

മലങ്കര സഭയ്‌ക്കു നീതി ഉറപ്പുവരുത്താന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്ട്‌. എന്നാല്‍ നിഷ്‌പക്ഷമായ സമീപനം പലപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന്‌ നിയുക്‌ത ബാവ ആരോപിച്ചു.

അടുത്തകാലത്തായി സര്‍ക്കാര്‍ കാര്യങ്ങള്‍ പഠിച്ചു നീതിപൂര്‍വമായി പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. കോതമംഗലം മര്‍ത്തമറിയം ചെറിയപള്ളിയില്‍ ആരാധന നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിത്തന്നത് ഇതിന് ഉദാഹരണമാണ്. എന്നാല്‍, തൃക്കുന്നത്തു സെമിനാരിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നയം സ്വാഗതാര്‍ഹമല്ല.

 

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കയ്യേറ്റശ്രമങ്ങള്‍ക്ക്‌ പിന്തുണ നല്‌കുന്ന ചില മന്ത്രിമാരും ഉദ്യോഗസ്ഥരും സര്‍ക്കാരിലുണ്ട്‌. ഒരു മന്ത്രിയുടെ സ്വാധീനംമൂലമാണ് പിറവം പള്ളിയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ നീക്കങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കെതിരെ മന്ത്രിമാരില്‍ ആരാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യത്തിനു് എറണാകുളംജില്ലയില്‍ മന്ത്രി എസ്‌.ശര്‍മ്മയുടെ നേതൃത്വത്തില്‍ നീക്കം നടത്തിയെന്നു് നിയുക്ത ബാവ പത്രസമ്മേളനത്തില്‍ മറുപടി പറഞ്ഞു.

 

രാഷ്ട്രീയ നിലപാടു്

 

നിര്‍ണായക സ്വാധീനമുണ്ടെന്നു പറയുന്ന സ്ഥലങ്ങളില്‍പോലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് അവരുടെ സഭാവിശ്വാസികളായ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 മലങ്കര സഭ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും അനുകൂലവും പ്രതികൂലവുമല്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി വോട്ടുചെയ്യണമെന്ന് ഓര്‍ത്തഡോക്സ് സഭാ നേതൃത്വം വിശ്വാസികളോട് ആഹ്വാനം ചെയ്യില്ല. എന്നാല്‍, സഭയ്ക്കു നീതി നിഷേധിച്ചാല്‍ വിശ്വാസികളുടെ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കോട്ടയം  മഹാസമ്മേളനം സര്‍ക്കാരിനെതിരായുള്ള വികാരപ്രകടനമല്ല, സഭയ്ക്ക് അര്‍ഹമായ നീതി നിഷേധിക്കുന്നത് അധികനാള്‍ സഹിക്കാനാവില്ലെന്ന ഓര്‍മപ്പെടുത്തലാണ്. മലങ്കര സഭാധ്യക്ഷന്‍ വിളിച്ചാല്‍ ഏതുസ്ഥലത്തും നേരത്തും സഭാവിശ്വാസികള്‍ എത്തുമെന്നും അവര്‍ പ്രതികരണശേഷിയുള്ളവരാണെന്നും അറിയിക്കാനാണ്‌ 16-ആം തീയതി റാലിയും സമ്മേളനവും.

 

കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാര്‍ നിറവേറ്റിയിട്ടില്ലെന്നും കോടതിപറയുന്നത്‌ നടത്തിത്തരണമെന്നും ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാസിയോസ്‌ പറഞ്ഞു.  സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, മാനേജിങ് കമ്മിറ്റി അംഗം എ. കെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

0 അഭിപ്രായപ്രകടനം ഇവിടെ:

അഭിപ്രായം എഴുതൂ

Note: only a member of this blog may post a comment.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.